കണക്കുകൾ ആണ് രാഹുൽ ഗാന്ധിയെ അമേത്തി വിട്ട് സുരക്ഷിത മണ്ഡലം തേടാൻ പ്രേരിപ്പിക്കുന്നത്. ചില നിസ്സാര കണക്കുകൾ.
രാഹുൽ ഗാന്ധിക്ക് ഈ കണക്കിൽ വലിയ പിടിപ്പ് ഇല്ലെങ്കിലും ശമ്പളം കൊടുത്തു അത് ചെയ്യാൻ വച്ചിരിക്കുന്നവർക്ക് അത് ചെയ്‌തല്ലേ പറ്റൂ. അപ്പോൾ സുരക്ഷിത മണ്ഡലം എന്ന നിലക്ക് മറ്റെവിടെ എങ്കിലും കൂടി രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്റെ കാരണവും അത് തന്നെ. കണക്കുകളോടുള്ള പേടി ഒരുപക്ഷെ കാടും ആനയും പുലിയും ഒക്കെ ഉള്ള നമ്മുടെ വയനാടും ആവാം രാഹുലിന്റെ ആ സുരക്ഷിത താവളം.
അമേത്തി ലോക്‌സഭാ മണ്ഡലം നിലവിൽ വന്നത് 1967 ആണ്. അതിനു ശേഷം 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ വന്നു. അതിൽ 13 തവണയും അമേത്തി കോൺഗ്രസിന്റെ ഒപ്പം നിന്നു. രണ്ടേ രണ്ടു തവണ അമേത്തി കോൺഗ്രസിനെ കൈവിട്ടതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. ഒന്ന് ഇന്ദിര ഗാന്ധിയുടെ ജനാധിപത്യ ധ്വംസനം – അടിയന്തരാവസ്ഥക്ക് ശേഷം ഉള്ള 1977 ലെ തെരഞ്ഞെടുപ്പും പിന്നെ രാജീവ് ഗാന്ധിയുടെ മരണശേഷം നെഹ്‌റു കുടുംബം അമേത്തിയെ ദീർഘനാളായി കൈവിട്ട ശേഷം ഉള്ള 1998 ലും. നെഹ്‌റു കുടുംബത്തിലെ നാല് തലമുറ അമേത്തിയിൽ നിന്നും ഇന്ത്യൻ പാർലമെന്റിൽ എത്തിയിട്ടുണ്ട് എങ്കിലും അമേത്തി മാറ്റമില്ലാതെ പട്ടിണിയും ദാരിദ്ര്യവും ആയി ഇന്നും വോട്ട് ചെയ്യാനായി എത്തുന്നു.
പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് 2014 ഓടെ ആണ്. അതിനു മുന്നേ 2009 ലെ പാർലമെന്റ് തെരഞ്ഞടുപ്പിൽ ബിജെപി അമേത്തിയിൽ നേടിയത് 37000 വോട്ടാണ് എന്നറിയണം. എന്നാൽ തോൽവി ഉറപ്പിച്ചു കൊണ്ട് തന്നെ കോൺഗ്രസ് ഹോം ഗ്രൗണ്ടായ അമേത്തിയിലേക്ക് ബിജെപി നിയോഗിച്ചത് ബിജെപിയുടെ ഗർജ്ജിക്കുന്ന പെൺപുലി ആയ സ്‌മൃതി ഇറാനിയെ ആണ്. അന്ന് മോദി ആവശ്യപ്പെട്ടത് നിരാകരിച്ചു കൊണ്ട് സ്‌മൃതിക്ക് വേണമെങ്കിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം തെരെഞ്ഞെടുത്തു മത്സരിക്കാമായിരുന്നു.
എന്നാൽ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് പ്രസിഡന്റിന് എതിരെ കടുത്ത മത്സരം കാഴ്ച വച്ച് കൊണ്ട് 3 ലക്ഷത്തിൽ അധികം വോട്ടുകൾ നേടി സ്‌മൃതി ഇറാനി യുവരാജാവിനെ ഞെട്ടിച്ചു. കഥ അവിടെ കഴിഞ്ഞില്ല, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ നെഹ്‌റു കുടുംബം പതിവ് പോലെ അമേത്തിയിൽ നിന്ന് പൊടിയും തട്ടി സ്ഥലം വിട്ടു. ജയിച്ച സ്ഥാനാർഥി പോലും മണ്ഡലത്തിൽ എത്താറില്ല . എങ്കിലും സ്‌മൃതി ഇറാനി കഴിഞ്ഞ 5 വര്‍ഷം കൃത്യമായി അമേത്തിയിൽ ഉടനീളം യാത്ര ചെയ്തു കൊണ്ടേ ഇരുന്നു.
ജനങ്ങളുടെ പ്രശ്ങ്ങൾ മനസ്സിലാക്കി അവരുടെ ദീദി ആയി, മണ്ഡലത്തിൽ തന്നെ സമയം ചിലവഴിച്ചു. വികസനം തൊട്ടു തീണ്ടാത്ത അമേത്തിയിൽ സ്‌മൃതി ഇറാനി മോദിയുടെ കൈപിടിച്ച് വികസന പദ്ധതികൾ ഒന്നൊന്നായി കൊണ്ട് വന്നു. എന്റെ പെങ്ങൾ ആണ് നിങ്ങളുടെ അടുത്തേക്ക് ഓരോ തവണയും എന്നെ കൊണ്ട് വരുന്നത് എന്ന് മോദി ആവർത്തിച്ച് അമേത്തിയിലെ ജനങ്ങളോട് പറഞ്ഞു. അമേത്തി സദ്ഭരണം എന്തെന്ന് അറിഞ്ഞു, വികസനം എന്തെന്ന് അറിഞ്ഞു. നെഹ്‌റു കുടുംബത്തിൽ നിന്നല്ല സ്‌മൃതി ഇറാനി എന്ന ബിജെപി മന്ത്രിയിൽ നിന്ന്, അമേത്തിയുടെ ദീദിയിൽ നിന്ന്.
2017 ലെ UP തെരെഞ്ഞെടുപ്പ് : 2016 ലെ നോട്ട് നിരോധനം കഴിഞ്ഞു വന്ന പ്രധാനപ്പെട്ട തെരെഞ്ഞെടുപ്പ് ആണല്ലോ ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പ്. മോദിയുടെ തോൽവി ഉറപ്പെന്ന് ഏവരും പ്രവചിച്ച നിലയിൽ നിന്ന് റെക്കോർഡ് തകർത്ത് ബിജെപിക്ക് വോട്ട് നൽകി ജനങ്ങൾ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ തെരെഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിലെ കണക്കാണ് രാഹുലിനെ ഇന്ന് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
അമേത്തി പാർലമെന്റ് മണ്ഡലം എന്നത് 5 നിയമസഭാ മണ്ഡലങ്ങൾ കൂടിയത് ആണ്, തിലോയ് , സലോ, ജഗദിഷ്പൂർ, ഗൗരിഗഞ്ജ് , അമേത്തി. 2017 ലെ ഉത്തർപ്രേദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ;തിലോ മണ്ഡലത്തിൽ നിന്നും ബിജെപിയുടെ മായങ്കേശ്വർ സിംഗിനെ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്തു പോലും എത്തിയില്ല.
സലോ മണ്ഡലത്തിൽ ആവട്ടെ ബിജെപിയുടെ ദാൽ ബഹദൂറിനെ ആണ് ജനം കോൺഗ്രസിനെ പരാജയപ്പെടുത്തി വിജയിപ്പിച്ചത്. ജഗദീശപൂരിൽ ബിജെപിയുടെ സുരേഷ് കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ഗൗരിഗഞ്ചിൽ സമാജ്‌വാദി പാർട്ടി നേതാവ് രാകേഷ് പ്രതാപ് സിംഗ് വിജയിച്ചു. അവിടെയും കോൺഗ്രസിനെ ജനം തഴഞ്ഞു. ഇനി അമേത്തി നിയമസഭാ സീറ്റിൽ ബിജെപിയുടെ ഗരിമ സിംഗിനെ അമേത്തിയിലെ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചപ്പോൾ അവിടെയും കോൺഗ്രസ് മൂന്നാം സ്ഥാനത്തു ആണ്.ചുരുക്കി പറഞ്ഞാൽ അമേത്തി എന്ന പാർലമെന്റ് മണ്ഡലം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കോൺഗ്രസിനെ അങ്ങ് പൂർണ്ണമായും ഉപേക്ഷിച്ചു കളഞ്ഞു.
അമേത്തിയിലെ 5 നിയമസഭാ സീറ്റിൽ ഒന്നിൽ പോലും കോൺഗ്രസ് വിജയിച്ചില്ല. 2014 ൽ ആദ്യമായി അമേത്തിയിൽ വന്ന സ്‌മൃതി രാഹുലിനെ സ്വന്തം തട്ടകത്തിൽ വിറപ്പിച്ചു വിട്ടു എങ്കിൽ ഇന്ന് അമേത്തിക്കാർക്ക് സ്‌മൃതി അവരുടെ ദീദി ആണ്, സഹോദരി ആണ്, കൂട്ടുകാരി ആണ്.
2014 ൽ ആദ്യമായി അമേത്തിയിൽ വന്ന സ്‌മൃതി ഇറാനി രാഹുലിനെ ഞെട്ടിച്ചു കൊണ്ട് 37000 ത്തിൽ നിന്ന് 3 ലക്ഷം വോട്ട് പിടിച്ചു അവിടെ നിന്ന് പോവുകയല്ലായിരുന്നു, അവിടുത്തെ ജനത്തിന്റെ കൂടെ തന്നെ ഉണ്ടെന്ന തെളിവ് ആണ് 2017 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കണ്ടത്. 2014 ലെ 3 ലക്ഷം വോട്ടല്ല , 2014 മുതൽ ഇങ്ങോട്ട് അമേത്തിക്കാർ ചെയ്ത വോട്ടിന്റെ കണക്കാണ് രാഹുലിനെ അമേത്തി വിട്ടു സുരക്ഷിത സ്ഥാനം തേടി പോകാൻ പ്രേരിപ്പിക്കുന്നത്.
ഇതിൽ നിന്നും മനസ്സിലാക്കാൻ ഉള്ള ഒരു രസകരമായ വസ്തുത എന്തെന്നാൽ, 13/ 15 തവണ കോൺഗ്രസിനെ വിജയിപ്പിച്ച, നെഹ്‌റു കുടുംബത്തിലെ നാല് തലമുറയെ വിജയിപ്പിച്ച അമേത്തിയിലെ ജനങ്ങൾ എന്താണ് യഥാർത്ഥ വികസനം, എന്നറിഞ്ഞ പാടെ നിലപാട് മാറ്റാൻ തയ്യാറായി എങ്കിൽ ബിജെപി എന്ന പാർട്ടിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് സത്യത്തിൽ ബിജെപി ഇത് വരെ മനസിലാക്കിയിട്ടില്ല എന്ന് പറയേണ്ടി വരും.
ലൂട്ടൻസ് മാധ്യമ ലോകം മോദിയെ കടിച്ചു കീറിയത് പോലെ ആക്രമിച്ച മറ്റൊരു നേതാവ് ആണ് സ്‌മൃതി ഇറാനി. ദി എലൈറ്റ് ഇന്ത്യൻ ഫസ്റ്റ് ഫാമിലി ആയി മാധ്യമ തമ്പ്രാന്മാർ വാഴിച്ചു വച്ച നെഹ്‌റു കുടുംബ പാരമ്പര്യത്തെ വെല്ലുവിളിക്കാൻ മാത്രം ഒരു പീറ സീരിയൽ നടിക്ക് ഇത്ര ധിക്കാരമോ എന്ന മട്ടിൽ ആണ് അമേത്തിക്ക് ശേഷം മാധ്യമ ലോകം സ്‌മൃതിയെ വളഞ്ഞിട്ട് ആക്രമിച്ചത്. അതിൽ പതറാതെ തളരാതെ അമേത്തിയിലെ ജനങ്ങളുടെ കൂടെ സ്‌മൃതി നടന്നതിന്റെ അംഗീകാരം ആണ് രാഹുലിന്റെ ഇപ്പോഴത്തെ ” ദി ഗ്രേറ്റ് അമേത്തി എസ്കേപ്പ് ആക്റ്റ്”. സ്‌മൃതി ഇറാനി, നിങ്ങൾ ഇതാ അമേത്തിയിൽ മത്സരിക്കാതെ തന്നെ ജയിച്ചു കഴിഞ്ഞു. നെഹ്‌റു കുടുംബത്തിലെ യുവരാജാവിനെ അമേത്തിയുടെ ലേറ്റസ്റ്റ് ചിത്രം തന്നെയാണ് അന്തഃപുരത്തെ കണക്കപ്പിള്ളമാർ കാണിച്ചിട്ടുള്ളത് എന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: