Categories: Vicharam

‘വയനാട്ടില്‍ വരുമോ പച്ചക്കുളം വാസു’

Published by

വയനാട് മണ്ഡലത്തില്‍ ഒടുവില്‍ പച്ചക്കുളം വാസുവിനെ ഇറക്കേണ്ട ഗതികേടിലാവുമോ കോണ്‍ഗ്രസ് എന്നതാണ് കേരളം ഇപ്പോള്‍ ഒരുപോലെ ചോദിക്കുന്നത്. ജോഷി ചതിച്ചാശാനേ എന്ന് കോട്ടയം കുഞ്ഞച്ചന്‍ നിലവിളിച്ചതുപോലെ ഒരു മുറവിളിക്ക് സ്‌കോപ്പ് കാണുന്നുണ്ട്. 

അമേത്തിയിലെന്നല്ല രാജ്യത്തെവിടെയും ക്ലച്ച് പിടിക്കാനിടയില്ലാത്ത ഒരിനമായി മാറിയിട്ടുണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്. അമ്മയ്‌ക്ക് ആവതില്ലാതായപ്പോള്‍ അടുക്കളസേവക്കാരെല്ലാം കൂടി കെളത്തി വലുതാക്കി പ്രസിഡന്റ് കുപ്പായം എടുത്തിട്ട് കൊടുത്തതാണ്. നാല് ലക്ഷത്തിലേറെ വോട്ടിന് മുന്‍ഗാമികള്‍ ജയിച്ചുകയറിയ മണ്ഡലത്തില്‍ കെട്ടിയിറക്കി പാര്‍ലമെന്റിലും ഇരിപ്പിടം തരമാക്കി. അവിടിരുന്ന് കണ്ണിറുക്കലും കെട്ടിപ്പിടുത്തവും നാട്ടിലിറങ്ങിയാല്‍ പിച്ചക്കാരന്‍ മുതല്‍ മണ്ണ് പണിക്കാരന്‍ വരെയുള്ളവരുടെ വേഷമിട്ട് പൊറാട്ട് നാടകവും. ജനങ്ങള്‍ക്ക് മടുക്കാതിരിക്കുമോ… 

പോയതവണ അമേത്തിയില്‍ നിന്ന് കടന്നുകൂടിയത് കഷ്ടിച്ചാണ്. യുപിയില്‍ വേറൊരിടം മത്സരിക്കാന്‍ നല്‍കില്ലെന്ന് മായാവതിയും അഖിലേഷും കട്ടായം പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ആന്തല്‍. ദക്ഷിണേന്ത്യയിലാണെങ്കില്‍ വലിയ പ്രയാസമില്ലാതെ ജയിച്ചുകയറാമെന്ന് ആരോ ഉപദേശിച്ചു. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ കാണാനില്ല. കര്‍ണാടകത്തില്‍ മോദിപ്രഭാവം തിരയടിക്കുന്നു. തമിഴ്‌നാട്ടില്‍ എഐഡിഎംകെയും ഡിഎംകെയും തൊട്ട് കാക്കത്തൊള്ളായിരം പാര്‍ട്ടികളുള്ളതില്‍ ആള്‍ബലം കൊണ്ട് അവസാനമാണ് കോണ്‍ഗ്രസ്… 

പിന്നെ എവിടെയാണ് സുരക്ഷിതമണ്ഡലമെന്ന് പരതുന്നതിനിടയിലാണ് പുതുപ്പള്ളി കുഞ്ഞൂഞ്ഞ് കോട്ടയം കുഞ്ഞച്ചന്‍ കളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയത്. അങ്ങനെയാണല്ലോ ‘മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും’ എന്ന വിഖ്യാതമായ ആ മൊഴിമുത്ത് ഉണ്ടാകുന്നത്. വയനാട്ടില്‍ രാഹുലെന്ന് കേട്ടപാടെ യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളായ സിപിഎമ്മിനും സിപിഐക്കും വരെ വട്ടായി. ഒരേമുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ മത്സരിക്കണോ എന്നായിരുന്നു പിണറായിയുടെ ആകുലത. കന്യാകുമാരിയും കോയമ്പത്തൂരിലും മാഹിയിലുമൊക്കെ കെട്ടിപ്പിടിച്ച് നിന്നിട്ട്, ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് സോമയാജലു സീതാറാം യെച്ചൂരി പ്രിയസുഹൃത്ത് സോണിയ ഗാന്ധിയോട് ചോദിച്ചെന്നാണ് കേള്‍ക്കുന്നത്. 

അതിനേക്കാള്‍ പ്രശ്‌നം കോണ്‍ഗ്രസിലായിരുന്നു. രാഹുല്‍ വരുമെന്ന് ആദ്യം പറഞ്ഞത് ആരെന്നതിലായിരുന്നു മത്സരം. ഉമ്മന്‍ചാണ്ടി അറിയും മുമ്പേ താന്‍ അറിഞ്ഞതാണെന്ന് ചെന്നിത്തല. ആറ് മാസം മുമ്പേ ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മുല്ലപ്പള്ളി. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോഴേ രാഹുല്‍ജി തന്റെ ചെവിയില്‍ പറഞ്ഞിരുന്നതാണെന്ന് സുധീരന്‍. പിണക്കം മാറ്റാന്‍ തനിക്ക് നല്‍കിയ ഓഫറുകളിലൊന്നാണിതെന്ന് കെ.വി. തോമസ്… 

വഴിയാധാരമായത് പാവം സിദ്ദിഖാണ്. രാജ്യത്താകെ അരക്ഷിതനായ കോണ്‍ഗ്രസ് പ്രസിഡന്റിന് വീഥിയൊരുക്കാന്‍ വഴി മാറിക്കൊടുത്ത പാര്‍ട്ടിയിലെ മുണ്ടയ്‌ക്കല്‍ ശേഖരനായാണ് ഇപ്പോള്‍ സിദ്ദിഖിനെ സുഹൃത്തുക്കള്‍ പരിഹസിക്കുന്നത്. വരുമോ വരില്ലയോ എന്നറിഞ്ഞിട്ട് വേണം നില്‍ക്കണോ പോണോ എന്ന് സിദ്ദിഖിന് തീരുമാനിക്കാന്‍. ഒടുവില്‍ കേള്‍ക്കുന്നത് സിദ്ദിഖിനിട്ട് ആരോ വെച്ച വലിയ പാരകളിലൊന്നാണ് രാഹുല്‍ജിയുടെ വരവെന്നാണ്.

എന്തായാലും കുഞ്ഞൂഞ്ഞ് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്  മൊഴിമാറ്റിയിരിക്കുന്നു. മുല്ലപ്പള്ളിയാണെങ്കില്‍ ജോഷി ചതിച്ചാശാനേ എന്ന സിനിമാറ്റിക് ഡയലോഗിലാണ് പിടിച്ചിരിക്കുന്നത്. അപ്പറഞ്ഞ ജോഷി ആരാണെന്നാണ് ഇപ്പോഴത്തെ അന്വേഷണം. ചെങ്കൊടിയില്‍ കൈപ്പത്തി ചേര്‍ത്തുപിടിച്ച നേതാക്കന്മാരൊക്കെ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. അവയിലബിള്‍ പോളിറ്റ് ബ്യൂറോയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള ലയനാസക്തി പരിഗണിക്കുമ്പോള്‍ യെച്ചൂരിക്കും വയനാട്ടില്‍ സുരക്ഷിതമണ്ഡലമാണെന്ന് തോന്നലുണ്ടാവാനിടയുണ്ട്. കരുതിയിരിക്കേണ്ടത് പിണറായിയും മുല്ലപ്പള്ളിയുമാണെന്ന് സാരം. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by