ക്യാമറയ്ക്കു മുന്നിലും പിന്നിലും സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ലൂസിഫര്‍ മലയാള സിനിമയെ ചരിത്രത്തിലേക്ക് നയിക്കുന്നു. നടന് പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫര്‍ ഒരു മാസ് എന്റര്‍ടെയിനറായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്.
പി.കെ. രാംദാസെന്ന മുഖ്യമന്ത്രിയുടെ മരണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. രാംദാസിന്റെ രാഷ്ട്രീയ അവകാശികളായി കുടുംബത്തിലും പാര്‍ട്ടിയിലും നിരവധിപേര്‍. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ഗോവര്ധന് ഇവരുടെ ഓരോരുത്തരുടെയും സ്വഭാവ ദൂഷ്യങ്ങളെ പരിചയപ്പെടുത്തി ചിത്രം തുടങ്ങുന്നു. ഇവരില്‍ ഏറ്റവും അപകടകാരിയായ അനുയായി അവനാണ്, സ്റ്റീഫന്‍ നെടുമ്പള്ളി-ശത്രുക്കളുടെ ലൂസിഫര്‍.
കുടുംബത്തില്‍ രാംദാസിന്റെ അനുയായികളായി മകള്‍ പ്രിയദര്‍ശിനി രാംദാസും മകന് ജിതിന് രാംദാസും. പ്രിയദര്‍ശിനിയുടെ രണ്ടാം ഭര്‍ത്താവ് ബോബി (ബിമല്‍ നായര്‍)യാണ് കുടുംബത്തിലെ ശക്തന്. കപ്പിത്താന് നഷ്ടപ്പെട്ട കപ്പലിന്റെ നായകനാവാന്‍ ബോബിക്ക് താല്‍പ്പര്യമില്ല. പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ലക്ഷ്യം. അതിനായി പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ബോബി. മകന് ജിതിന് രാംദാസ് ജനങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അതുവരെ അപരിചിതനാണ്. അച്ഛന്റെ മൃതദേഹം കാണുന്നതിന് പോലും അവന് എത്തിയില്ല. ബോബിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയക്കളരിയിലേക്ക് ഇറങ്ങുകയാണ് മകന് ജിതിന്. അനുജനെ മുന്നില്‍നിര്‍ത്തി ഭര്‍ത്താവ് നടത്തുന്ന നാടകത്തിന്റെ അപകടം തിരിച്ചറിയുന്ന പ്രിയദര്‍ശിനി അവര്‍ക്ക് അതുവരെ ശത്രുതുല്യനായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹായം തേടുന്നു. പിന്നെ പ്രതികാരത്തിന്റെയും പകപോക്കലിന്റെയും കഥയാണ്.
മകളെ ശല്യം ചെയ്യുന്ന രണ്ടാനച്ഛന്, അത് തിരിച്ചറിയുന്ന അമ്മ, തങ്ങള്‍ ശത്രുവായിക്കണ്ടിരുന്ന നായകന്റെ സഹായം തേടുന്നു. എല്ലാത്തിനും നായകന് പ്രതികാരം ചെയ്യുന്നു. ചുരുക്കത്തില്‍ ഇതാണ് ലൂസിഫറെങ്കിലും മുരളി ഗോപിയുടെ തിരക്കഥ അതിനെ മറ്റുതലങ്ങളിലേക്ക് നയിക്കുന്നു. വരികള്‍ക്കിടയിലെ വായനയും, ദൃശ്യങ്ങള്‍ക്കിടയിലെ ചിന്തയും ലൂസിഫറിനെ ഒരു തീപ്പെട്ടി കഥയില്‍നിന്ന് മലയാളം കണ്ട എക്കാലത്തെയും മികച്ച പൊളിറ്റിക്കല്‍ ത്രില്ലറിലേക്ക് നയിക്കുന്നു.
വരികള്‍ക്കിടയില്‍ മുരളിഗോപി ഒളിപ്പിച്ച് വെച്ച ഇന്ത്യന്‍ രാഷ്ട്രീയം പ്രേക്ഷകര്‍ക്ക് വലിയ ചിന്തയില്ലാതെതന്നെ മനസ്സിലാകും. രാഹുലും പ്രിയങ്കയും റോബര്‍ട്ട് വാദ്രയുമൊക്കെ പ്രേക്ഷക മനസ്സുകളിലൂടെ കടന്നുപോകും. നൂറ് ശതമാനം രാഷ്ട്രീയ കഥപറയാതെ ഒരു സൂപ്പര്‍ ഹീറോയുടെ ചിത്രമാക്കുകയാണ് തിരക്കഥ. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സൂപ്പര്‍ ഹീറോയിസത്തിലൂടെയാണ് ചിത്രം പൂര്‍ണമായും പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ എന്ന മഹാനടന്റെ താരപരിവേഷത്തെ പൂര്‍ണ്ണമായി ചൂഷണം ചെയ്തുതന്നെയാണ് സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. അതില്‍ അവര്‍ പൂര്‍ണമായി വിജയിക്കുകയും ചെയ്തിട്ടുണ്ട്.
കഥാന്ത്യത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി ഹുറേഷി എബ്രഹാം എന്ന് പരിചയപ്പെടുത്തുമ്പോള്‍ ചിത്രത്തിന്റെ രാഷ്ട്രീയം ശക്തമാവുന്നു. മയക്കുമരുന്ന് മാഫിയയ്ക്കുവേണ്ടി ബോബി രംഗത്തിറങ്ങുമ്പോള്‍, അതിലും ശക്തമായ മറ്റൊരു മാഫിയയ്ക്കായാണ് സ്റ്റീഫന്‍ രംഗത്തിറങ്ങിയതെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. കേരളം മുതല്‍ ലോകത്തിലെ എല്ലാ രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്ന ഒരു ശക്തി ലോകത്തുണ്ടെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. കൊടിയുടെ നിറമേതായാലും തീരുമാനങ്ങള്‍ ഇവരുടേതാകുമെന്ന് ലൂസിഫര്‍ പറയാതെ പറയുന്നു.
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കാറിന്റെ നമ്പര്‍ ‘666’ ആയത് കടുത്ത ക്രൈസ്തവ വിശ്വസികളേയും, സ്റ്റീഫന്‍ നെടുമ്പള്ളി ഐപിഎസ് ഓഫീസറെ ചവിട്ടുന്നത് ഇടതു പോലീസിനേയും ഇതിനകം അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രതിഷേധം ചിത്രത്തെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയാണ്.
പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമെങ്കിലും മറ്റ് മുന്‍നിര സംവിധായകരെപ്പോലും ഞെട്ടിക്കുന്ന മികവാണ് ചിത്രത്തിന്റേത്. ചടുലമായ തിരക്കഥയെ അതിലും ചടുലമായി ദൃശ്യവത്കരിച്ചിരിക്കുന്നു സംവിധായകന്. സുജിത് വാസുദേവിന്റെ ക്യാമറയും പ്രശംസ പിടിച്ചുപറ്റുന്നു.
എട്ട് ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രം മലയാള സിനിമയില്‍ ചരിത്രമായി മാറുകയാണ്. എതിരാളികളുടെ ലൂസിഫര്‍ ആരാധകരുടെ അഭിമാനമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: