തിരുവനന്തപുരം: കേരളത്തില്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.11 ശതമാനം വിജയം. മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ ഇല്ലാതെയാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കിയത്.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി പരീക്ഷയെഴുതിയ 4,34,729 വിദ്യാര്‍ഥികളില്‍ 4,26,513 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. ഇത്തവണ .27 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കുകയോ ആരുടെയും ഫലം തടഞ്ഞുവക്കുകയോ ചെയ്തിട്ടില്ല.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനൊപ്പം ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ആണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് ഗള്‍ഫ് മേഖലയില്‍ 98.79 ശതമാനവും ലക്ഷദ്വീപ് മേഖലയില്‍ 87.96 ശതമാനവുമാണ് വിജയം. 599 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 37,334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 99.33 ശതമാനം. കുറവ് വയനാട് ജില്ലയിലും (93.22 ശതമാനം). വിദ്യാഭ്യാസ ജില്ലകളിലെ വിജയ ശതമാനത്തില്‍ കുട്ടനാട് (99.90 ശതമാനം) ഒന്നാമതും വയനാട്(93.22 ശതമാനം) ഏറ്റവും പിന്നിലുമായി.
പ്രൈവറ്റ് വിഭാഗത്തില്‍ (പുതിയ സ്‌കീം) 1,867 പേര്‍ പരീക്ഷയെഴുതിയതില്‍ 1,357 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 72.68 ആണ് വിജയശതമാനം. പഴയ സ്‌കീം പ്രകാരം പരീക്ഷ എഴുതിയ 333 പേരില്‍ 194 പേര്‍ വിജയിച്ചു.
ഗള്‍ഫ് മേഖലയിലെ ഒന്‍പത് സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 495 പേരില്‍ 489 പേരും വിജയിച്ചു. ലക്ഷദ്വീപിലെ ഒന്‍പത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 681 പേരില്‍ 599 പേരും ഉപരിപഠനത്തിന് അര്‍ഹതനേടി. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരാക്കി നൂറുമേനി വിജയം കൊയ്ത 1,703 സ്‌കൂളുകളുണ്ട്. 599 സര്‍ക്കാര്‍, 713 എയ്ഡഡ്, 391 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇതില്‍പ്പെടും. 37,334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം എല്ലാവിഷയത്തിനും എ പ്ലസ് നേടിയത് 34,313 വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: