കഴിവും നല്ല ഹൃദയവും പേരേ. 2019 ആയില്ലേ . സൗന്ദര്യത്തെക്കുറിച്ച് ഇനിയും മാറിച്ചിന്തിച്ചുകൂടെ. എന്ന് ടൊവീനോവിന്റെ വിശാല്‍ പറയുമ്പോള്‍ തിയറ്ററില്‍ നിറഞ്ഞ കൈയ്യടി. പ്രേക്ഷകരെക്കൂടി ഉയരെ എത്തിച്ച സിനിമ. അടുത്തകാലത്ത് കുട്ടികളേയും പ്രായമാവരേയും ഒന്നിച്ച് കുടുംബസമേതം തിയറ്ററില്‍ കൊണ്ടുവന്ന സിനിമയാണ് ഉയരെ. അല്ലെങ്കില്‍ പ്രേക്ഷകര്‍ വീടടക്കം തിയറ്ററിലെത്താന്‍ പ്രചോദനമായ സിനിമ. അറുവഷളന്‍ കോമഡിയും കോമാളികളേയുംകൊണ്ട് കാണികളെ അകറ്റിയ സിനിമകള്ക്കുമീതെ ജീവിതത്തിന്റെ കാമ്പും കാതലുമുള്ളതിനെ കാഴ്ചക്കാര്‍ അവരുടേതാക്കി എന്നതാണ് ഉയരെയുടെ പ്രസക്തി. കാണികളുടെ കാഴ്ചപ്പാടിനെ ഉയരെയാക്കിയ സിനിമ.
പല്ലവി രവീന്ദ്രന്റെ അതിജീവനത്തിന്റെ കഥപറയുമ്പോഴും അതുമായി ഒട്ടിനില്ക്കുന്ന പല തീവ്ര ജീവിത സന്ദര്ഭങ്ങളുംകൂടി ഉയരെയിലുണ്ട്. പ്രണയം എന്തെന്നറിയാതെ പ്രണയചാപല്യങ്ങളുടെ ഒഴിയാബാധയായി ആണധികാരത്തിന്റേയും അപകര്‍ഷതയുടേയും ഉള്ജയിലില് കുറ്റിയിട്ടു ജീവിച്ച് പെട്രോളും കത്തിയും വടിവാളും കാമുകിക്കെതിരെ ഉപയോഗിക്കാന്‍ ഒളിപ്പിച്ചുനടക്കുന്ന പുതുതലമുറയിലെ ഫ്രോഡായ കാമുകന്റെ പ്രതിനിധിയായ ഗോവിന്ദ്, തന്റെ കുറവുകളിലും തന്നെ സ്നേഹിക്കുന്നവളുടെ മനസ് സ്വാര്‍ഥതയാല്‍ തിരിച്ചറിയാതെ പല്ലവിയുടെ മുഖത്ത് ആസിഡൊഴിക്കുന്നു.
ആകാശത്തോളമെത്തുന്ന പൈലറ്റെന്ന മോഹത്തിനരികെ ആകുമ്പോള്‍ തകര്‍ന്നുപോകുന്ന ജീവിതത്തെ തന്റെ ഉറച്ച തീരുമാനത്താലും കൂട്ടുകാരിയുടെ ചേര്ത്തുപിടിപ്പിനാലും അച്ഛന്റെ സ്നേഹ പരിലാളനയാലും ആത്മവിശ്വാസം വീണ്ടെടുക്കുന്ന പല്ലവി വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പൈലറ്റായി വിമാനം സുരക്ഷിതമായി ഇറക്കുന്നതോടെ അവര്‍ ജീവിതം തിരിച്ചു പിടിച്ച് ലക്ഷ്യത്തിന്റെ ഉയരെകള് കീഴടക്കുന്നു.
ആദ്യമധ്യാന്ത കഥ സിനിമയ്ക്ക് അനാവശ്യമായിരിക്കേത്തന്നെ ചില ജീവിത സന്ദര്‍ഭങ്ങള്‍കൊണ്ട് കൊരുത്തെടുത്ത വൈകാരികവും വൈചാരികവും ആശയപരവും ശുഭാപ്തിയും നിറഞ്ഞ ഒരു പ്രമേയ പരിസരത്തിലൂടെ ബോബി-സഞ്ജയ്മാരുടെ ശക്തമായ തിരക്കഥയുടെ നട്ടെല്ലിലാണ് പുതു സംവിധായകന് മനു അശോകന് ഉയരെ ചെയ്തിട്ടുള്ളത്. സ്വാഭാവിക വികാരവും സിനിമയ്ക്കുവേണ്ട നാടകിയതയും നിലതെറ്റാതെ തിരക്കഥയുടെ ദൃശ്യാത്മകത സമ്പന്നമാക്കിയ ചിത്രമാണിത്.
പ്രണയത്തിന്റെ കുറ്റിയില്‍മാത്രം തളച്ചിട്ട് മോമ്പൊടിക്ക്് അറച്ച തമാശയും ചേര്‍ത്ത് ജീവിതത്തിന് മറ്റൊരു ഇടപെടലും ഇല്ലെന്നമട്ടില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമയെന്ന കുപ്പത്തൊട്ടികളില്‍നിന്നും മലയാള സിനിമ രക്ഷപെട്ട് നേരെ ശ്വാസംവിടുന്നു എന്നതാണ് ഉയരെ നല്കുന്ന ആശ്വാസവും ആഹ്ളാദവും. നുണയെ സത്യമാക്കുന്ന സിനിമ എന്ന ഗൊദാര്‍ദ് ഭാഷ്യത്തെ സിനിമ ജീവിതം തന്നെയെന്ന് ബോധ്യപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട് ഉയരെയില്‍. നിയന്ത്രണം വിട്ട വിമാനത്തെ പല്ലവി വരുതിയിലാക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ക്കൊപ്പം കാണികളും അതിനകത്തുണ്ടെന്ന് തോന്നലുളവാകുന്നതുകൊണ്ടാണ് തിയറ്ററില്‍ കൈയ്യടി ഉയരുന്നത്.
കുറ്റവാളിയായ തന്റെ മകന് ഗോവിന്ദിനെ രക്ഷിക്കാന്‍വേണ്ടി അച്ഛന് രവീന്ദ്രനോട് അപക്ഷിക്കുന്നതുകേട്ട് വന്ന് അയാള്‍ക്കു മുന്നില്‍ കസേരവലിച്ചിട്ട് മുഖം അനാവൃതമാക്കുന്ന പല്ലവിയുടെ ഭാവവും അതിലെ വാചാലമായ നിശബ്ദതയും. മകള്‍ പറപ്പിപ്പിക്കുന്ന വിമാനം എയര്‍പ്പോര്‍ട്ടിനു പുറത്ത് കാറില്‍ ചാരിനിന്ന് ആനന്ദവേദനയോടെ നോക്കി നില്ക്കുന്ന അച്ഛന് രവീന്ദ്രന്. പ്രണയത്തിന്റെ കരുതലായി കാമുകനെ ചേര്‍ത്തു പിടിച്ച് ഹൃദയം ആകാശംപോലെ പുറത്തിടുന്ന പല്ലവി. കടലോളം ആഴത്തിലുള്ള ആത്മാര്ഥതയില് തനിക്കൊരു നല്ല സുഹൃത്തായാല്മതിയെന്നു വിശാലിനോടു പറയുന്ന പല്ലവി. ഇങ്ങനെ നിരവധിയുണ്ട് മനസില്ക്കേറി ഇരിപ്പുറപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍.
ആണധികാരത്തിന്റെ സഹായമോ ആശ്രയത്തിന്റെ ചേര്‍ത്തുപിടിക്കലോ ഇല്ലാതെ തന്നെ പല്ലവി സ്വന്തം ഇടവും സ്വ വിധിയും അവള് മാത്രമായി കണ്ടെത്തുന്നുവെന്നതാണ് ഉയരെയിലെ പല്ലവിയെ വ്യത്യസ്തയാക്കുന്നത്. ഒരിക്കല്‍ വിമാനം പറപ്പിക്കുമെന്ന ആകാശത്തിനുമപ്പുറമുള്ള ലക്ഷത്തിലേക്ക് തന്റെ മുഖ വൈരൂപ്യമെന്ന കുറച്ചിലുമെല്ലാം മാറിനില്‍ക്കുന്ന ഒരു യാദൃശ്ചികത ഉണ്ടാവുന്നത് പ്രപഞ്ചം മനുഷ്യന്റെ തീവ്രാഭിലാഷത്തിനു മുന്നില്‍ വാതില്‍ തുറക്കുമെന്ന പ്രതീക്ഷ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് സിനിമ.
ഉയരെ പാര്‍വതിയുടെ സിനിമയാണ് ഈ നടിയെ കണ്ടുകൊണ്ടുതന്നെയാണ് ഈചിത്ര നിര്മിതിയെന്നു പ്രേക്ഷകനു വ്യക്തം. പാര്‍വതി എന്ന നടിയുടെ ജീവവായു പല്ലവിയായി ജീവിക്കുമ്പോള്‍ തന്നെ മറ്റൊരു നടിക്കും ഈ കഥാപാത്രം ആകാനാവില്ലെന്നും പ്രേക്ഷകര്‍ തീരുമാനിക്കുന്നുണ്ട്. പല്ലവിക്കു ചുറ്റും തിരിയുന്ന ഗ്രഹങ്ങള്മാത്രമാണ് കഥാപാത്രങ്ങളായ ഗോവിന്ദും വിശാലും രവീന്ദ്രനും. സാന്ദര്‍ഭികമായുണ്ടാകുന്ന പല്ലവിയുടെ ഭാവങ്ങള്‍ പല്ലവിയുടെ പുരികങ്ങള്പോലുമുണ്ട്.
സ്വന്തം ആശയങ്ങളുടെ ഉറപ്പില്‍ പണിത പാര്‍വതിയുടെ അസാധാരണ വ്യക്തിത്വത്തിന്റെ ജ്വാലാമുഖംകൂടി കടന്നുവരുന്നുണ്ട് സൂക്ഷ്മമായി നോക്കുമ്പോള്‍ പല്ലവിയില്‍. മറ്റുള്ളവരുടെ ഇഷ്ടങ്ങളില്‍ തീര്പ്പാക്കുന്നതല്ല തന്റെ ഇഷ്ടങ്ങളെന്ന തരത്തില്‍ ഉയരെയിലെ പല്ലവി പറയുന്നത് യഥാര്‍ഥ ജീവിതത്തില്‍ പാര്‍വതിയുടെ നിലപാടു തന്നെയാണ്. മുഖം നോക്കാതെ ഇത്രത്തോളം അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ മറ്റൊരു വ്യക്തി പാര്‍വതിയെപ്പോലെ മറ്റൊരാള്‍ ഇന്ന് കേരളത്തിലുണ്ടാവില്ല. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സിനിമാരംഗത്ത് ഇങ്ങനെ ആരുണ്ട് സ്വന്തം അഭിപ്രായങ്ങള്‍ സത്യസന്ധമായി വിളിച്ചു പറയാനെന്ന് മനസിലാക്കുന്നു ഇപ്പോള്‍ എല്ലാവരും. തുടര്‍ച്ചയായി അവര്‍ക്കു നേരെ വന്ന കല്ലുകളെ കൂട്ടിവെച്ച് പതറാതെ നിലപാടുകളുടെ ഒരു ഹിമാലയം തീര്‍ക്കാന്‍ അവര്‍ക്കായിരുന്നു.
പാര്‍വതിയുടെ വിവാദ സംവാദാത്മകമായ ആശയങ്ങളോട് വിയോജിപ്പുള്ളവര്‍പോലും അവരുടെ മഹത്തായ നടന മികവിനെ ആദരിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഉയരെ പാര്‍വതിയുടെ സിനിമയാണെന്ന് പറയാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ആര്‍ക്കാവും പ്രതിഭയെ മാറ്റി നിര്‍ത്താന്‍. കൂടുതല്‍ സ്വീകാര്യമാവുകയാണ് മലയാള സിനിമയില്‍ പാര്‍വതി. അവരുടെ കഥാപാത്രങ്ങള്‍ അഭിനയിക്കുകയല്ല പെരുമാറുകയാണ്. പല്ലവിയും പെരുമാറുകയാണ്. ജീവിതത്തിലും സിനിമയിലും ഈ നടി സ്വീകരിച്ച തന്റേട(തന്റെ ഇടം)മാണ് അവരുടെ ജീനിയസ്.
ഉള്ളില്‍ അമര്‍ത്തിവെച്ച അഭിനയ പ്രതിഭയെ പുറത്തെടുത്തതാണ് അവസാനംവരെ കാണികള്‍ക്കു കലിപ്പു തോന്നുന്ന ആസിഫ് അലിയുടെ ഗോവിന്ദ്. ഇത്രയും കാലം ഈ നടനെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നതും സത്യമാണ്. ഉയരെയിലെ അഗ്രസീവായ നെഗറ്റീവ് ക്യാരക്റ്റര്‍ പുതിയ വഴികള്‍ ഈ നടനു തുറന്നിടുന്നു.
പിതാവിന്റെ ബിസിനസ് പിന്തുടരുകയും എന്നാല്‍ ആന മണ്ടത്തരമേ കാട്ടുവെന്ന് പൊതുവെ പേരു ദോഷവുമുള്ള, ഫിലോസഫിക്കലായി സംസാരിച്ച് ലാഘവത്തവുമായി നടക്കുന്ന ടൊവിനോയുടെ വിശാലിനുമുണ്ട് പ്രത്യേകതകള്‍. മകളുടെ വ്യക്തിത്വത്തിനു ഒരു കുറവുപോലും വരുത്താതെ അവളുടെ ലക്ഷ്യത്തിന്റെ ചിറകുവളര്ച്ചയ്ക്കു ജാഗ്രതയും കരുതലുമാകുന്ന സിദ്ധിഖിന്റെ അച്ഛന് എല്ലാവരിലുമുള്ള അച്ഛന് തന്നെ. ഈ നടനെ മറന്ന് കഥാപാത്രത്തിലേക്കു പ്രേക്ഷകന് പോകുന്നത് വലിയ നടന മികവാണ്.ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനുതകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: