നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബു പോളിന്റെ അന്ത്യാഭിലാഷം. അത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വിശാല കാഴ്ചപ്പാടും ദേശത്തെക്കുറിച്ച് വ്യക്തമായ നിലപാടുമുള്ള വ്യക്തി പ്രധാനമന്ത്രിയാകേണ്ടത് അനിവാര്യമാണ്. സമീപകാല അവസ്ഥ വച്ചു നോക്കുമ്പോള്‍ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുന്നതാണ് രാജ്യത്തിന് നല്ലതെന്നായിരുന്നു ബാബു പോളിന്റെ നിലപാട്.
അദ്ദേഹം പാലക്കാട് ജില്ലാ കളക്ടര്‍ ആയിരുന്നപ്പോഴാണ് എനിക്ക് അറിയാനും അടുത്തിടപഴകാനും അവസരമുണ്ടായത്. ഞങ്ങള്‍ അന്നുമുതല്‍ വളരെ നല്ല ബന്ധം പുലര്‍ത്തിവരികയായിരുന്നു. ദീന്‍ദയാല്‍ജിയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി അഭിഭാഷക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബാബു പോള്‍ ഞെട്ടി. അദ്ദേഹം എന്നെ ഉപദേശിച്ചത് ഈ ത്യാഗത്തിന് മുതിരരുത് എന്നായിരുന്നു. ധര്‍മത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം വളര്‍ന്നുവരണമെന്ന എന്റെ നിലപാടിനോട് പിന്നീടദ്ദേഹം യോജിക്കുകയും ചെയ്തു.
അഗാധ പണ്ഡിതന്, സാഹിത്യ സാംസ്കാരിക ആധ്യാത്മിക പ്രതിഭ എന്നീ നിലകളില്‍ അദ്ദേഹം കേരളത്തിനു നല്കിയ സംഭാവനകള്‍ അതുല്യമാണ്. ദേശസ്നേഹത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് നിലനില്ക്കേണ്ടതെന്ന നിലപാടില്‍ ബാബു പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല.
2004ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം എന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയാറായി. ഡി. ബാബു പോളിന്റെ അകാലത്തിലുള്ള നിര്യാണം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: