ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വന്‍ നയതന്ത്ര വിജയം. പുല്‍വാമയിലെ ഭീകരാക്രമണവും അതിന് പിന്നിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ച് കൈമാറിയ ഇന്ത്യയുടെ നടപടിയുമാണ് മസൂദ് അസറിനെതിരായ യുഎന്‍ നടപടിക്ക് വഴിവെച്ചത്. വ്യക്തവും ശക്തവുമായ തെളിവുകള്‍ ലഭിച്ചതോടെ എക്കാലവും മസൂദ് അസറിനെ സംരക്ഷിച്ച ചൈനയും നിലപാട് തിരുത്തി. സമീപകാലത്ത് ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയമാണ് മസൂദ് അസറിനെതിരായ യുഎന്‍ നടപടി.
പുല്‍വാമ ആക്രമണമാണ് മസൂദ് അസറിനെതിരായ നടപടിക്ക് പിന്നിലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര് പറഞ്ഞു. പാക്കിസ്ഥാന് സ്വീകരിച്ച നടപടികളാണ് മസൂദ് അസറിനെതിരായ യുഎന്‍ പ്രഖ്യാപനത്തിന് വഴിവെച്ചതെന്ന പാക് വാദം ഇന്ത്യ തള്ളി. നയതന്ത്ര പരാജയം മറച്ചുവെയ്ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. കനത്ത തിരിച്ചടിയാണ് യുഎന്നില്‍ പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. യുഎന്‍ സമിതി അംഗങ്ങള്‍ക്ക് ഇന്ത്യ നല്കിയ തെളിവുകളുടെ അംഗീകാരമാണ് നിരോധനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്നതിന്റെ വ്യക്തമായ സന്ദേശമാണ് അസറിന്റെ നിരോധനം, വിദേശകാര്യവക്താവ് പറഞ്ഞു.
2009ല്‍ മസൂദ് അസറിനെതിരെ ഇന്ത്യ യുഎന്നില്‍ നടപടികള്‍ ആരംഭിച്ചെങ്കിലും എല്ലാതവണയും ചൈനയുടെ വീറ്റോ അധികാര പ്രയോഗമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2016ലും 2017ലും സമാന നീക്കം ഇന്ത്യ നടത്തിയെങ്കിലും ചൈന ഭീകരനെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് അടക്കമുള്ള സുരക്ഷാ കൗണ്‍സില്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും സമ്മര്‍ദ്ദങ്ങളും ഒടുവില്‍ വിജയിക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നയതന്ത്ര വിജയമായി മസൂദ് അസറിനെതിരായ ആഗോള നിരോധനം മാറിക്കഴിഞ്ഞു.
ഇതു തുടക്കം മാത്രം: പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസൂദ് അസറിനേര്പ്പെടുത്തിയ നിരോധനം ഒരു തുടക്കം മാത്രമാണ്. വലിയ നടപടികളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വരും നാളുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നു കാണൂ, മോദി പറഞ്ഞു.
മസൂദ് അസറിനെതിരായ നിരോധനം ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ്. ഭീകരവാദത്തെ അതിന്റെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായ നീക്കമാണ് ഫലം കണ്ടു തുടങ്ങിയത്. റിമോര്‍ട്ട് കണ്ട്രോള് സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച കാലത്ത് പ്രധാനമന്ത്രിയെ പോലും ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. എന്നാലിന്ന് 130 കോടി ഇന്ത്യക്കാരുടെ ശബ്ദം യുഎന്നില്‍ വരെ ശക്തമായി മുഴങ്ങുകയാണ്. ഇതാണ് പുതിയ ഭാരതം. ലോകം മുഴുവനും ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയാറായി നില്‍ക്കുകയാണ്, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: