ന്യൂദല്‍ഹി: ‘പണം നല്കി എന്നെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കി. അതിനാലാണ് അവര്‍ മറ്റുവഴികള്‍ സ്വീകരിച്ചത്. അടുത്തയാഴ്ച ചില സുപ്രധാനമായ കേസുകള്‍ ഞാന്‍ കേള്‍ക്കേണ്ടതാണ്. അതൊഴിവാക്കാന് ലക്ഷ്യമിട്ടാണ് ഈ ആരോപണം’.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒന്നാം നമ്പര്‍ കോടതിയില്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണങ്ങളിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നത്. അതിനാല്‍ തന്നെ അത്യന്തം ഗൗരവമായി കേന്ദ്രസര്‍ക്കാരും കോടതിയും മറ്റു നിയമസംവിധാനങ്ങളും കേസിനെ എടുക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് ഗൊഗോയിയുടെ ഓഫീസിലേക്ക് വയര്‍, കാരവന്, സ്ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് ഇമെയില്‍ ലഭിച്ചിരുന്നു. സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ഉന്നയിച്ച പരാതിയെപ്പറ്റി വിശദീകരണം തേടിയായിരുന്നു ഇമെയില്‍. സുപ്രീംകോടതി രജിസ്ട്രാര്‍ അവയ്ക്ക് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ മൂന്നു ഓണ്‍ലൈന്‍ സൈറ്റുകളും ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി വാര്‍ത്തയാക്കി നല്കി. മൂന്നു സൈറ്റുകളിലും ഒരേ രീതിയിലുള്ള വാര്‍ത്തയാണ് വന്നത്. മൂന്നു സൈറ്റുകളും കോണ്‍ഗ്രസ് അനുകൂല വാര്‍ത്തകള്‍ നല്‍കുന്നവരാണ്. റഫാല്‍ കേസ് മുതല്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിവരെ കോണ്‍ഗ്രസിന് പ്രധാനപ്പെട്ട നിരവധി കേസുകള്‍ അടുത്ത ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് അസാധാരണ സാഹചര്യങ്ങള്‍ കോടതിയില്‍ ഉണ്ടായത്.
തന്നോടൊപ്പം ഈ ജീവനക്കാരി ഒന്നര മാസം പ്രവര്‍ത്തിച്ചിരുന്നതായും അവരെ പിന്നീട് പിരിച്ചു വിട്ടതായും ഗൊഗോയ് കോടതിയില്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അവര്‍ക്ക് എതിരെ അന്വേഷണം നടക്കുക ആണ്. എനിക്ക് എതിരെ ഉന്നയിച്ച ആരോപണം തികച്ചും അവിശ്വസനീയം ആണ്. നിഷേധിക്കാന്‍ പോലും അര്‍ഹത ഉള്ള ആരോപണമല്ലത്.
ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട്. സാമ്പത്തിക വിഷയത്തില്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇരുപത് വര്‍ഷത്തെ സര്‍വീസ് ഉള്ള എനിക്ക് ആകെ ഉള്ള ബാങ്ക് ബാലന്‍സ് ആറു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ്. പണത്തിലൂടെ എന്നെ സ്വാധീനിക്കാന്‍ ആകില്ല. അത് കൊണ്ട് അവര്‍ ഇത് കൊണ്ട് വന്നു, ഗൊഗോയ് ആരോപിച്ചു.
സല്പ്പേരുമാത്രമാണ് ന്യായാധിപര്‍ക്ക് ഉള്ളതെന്നും അതുകൂടി നഷ്ടപ്പെട്ടാല്‍ ഏതു ന്യായാധിപനാണ് കേസുകളില്‍ വിധി പറയാന്‍ തയ്യാറാവുകയെന്നും ജുഡീഷ്യറിയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും ഗൊഗോയ് വികാരാധീനനായി പറഞ്ഞു.
വിഷയത്തെ ഗൗരവമായി എടുക്കണമെന്നും യുവതിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കുന്ന ചുമതലയുള്ളതിനാല്‍ അതു നിര്‍വഹിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെയും വ്യക്തിപരമായ ആക്രമണം ഉണ്ടാവുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും വെളിപ്പെടുത്തി.
ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ട് കടന്നു പിടിച്ചെന്നും വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ടെന്നുമാണ് മുപ്പത്തഞ്ചുകാരിയുടെ പരാതി. തന്നെയും ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുന്നതായും യുവതി ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: