പാലക്കാട്/കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരപ്പുഴയില്‍ മുക്കിയ ഭീകരാക്രമണത്തില്‍ കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കുള്ള പങ്ക് പുറത്തു വരുന്നു. പാലക്കാട്ടും കാസര്‍കോട്ടും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റെയ്ഡ് നടത്തി. പാലക്കാട്ടു നിന്ന് ഒരാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടു നിന്നുള്ള രണ്ടു പേരോട് ചോദ്യം ചെയ്യലിനു എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്ത് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടു.
പാലക്കാട്ട് കൊല്ലങ്കോട് മുതലമട ചെമ്മണ്ണാമ്പതി ചുള്ളിയാര്‍മേട് അക്ഷയ് നഗറിലെ റിയാസ് അബൂബക്കറിനെ (28)യാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. ഐഎസ് അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അത്തര്‍ വില്‍പ്പനക്കാരനാണ് ഇയാള്‍. ഈ മാസം 21ന് ശ്രീലങ്കയില്‍ മുന്നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണ പരമ്പര ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാഅത്തുമായി ഇയാള്‍ക്ക് നേരത്തേ ബന്ധമുണ്ടായിരുന്നതായാണ് വിവരം.
ഇന്നലെ പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം ഇവിടെ പരിശോധന നടത്തിയത്. റെയ്ഡ് രാവിലെ ഏഴ് മണിവരെ തുടര്‍ന്നു. സ്ഫോടനത്തിന്റെ മുഖ്യ സുത്രധാരന്‍ സഹ്റാന്‍ ഹാഷിമിന് കേരളത്തിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാസര്‍കോട് വിദ്യാനഗറിലെ രണ്ട് വീടുകളിലാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഇന്നലെ രാവിലെറെയ്ഡ് നടത്തിയത്. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ മൊബൈല്‍ ഫോണുകളടക്കമുള്ളവ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്കി.
സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം. കേരളത്തിലെത്തിയെന്നു കരുതുന്ന ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്താനാണ് റെയ്ഡ് നടത്തിയതും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്കിയതും. അബൂബക്കര്‍ സിദ്ദിഖിയോടും, അഹമ്മദ് അറാഫത്തിനോടും ഇന്ന് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണ് എന്‍ഐഎ സംഘമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: