തൃശൂര്‍: വടക്കുന്നാഥക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധത്തിനൊപ്പം മേള സുഗന്ധവും പരന്നൊഴുകി. കത്തുന്ന മേടച്ചൂടില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചെണ്ടകള്‍ മേളപ്പെരുക്കങ്ങള്‍ നടത്തിയപ്പോള്‍ ഇലഞ്ഞിത്തറയ്ക്ക് സമീപം ഉയര്‍ന്നത് വിസ്മയ മേളഗോപുരം. പെരുവനം കുട്ടന്മാരാരുടെ മാന്ത്രിക കൈകളാല്‍ തീര്‍ത്ത മണിക്കൂറുകള്‍ നീണ്ട മേളപ്പെരുമഴ മേളപ്രേമികളെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ചു. പെരുവനത്തിനിത് തുടര്‍ച്ചയായ 21-ാം വര്‍ഷത്തെ വാദ്യസപര്യ.
പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് 15 ആനകളുമായി ഉച്ചയ്ക്ക് 12ന് ആരംഭിച്ച പൂരം പുറപ്പാടില്‍ ഗുരുവായൂര്‍ നന്ദന്റെ ശിരസ്സിലേറി ചെമ്പട താളത്തിലാണ് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പൂത്തുലഞ്ഞ് നില്ക്കുന്ന കുഞ്ഞിലഞ്ഞിക്ക് ചുവട്ടില്‍ പാണ്ടിമേളത്തിന്റെ നാദ പ്രപഞ്ചത്തിലേയ്ക്ക് ചുവടു മാറിയതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി.
ഇലഞ്ഞിത്തറയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഉച്ചയ്ക്ക് 2.15ന് 300ഓളം കലാകാരന്മാര് നിരന്നതോടെ മേളപ്പെരുമഴ ആരംഭിച്ചു. 2.30ന് പെരുവനമെത്തി മേളത്തിന്റെ പ്രാമാണികത്വമേറ്റെടുത്തതോടെ തടിച്ചു കൂടിയ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. എഴുപത്തിയാറ് വയസുള്ള കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന് മാരാരും വലത്തും ഇടത്തുമായി കുട്ടന്മാരാര്ക്ക് കൂട്ടായി.
ഓരോ ചെണ്ടക്കോല് വീഴുമ്പോഴും മേളക്കമ്പക്കാര്‍ കൈകള്‍ വീശി അന്തരീക്ഷത്തില്‍ താളം പിടിച്ചു. മേട ചൂടിനെ വകവെക്കാതെ മേളം ആസ്വദിക്കാനെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ പെരുവനവും സംഘവും കൈയ്യും മെയ്യും മറന്ന് ഒരുക്കിയ നാദവിസ്മയത്തില്‍ ഒരേ മനസ്സായി അലിഞ്ഞു ചേര്‍ന്നു. തുടക്കത്തില്‍ തുറന്നുപിടിച്ച കാലം. പിന്നീട് അടിച്ചുകലാശവും തകൃത തകൃതയും ഇടക്കാലവും മുട്ടിന്മേലേറ്റവും കടന്ന് രണ്ടാം തകൃതകൃതയും തീര്‍ത്ത് ഏകതാളത്തില്‍ മേളക്കലാശം. ലോകത്തിലെ ഏറ്റവും വലിയ വാദ്യസംഗീതമെന്ന പെരുമയ്ക്ക് പെരുവനത്തിന്റെ കൈയൊപ്പ്. ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിക്കല്‍ സിംഫണിയെന്ന വിശേഷണത്തിന് ഇലഞ്ഞിത്തറമേളം അര്‍ഹമാണെന്ന് ചെണ്ടയില്‍ പെയ്തിറങ്ങിയ നാദവിസ്മയത്തിന്റെ മാസ്മരികതയാല്‍ ഒരിക്കല്‍ കൂടി പെരുവനം തെളിയിച്ചു.
ആരാധകരുടെയും ദേവസ്വം ഭാരവാഹികളുടെയും മേളപ്രേമികളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കുട്ടന് മാരാരുടെ മുഖത്ത് തുടര്‍ച്ചയായി 21 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് നായകനായി റെക്കോഡ് നേട്ടം കൈവരിക്കാനായതിന്റെ തിളക്കവും ആത്മസംതൃപ്തിയും. ഒപ്പം ദേഹാസ്വാസ്ഥ്യങ്ങള്‍ക്കിടയിലും വടക്കുന്നാഥനു മുന്നില്‍ ഒരിക്കല്‍കൂടി താളവട്ടങ്ങള്‍ തീര്‍ക്കാനായതിന്റെ സന്തോഷവും പൂരപ്രേമികളെ നിരാശപ്പെടുത്താതെ മേളം കൊട്ടിക്കലാശിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: