മാതൃസ്‌നേഹത്തിന്റെ ഊഷ്മളതയില്‍ വളരേണ്ട കുഞ്ഞുങ്ങളുടെ ഉയിര് എടുക്കുന്ന അമ്മമാരുടെ നാടായി കേരളം മാറിത്തുടങ്ങിയോ എന്ന ചിന്തയിലേക്കാണ് സമീപകാല സംഭവങ്ങള്‍ മലയാളിയെ കൊണ്ടുചെന്നെത്തിക്കുന്നത്. നാറാണത്തുഭ്രാന്തന്‍ കവിതയില്‍ വി. മധുസൂദനന്‍ നായര്‍ കുറിച്ചിട്ട ”ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വര വിലാപം” എന്ന വരികള്‍ ഇവിടെ കടമെടുക്കാം. മക്കളെ പട്ടിണിക്കിടുന്ന, കൊല്ലാക്കൊല ചെയ്യുന്ന, അമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസംപോലുമില്ല എന്നതായി സ്ഥിതി.
കഴിഞ്ഞ ദിവസം ചേര്‍ത്തല പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ ആദിഷയെന്ന ഒന്നര വയസ്സുകാരിയെ അമ്മ ആതിര കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ ശ്രവിച്ചത്. കുഞ്ഞ് കരഞ്ഞപ്പോഴുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചുപോയ കയ്യബദ്ധം എന്നാണ് ആതിര പോലീസില്‍ നല്‍കിയ മൊഴി. കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ ആവാത്ത വിധം അസഹിഷ്ണുത നിറഞ്ഞതാണോ അമ്മ മനസ്സ്. കുട്ടിക്കൊരു ചെറിയ പനി വന്നാല്‍ പോലും ഉറക്കമില്ലാതെ അവരെ പരിചരിക്കുന്ന അമ്മമാര്‍ക്കുകൂടിയാണ് ആതിരയെപ്പോലുള്ളവര്‍ കളങ്കം ചാര്‍ത്തുന്നത്.
വേണ്ടപ്പെട്ടവരുടെ കരങ്ങളാല്‍ത്തന്നെ പൊലിയുന്ന കുരുന്നുജീവനുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ പാപക്കറ പുരണ്ടിരിക്കുന്നത് അമ്മ, അച്ഛന്‍, രണ്ടാനച്ഛന്‍ തുടങ്ങി കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ കരങ്ങളിലാണ്. സ്‌നേഹവും വാത്സല്യവും ലാളനയുമേറ്റ് വളരേണ്ട കുഞ്ഞുങ്ങള്‍ ഇന്ന് വീടുകളില്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏതൊരാപത്തില്‍ നിന്നും തന്നെ സംരക്ഷിക്കാന്‍ അമ്മയുണ്ടാകുമെന്ന കുട്ടികളുടെ വിശ്വാസം തകര്‍ന്നടിയുന്ന കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വീടുകളില്‍ കുട്ടികള്‍ക്കുനേരെ അതിക്രമങ്ങള്‍ നടക്കുന്നത് പലപ്പോഴും അമ്മയുടെ അറിവോടുകൂടിയാണ്. മാതൃത്വത്തിന്റെ മഹത്വം അറിയാത്ത അത്തരക്കാരുടെ ആ മൗനാനുവാദമാണ് ഏറ്റവും കുറ്റകരം. സ്വന്തം നിലനില്‍പ്പും ജീവിതസുഖവും മാത്രം നോക്കുന്ന ഇത്തരം അമ്മമാര്‍ക്ക് മക്കളോട് വൈകാരിക അടുപ്പമോ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കരുതലോ കാണില്ല. തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനങ്ങളേറ്റപ്പോള്‍ പ്രതിരോധിക്കാന്‍ പോലും തയ്യാറാവാത്ത അമ്മയും ഏലൂരില്‍ മൂന്ന് വയസ്സുകാരനെ മര്‍ദ്ദിച്ച് അവശനാക്കി മരണത്തിലേക്ക് തള്ളിവിട്ട അമ്മയും തമ്മില്‍ വ്യത്യാസമൊന്നുമില്ല.
സാമൂഹികനീതി വകുപ്പ് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ എറണാകുളം ജില്ലയില്‍ മാത്രം 1.13 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ സുരക്ഷിതരല്ല എന്നാണ് കണ്ടെത്തല്‍. തലസ്ഥാന നഗരിയില്‍ 1.53 ലക്ഷവും സാംസ്‌കാരിക നഗരിയായ തൃശൂരില്‍ 1.19 ലക്ഷം കുട്ടികളുമാണ് സുരക്ഷിതമല്ലാത്ത കുടുംബാന്തരീക്ഷത്തില്‍ കഴിയുന്നത്. ഈ കണക്കുകള്‍ കണ്ട് എങ്ങനെയാണ് സമാധാനത്തോടെ ഇരിക്കാന്‍ ഇവിടുത്തെ ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും സാധാരണക്കാര്‍ക്കും സാധിക്കുന്നത്? കുട്ടികളിലൂടെ നല്ലൊരു സമൂഹത്തെ പടുത്തുയര്‍ത്തണം എന്ന് പറയുന്നവര്‍ പോലും അവരുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണങ്ങള്‍ അനവധിയാണ്. വീട്ടിലെ പുരുഷന്മാരുടെ മദ്യപാനം, ലഹരി ഉപയോഗം, കുടുംബബന്ധങ്ങളിലെ അന്തഛിദ്രം, അവിഹിത ബന്ധങ്ങള്‍ തുടങ്ങിയവയാണ് അതില്‍ പ്രധാനം. ശാരീരിക, ലൈംഗിക പീഡനങ്ങള്‍ ഏറ്റ് പുറത്തുപറയാന്‍ പോലും പറ്റാത്ത വിധം ഭയത്തിന്റെ പിടിയിലകപ്പെട്ട കുട്ടികള്‍ നിരവധിയാണ്. ചൈല്‍ഡ്‌ലൈന്‍, ശിശുക്ഷേമ സമിതി, സാമൂഹികനീതി വകുപ്പ് തുടങ്ങിയവ മുമ്പാകെ ഇത്തരം സംഭവങ്ങള്‍ എത്തുമ്പോള്‍ മാത്രമേ ഇത് പുറംലോകം അറിയുന്നുള്ളു.
കുട്ടികളുടെ സുരക്ഷയ്‌ക്കുവേണ്ടി ശക്തമായ പല നിയമങ്ങളും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും മുന്‍പന്തിയിലെന്ന് ഊറ്റംകൊള്ളുന്നവര്‍ക്കിടയിലാണ് അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായിട്ടുള്ളവര്‍ കുട്ടികള്‍ക്കുനേരെ അതിക്രമം നടത്തുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി 2012 ല്‍ കൊണ്ടുവന്ന പോക്‌സോ ആക്ട്, 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍) ആക്ട് ഇതൊക്കെ ഉണ്ടെങ്കിലും അതിക്രമങ്ങള്‍ക്ക് കുറവില്ല. നിയമത്തിലെ പഴുതുകളും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുന്നതിനുള്ള കാലതാമസവും എല്ലാം മറ്റു കാരണമാണ്.
പഴുതടച്ച നിയമനിര്‍മ്മാണവും കാര്യക്ഷമതയോടെയുള്ള കുറ്റാന്വേഷണവും അതിവേഗത്തിലുള്ള ശിക്ഷ നടപ്പാക്കലും വഴിയേ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് ഒരുപരിധിവരെയെങ്കിലും തടയാന്‍ സാധിക്കൂ. അതല്ലെങ്കില്‍ രക്ഷിക്കാന്‍ കടപ്പെട്ടവരില്‍ നിന്നുതന്നെ രക്ഷതേടേണ്ടിവരുന്ന അവസ്ഥയിലേക്ക് അധികം വൈകാതെ നാം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: