കൊച്ചി: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍, വിജയം ഉറച്ച സീറ്റുകളില്പെടാത്ത ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ ഫലം എന്തുതന്നെയായാലും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെയ്ക്കും. ചില നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും.
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് ഭൂരിപക്ഷം കൂടിയേക്കുമെന്നും ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയ സാധ്യത പരുങ്ങലിലാണെന്നുമാണ് സിപിഎം വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ മുന്നേറ്റത്തിനും സമാധാനം പറയാന്‍ സിപിഎം ബാധ്യസ്ഥമാകും.
ചാലക്കുടിയില്‍ മത്സരിക്കാനായിരുന്നു പി. രാജീവിന് താല്‍പ്പര്യം. അതിനുള്ള തയ്യാറെടുപ്പുകള്‍ രാജീവ് എടുത്തിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അനിഷ്ടം രാജീവിന്റെ മോഹങ്ങള്‍ക്ക് തടസമായി.
ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതുതന്നെ രാജീവിന് തടയിടാനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ രാജീവ് തയാറായിരുന്നു. അന്ന് രാജീവിനെ വെട്ടാന്‍ എം. സ്വരാജിനെ പാര്‍ട്ടി കെട്ടിയിറക്കി.
ചാലക്കുടിയില്‍ രാജീവ് മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ചാലക്കുടി നിഷേധിച്ചതിലൂടെ രാജീവിന് ജയിക്കാമായിരുന്ന അവസരം ഇല്ലാതാക്കിയെന്നും രാജീവ് അനുകൂലികല്‍ പറയുന്നു.
ഫലം വരുന്നതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് ശക്തി വര്‍ദ്ധിക്കും. രാജീവുമായി അടുപ്പമില്ലാത്ത പഴയ വിഎസ് പക്ഷക്കാരായ സി.എം. ദിനേശ് മണിയും കെ. ചന്ദ്രന്‍പിള്ളയും എസ്. ശര്‍മ്മയുമായിരുന്നു രാജീവിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാര്‍. പ്രവര്‍ത്തനം താഴേത്തട്ടില്‍ മാത്രമായിരുന്നുവെന്നും നേതാക്കള്‍ ഒതുങ്ങിക്കൂടിയെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എം.എ. ബേബി- തോമസ് ഐസക് ചേരിക്കൊപ്പം നില്ക്കുന്ന രാജീവിനെ ജില്ലയിലെ പിണറായി പക്ഷവും കൈവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: