തൃശൂര്‍: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോഴും പരസ്പരം പഴിചാരി സിപിഎമ്മും സിപിഐയും. തുടര്‍ച്ചയായുള്ള ആത്മഹത്യകള്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും പ്രതിക്കൂട്ടിലാക്കുന്നു. കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വം ആര്‍ക്കെന്നതിനെച്ചൊല്ലി കൃഷി വകുപ്പും ധനകാര്യ വകുപ്പും ശീതസമരത്തിലാണ്.
ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാള്‍ കൂടിയ ആത്മഹത്യാ നിരക്കാണ് കേരളത്തിലേതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളാണ് കര്‍ഷക ആത്മഹത്യകളില്‍ മുന്നില്‍. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും കടബാധ്യതകള്‍ മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് കര്‍ഷകരുടെ വായ്പ തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ നാലുമാസത്തിനിടെ ആത്മഹത്യ ചെയ്ത ഏഴുകര്‍ഷകരും പ്രളയത്തെതുടര്‍ന്നുള്ള കടബാധ്യത മൂലമാണ് ജീവനൊടുക്കിയത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കപ്പുറം ധനകാര്യവകുപ്പ് ഇക്കാര്യത്തില്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ലെന്നും ബാങ്കുകളുമായി ചര്‍ച്ച നടത്തിയില്ലെന്നും സിപിഐ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ സംഭവങ്ങളുടെ ഉത്തരവാദിത്വം കൃഷി വകുപ്പിന്റെയും സിപിഐയുടേയും തലയിലിടാനാണ് ശ്രമം. അതേസമയം, കൃഷി വകുപ്പിന്റെ പരാജയമാണ് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ജപ്തി നടപടികള്‍ നിര്‍ത്തി വക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, ഇതിനര്‍ഹരായവര്‍ ആരൊക്കെയെന്ന് കൃഷിവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതായിരുന്നു. അതുണ്ടായില്ല.
കൃഷിക്കായി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് മടിയാണ്. അതുകൊണ്ട് പല കര്‍ഷകരും വീട് നിര്‍മാണം, പശു വളര്‍ത്തല്‍ തുടങ്ങിയ പേരുകളിലാണ് വായ്പ എടുത്തിട്ടുള്ളത്. കാര്‍ഷിക വായ്പ എന്ന പരിധിയില്‍ ആരെല്ലാം ഉള്‍പ്പെടുമെന്ന് വ്യക്തതയില്ല. കൃഷി നശിച്ചതു മൂലം കടക്കെണിയിലായ കര്‍ഷകരുടെ ലിസ്റ്റ് തയാറാക്കാനോ ബാങ്കുകള്‍ക്ക് നല്‍കാനോ തയാറായിട്ടില്ല. കൃഷി വകുപ്പില്‍ നിന്നോ ധനകാര്യ വകുപ്പില്‍ നിന്നോ കൃത്യമായ രേഖാമൂലമുള്ള നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഇതുവരെ നടപടികള്‍ നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനായിട്ടില്ല എന്നാണ് ബാങ്ക് പ്രതിനിധികള്‍ പറയുന്നത്.
തുടര്‍ച്ചയായുള്ള കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെതിരെ സിപിഎമ്മിലും സ്വന്തം പാര്‍ട്ടിയിലും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കര്‍ഷക ആത്മഹത്യകള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയെന്നും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്നും സിപിഐ നേതൃത്വവും സമ്മതിക്കുന്നു.
നിരുത്തരവാദപരമായ സമീപനമാണ് കൃഷിമന്ത്രി സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. സംസ്ഥാനത്തെ കര്‍ഷകര്‍ കടക്കെണിയിലാണെന്നും ആത്മഹത്യകള്‍ വര്‍ധിക്കുകയാണെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കെ.എം.മാണി നിയമസഭയില്‍ അടിയന്തര പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 14 ന് നിയമസഭയില്‍ മന്ത്രി സുനില്‍കുമാര്‍ നല്‍കിയ മറുപടി കേരളത്തില്‍ കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വളരെ മെച്ചമാണെന്നുമാണ്.
ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ആത്മഹത്യകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മാണിയുടെ പ്രമേയം. എന്നാല്‍ മന്ത്രി ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീടുണ്ടായ പ്രളയം സ്ഥിതി വഷളാക്കി. കര്‍ഷകരുടെ നില പരിതാപകരമാണെന്ന് തുറന്ന് സമ്മതിക്കാന്‍ മടിക്കുന്ന കൃഷിമന്ത്രിയാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്നാണ് സിപിഎം നിലപാട്.
മഹാരാഷ്‌ട്രയിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിലാണ് റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചത്. എന്നാല്‍ എഴുതിത്തള്ളുന്നത് പോയിട്ട് കേരളത്തില്‍ തിരിച്ചടവിന് ഒരു വര്‍ഷത്തെ സാവകാശം പോലും നടപ്പാക്കാന്‍ ഇടതു സര്‍ക്കാരിനായിട്ടില്ല. ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോഴും പരസ്പരമുള്ള പഴിചാരലിനപ്പുറം ഒന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: