പാലക്കാട്: സംസ്ഥാനത്ത് ഡ്രഗ്സ് കണ്ട്രോള് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഏകദേശം പതിനായിരം കോടിക്ക് മുകളില്‍ വ്യവസായം നടക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖല നിയന്ത്രിക്കാന്‍ ആകെയുള്ളത്ത് നാല്‍പ്പത് ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍. പുതിയതായി ഏഴ് തസ്തികകളില്‍ നിയമനം നടത്തുന്നുണ്ടെങ്കിലും നാല്‍പ്പത്തേഴ് ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ് ജോലിഭാരം.
നാല്‍പ്പത് ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നത് 1999ലെ സ്റ്റാഫ് പാറ്റേണാണ്. മറ്റെല്ലാ വകുപ്പിലും ഉദ്യോഗസ്ഥരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുന്നെങ്കിലും ഡ്രഗ് കണ്ട്രോള് വകുപ്പില്‍ ഇത് നടപ്പാക്കുന്നില്ല. ഓരോ ജില്ലയിലും കുറഞ്ഞത് ആയിരത്തിനടുത്ത് മെഡിക്കല്‍ ലൈസന്‍സികളുണ്ട്. ദിനംപ്രതി ഇവ കൂടുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോള്‍സെയില്‍ മരുന്നു വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടും.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിശോധന, മരുന്നുകമ്പനികളുമായുള്ള കോടതി വ്യവഹാരങ്ങള്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പരിശോധന, മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധന, മരുന്നു മൊത്തവില്പ്പനകേന്ദ്രങ്ങളിലെ പരിശോധന എന്നിവയെല്ലാം ചെയ്യാന്‍ ഇപ്പോഴുള്ള നാല്‍പ്പത്തേഴ് ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നത് അപര്യാപ്തമാണ്. നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രഗ് കണ്ട്രോള് വകുപ്പില്‍ കേരളത്തിലെ പല ജില്ലകളിലും വാഹനങ്ങള്‍ പോലുമില്ല. മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ വകുപ്പിന് സ്വന്തമായി വാഹനമില്ല.
വിപണിയില്‍ ഓരോ ദിവസവും വിവിതരം കമ്പനികളുടെ മരുന്നുകള്‍ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം തന്നെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് സാധിക്കാറില്ല. ഒരു ഡ്രഗ് ഇന്‍സ്പെക്ടര്‍ പതിനാറ് മരുന്നുകളുടെ സാമ്പിള്‍ പരിശോധിക്കണമെന്നാണ് കണക്ക്. ഇതില്‍ പരിശോധനയ്ക്കെടുക്കുന്ന മരുന്നകള്‍ വിലകുറഞ്ഞവയുമായിരിക്കും. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമെ എടുക്കുന്ന സാമ്പിളുകളുടെയും എണ്ണം വര്‍ധിപ്പിക്കാനാകു.
വില കൂടിയ മരുന്നുകള്‍ പരിശോധനയ്ക്കെടുക്കണമെങ്കില് സര്‍ക്കാര്‍ മരുന്നു കമ്പനിക്ക് പണം നല്‍കണം. സര്‍ക്കാരില്‍ നിന്നുള്ള അലോട്ട്മെന്റ് കുറവും ഉദ്യോഗസ്ഥരുടെ കുറവും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായിതന്നെ ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: