ഏതോ വിദൂരതയില്‍നിന്ന് വിമാന വേഗത്തില്‍ കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ആംബുലന്‍സ് വിശാലമായ ആസ്പത്രി പോര്‍ച്ചില്‍ ഓടിക്കയറി ഇരച്ചുനിന്നു.
ഒരു പ്രത്യേക തരം ബാഗില്‍ അടക്കം ചെയ്ത വിലപ്പെട്ട എന്തോ ഒന്നുമായി രണ്ടുമൂന്നു ഡോക്ടര്‍മാര്‍ ചാടിയിറങ്ങി ആസ്പത്രിയുടെ വിസ്തൃതമായ അകത്തളങ്ങളിലൂടെ ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിക്കയറി. പുറത്തെങ്ങും നിശ്ശബ്ദതയും പരിഭ്രമവും. ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി.
”എന്താണിവിടെ ഒരു വല്ലാത്ത പിരിമുറുക്കം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ?” ഏതോ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന് പിറുപിറുത്തു.
”അറിഞ്ഞില്ല. ഹൃദയം മാറ്റിവയ്ക്കല്‍. ആരോഗ്യ ശാസ്ത്രത്തിന്റെ പുരോഗതി അപാരം തന്നെയാണെടോ. ഓരോ ദൈവ നിയോഗം.” രോഗി പ്രാര്‍ത്ഥനാ പൂര്‍വം മുകളിലേക്ക് കൈകൂപ്പി.
”അത്രയേ ഉള്ളൂ? അതിന്നാണോ ഈ ജടപടാലിറ്റിയൊക്കെ. മരണവും കുറച്ചുകാലത്തേക്കൊക്കെ മാറ്റിവെക്കാന്‍ പഠിച്ച ഡോക്ടര്‍മാര്‍ നമുക്കുണ്ട്. പക്ഷേ, മനസ്സ് മാറ്റി വെക്കാന്‍ പഠിച്ച ഏതെങ്കിലും ഒരു കേമനെ ഭൂമി ഇതുവരെ പെറ്റിട്ടുണ്ടോ?” നിസ്സംഗനായി വാചകമടിച്ച കൂട്ടിരിപ്പുകാരന് ഇപ്പോള്‍ ഒരു തത്ത്വജ്ഞാനിയുടെ ഭാവം. അയാള്‍ വീണ്ടും ഒരു പൊരുത്തക്കോഴിയെപ്പോലെ ചടഞ്ഞുകൂടി.
മൗനം മഞ്ഞുപോലെ പരന്നുനിന്ന അവിടം മനംമടുപ്പിക്കുന്ന ആസ്പത്രി ഗന്ധം തങ്ങിവിങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: