തട്ടാര്‍കോണത്ത് ചെന്നാല്‍ വണ്ടിക്കുതിരകളുടെ യഥാര്‍ത്ഥ രൂപം കാണാം. ചണച്ചാക്കില്‍ പൊതിഞ്ഞ്, തലയില്ലാതെ, വൈക്കോലും മറ്റും കുത്തിനിറച്ച് ഒരു കോലം. ഉത്സവകാലമാകുമ്പോള്‍ ഇതങ്ങ് മോടിയാകും. പലനിറമുള്ള പ്ലാസ്റ്റിക്ക് മാലകള്‍, ഉടുത്തുകെട്ടുകള്‍, നെറ്റിപ്പട്ടങ്ങള്‍…. കെട്ടുത്സവത്തിന് പിന്നെ കമ്പോളമുറപ്പിച്ച് നില്പാണ് എണ്ണം പറഞ്ഞ വണ്ടിക്കുതിരകള്‍. ഏതാണ്ട് ഇതുപോലെയാണ് നമ്മുടെ ചില മാധ്യമങ്ങള്‍ നേതാക്കള്‍ക്ക് തൊങ്ങലുപിടിപ്പിക്കുന്നത്. മികച്ച ചായം പൂശുകാര്‍ക്കുള്ള അവാര്‍ഡ് തരപ്പെടുത്തിയെടുക്കാന്‍ അവര്‍ക്കിടയില്‍ ഒരു മത്സരം നടക്കുന്നുണ്ടെന്ന് തോന്നിക്കുന്നതാണ് സോണിയയുടെ മക്കളെക്കുറിച്ചുള്ള അവരുടെ വാഴ്ത്തുപാട്ടുകള്‍.
വയസ്സ് അമ്പതായ ഒരു മധ്യവയസ്കന് തന്റെ മക്കളാകാന്‍ പ്രായമുള്ള പെണ്‍കുട്ടികളെക്കൊണ്ട് ‘ഹായ് രാഹുല്‍’ എന്നു വിളിപ്പിക്കുക, അതുകേട്ട് സ്വയം കുളിരുകോരുക, ഒരുളുപ്പുമില്ലാതെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇതുപോലെ ചെയ്യാനാവുമോ എന്ന് വെല്ലുവിളിക്കുക…. ഇതൊക്കെ രാജ്യം ഭരിക്കാനുള്ള യോഗ്യതയാണെന്ന് ചെല്ലും ചെലവും പിന്നെ അടുക്കളയില്‍നിന്ന് വലിച്ചെറിയുന്ന എല്ലിന് കഷ്ണവും കൊടുത്ത് കൊഴുപ്പിച്ചെടുത്ത ചില പത്ര, ചാനല്‍ പാണന്മാരെക്കൊണ്ട് പാടിക്കുക…… ലോകത്തിലെ കരുത്തുറ്റ ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണം കയ്യാളുന്നതിന് വേണ്ടി നടക്കുന്ന ജനകീയ ജനാധിപത്യ മത്സരത്തിന്റെ ഭാഗമായാണ് ഈ പൊറാട്ടുകളികളെന്ന് ഓര്‍ക്കണം.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലും പെങ്ങള് പ്രിയങ്കയും അമ്മ സോണിയയും അളിയന് വാദ്രയും ചേര്‍ന്ന് നയിക്കുന്ന മുന്നണി സംവിധാനത്തെയാണല്ലോ മലയാളത്തിലെ ചില എന്തിനും മുന്തിയ മാധ്യമങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. കോമഡിഷോയും കണ്ണിറുക്കലും ഫാന്‍സിഡ്രസുമല്ലാതെ സ്വന്തമായി മറ്റൊന്നും ചെയ്യാന്‍ അറിയില്ലാത്ത ജനുസിലാണ് സോണിയയുടെ മകന്റെ പോക്ക്. ഊരുചുറ്റലും വിഡ്ഢിത്തം വിളമ്പലും മതിയാക്കി വന്നാല്‍ പൊന്നുമോന് രാജ്യത്തിന്റെ ഭരണം നല്‍കിയേക്കാമെന്ന് നെഹ്റുവിയന്‍ കാലത്തെ കുടുംബാധിപത്യത്തിന്റെ ഹാങ് ഓവറിലാണ് ആയമ്മ വല്ലാതെ മോഹിച്ചത്. അടിച്ചാലും പിടിച്ചാലും നന്നാവില്ലെന്ന് വന്നാലെങ്ങനെയാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ എന്താണ് വേണ്ടതെന്ന് രാഹുലിനോട് ചോദിച്ചാല്‍ മറുപടി ജീന്‍സും ടീഷര്‍ട്ടുമിടണം, കണ്ണിറുക്കാന്‍ പഠിക്കണം, പിന്നെ മൂവായിരം പെണ്‍കുട്ടികളുടെ നടുക്ക് വന്ന് തന്നേ നില്ക്കാന് കഴിയണം. ചെന്നെയിലെ കോളേജ് കാമ്പസില്‍ വന്നുപെട്ട ഒരു പൂവാലനെ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് ആ മിടുക്കിക്കുട്ടികള് രാഹുലിനെ കൈകാര്യം ചെയ്തതെന്ന് മാത്രം നമ്മുടെ പത്രങ്ങള്‍ പറയില്ല. സര് എന്ന് വിളിച്ച് അല്പം മാന്യത നല്‍കിയേക്കാമെന്ന് വിചാരിച്ച അതേ പെണ്‍കുട്ടിയുടെ ‘ഹായ് രാഹുല്‍’ വിളിയില്‍ ഇയാള്‍ ഇത്രയേ അര്‍ഹിക്കുന്നുള്ളൂ എന്ന ധ്വനിയുണ്ടായിരുന്നു. അഴിമതിക്കെതിരെയൊക്കെ എന്തെങ്കിലും പറഞ്ഞില്ലെങ്കിലെങ്ങനാ എന്ന് കരുതി വായ തുറക്കുമ്പോഴേക്കാണ് പെണ്‍കുട്ടികളുടെ ഇടയില്‍നിന്ന് ‘അളിയന് വാദ്രയ്ക്ക് സുഖമാണോ’ എന്ന ചോദ്യം മുഴങ്ങുന്നത്. എന്നിട്ടും മൂവായിരം പെണ്‍കുട്ടികളുടെ കൂട്ടച്ചിരിയിലും ചൂളാതെ നിന്നതാണ് രാഹുലിന്റെ നട്ടെല്ല്. ആ ചിരിയെയാണ് മനോരമയും മാതൃഭൂമിയുമൊക്കെ രാഹുലിനോടുള്ള ആരാധനയെന്ന് വാഴ്ത്തിയത്.
എല്ലാം കഴിഞ്ഞ് പോരുമ്പോള്‍ പാര്‍ട്ടിയുടെ എവര്‍ഗ്രീന്‍ യൂത്ത് ഐക്കണിന്റെ മുഖത്ത് എന്തോ നേടിയെന്ന ഭാവമായിരുന്നുവത്രെ. എവിടെ പരിപാടി അവതരിപ്പിച്ചാലും നിനക്ക് ഇതുതന്നെയല്ലേ വിധിയെന്ന് പറയണമെന്ന് വിചാരിച്ചവരെപ്പോലും രാഹുലിന്റെ ഈ ഭാവം അമ്പരപ്പിച്ചുകളഞ്ഞു. ഇത് അഭിനയമാണോ അതോ ശരിക്കും ഇങ്ങനാണോ എന്നൊക്കെ സംശയിക്കാന്‍ പാകത്തിനാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ശരീരഭാഷ. ഇതാദ്യമല്ല രാഹുലന് പെണ്പിള്ളേരുടെ കോളേജില്‍ പോകുന്നതും സംവാദത്തില്‍ ഏര്‍പ്പെടുന്നതും. എന്‍എസ് യുവില്‍ ആളെ ചേര്‍ക്കാനെന്ന മട്ടില്‍ ഗുജറാത്തിലെ ഒരു വിമന്‍സ് കോളജില്‍ മുമ്പ് പോയ കഥ മാധ്യമപ്രവര്‍ത്തകനായ എം.ജെ. അക്ബര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിവ് സല്ലാപങ്ങളിലൂടെ വെളുക്കെച്ചിരിച്ച യൂത്ത് ഐക്കണിനോട് അതിലൊരു പെണ്‍കുട്ടി പറഞ്ഞുവത്രെ, നിങ്ങളെന്തൊക്കെ പറഞ്ഞാലും ഇന്ത്യന്‍ കറന്‍സിയില്‍ മുഖം അച്ചടിച്ചുവരാന്‍ പോകുന്ന രണ്ടാമത്തെ ഗുജറാത്തി നരേന്ദ്രമോദിയായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഇതുകേട്ട് പകച്ചുപോയി പോലും രാഹുലിന്റെ ബാല്യം. അടുത്തുനിന്ന നേതാവിനോട് സോണിയാപയ്യന്‍ ചോദിച്ചുവത്രെ, അപ്പോള്‍ ആദ്യത്തെ ഗുജറാത്തി ആരാണ് എന്ന്.
ഇതാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മൊത്തം കമ്പോളനിലവാരം. ഇതൊന്നും അറിയാഞ്ഞിട്ടാവില്ല കേരളത്തിലെ ചില മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുത്സവത്തിലേക്ക് അദ്ദേഹത്തെ കെട്ടിയൊരുക്കുന്നത്. ‘മഹാത്യാഗി’യായ സോണിയയെക്കുറിച്ച് ഏറെ പാടിയവരാണ് ഇവര്‍ എന്നതുകൊണ്ട് ഈ സാഹസമൊക്കെ പ്രതീക്ഷിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മോഹിക്കുകയും എംപിമാരുടെ പെരുക്കപ്പട്ടികയും കൊണ്ട് രാഷ്ട്രപതിഭവന്റെ വരാന്തയില്‍ കറങ്ങിനടക്കുകയും സംഗതി നടക്കില്ലെന്ന് അറിയുകയും ചെയ്തപ്പോള്‍ ആ മുന്തിരി പുളിക്കും എന്ന് പറഞ്ഞതിനെയാണല്ലോ അന്ന് മഹാത്യാഗമെന്ന് ഇവര്‍ ഉദ്ഘോഷിച്ചത്. പിന്നെ പത്ത് കൊല്ലം പിന്‍സീറ്റ് ഡ്രൈവിങ് നടത്തി ഒരു പ്രധാനമന്ത്രിയെ യന്ത്രപ്പാവയാക്കി നാടിന്റെ ഭരണകൂടമാകെ അഴിമതിക്കൂടാരമാക്കി തീര്‍ത്തതിനും കൂടിച്ചേര്‍ത്താണ് ത്യാഗിയുടെ പട്ടമെന്ന് ഓര്‍ക്കണം.
സാധാരണ എംപിയായിരിക്കെ ഭരണത്തലവന്റെ ഭാവത്തില്‍ നടക്കുകയും ദേശീയ സുരക്ഷാകൗണ്‍സിലിന്റെയടക്കം നിര്‍ണായക ചുമതലകള്‍ കൈപ്പിടിയിലാക്കുകയൂം ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷയാവുകയും ചെയ്യുന്ന അധികാരത്തിന്റെ കലാവിദ്യയുടെ അടുത്ത അധ്യായമായിട്ടാണ് രാഹുലന്റെ വരവ്. താന്‍ജി ആയില്ലെങ്കില്‍ പിന്നെ മോന്‍ജി ആകട്ടെ എന്ന ആ ന്യായത്തിനും കൂലിയെഴുത്തുകാര്‍ നല്കിയ പേര് ത്യാഗം എന്നായിരുന്നു. മഹാത്യാഗി പിന്നിലിരുന്ന് ഭരണം നയിച്ചപ്പോള്‍ ത്തന്നെ രാജ്യത്തിന്റെ കോടികള്‍ അവരുടെ കുടുംബത്തിന് ‘കോമണ്‍ വെല്‍ത്താ’യി. ടുജിയായും കല്‍ക്കരിയായും ഹെലികോപ്ടറായുമൊക്കെ ഒഴുകിപ്പോയതത്രയും ഇപ്പറഞ്ഞ ത്യാഗിയുടെ കൂടാരത്തിലേക്കായിരുന്നു.
താനും മോന്‍ജിയും മോള്‍ജിയും മാത്രമല്ല മരുമകന്‍ജിയും അടിച്ചുമാറ്റാന്‍ കളം നിറഞ്ഞ കാലത്തിനത്രയും പിന്നെ പിടിവീണു. മോദിയുടെ ഭരണത്തില്‍ സാമ്പത്തികശുദ്ധീകരണം തീവ്രവേഗതയില്‍ നടന്നു. ഇടപാടുകള്‍ സുതാര്യമായപ്പോള്‍ പലര്‍ക്കും നൊന്തു. നാടുകടന്ന കൊള്ളക്കാരെ അവിടെപ്പോയി പിടികൂടി രാജ്യത്തിന്റെ ഖജനാവിലേക്ക് കണ്ടുകെട്ടുന്നതിന് നടപടികളായി. അടുക്കള കാബിനറ്റ് അഴികള്‍ക്കുള്ളില്‍ കഴിയുന്ന കാലത്തിന് ഇനി അധികദൂരമില്ല എന്നതാണ് അവസ്ഥ. ത്യാഗിയും കുടുംബവും അയ്യായിരം കോടിയുടെ അഴിമതിയിലടക്കം ജാമ്യത്തിലിറങ്ങി നാടുനീളെ പ്രസംഗിക്കുന്നതാണ് സുഹൃത്തുക്കളേ നമ്മള് ഇപ്പോള്‍ കാണുന്നത്.
മോന്‍ജിയുടെ മണ്ടത്തരങ്ങള്‍ കൊണ്ട് പാര്‍ട്ടിതന്നെ ഇല്ലാണ്ടായപ്പോഴത്തെ ബുദ്ധിയിലാണ് മോള്‍ജിയെ ത്യാഗിയായ സോണിയ പാര്‍ട്ടിയുടെ സെക്രട്ടറിയാക്കിയത്. അധിക യോഗ്യത അമ്മൂമ്മയുടെ മുഖച്ഛായ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭരിക്കാന്‍ ഒരു പാര്‍ട്ടി കാണുന്ന മാനദണ്ഡങ്ങളാണിതൊക്കെ. മിസ്റ്റര്‍ മരുമകന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം വളര്‍ത്തിയെടുത്ത് ഇന്ത്യാമഹാരാജ്യത്തെ മൊത്തത്തില്‍ കച്ചവടമാക്കാനാവുമോ എന്ന ഗവേഷണത്തിലാണ് സോണിയയും കുടുംബവും. അതിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നൊക്കെ ഈ പത്രക്കാര് പറയുന്നത്.
പാരമ്പര്യമുള്ള പാര്‍ട്ടിനേതാക്കന്മാരെയൊക്കെ പടിക്ക് പുറത്താക്കി സോണിയ ഉണ്ടാക്കിയെടുത്ത അടുക്കളപ്പണിക്കാരുടെ സംഘമാണത്. സഹികെട്ട് പുറത്തുപോകുന്നവരൊക്കെ വേലക്കാരാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇപ്പോഴത്തെ പണി അവിടെ എന്തായിരിക്കുമെന്ന് ആലോചിച്ചാല്‍ത്തന്നെ സംഗതിതിരിയും. അഴിമതിയും പെണ്ണുപിടിത്തവും കലാപരിപാടിയാക്കിയ വേന്ദ്രന്മാരാണ് മോന്‍ജിയുടെ പിന്നിലിരുന്ന് കയ്യടിച്ച് ആ പാവത്തിനെ വല്ലാതെ കെളത്തുന്നത്. അത്തരക്കാരുടെ സേവയില്‍ ആകെ മുങ്ങിപ്പോയ രാഹുലന് തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കണ്ടെത്തുന്ന ഈ കുളിരുകോരല് പരിപാടികള്‍ക്ക് മഹത്തായ സംവാദസമ്മേളനങ്ങള്‍ എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നവനെയൊക്കെ ഒരു തവണ സമ്മതിച്ചാലൊന്നും പോരായെന്ന് സാരം….. ഇനിയും ഇത്തരം മനോഹരമായ ആചാരങ്ങളും കണ്ണിറുക്കലുമായി വരില്ലേ ആടുകളെയും മേച്ച് ഇതു വഴിയെന്നല്ലാതെ ഇത്തരക്കാരോട് എന്ത് പറയാനാണ്….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: