വാരാണസി: പ്രിയങ്കാ ഗാന്ധി കാശീ സേ ഭാഗ് ഗയീ…..ഡര് ഹേ കോണ്‍ഗ്രസ് വാലേ കോ…(പ്രിയങ്കാഗാന്ധി കാശിയില്‍ നിന്ന് ഓടിപ്പോയി, കോണ്‍ഗ്രസുകാര്‍ക്ക് ഭയമാണ്) ഗംഗാ തീരത്തെ അസ്സി ഘട്ടിലെ ബോട്ടിലിരുന്നു കൊണ്ട് ദിലീപ് മാഞ്ചി തന്റെ രാഷ്ട്രീയം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായതോടെ അഞ്ചുവര്‍ഷം കൊണ്ട് വാരാണസി ഏറെ മാറിയതായി മാഞ്ചി പറയുന്നു. റോഡുകള്‍, ഗംഗയിലെ ഘാട്ടുകള്‍, മാലിന്യപ്രശ്നം തുടങ്ങി നിരവധി മേഖലകളിലാണ് വലിയ മാറ്റങ്ങള്‍ സാധ്യമായത്.
മോദിജിയുടെ മണ്ഡലമായി മാറിയതാണ് വാരാണസിയെയും ഗംഗാമയ്യയെയും രക്ഷിച്ചത്. ഘാട്ടുകളുടെ ശുചീകരണവും മാലിന്യപ്രശ്നവും വലിയ രീതിയില്‍ മാറിയിട്ടുണ്ട്. ഗംഗയിലെ ജലം ശുദ്ധമാണോ എന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഞങ്ങള്‍ ബോട്ടുകാര്‍ക്കാണ്. തീര്‍ഥാടകരുടെ മനസ്സിലും ശുചിത്വബോധം ഏറെ വര്‍ധിച്ചിട്ടുണ്ട്. വൃത്തിഹീനമായി കിടക്കുന്ന കടവുകള്‍ ഇന്ന് വാരാണസിയിലില്ല. മാലിന്യങ്ങള്‍ അതിനായി വെച്ചിരിക്കുന്ന വീപ്പകളിലാണ് എല്ലാവരും ഇടുന്നത്.
വൃത്തി ഉറപ്പുവരുത്താന്‍ ശുചീകരണ തൊഴിലാളികള്‍ സജീവമായുണ്ട്. മണ്‍കൂന നിറഞ്ഞു കിടന്നിരുന്ന അസ്സിഘട്ട് ഇന്ന് വാരാണസിയിലെ പ്രധാന കേന്ദ്രമാണ്. സൗന്ദര്യവല്‍ക്കരണം അസ്സി ഘട്ടിലാണ് ഏറെ നടത്തിയിട്ടുള്ളത്. പത്രികാ സമര്‍പ്പണത്തിന് തൊട്ടു മുമ്പ് കൂടി മോദിജി അസ്സി ഘട്ടിലെത്തിയിരുന്നു. അദ്ദേഹം ഏറെ ശ്രദ്ധ നല്‍കുന്നുണ്ട് ഇക്കാര്യങ്ങളിലെല്ലാം, ദിലീപ് മാഞ്ചിയും സുഹൃത്തുക്കളും പറയുന്നു.
പ്രിയങ്ക വാരാണസിയില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ ആഴ്ചകളായി പ്രചരിപ്പിച്ചിരുന്നെങ്കിലും ഞങ്ങള്‍ക്കറിയാമായിരുന്നു അവര്‍ വരില്ലെന്ന്, ടാക്സി ഡ്രൈവറായ സുമന് സിങ് പരിഹസിക്കുന്നു. മോദി പ്രിയങ്കയെ ഭയന്ന് ന്യൂദല്‍ഹിയില്‍ മത്സരിക്കുമെന്നും പ്രിയങ്കയിലൂടെ കിഴക്കന്‍ യുപി പിടിച്ചെടുക്കുമെന്നുമൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
വാരാണസിയില്‍ മോദിജി മാത്രമേ വിജയിക്കൂ. മറ്റാര്‍ക്കും ഇനി ഇവിടെ സാധ്യതകളില്ല. അഞ്ചുവര്‍ഷം കൊണ്ട് വാരാണസിയെ അമ്പതു വര്‍ഷം പിന്നില്‍ നിന്ന് വികസന പാതയിലേക്കെത്തിച്ചത് മോദിജിയാണ്. താങ്കള്‍ ഇവിടെ ഇറങ്ങി ആരോട് വേണമെങ്കിലും ചോദിച്ചു നോക്കൂ, ആരു വിജയിക്കുമെന്ന്. ഇത്തവണ ഭൂരിപക്ഷം ആറു ലക്ഷത്തിന് മുകളിലേക്ക് എത്തുമോ എന്നതാണ് ഞങ്ങളുടെ ഇടയിലെ ചര്‍ച്ച. സുമന് പറയുന്നു.
വാരാണസിയിലെങ്ങും ചര്‍ച്ച ഇതു മാത്രമാണ്. മോദിയുടെ ഭൂരിപക്ഷം ആറു ലക്ഷം കടക്കുമോ എന്നതാണ് ചായക്കടകളിലും ഘാട്ടുകളിലും ബനാറസ് സര്‍വകലാശാലയിലെ വിദ്യാര്ഥികളിലുമെല്ലാം ചര്‍ച്ചാവിഷയം. കഴിഞ്ഞ തവണ 3.71 ലക്ഷം വോട്ടുകളായിരുന്നു മോദിയുടെ ഭൂരിപക്ഷം. അരവിന്ദ് കെജ്രിവാളിന്റെ ശക്തമായ സാന്നിധ്യവും കോണ്‍ഗ്രസ്, ബിഎസ്പി സ്ഥാനാര്‍ഥികളും എല്ലാം വോട്ട് പിടിച്ചപ്പോഴും മോദിയുടെ ഭൂരിപക്ഷം ഇത്രയധികം ഉയര്‍ന്നിരുന്നു. 5.81 ലക്ഷം വോട്ടുകള്‍ നരേന്ദ്രമോദിക്ക് ലഭിച്ചപ്പോള്‍ കെജ്രിവാള് രണ്ടു ലക്ഷത്തിലൊതുങ്ങി. എല്ലാ സ്ഥാനാര്‍ഥികളും കൂടി പിടിച്ചതിനേക്കാള്‍ മൂന്നരലക്ഷത്തോളം വോട്ടുകളായിരുന്നു മോദിക്ക് കൂടുതല്‍ ലഭിച്ചത്. ഇത്തവണ തീരെ ദുര്‍ബല സ്ഥാനാര്‍ഥികളാണ് മോദിക്കെതിരെ മത്സരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അജയ് റായി കഴിഞ്ഞ തവണയും മോദിയോട് മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടയാളാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ വാരാണസിയില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ശാലിനി യാദവാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. രണ്ടുപേര്‍ക്കും കൂടി അരലക്ഷം വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്നാണ് വാരാണസിക്കാര്‍ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയെ വിജയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാരാണസി.
പ്രിയങ്കയെ പിന്നോട്ടടിച്ച ഘടകങ്ങള്‍
• യാതൊരു സാധ്യതകളുമില്ലാത്ത മത്സരത്തോടുള്ള ഭയം
• ദയനീയമായ തോല്‍വി രാഷ്ട്രീയ ഭാവി ഇല്ലാതാക്കും
•പ്രിയങ്കയുടേയും ഭര്‍ത്താവിന്റെയും പേരിലുള്ള അഴിമതിക്കേസുകളുടെ
കണക്ക് പുറത്ത് വിടേണ്ടിവരും
• സ്വത്ത് വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് കാരണമാകും
• സഹോദരിയെ തോല്‍വിക്ക് വിട്ടു കൊടുക്കാന്‍ രാഹുലിന്റെ മടി
• വാരാണസി പോലൊരു മണ്ഡലത്തിലെ ദയനീയ പ്രകടനം പാര്‍ട്ടിക്ക്
ഉണ്ടാക്കുന്ന നാണക്കേട്
പ്രിയങ്ക മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി അധ്യക്ഷനാണ് എടുത്തതെന്ന് സാം പിത്രോഡ പറയുമ്പോള്‍ തീരുമാനം പ്രിയങ്ക തന്നെയാണ് എടുത്തതെന്ന് രാജീവ് ശുക്ലയും വ്യക്തമാക്കുന്നു. പ്രിയങ്കയെ മത്സരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ വലിയ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നുണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: