ആലപ്പുഴ: കോണ്‍വന്റ് സ്ക്വയറില്‍ പള്ളിക്കല്‍ തയ്യില്‍ ജെ. ഫ്രാന്‍സിസ്- 1996ലെ നിയമസഭാ തെരഞ്ഞടുപ്പ് വരെ ആലപ്പുഴ കോണ്‍ഗ്രസിന് വെറും നേര്ച്ചക്കോഴിയായിരുന്നു. പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്നും നിയോഗം ഫ്രാന്‍സിസിനായിരുന്നു. അധികാര മോഹങ്ങള്‍ക്ക് പിറകെ പോകാത്ത പ്രവര്‍ത്തകനായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റായി വളരെക്കാലം പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് വക്കീലിന് എന്നും അവഗണന മാത്രമായിരുന്നു ലഭിച്ചത്.
എന്നാല്‍ 1996ല്‍ കമ്മ്യുണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് വിപ്ലവനായകന് വി.എസ്. അച്യുതാനന്ദനെ അട്ടിമറിച്ചതോടെ രാഷ്ട്രീയ ഭൂമികയില്‍ ആര്‍ക്കും മായ്ക്കാനാകാത്ത ഒരിടം പി.ജെ. ഫ്രാന്‍സിസ് അടയാളപ്പെടുത്തി. കോണ്‍ഗ്രസിന് ഉജ്ജ്വലവിജയം സമ്മാനിച്ചെങ്കിലും അദ്ദേഹം വീണ്ടും അവഗണിക്കപ്പെടുകയായിരുന്നു. പ്രായം എണ്‍പത്തിരണ്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെത്തേടി ആരും എത്താറില്ല. കോണ്‍ഗ്രസ്സിന്റെ സാധാരണ പ്രവര്‍ത്തകര്‍ മാത്രമാണ് വല്ലപ്പോഴും വക്കീലിനെ കാണാന്‍ എത്താറുള്ളത്.
രാഷ്ട്രസേവനമെന്നത് മാറി പണത്തിന് പ്രാധാന്യം വന്നതോടെ കോണ്‍ഗ്രസിന്റെ കഷ്ടകാലവും തുടങ്ങിയതായി ഫ്രാന്‍സിസ് പറഞ്ഞു. ആത്മാര്‍ഥതയുള്ള നേതാക്കളുടെ കുറവാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രമാണ് പ്രധാനം. പ്രവര്‍ത്തകരും ജനങ്ങളും അവര്‍ക്ക് പ്രശ്നമല്ലാതായി മാറി. ജനങ്ങളില്‍ നിന്ന് അകലാന്‍ കാരണമിതാണ്.
എ.കെ. ആന്റണി വീട്ടില്‍ നേരിട്ടെത്തിയാണ് ഫാന്‍സിസ് മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. കടുത്ത മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്നായിരുന്നു ആന്റണി പറഞ്ഞത്. അങ്ങനെയാണ് താന്‍ മാരാരിക്കുളത്ത് മത്സരത്തിനിറങ്ങിയത്. ജയിക്കില്ലെന്ന് പാര്‍ട്ടിക്കും തനിക്കും ഉറപ്പുണ്ടായിരുന്നു. ആ വിശ്വാസത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്റെ പ്രവര്‍ത്തന മികവിനേക്കാള്‍ വിഎസിനോട് അണികള്‍ക്കുള്ള അമര്‍ഷമാണ് വിജയത്തിന് കാരണമായത്. അങ്ങനെ ജയന്റ് കില്ലര്‍ എന്ന് പത്രങ്ങള്‍ വാഴ്ത്തി.
കോണ്‍ഗ്രസ്സിന് വേരില്ലാത്ത ചുവപ്പ് കോട്ടയില്‍ തങ്ങളുടെ നേതാക്കളായ ദേവകികൃഷ്ണനും ജോസഫ് മാത്തനും പരാജയപ്പെട്ടിടത്താണ് താന്‍ വിജയിച്ചത്. 1965 വോട്ടിനാണ് വിഎസിനെ പരാജയപ്പെടുത്തിയത്. വിഎസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന് നല്‍കിയത്. വിഎസിന്റെ ധിക്കാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നു മാരാരിക്കുളം തോല്‍വി. 1987-ല്‍ അരൂരില്‍ ഗൗരിയമ്മയോട് മത്സരിച്ച് ഫ്രാന്‍സിസ് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: