തിരുവനന്തപുരം: രാജ്യസഭാംഗം എന്ന നിലയില്‍ മികവു തെളിയിച്ചതിന്റെ കരുത്തിലാണ് സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പോരാട്ടത്തിനിറങ്ങുന്നത്. ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ സുരേഷ് ഗോപി ദത്തെടുത്ത കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന്. നാലു കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പാക്കിയത്. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 21 വാര്‍ഡുകളാണുള്ളത്. സുരേഷ് ഗോപി എംപി ദത്തെടുത്തതിലൂടെ കല്ലിയൂരിന്റെ മുഖച്ഛായതന്നെ മാറിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.ജയലക്ഷ്മി പറയുന്നു.
2018 ഫെബ്രുവരിയില്‍ കല്ലിയൂരില്‍ നടന്ന വാഴമഹോത്സവം ദേശീയ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി എംപിയുടെ ശ്രമഫലമായിട്ടാണ് വാഴമഹോത്സവം നടത്താന്‍ സാധിച്ചതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കൃഷിക്കാര്‍ക്ക് സൗജന്യമായി വാഴ തൈകള്‍ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു. നബാര്‍ഡിന്റെ കീഴില്‍ ആറിലധികം ഫാര്‍മേഴ്സ് ക്ലബ്ബുകളും പഞ്ചായത്തില്‍ ആരംഭിച്ചു.
ശാന്തിവിള മാര്‍ക്കറ്റിന് 75 ലക്ഷം
ശാന്തിവിളയിലെയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ശാന്തിവിള മാര്‍ക്കറ്റ്. നാട്ടുകാരുടെ ആവശ്യം ജനപ്രതിനിധികള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ശാന്തിവിള മാര്‍ക്കറ്റ് നവീകരണത്തിനായി 75 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്‍ക്യുബേഷന്‍ സെന്റര്‍, ട്രയിനിംഗ് സെന്റര്‍ തുടങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള മാര്‍ക്കറ്റ് നവീകരണം അവസാനഘട്ടത്തിലാണ്.
കിരീടം പാലത്തിനും അനുബന്ധ ജോലികള്‍ക്കും ഒരു കോടി 60 ലക്ഷം
വെള്ളായണിയിലെ കിരീടം പാലം നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യം എംപി തന്നെ മുന്‍കൈ എടുത്ത് സാധിച്ചിരിക്കുകയാണ്. കിരീടം പാലം മുതല്‍ പുഞ്ചക്കരിക്ക് സമീപത്തെ കന്നുകാലിചാല്‍ വരെയുള്ള റോഡുപണിയ്ക്കും ഭിത്തി നിര്‍മാണത്തിനുമായി ഒരു കോടി അറുപത്തൊന്ന് ലക്ഷമാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്. പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആറ് മാസത്തിനകം റോഡുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഓരോ വാര്‍ഡിനും പത്തു ലക്ഷം
ഇരുപത്തൊന്നു വാര്‍ഡുകളുള്ള കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓരോ വാര്‍ഡിനും റോഡുപണിയ്ക്കും പാലംപണിക്കുമായി പത്തു ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്. പഞ്ചായത്തിന് കീഴില്‍ 921 എല്‍ഇഡി ലൈറ്റുകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി അന്‍പത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കേളേശ്വരം ക്ഷേത്രത്തിന് മുന്നിലും പാലപ്പൂര് മഹാലക്ഷ്മി ക്ഷേത്രത്തിന് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ എംപി സ്ഥാപിച്ചു.
റോഡു പണിക്ക് ഒരു കോടി 31 ലക്ഷം
റോഡുവികസനത്തിനായുള്ള പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന വഴി ഒരുകോടി 31 ലക്ഷം രൂപയാണ് കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനായി അനുവദിച്ചത്. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും പാലപ്പൂര് റോഡിനാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം ഈ റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ നഗരപ്രദേശങ്ങളിലേയ്ക്ക് വരുന്നവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ വരെ ലാഭിക്കാം. ബിജെപി എംപി ദത്തെടുത്ത ഗ്രാമമായതിനാല്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും വികസനങ്ങള്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയും വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: