കുമ്മനം രാജശേഖരനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ട കേന്ദ്രമാവും തിരുവനന്തപുരം. ഇടതു വലതു മുന്നണികളെ മാറിമാറി പരീക്ഷിച്ച തലസ്ഥാനമണ്ഡലം ഇത്തവണ മാറിച്ചിന്തിക്കുമെന്നുറപ്പായിക്കഴിഞ്ഞു.
1957 മുതല്‍ 2014 വരെ 16 തെരഞ്ഞെടുപ്പുകള്‍, കോണ്‍ഗ്രസിന് ഒന്‍പതു വിജയം, സിപിഐക്ക് നാല് വിജയം. ഒരു തവണ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും രണ്ട് തവണ സ്വന്തന്ത്രന്മാരേയും വിജയിപ്പിച്ചു.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ബിജെപിക്ക് ക്രമാതീതമായി വളര്‍ച്ചയുണ്ടാക്കിയ മണ്ഡലമാണിത്. 1989ല്‍ 7.47 ശതമാനമായിരുന്ന വോട്ട് 2014ല്‍ ബിജെപിക്ക് സമ്മാനിച്ചത് 32.32 ശതമാനം.
തുടക്കം പട്ടത്തിന്റെ തോല്‍വിയില്‍
1957ല്‍ പട്ടം താണുപിള്ളയെ പരാജയപ്പെടുത്തി ഈശ്വര അയ്യര്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആദ്യമായി തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലെത്തിയത്. 62ലും സ്വതന്ത്രനാണ് വിജയിച്ചത്. 67ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ പി. വിശ്വംഭരനായിരുന്നു വിജയം. 71ല്‍ വി.കെ. കൃഷ്ണമേനോന് മണ്ഡലത്തിന്റെ പ്രതിനിധിയായപ്പോള്‍ 1977ല്‍ സിപിഐയുടെ എം.എന്‍. ഗോവിന്ദന് നായര്‍ 69,822 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നീലലോഹിതദാസന്‍ നാടാര്‍ 1,07,057 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം.എന്‍. ഗോവിന്ദന് നായരെ പരാജയപ്പെടുത്തി.
84ലെ തെരഞ്ഞെടുപ്പില്‍ നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ. ചാള്‍സ് വിജയിച്ചു.
89ലും 91ലും എ. ചാള്‍സ് തന്നെയായിരുന്നു പ്രതിനിധി. 96ല്‍ സിപിഐയുടെ കെ.വി. സുരേന്ദ്രനാഥ് മണ്ഡലം തിരിച്ചുപിടിച്ചു. 1998-ല്‍ കെ. കരുണാകരനിലൂടെയും 1999-ല്‍ വി.എസ്. ശിവകുമാറിലൂടെയും മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 2004ല്‍ സിപിഐയുടെ പി.കെ. വാസുദേവന്‍ നായര്‍ വിജയിച്ചു. 2005ല്‍ പി.കെ.വിയുടെ മരണത്തിനു ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിെഎയുടെ പന്ന്യന്‍ രവീന്ദ്രന് വിജയിച്ചു.
ബിജെപിയുടെ മുന്നേറ്റം
2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 99,998 വോട്ടില്‍ വിജയിച്ചപ്പോള്‍ 2014ല്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിക്കാനായത്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ജയിച്ചേക്കുമെന്നു വന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ഒ. രാജഗോപാല്‍ മുന്നിലെത്തി. നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മണ്ഡലങ്ങളിലെ നേരിയ ലീഡാണ് തരൂരിനെ വിജയത്തിലേക്ക് എത്തിച്ചത്.
ജില്ലയില്‍ ഹിന്ദു വോട്ടര്‍മാരാണ് കൂടുതല്‍. 66.4%. ക്രിസ്ത്യാനികള്‍ 19.10%, മുസ്ലീങ്ങള്‍ 13.72%.
2014ലെ വോട്ടുനില
ശശിതരൂര്‍ (കോണ്‍ഗ്രസ്) 2,97,806
ഒ. രാജഗോപാല്‍ (ബിജെപി) 2,82,336
ബെന്നറ്റ് എബ്രഹാം (സിപിെഎ) 2,48,941
പ്രതികരിക്കാൻ ഇവിടെ എഴുതുക: