ന്യൂദല്‍ഹി/ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആയുധമാക്കാന്‍ കൊണ്ടുവന്ന് പരാജയപ്പെട്ട വ്യാജ രേഖകള്‍ ഉയര്‍ത്തി വീണ്ടും കോണ്‍ഗ്രസ്. കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ കാരവാന് മാസിക പ്രസിദ്ധീകരിച്ച രേഖകള്‍ 2017ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്.
മുഖ്യമന്ത്രിയാവാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി ദേശീയ നേതാക്കള്‍ക്ക് 1,800 കോടി രൂപ കോഴ കൊടുത്തെന്നാണ് ആരോപണം. അദ്വാനിക്ക് 50 കോടി, ഗഡ്കരിക്ക് 150 കോടി, രാജ്നാഥ് സിങ്ങിന് 150 കോടി എന്നിങ്ങനെ താന്‍ പണം നല്‍കിയെന്ന് യെദ്യൂരപ്പ എഴുതിയെന്നാണ് രേഖ. 2008ല്‍ കര്‍ണാടക മുഖ്യമന്ത്രിയായ യെദ്യൂരപ്പ 2009ല്‍ കേന്ദ്രനേതൃത്വത്തിന് മുഖ്യമന്ത്രിയാക്കാന്‍ പണം നല്‍കിയെന്ന വിചിത്ര കണ്ടെത്തലും പുറത്തുവന്ന രേഖയിലുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പത്രസമ്മേളനം നടത്തിയാണ് പഴയ വ്യാജരേഖ പുറത്തുവിട്ടത്.
2017 ഫെബ്രുവരി 25ന് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് എച്ച്.എം. രേവണ്ണ അന്ന് യെദ്യൂരപ്പയുടെ ഡയറി കൈവശമുണ്ടെന്നും ഇതില്‍ കേന്ദ്രനേതൃത്വത്തിന് കോടികള്‍ നല്‍കിയതിന്റെ രേഖകള്‍ ഉണ്ടെന്നും ആരോപിച്ചിരുന്നു.
ഡയറിയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് ചില പേജുകള്‍ അന്നും മാധ്യമങ്ങള്‍ക്ക് നല്കി. തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡയറി വ്യാജമാണെന്ന് കണ്ടെത്തി. 2017ല്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് യെദ്യൂരപ്പയുടെ ഡയറിയുടെ ഭാഗങ്ങളെന്ന പേരില്‍ ചില പേജുകള്‍ ലഭിച്ചത്. യെദ്യൂരപ്പയുടെ വീട്ടില്‍ നിന്ന് മോഷണം പോയ ഡയറിയുടെ പേജുകള്‍ കൈവശമുണ്ടെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡയറിയിലെ കൈപ്പടയും ഒപ്പും വ്യാജമാണെന്ന് കണ്ടെത്തി.
ഇതേ പേജുകള്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതാണിപ്പോള്‍ കാരവാന് മാസിക പ്രസിദ്ധീകരിച്ചത്. 2008 മെയ് 30നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. കാരവാന് പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പില്‍ 2009 ജനുവരിയിലെ പേജിലാണ് പണം നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവിനും മാസികയ്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: