Categories: Varadyam

അപ്രിയസത്യങ്ങളും ടി. സുകുമാരനും

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം

പ്രസിദ്ധമായ ഈ സുഭാഷിതം ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പറയുമായിരുന്നു. സംഘപ്രവര്‍ത്തകന്‍ സത്യം പറയണം. പറയാതിരിക്കുകയുമരുത്. അനിഷ്ടകരമായ സത്യം പറയരുതെന്നല്ല അദ്ദേഹം അതിനെ വ്യാഖ്യാനിച്ചത്. അനിഷ്ടകരമായി പറയരുതെന്നായിരുന്നു. ആര്‍ക്കെങ്കിലും ഇഷ്ടമാകില്ല എന്നുവച്ച് സത്യം വെളിപ്പെടുത്താതിരിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമല്ലായിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന ആദ്യഘട്ടത്തില്‍ പുരിയിലെ ജഗദ്ഗുരു ശങ്കരാചാര്യര്‍ ഗോഹത്യ നിരോധനത്തിനായി ഉപവാസമാരംഭിക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യം അപകടാവസ്ഥയിലെത്തിയപ്പോള്‍ ആചാര്യ വിനോബാഭാവേയും മറ്റും ഇടപെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഗോഹത്യാ നിരോധം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഒരു ദേശീയ സമിതിയെ നിയോഗിക്കുകയുമുണ്ടായി. സമിതിയില്‍ ശ്രീ ഗുരുജി അംഗമായിരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചു. വിനോബാജിയെപ്പോലുള്ളവര്‍ അതിനദ്ദേഹത്തെ സമ്മതിപ്പിച്ചു. സമിതിയിലെ മെമ്പര്‍ സെക്രട്ടറി അഥവാ സര്‍ക്കാര്‍ പ്രതിനിധി അന്നത്തെ ധനകാര്യ സെക്രട്ടറിയായിരുന്ന അശോക മിത്ര ആയിരുന്നു. പ്രകടമായും കമ്യൂണിസ്റ്റു ചിന്താഗതിക്കാരനായിരുന്ന മിത്ര പില്‍ക്കാലത്തു ജോതിബസു മന്ത്രിസഭയില്‍ ബംഗാളിലെ ധനകാര്യ മന്ത്രിസ്ഥാനവും വഹിച്ചിരുന്നു.

ഗോഹത്യാ സമിതിയിലെ യോഗത്തില്‍ ആര്‍എസ്എസ് തലവന്‍ ഘോരമായ കടുംപിടുത്തത്തോടെയാവും സംസാരിക്കുക എന്നു ധരിച്ചുവശായിരുന്ന അശോക മിത്ര ശ്രീ ഗുരുജിയുടെ പരിപക്വമായ വാദഗതിയും മിതവാങ്മിതയും കണ്ട് അദ്ഭുതപ്പെട്ടു. എന്നാല്‍ മറ്റു പല അംഗങ്ങളുടെയും നിലപാടും പെരുമാറ്റവും അയുക്തികവും വികാരവിക്ഷുബ്ധവുമായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ തുറന്നുതന്നെ മിത്ര ടൈംസ് ഓഫ് ഇന്ത്യയില്‍ ശ്രീ ഗുരുജിയുടെ ചരമോപചാരമായി എഴുതിയ ലേഖനത്തില്‍ വിവരിച്ചു. (ഗുരുജി സാഹിത്യസര്‍വസ്വത്തിന്റെ പന്ത്രണ്ടാം പുസ്തകത്തില്‍ അതു വായിക്കാം.)

അപ്രിയ സത്യത്തെ പ്രിയമായി അവതരിപ്പിക്കുന്നതിന്റെ ഒരുദാഹരണം ഗുരുജി തന്റെ ബൗദ്ധിക്കില്‍ പറഞ്ഞത് ഏകദേശം ഇപ്രകാരമായിരുന്നു. ഒരു രാജാവിന് കിരീടാവകാശിയായ മകന്‍ പിറന്നു. മകന്‍ വളര്‍ന്നു യുവരാജാഭിഷേകത്തിന് പ്രായമെത്താറായപ്പോള്‍ അദ്ദേഹം ജ്യോതിഷ പണ്ഡിതന്മാരെ വരുത്തി മകന്റെ ജാതകം, ഭരണകാലം മുതലായവയെപ്പറ്റി വിവരിക്കാനാവശ്യപ്പെട്ടു. ആദ്യം പ്രശ്‌നവിചാരം പൂര്‍ത്തിയാക്കിയവര്‍ പാരിതോഷികം വേഗം കിട്ടണമെന്ന വിചാരത്തില്‍ രാജാവിനെ മുഖം കാണിക്കാനെത്തി. രാജാവ് നാടുനീങ്ങുന്നതിനു മുമ്പുതന്നെ മകന്‍ അന്തരിക്കുമെന്നായിരുന്നു വിചാരത്തില്‍ കണ്ടത്.

ആ വിവരം രാജാവിനെ ഉണര്‍ത്തിച്ചു. അദ്ദേഹം കോപാകുലനായി ജ്യോത്സ്യന് വധശിക്ഷ വിധിച്ചു. പ്രസിദ്ധരായ പല ജ്യോത്സ്യന്മാരും ഇപ്രകാരം തലവീശപ്പെട്ടതറിഞ്ഞ് ആരും രാജാവിനെ സമീപിക്കാതെയായി. രാജാവിനെ സത്യം ബോധ്യപ്പെടുത്താന്‍ ബുദ്ധിമാനായ ഒരു ജ്യോതിഷി എത്തി. അദ്ദേഹം രാജാവിന്റെ ഗ്രഹനിലയിലെ ഭാഗ്യങ്ങളൊക്കെ വാചാലമായി അവതരിപ്പിച്ചു. മഹാരാജാ തിരുമനസ്സ് മഹാഭാഗ്യവാനാണ്. ഈശ്വരാനുഗ്രഹം എത്ര മഹത്താണ്, തിരുമേനിക്കു പൗത്രനെ സിംഹാസനത്തില്‍ വാഴിച്ച് സംന്യസിക്കാനുള്ള ഭാഗ്യം പരമാത്മാവ് കനിഞ്ഞരുളിയിരിക്കുന്നു എന്ന ജ്യോതിഷ വചനം കേട്ട് രാജാവ് അതീവ സന്തുഷ്ടനായി അയാള്‍ക്ക് വീരശൃംഖലയും മറ്റു പാരിതോഷികങ്ങളും നല്‍കി അയച്ചുവത്രേ.

അപ്രിയ സത്യം എന്നാല്‍ രസിക്കാത്ത സത്യങ്ങളാണല്ലോ. ആ പേരില്‍ ഏതാണ്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ടെ ‘കേസരി’ വാരികയില്‍ ടി. സുകുമാരന്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ചരിത്രാഖ്യായികയുടെ ആറാം പതിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണീ കുറിപ്പെഴുതാന്‍ പ്രേരണയായത്. 1947-ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ഭാരതവിഭജനത്തിന് മുമ്പും അതിനുശേഷവും കിഴക്കന്‍ ബംഗാളിലെ ധാക്കാ നഗരത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രസിക്കാത്ത സത്യങ്ങള്‍ എന്ന ആഖ്യായിക വിടരുന്നത്.

പാക്കിസ്ഥാന്‍ വാദത്തിന്റെ ഉത്ഭവം, അതിന് പ്രേരണ നല്‍കിയ ഘടകങ്ങള്‍, അതില്‍ പങ്കുവഹിച്ചവര്‍, അവരുടെ ഗൂഢോദ്ദേശ്യങ്ങള്‍ തുടങ്ങിയ വസ്തുതകളെല്ലാം സത്യാന്വേഷിയായ ചരിത്രകാരന്റെയും സാമൂഹ്യ ശാസ്ത്രജ്ഞന്റെയും ദൃഷ്ടിയില്‍ ഇഴകീറി വിശകലനം ചെയ്താണ് കഥാതന്തുവിനെ മുന്നോട്ടു നയിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരതയുടെയും ഉള്ളറകളെ വെളിവാക്കുന്ന ചരിത്ര സംഭവങ്ങളെ സുകുമാരന്‍ കീറിമുറിച്ചു കാണിക്കുന്നുണ്ട്.

ഭാരത ഭൂമിയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിപ്പിളര്‍ക്കാന്‍ ബ്രിട്ടീഷ് തന്ത്രജ്ഞരുടെയും മുസ്ലിംലീഗു  തീവ്രവാദികളുടെയും ഗൂഢതന്ത്രങ്ങള്‍ക്കു വഴിപ്പെട്ട് സമ്മതിച്ച നേതൃത്വത്തെ നോവലില്‍ തുറന്നുകാട്ടുന്നു. ഗ്രന്ഥത്തിലെ വിഷയത്തില്‍ സംഭവവേദി അവിഭക്ത ഭാരതത്തിനു പുറമേ ഗള്‍ഫിലേക്കും സാമ്രാജ്യ കേന്ദ്രമായ ഇംഗ്ലണ്ടിലേക്കും വ്യാപിക്കുന്നുണ്ട്. ഇന്ന്  കുപ്രസിദ്ധമായിട്ടുള്ള ലൗജിഹാദ് എന്ന നീക്കവും രസിക്കാത്ത സത്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

കപടമതേതരത്വക്കൊണ്ടാട്ടം എത്ര മിഥ്യയാണെന്നതിന്റെ ഒന്നാന്തരം ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. സുകുമാരന്റെ അവതരണ രീതി കുറച്ചു കഠിനമായി എന്ന സംശയം ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍  അവര്‍ പില്‍ക്കാലത്തു ബംഗ്ലാദേശില്‍നിന്ന് മത ഭീകരരുടെ ഭീഷണിയില്‍നിന്ന് രക്ഷനേടാനായി ലോകം മുഴുവന്‍ അഭയാര്‍ത്ഥിയായി അലഞ്ഞു ഭാരതത്തില്‍ കഴിയുന്ന, ഡോക്ടര്‍ തസ്ലീമ നസ്‌റീന്‍ എഴുതിയ ‘ലജ്ജ’യും മറ്റനേകം പുസ്തകങ്ങളും വായിച്ചാല്‍ മതി.  സുകുമാരന്‍ വിവരിക്കുന്ന രസിക്കാത്ത സത്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ് എന്നതിന് വേറെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

‘ഗസ്‌നിയുടെയും ഗോറിയുടെയും കുന്തമുനകളില്‍ തുടങ്ങിയ മര്‍ദ്ദനം, ഔറംഗസീബ് സൃഷ്ടിച്ച രക്തപ്പുഴകളില്‍ കൂടി ക്ലൈവും വെല്ലസ്ലിയും കാണിച്ച വന്‍ചതികളെ അതിജീവിച്ചു. 1947 ലെത്തിയപ്പോള്‍ പലരും കരുതി ആയിരം കൊല്ലത്തെ രക്തപ്പുഴകളവസാനിച്ചുവെന്ന്. ഖായിദേ അസം ജിന്നയിലൂടെ പഴയ ഗസ്‌നിയും ഗോറിയും വീണ്ടുമെത്തി നോക്കിയപ്പോള്‍ മാതൃഭൂമിയെ പങ്കിട്ടു  കൊടുത്തുകൊണ്ടും അടങ്ങിയില്ല. ഇന്നുവരെ ലോകജനത കണ്ടിട്ടുള്ളതിലേറെ രക്തപ്പുഴകളൊഴുകി. സ്വാതന്ത്ര്യവാഴ്ചയുടെ വെണ്‍കൊറ്റക്കുടയ്‌ക്കു കീഴില്‍ ആ രക്തപ്പുഴ ഇന്നും ഒഴുകുകയാണ്. അധികാരികള്‍ ആനന്ദത്തിലാറാടുമ്പോള്‍ ആ രക്തപ്പുഴ കാണാന്‍ കണ്ണില്ലാതെപോയി.

ആര്‍ത്തനാദം അന്തരീക്ഷത്തില്‍ ലയിച്ചുപോയി. ആ സത്യം തുറന്നുപറയുമ്പോള്‍ ചിലര്‍ക്ക് രസിക്കുകയില്ല. സത്യങ്ങള്‍ സുഖപ്രദമാകണമെന്നില്ലല്ലോ. അവ എന്റെ പരിമിതമായ കഴിവുകളിലൂടെ വായനക്കാരുടെ മുന്നില്‍ നിരത്തുകയാണ്.”  സുകുമാരന്‍ ‘കേസരി’ക്കയച്ച കത്തിലാണിക്കാര്യം വ്യക്തമാക്കുന്നത്.

എലിമെന്ററി തലംവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ സുകുമാരന് അക്കാദമിക മേന്മകള്‍ ഒട്ടുമില്ല. ബുദ്ധിജീവി നാട്യവും പ്രത്യയശാസ്ത്ര സൃഷ്ടിയുമില്ല. എന്നിട്ടും അതിവിശാലമായ ക്യാന്‍വാസില്‍ അവിഭക്ത ഭാരതം നിറഞ്ഞുനിന്ന നിര്‍ണായക ചരിത്രഘട്ട സംഭവങ്ങളുടെ മര്‍മ്മം മനസ്സിലാക്കാനും, അതു ഹൃദയാവര്‍ജകമായി പ്രതിപാദിക്കാനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.

സത്യസന്ധമാണദ്ദേഹത്തിന്റെ വസ്തുതാശേഖരണവും അതിന്റെ പ്രതിപാദനവും. മലയാളസാഹിത്യത്തമ്പുരാക്കന്മാരും പ്രസിദ്ധീകരണക്കുത്തകക്കാരും കൊടിലുകൊണ്ടുപോലും തൊടാന്‍ അറയ്‌ക്കുന്ന വിഷയമാണ് രസിക്കാത്ത സത്യങ്ങള്‍. സി. രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞുതിരുമധുരവും സി.വി. രാമന്‍പിള്ളയുടെ രാമരാജാ ബഹാദൂറും പോലെ ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി അതിനെ വിലയിരുത്താം. സത്യസന്ധതയും ആത്മാര്‍ത്ഥതയും വേണം. പ്രത്യയശാസ്ത്രം സമ്മാനിച്ച ആന്ധ്യവും ഇല്ലാത്തവരാകണമെന്നുമാത്രം.

തന്റെ കൗമാര യൗവ്വന കാലം പൂര്‍ണമായും സംഘത്തിന് നല്‍കിക്കൊണ്ടാണദ്ദേഹം ജീവിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘത്തിലും ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ദത്തോപന്ത് ഠേംഗ്ഡി, നാനാജി ദേശ്മുഖ്, ടി.എന്‍. ഭരതന്‍, പി. പരമേശ്വര്‍ജി, ശങ്കര്‍ശാസ്ത്രി മുതലായ ആദ്യകാല സംഘപ്രചാരകരാണ് തന്റെ വീക്ഷണത്തെ വിശാലമാക്കിയതെന്നും, പരിമിതമായ വിദ്യാഭ്യാസത്തിലും കവിഞ്ഞ വിദ്യാസമ്പാദന തൃഷ്ണ വികസിപ്പിച്ചതെന്നും സുകുമാരന്‍ കരുതുന്നു.

1955-ല്‍ നടന്ന ഗോവ വിമോചന സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍ നിന്നുപോയ നാലുപേരില്‍ സുകുമാരനുണ്ടായിരുന്നു. എ.കെ. ശങ്കരമേനോന്‍, ഇ.പി. ഗോപാലന്‍, മറ്റൊരു സുകുമാരന്‍ എന്നിവരായിരുന്നു ആ സമരഭടന്മാര്‍. ബിഎംഎസിന്റെയും സംഘത്തിന്റെയും ജനസംഘത്തിന്റെയും ആഭിമുഖ്യത്തില്‍  നടത്തപ്പെട്ട എല്ലാ പ്രക്ഷോഭങ്ങളുടേയും മുന്നില്‍ സുകുമാരനുണ്ടായിരുന്നു. ചൈനാ ആക്രമണ പശ്ചാത്തലത്തില്‍ ഹിമവാന്റെ മകള്‍, മാപ്പിള ലഹളയുടെ കഥ പറയുന്ന ബലിമൃഗങ്ങള്‍, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലെ തളരാത്ത യാഗാശ്വങ്ങള്‍ എന്നീ നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

ടി.സുകുമാരനിലെ പെര്‍ഫെക്ഷനിസ്റ്റിനെ കാണാന്‍ കഴിഞ്ഞത് 1967 ഡിസംബര്‍ 30 ന് കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തിന്റെ ശോഭായാത്രയുടെ ആസൂത്രണത്തിലായിരുന്നു. കോഴിക്കോട്ടേക്കെത്തുന്ന പ്രവര്‍ത്തകര്‍ രാവിലെ 10 മണിക്ക് തെക്കും കിഴക്കും വടക്കും കാല്‍നടയായി 16 കി.മീ. അകലെനിന്ന് പുറപ്പെടാനും, ഊണും ലഘുഭക്ഷണവും ഓരോ ആളും കരുതാനുമായിരുന്നു നിര്‍ദ്ദേശം.

ഓരോ ഘടകവും കോഴിക്കോട്ടെത്തി പ്രധാന യാത്രയില്‍ ചേരേണ്ട സ്ഥാനവും സമയവും നിശ്ചയിച്ചു. സമാപനത്തില്‍ മാനാഞ്ചിറ മൈതാനത്ത് പ്രവേശിക്കുമ്പോള്‍ കുടിവെള്ളം നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. കേരളത്തിലെയും ഭാരതത്തിലെയും മാത്രമല്ല, ലോകമാകെ മാധ്യമങ്ങള്‍ ഭാരതത്തിലെ എഴുന്നുവരുന്ന രാഷ്‌ട്രീയ ശക്തിയായി ജനസംഘത്തെ കണ്ടതിന്റെ ഒരു ഘടകം ആ വന്‍ ഗംഗാപ്രവാഹമായിരുന്നു. അതിന്റെ ഭഗീരഥന്‍ ഇന്ന് ജീവിത സായാഹ്നത്തില്‍ ചരിതാര്‍ത്ഥനായി കഴിയുകയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക