ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളെടുത്ത് ‘ഫിലിം മേക്കര്‍’ എന്ന വിശേഷണത്തിന് പൂര്‍ണമായും അര്‍ഹനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ആദ്യസിനിമയായ ചോക്ലേറ്റ് (2005) മുതല്‍ ബുദ്ധ ഇന്‍ ട്രാഫിക് ജാം (2014) വരെ ഇതിവൃത്തം തെരഞ്ഞെടുക്കുന്നതിലും, കഥ പറയുന്ന രീതിയിലും അഗ്നിഹോത്രിക്ക് തന്റേതായ വഴികളുണ്ട്. അപൂര്‍വതകളാണ് ഈ സംവിധായകന്റെ സിനിമകളുടെ സവിശേഷത.
അര്‍ബന്‍ നക്സലുകളെക്കുറിച്ചുള്ള പുസ്തകരചനയിലൂടെയും ശ്രദ്ധേയനായ അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ സിനിമയുടെ ഇതിവൃത്തവും ആഖ്യാനവും പ്രേക്ഷകരെ ഒരിക്കല്‍ക്കൂടി വിസ്മയിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തിന്റെ ഉള്ളറകള്‍ തേടുന്ന ‘താഷ്കെന്റ് ഫയല്‍സ്’ വലിയ രാഷ്ട്രീയ വിവാദത്തിനുതന്നെ തിരികൊളുത്തിയിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്കെന്റില്‍വച്ചാണ് 1966-ല്‍ പ്രധാനമന്ത്രി ശാസ്ത്രി ദുരൂഹമായ സാഹചര്യത്തില്‍ മരണമടയുന്നത്.
പാക്കിസ്ഥാനുമായി സമാധാന കരാറില്‍ ഒപ്പുവച്ചശേഷമുള്ള ശാസ്ത്രിയുടെ മരണം അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തുടക്കം മുതല്‍ ആരോപണമുയര്‍ന്നതാണ്. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യം സംശയാതീതമായി അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. ഇതു സംബന്ധിച്ച വിവാദം പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സത്യം വെളിപ്പെടുത്തുന്നതില്‍ അധികൃതര്‍ വിമുഖത കാണിച്ചു. നെഹ്റു കുടുംബവാഴ്ചയുടെ ഇരുണ്ട ഭൂതകാലത്തിലേക്കാണ് ശാസ്ത്രിയുടെ മരണം വിരല്‍ചൂണ്ടുന്നത്.
ഇവിടെയാണ് വിവേക് അഗ്നിഹോത്രി എന്ന ചലച്ചിത്രകാരന് ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുത്തത്. ശാസ്ത്രിയുടെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളുടെ രേഖകള്‍ പരിശോധിച്ച അഗ്നിഹോത്രിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അമ്പരപ്പിക്കുന്ന സത്യങ്ങളാണ്. കേവലമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമപ്പുറം അപ്രിയ സത്യങ്ങള്‍ അറിയേണ്ടതുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ‘താഷ്കെന്റ് ഫയല്‍സ്’ വെള്ളിത്തിരയിലെത്തിയത്.
മിഥുന് ചക്രവര്‍ത്തി, നസ്റുദ്ദീന്‍ ഷാ എന്നിവരുള്‍പ്പെടെ വലിയൊരു താരനിരതന്നെ അണിനിരക്കുന്ന ‘താഷ്കെന്റ് ഫയല്‍സ്’ പ്രദര്‍ശനത്തിനു മുന്‍പുതന്നെ വലിയ ചര്‍ച്ചാവിഷയമാവുകയുണ്ടായി. സിനിമ പ്രേക്ഷകരിലെത്തിയ പശ്ചാത്തലത്തില്‍ വിവേക് അഗ്നിഹോത്രി സംസാരിക്കുന്നു.
ഒരേസമയം സിനിമയുടെ സംവിധാനവും നിര്‍മാണവും താങ്കള്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യമാണോ?
അല്ല. ഞാന്‍ പരസ്യചിത്രങ്ങളെടുത്തിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും സിനിമകള്‍ നിര്‍മിക്കണമെന്ന് തോന്നിയിരുന്നില്ല. ഒരിക്കല്‍ എന്റെ ആഡ് ഫിലിം നിര്‍മാതാവുമായി അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ ഞാന്‍തന്നെ അത് നിര്‍മിക്കാന്‍ തീരുമാനിച്ചു. കാര്യങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാറ്റിനും വഴിയുണ്ടാവും.
കഥകളെക്കുറിച്ചും സിനിമയെടുക്കുന്ന രീതികളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
ഞാന്‍ ഒരു പഠിതാവാണ്. സിനിമയുടെ പ്രമേയങ്ങള്‍, ഘടനകള്‍, ശൈലികള്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സ്കൂളില്‍ കഥ പറയാന്‍ പോകുന്നതുപോലെയാണ് എനിക്ക് സിനിമയെടുക്കല്‍. സ്ഥിരമായ ഒരു ശൈലിയില്ല എന്നതാണ് എന്റെ ശൈലി. ഇതുകൊണ്ടാണ് എന്നെ മറ്റുള്ളവര്‍ ‘സ്റ്റൈലിസ്റ്റ് ഫിലിം മേക്കര്‍’ എന്നു വിളിക്കുന്നത്.
താഷ്കെന്റ് ഫയല്‍സ് എന്ന സിനിമയെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ഒരു വിദേശരാജ്യത്ത് മരണമടഞ്ഞതിന്റെ ദുരൂഹത 53 വര്‍ഷമായിട്ടും നിലനില്‍ക്കുന്നതാണ് ഈ സിനിമയെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതുതന്നെ ഉജ്ജ്വലമായ ഒരു ഇതിവൃത്തമാണല്ലോ.
എങ്ങനെയാണ് ഈ സിനിമയിലെ ആഖ്യാനം?
തികച്ചും സത്യസന്ധമായി, ഹൃദയത്തില്‍നിന്ന്. ഒരു മരണത്തിന്റെ ദുരൂഹത, അതിനെക്കുറിച്ചുള്ള അന്വേഷണം.
താങ്കളുടെ കാഴ്ചപ്പാടില്‍ കഥ വിവരിക്കാമോ?
ഒരൊറ്റ സിനിമയില്‍ ഞാന്‍ എല്ലാ കാഴ്ചപ്പാടുകളും അവതരിപ്പിക്കുകയാണ്. പ്രേക്ഷകര്‍ക്ക് അവരുടെതായ രീതിയില്‍ വ്യാഖ്യാനിക്കാം. താഷ്കെന്റിലെ ശാസ്ത്രിയുടെ മരണം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ചില നിര്‍ണായകമായ വിവരങ്ങള്‍ ഞാന്‍ ഈ സിനിമയിലൂടെ നല്‍കുന്നുണ്ട്.
തിരക്കഥയെഴുതുന്നതിന് താങ്കള്‍ വളരെയധികം ഗവേഷണം നടത്തുകയുണ്ടായല്ലോ?
പാര്‍ലമെന്റ് രേഖകള്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകള്‍, അമേരിക്കന്‍ ചാര സംഘടനയായ സിഐഎ, റഷ്യന്‍ ചാരസംഘടനയായിരുന്ന കെജിബി എന്നിവയില്‍നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ തുടങ്ങിയവ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളും സഹായിച്ചു. ഒരു സ്രോതസ്സില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയില്‍ ദീര്‍ഘമായ പ്രക്രിയയായിരുന്നു വിവരശേഖരണം. ഈ വിവരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
ആധികാരിക രേഖകള്‍ അധികമൊന്നും ലഭിക്കാത്തതിനാല്‍ 53 വര്‍ഷം മുന്‍പത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരെയും, അതേക്കുറിച്ച് ഓര്‍ക്കുന്നവരെയും ഞാന്‍ ആശ്രയിച്ചു. വിപുലമായിരുന്നു ഇതിന്റെ പ്രതികരണം. ഞെട്ടിക്കുന്ന ഈ വിവരങ്ങളാണ് തിരക്കഥയുടെ ആധാരം എന്നുപറയാം.
അവസാനം പ്രേക്ഷകര്‍ക്ക് സത്യമറിയാനാവുമോ? താങ്കള്‍ അത് പറയുന്നുണ്ടോ? പ്രേക്ഷകര്‍ എന്ത് നിലപാടിലെത്തണം?
രാഷ്ട്രീയക്കളികളുടെ സത്യം അറിയാനാവും. ബാക്കി സിനിമ കണ്ടശേഷം ധാരണയിലെത്തുക. ജനാധിപത്യ സമ്പ്രദായത്തില്‍ ഓരോ പൗരനും സത്യം അറിയാനുള്ള അവകാശമുണ്ടല്ലോ.
ചലച്ചിത്ര നിരൂപകരില്‍നിന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളില്‍നിന്നും നല്ല പ്രതികരണമല്ല താഷ്കെന്റ് ഫയല്‍സിന് ലഭിച്ചത്. താങ്കളുടെ സമയവും പ്രയത്നവും വിഫലമായിയെന്നാണ് ഇവരിലൊരാള്‍ അഭിപ്രായപ്പെട്ടത്. എന്താണിതിന് കാരണം?
ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചായിരുന്നു എന്റെ ചിത്രമെങ്കില്‍ ഇങ്ങനെയായിരുന്നില്ല സംഭവിക്കുക. താഷ്കെന്റ് ഫയല്‍സ് പറയുന്നത് ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണത്തെക്കുറിച്ചാണ്. എന്നെ വെറുക്കുന്നവര്‍ ദേശീയതയുടെ പ്രതീകമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെത്തന്നെയാണ് വെറുക്കുന്നത്. ശാസ്ത്രിക്ക് നെഹ്റുവിനെപ്പോലെ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുമായിരുന്നില്ലല്ലോ.
യഥാര്‍ത്ഥത്തില്‍ ‘താഷ്കെന്റ് ഫയല്‍സു’മായി ബന്ധപ്പെട്ട് എന്താണ് ഇക്കൂട്ടരുടെ പ്രശ്നം?
എന്റെ ചിത്രമായ മദ്രാസ് കഫെ രാജീവ് ഗാന്ധിയുടെ മരണത്തെക്കുറിച്ചുള്ളതായിരുന്നു. ഇതേ വിഭാഗത്തില്‍പ്പെടുന്നതാണ് താഷ്കെന്റ് ഫയല്‍സും. എന്നിട്ടും മദ്രാസ് കഫെയെ സ്വീകരിച്ചവര്‍ താഷ്കെന്റ് ഫയല്‍സിനെ നിരസിക്കുന്നു. ഞാന്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് സിനിമയെടുത്തിരുന്നെങ്കില്‍ ലെഫ്റ്റ് ലിബറലുകള്‍ക്ക് ഇഷ്ടമായേനെ. ശ്യാമപ്രസാദ് മുഖര്‍ജിയെക്കുറിച്ചാണ് സിനിമയെടുക്കുന്നതെങ്കില്‍ അവര്‍ എന്നെ കൊല്ലും. താഷ്കെന്റ് ഫയല്‍സിനോടുള്ള ചില നിരൂപകരുടെ പ്രതികരണവും ഇതുപോലെയാണ്.
പഞ്ചാബിലെ ബിജെപി-അകാലിദള്‍ ഭരണകാലത്തെ നിശിതമായി വിമര്‍ശിക്കുന്ന ഉഡ്ത പഞ്ചാബ് എന്ന സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുകയുണ്ടായി. ഇങ്ങനെ ചെയ്തവരാണ് താഷ്കെന്റ് ഫയല്‍സിനെക്കുറിച്ച് മൗനം പാലിക്കുന്നത്. എന്താണ് പ്രതികരണം?
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന ഇക്കൂട്ടര്‍ തങ്ങളുടെ താളത്തിനു തുള്ളുന്നവരെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. ഏതെങ്കിലും തരത്തില്‍ വെല്ലുവിളിക്കുന്നവരെ ഇവര്‍ വേട്ടയാടും.
താഷ്കെന്റ് ഫയല്‍സ് പ്രദര്‍ശനത്തിനെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് ചിലര്‍ നിയമനടപടികളുമായി മുന്നോട്ടു വന്നിരുന്നു. ഇവരില്‍ ശാസ്ത്രിയുടെ ബന്ധുക്കളുമുണ്ടായിരുന്നു. ഈ എതിര്‍പ്പിനെ എങ്ങനെ കാണുന്നു?
പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും, നെഹ്റു കുടുംബവുമായി അടുപ്പം പുലര്‍ത്തുന്നയാളും, ശാസ്ത്രിയുടെ ചെറുമകനുമായ വ്യക്തിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നത്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് എന്നെ പ്രശംസിക്കുകയും, വ്യക്തിപരമായി നന്ദിയറിയിക്കുകയും ചെയ്തവരാണ് പിന്നീട് വിരുദ്ധ നിലപാടെടുത്തത്.
നെഹ്റു കുടുംബത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞു. ശാസ്ത്രിയുടെ ചെറുമകനെ ബലിയാടാക്കുകയായിരുന്നു. എന്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നു എന്നെനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നത്? ചിത്രത്തോടുള്ള അവരുടെ എതിര്‍പ്പ് ജനങ്ങളില്‍ സംശയമുണര്‍ത്തുന്നതാണ്.
ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച ചിത്രമാണ് താഷ്കെന്റ് ഫയല്‍സ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം?
താന്‍ നടത്തുന്ന കുരിശുയുദ്ധത്തില്‍ യുവ മാധ്യമപ്രവര്‍ത്തക വിജയം വരിക്കുന്ന അപൂര്‍വ ചിത്രമെന്ന ബഹുമതി താഷ്കന്റ് ഫയലിന് അവകാശപ്പെടാം. ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നെഹ്റുകുടുംബത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്താണ് അവരെ ഭയപ്പെടുത്തുന്നത്?
താഷ്കെന്റ് ഫയല്‍സില്‍ ആരാണ് ഏറ്റവും നന്നായി അഭിനയിച്ചിട്ടുള്ളത്?
പ്രതിച്ഛായകളുടെ ഭാരമില്ലാതെതന്നെ നടീനടന്മാര് സ്വന്തം കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അഭിനയിക്കുകയുണ്ടായി. അഭിനേതാക്കളെ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ വളര്ത്തിക്കൊണ്ടുവരുകയോ ഒന്നും എന്റെ രീതിയല്ല. അവര്‍ നൈസര്‍ഗികമായി അഭിനയിക്കുന്നതാണ് എനിക്കിഷ്ടം. അഭിനയ മുഹൂര്‍ത്തങ്ങളോട് സത്യസന്ധത പുലര്‍ത്തണമെന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടാറുള്ളൂ.
താഷ്കന്റ് ഫയലിലെ താരനിര അദ്ഭുതപ്പെടുത്തുന്നതാണ്. നസ്റുദ്ദീന്‍ ഷാ, മിഥുന് ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം എങ്ങനെയാണ് പ്രവര്‍ത്തിച്ചത്?
നസീറും മിഥുനും സ്ഥാപനങ്ങള്‍ തന്നെയാണ്. രണ്ട് വ്യത്യസ്ത ശാഖകള്‍. രണ്ടുപേരില്‍നിന്നും എനിക്ക് വളരെയധികം പഠിക്കാന്‍ കഴിഞ്ഞു. അഭിനയം പഠിപ്പിക്കുന്ന സ്കൂളുകളില്‍ പോകുന്നതുപോലെയായിരുന്നു അത്.
തിരക്കഥ സിനിമാരൂപമായപ്പോള് വന്ന മാറ്റമെന്താണ്? താങ്കളുടെ സംവിധാനശൈലി…?
ഓരോ ഘട്ടത്തിലും ഈ സിനിമ വികസിക്കുകയായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും തിരക്കഥയില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. സംവിധായകനെന്ന നിലയ്ക്ക് ഞാന്‍ സ്വയം കണ്ടെത്തുകയാണ്, പക്ഷേ ഏറ്റവും സ്വാഭാവികമായി. ഞാന്‍ എന്റെ ചോദനകളോട് നീതി പുലര്‍ത്തുന്നു.
താങ്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമെന്താണ്?
പുതിയ ഇതിവൃത്തങ്ങള്‍ കണ്ടെത്തുക എന്നതുതന്നെ. വിഷയങ്ങളെ ആഴത്തില്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി വളരെയധികം ഗവേഷണം നടത്തുന്നു. ഒരു സിനിമയെടുക്കുന്നതിനു മുന്‍പ് എനിക്ക് വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഥയും ഇതിവൃത്തവുമൊക്കെ കണ്ടെത്തുകയെന്നത് എനിക്ക് ശ്രമകരമാണ്. വളരെ നീണ്ട പ്രക്രിയയാണത്.
താങ്കളുടെ അഭിപ്രായത്തില്‍ എഡിറ്റിങ് കഥയ്ക്ക് എത്രമാത്രം സംഭാവന നല്‍കും? നിരവധി ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാവും. അതില്‍നിന്ന് എങ്ങനെയാണ് ഒരു സിനിമയുണ്ടാവുക?
ഞാന്‍ എപ്പോഴും ഒരു എഡിറ്ററെപ്പോലെ ചിന്തിക്കുന്നു. ഞാന്‍ രണ്ട് പ്രാവശ്യം സിനിമയുണ്ടാക്കുന്നു. ഒന്ന് തിരക്കഥാ രചനയിലും, മറ്റൊന്ന് എഡിറ്റിങ് ടേബിളിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: