ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പി എടുത്ത് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് കടത്തിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ രേഖകള്‍ ഇത്തരത്തില്‍ കടത്തിയത് മോഷണം തന്നെയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
റഫാല്‍ രേഖകള്‍ ചോര്‍ത്തിയത് ദേശ സുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ്. പൊതുമണ്ഡലത്തില്‍ എത്തിയ ഈ രഹസ്യരേഖകള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഇതിനകം ലഭിച്ചിരിക്കാമെന്ന് സംശയിക്കുന്നു. രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം ഫെബ്രുവരി 28 മുതല്‍ ആരംഭിച്ചെന്നും പ്രതിരോധസെക്രട്ടറി സഞ്ജയ് മിത്ര നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജിക്കാര്‍ കോടതിയില്‍ നല്കിയ രേഖകള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. യുദ്ധവിമാനത്തിന്റെ ആയുധശേഷി അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഇത്തരം രേഖകള്‍ ചോര്‍ന്നത് ദേശസുരക്ഷ അപകടത്തിലാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത്തരം രേഖകള്‍ എടുത്തതും പ്രസിദ്ധീകരിച്ചതും കുറ്റകരമാണ്. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമാണിത്. വിദേശരാജ്യവുമായുള്ള കരാറിന് വിരുദ്ധമായാണ് രേഖകള്‍ ഹര്‍ജിക്കാര്‍ ചോര്‍ത്തിയത്. പുറത്തുവന്ന രേഖകള്‍ ഉപയോഗിച്ച് അപൂര്‍ണമായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമം. ഇത്തരത്തില്‍ രേഖകള്‍ അപൂര്‍ണമായി പ്രചരിപ്പിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്, പ്രതിരോധ സെക്രട്ടറി ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്തെ ഇത്തരം രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അധികാരമില്ല. പുനഃപരിശോധനാ ഹര്‍ജിയില്‍ ഇത്തരം രേഖകള്‍ കോടതി പരിഗണിക്കാതെ പിന്‍വലിക്കണം. റഫാലുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും തള്ളണം, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
റഫാല്‍ കരാറിലെ സിഎജി റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ ലാഭകരമാണ് എന്‍ഡിഎ കരാറെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. റഫാല്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: