1919 ഏപ്രില്‍ 13. ലോകമനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന ദിവസം.
ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. 1919 ഏപ്രില്‍ ആറിന് അഖിലേന്ത്യാ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രതിഷേധത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്താന്‍ ഭരണകൂടം നിശ്ചയിച്ചു.
പഞ്ചാബില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. ജനനേതാക്കളായ ഡോ. സത്യപാല്‍, ഡോ. സെയ്ഫുദ്ദീന്‍ കിച്ച്‌ലൂ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരുവരേയും വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് അമൃത്‌സറിലെ ജാലിയന്‍ വാലാബാഗില്‍ ഒരു വന്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പതിനായിരത്തോളം പേര്‍ ആ യോഗത്തില്‍ പങ്കെടുത്തു.
അന്നു ജാലിയന്‍ വാലാബാഗ് ഒരു തുറസ്സായ മൈതാനമായിരുന്നു. ചുറ്റും വീടുകള്‍കൊണ്ട് മതില്‍ കെട്ടിയ ഒരു സ്ഥലം. ഒരൊറ്റ പ്രവേശന മാര്‍ഗമേ അവിടേയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ തീര്‍ത്തും ഇടുങ്ങിയതും. ഒരു ആപത്ത് സംഭവിച്ചാല്‍ ഓടി രക്ഷപ്പെടാന്‍ സാധ്യമല്ലാത്ത ഒരു ഇടമായിരുന്നു ജാലിയന്‍ വാലാബാഗ്.
ആരാച്ചാരുടെ വരവ്
റെജിനാള്‍ഡ് ഡയര്‍
യോഗം നടന്നുകൊണ്ടിരിക്കെ ബ്രിഗേഡിയര്‍ റെജിനാള്‍ഡ് ഡയര്‍ മൈതാനത്തേക്ക് പ്രവേശിച്ചു. 25 വീതം സായുധഭടന്മാരെ തന്റെ ഇരുവശത്തുമായി നിര്‍ത്തിക്കൊണ്ട് നിരായുധരായ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ അയാള്‍ കല്‍പിച്ചു. കെണിയില്‍പ്പെട്ട എലികളെപ്പോലെ ജനങ്ങള്‍ കരുണയ്‌ക്കുവേണ്ടി യാചിച്ചു. കുട്ടികളും സ്ത്രീകളും വൃദ്ധരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ജാലിയന്‍ വാലാബാഗ് ഒരു കത്തുന്ന അഗ്നികുണ്ഠമായി മാറി.
പത്ത് മിനിറ്റുകള്‍ക്കുശേഷം- അതായത് വെടിയുണ്ടകള്‍ തീരുംവരെ- വെടിവയ്പ് തുടര്‍ന്നു. രണ്ടായിരം പേരെ ആ വെടിയുണ്ടകള്‍ കൊല്ലുകയോ പരിക്കേല്‍പിക്കുകയോ ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ തികച്ചും കൊള്ളാവുന്ന ഒരു കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ ഡയര്‍ തന്റെ ഭടന്മാരുമായി പുറത്തേക്കു പോയി.
വെടിവയ്പ് നടത്തിയ സ്ഥലത്തേക്ക് അധികാരികള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ഡയറാകട്ടെ അമൃത്‌സറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ആരും പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ വെടി ഉറപ്പ്. നഗരത്തിലെ വെളിച്ചവും കുടിവെള്ള വിതരണവും നിര്‍ത്തിവച്ചു. മരിച്ചവരുടേയും പരിക്കേറ്റവരുടെയും ഉറ്റവര്‍ക്ക് പുറത്തിറങ്ങാനും കഴിഞ്ഞില്ല. മൈതാനത്ത് കഴുകന്മാരും ശവംതീനികളും മേഞ്ഞുനടന്നു.
രാജ്യം നടുങ്ങി!
കൂട്ടക്കൊല രാജ്യത്തെ നടുക്കി. ബൂവര്‍ യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കയില്‍ വച്ച് ബ്രിട്ടീഷുകാര്‍ സമ്മാനിച്ച കൈസര്‍-ഇ-ഹിന്ദ് പദവി ഗാന്ധിജി ഉപേക്ഷിച്ചു. ‘ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പൊന്നാടകളും സ്ഥാനമാനങ്ങളും വച്ചുകൊണ്ടിരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മനുഷ്യനും സാധ്യമല്ല’ രവീന്ദ്രനാഥ ടഗോര്‍ വൈസ്രോയിക്ക് കത്തെഴുതി. ‘ആകയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സദയം എനിക്ക് അനുവദിച്ചുതന്ന സര്‍ സ്ഥാനം ഞാനിതാ ഉപേക്ഷിച്ചിരിക്കുന്നു’. ‘വൈസ്രോയിയുടെ എക്‌സിക്യൂട്ട് സമിതി അംഗമായ സര്‍ സി. ശങ്കരന്‍ നായര്‍ തന്റെ അംഗത്വം രാജിവച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.’
കൂട്ടക്കൊലയെ ഒരു പൈശാചിക നടപടിയായാണ് സര്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും വീക്ഷിച്ചത്. അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ജൊവാന്‍ ഓഫ് ആര്‍ക്കിനെ ചുട്ടുകരിച്ച ആ പ്രാകൃത കാലത്തിനുശേഷം ഇംഗ്ലീഷ് ചരിത്രത്തില്‍ ഇത്രയും മലിനമായ ഒരു കളങ്കം പറ്റിയിട്ടില്ല’.
കണക്കുതീര്‍ത്തത് ഉദ്ധം
ഉദ്ധം സിങ്
കൂട്ടക്കൊല നേരിട്ടു കണ്ട യുവാവായിരുന്നു ഉദ്ധം സിങ്. വെടിവയ്പില്‍ ഉദ്ധം ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല ഉദ്ധമിന് ജയിലില്‍ കഴിയേണ്ടതായും വന്നു. പുറത്തിറങ്ങിയ ശേഷമാകട്ടെ ചാര പോലീസുകാര്‍ പിന്തുടര്‍ന്നു.
കണക്കുതീര്‍ക്കാന്‍ ഉദ്ധം നിശ്ചയിച്ചു. ദുരന്തത്തിലെ വില്ലന്മാരെല്ലാം ഇതിനകം സുരക്ഷിതരായി ഇംഗ്ലണ്ടില്‍ എത്തിയിരുന്നു. കഠിനപരിശ്രമത്താല്‍ പണമുണ്ടാക്കിയ ഉദ്ധം ഒരു തോക്ക് സംഘടിപ്പിച്ച് ഇംഗ്ലണ്ടിലെത്തി.
21 വര്‍ഷമായി നെഞ്ചിലെരിയുന്ന പ്രതികാരത്തിന്റെ കനലുമായി കഴിഞ്ഞ ഉദ്ധം സിങ്ങിന് ഒടുവില്‍ അവസരം വീണുകിട്ടി. 1940 മാര്‍ച്ച് 13. ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കെ മുന്‍ പഞ്ചാബ് ഗവര്‍ണര്‍ സര്‍ മൈക്കേല്‍ ഒ.ഡയര്‍ വെടിയേറ്റു മരിച്ചു. ഉദ്ധമാണ് വെടിയുതിര്‍ത്തത്.
വിചാരണയ്‌ക്കിടെ കോടതിയില്‍ ഉദ്ധം ഇങ്ങനെ പറഞ്ഞു: ”അയാള്‍ (ഡയര്‍) അത് അര്‍ഹിച്ചിരുന്നു. അയാളാണ് ശരിയായ കുറ്റക്കാരന്‍. അയാള്‍ എന്റെ രാജ്യത്തെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചു. ഞാനാണ് അത് ചെയ്തത്. എന്റെ മാതൃരാജ്യത്തിനുവേണ്ടിയുള്ള പരിശ്രമത്തില്‍, മരണശിക്ഷയില്‍ കവിഞ്ഞ എന്തു ബഹുമതിയാണ് എനിക്കു കിട്ടേണ്ടത്?”.
1940 ജൂലൈ 31ന് ലണ്ടനിലെ പെന്റോണ്‍വില്ലി ജയിലില്‍ വച്ച് ഉദ്ധം സിങ്ങിനെ തൂക്കിലേറ്റി.
ഡയര്‍മാര്‍ രണ്ട്
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയത് ജലന്ധര്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ ജനറല്‍ ഡയറാണ്. ശരിപ്പേര് റെജിനാള്‍ഡ് എഡ്വേഡ് ഹാരി ഡയര്‍. ജലന്ധറില്‍നിന്നുമെത്തി അമൃത്‌സറിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു അയാള്‍.
അന്നു പഞ്ചാബിലെ ലഫ്റ്റനന്റ് ഗവര്‍ണറും മറ്റൊരു ഡയറായിരുന്നു- മൈക്കേല്‍ ഒ.ഡയര്‍. കൂട്ടക്കൊലയ്‌ക്ക് ഉത്തരവ് നല്‍കിയ ഈ ഡയറിനെയാണ് ഉദ്ധം സിങ് പില്‍ക്കാലത്ത് വകവരുത്തിയത്.
ജാലിയന്‍ വാലാബാഗ് സ്മാരകം
1951ലാണ് ജാലിയന്‍ വാലാബാഗ് സ്മാരകം നിര്‍മ്മിച്ചത്. ഒരു തീനാളത്തിന്റെ ആകൃതിയാണ് ഇതിന്. ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച സ്മാരകം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദാണ് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. വെടിയുണ്ടകള്‍ തുളച്ചുകയറിയ ചുറ്റുമതിലും കെട്ടിടങ്ങളും രക്ഷപ്പെട്ടവര്‍ അഭയം തേടിയ കിണറുകളുമെല്ലാം സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ തെളിയിച്ചിരിക്കുന്ന ദീപമാണ് അമര്‍ജ്യോതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: