കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തതായി വെളിപ്പെട്ടതോടെ പുറത്തായത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തനിനിറം. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സ്വാധീന കേന്ദ്രങ്ങളില്‍ ഇരുമുന്നണികളും കള്ളവോട്ടുകള്‍ നടത്താറുണ്ടെന്ന ആരോപണം ലോക്സഭാ തെരഞ്ഞെടുപ്പോടെ ശരിയെന്ന് തെളിഞ്ഞു. മുഖംരക്ഷിക്കാന്‍ രണ്ട് കൂട്ടരും പരാതിയും കേസുമായി രംഗത്തെത്തുന്നു.
മോദി സര്‍ക്കാര്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവരാണ്, ജനാധിപത്യത്തിന്റെ ആധാരശിലയായ വോട്ടെടുപ്പ് തന്നെ കള്ളവോട്ടിങ്ങിലൂടെ അട്ടിമറിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മറ്റ് പാര്‍ട്ടികളിലെ ബൂത്ത് ഏജന്റുമാരെ ആട്ടിയോടിച്ചും പോലീസിനെ വരുതിയിലാക്കിയും ബൂത്തുകള്‍ കൈയേറുക, മരിച്ചവരുടേതടക്കം വോട്ടുകള്‍ സ്വന്തം ചിഹ്നത്തില്‍ കുത്തുക… ഈ രീതി സിപിഎം എക്കാലത്തും കണ്ണൂരിലെ ശക്തികേന്ദ്രങ്ങളില്‍ നടത്താറുണ്ട്. എന്നാല്‍, തെളിവുകള്‍ ലഭിക്കാത്തതിനാലും ഭരണസ്വാധീനം ഉപയോഗിച്ച് നിയമനടപടികള്‍ തടയുന്നതിനാലും ഇതൊന്നും കേസിലേക്ക് പോകാറില്ല.
എന്നാല്‍, ഇക്കുറി ജില്ലയിലെ 1872 ഓളം പോളിങ് ബൂത്തുകളില്‍ 15 എണ്ണത്തിലൊഴികെ മറ്റെല്ലായിടത്തും വോട്ടെടുപ്പ് തത്സമയം പകര്‍ത്താന്‍ വെബ് കാസ്റ്റിങ് നടപ്പാക്കിയിരുന്നു. അതിനാലാണ് കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്.
പല തെരഞ്ഞെടുപ്പുകളിലും ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികളുടെ വിജയങ്ങള്‍ കള്ളവോട്ടുകളുടെ ബലത്തിലായിരുന്നുവെന്ന ആരോപണങ്ങള്‍ ശരിയാണെന്നും ഇപ്പോള്‍ തെളിയുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്തുവെന്ന് വ്യക്തമായതോടെ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണിതെന്നും ഉറപ്പായി.
സുരേന്ദ്രന്റെ കേസ്
മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തോറ്റത് വെറും 89 വോട്ടുകള്‍ക്കാണ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.ബി. അബ്ദുള്‍ റസാഖാണ് ജയിച്ചത്.
വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന് ചൂണ്ടിക്കാട്ടി കെ. സുരേന്ദ്രന് ഹര്‍ജി നല്കി. വാദത്തിനിടെ ലീഗ് എംഎല്‍എ മരിച്ചു. പിന്നീട് സുരേന്ദ്രന് ഹര്‍ജി പിന്‍വലിച്ചു. ഗള്‍ഫിലുള്ളവരുടെയും മരണമടഞ്ഞവരുടെയും വോട്ടുകള്‍ ചെയ്തത് സുരേന്ദ്രന് കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇവരില്‍ പലരെയും ഗള്‍ഫില്‍ നിന്ന് കോടതിയില്‍ എത്തിക്കാനും തെളിവുകള്‍ നിരത്താനും ബുദ്ധിമുട്ടി. ഇക്കുറി ഏര്‍പ്പെടുത്തിയതു പോലുള്ള വെബ് കാസ്റ്റിങ് ഉണ്ടായിരുന്നുവങ്കില്‍ കേസില്‍ സുരേന്ദ്രന് ജയിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: