ന്യൂദല്‍ഹി: പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ കൃത്യം പന്ത്രണ്ടാം ദിനം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണം. പന്ത്രണ്ട് യുദ്ധവിമാനങ്ങള്‍ 21 മിനിറ്റ് മാത്രം നീണ്ടുനിന്ന വ്യോമാക്രമണത്തിലൂടെ മുന്നൂറ്റമ്പതിലേറെ ഭീകരരെ കൊന്നൊടുക്കി. പാക് അധിനിവേശ കശ്മീരിനപ്പുറമുള്ള പാക് പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബലാകോട്ട്, മുസഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് വ്യോമസേന നിശ്ശേഷം തകര്‍ത്തത്. ആയിരം കിലോ ബോംബാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് മണ്ണില്‍ വര്‍ഷിച്ചത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് ശേഷം ഇതാദ്യമായി വ്യോമസേന അതിര്‍ത്തിക്കപ്പുറത്ത് നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രഹരശേഷി തെളിയിക്കുന്നതായി. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിന്റെ നാണക്കേടിലാണ് പാക്കിസ്ഥാന്‍. അന്താരാഷ്‌ട്ര സമൂഹവും ഒറ്റക്കെട്ടായി ഇന്ത്യക്ക് പിന്നില്‍ അണിനിരന്നു.
ഗ്വാളിയാറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്‌ക്ക് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഒന്‍പതാം സ്‌ക്വാഡ്രണില്‍പ്പെട്ട പന്ത്രണ്ട് മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് നിയന്ത്രണ രേഖ മറികടന്ന് പാക് മണ്ണില്‍ ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചെത്തിയത്. 325 ഭീകരരും 25-27 പരിശീലകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാസഹോദരന്‍ യൂസഫ് അസറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഖാണ്ഡഹാറിലേക്ക് വിമാനം റാഞ്ചിക്കൊണ്ട് പോയി മസൂദ് അസറിനെ രക്ഷിച്ച യൂസഫ് അസര്‍ അടക്കമുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാന്‍ഡര്‍മാരെല്ലാം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
നിയന്ത്രണ രേഖയില്‍ നിന്ന് 80 കിലോമീറ്റര്‍ അകത്താണ് ബലാകോട്ട് നഗരം. ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഭീകര ക്യാമ്പില്‍ എഴുനൂറോളം ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടായിരുന്നു. പുല്‍വാമയില്‍ ഫെബ്രുവരി 14ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടന്ന ചാവേറാക്രമണത്തിന് മറുപടി നല്‍കാന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയ മോദി സര്‍ക്കാരിന്റെ നടപടി അതിര്‍ത്തിക്കപ്പുറത്തേക്ക് ഭീകരവിരുദ്ധ പോരാട്ടം കൊണ്ടുപോകാന്‍ സൈന്യത്തിന് പ്രചോദനം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒരോ നിമിഷവും നടപടികള്‍ നിരീക്ഷിച്ചുകൊണ്ട് ദല്‍ഹിയിലെ ഓപ്പറേഷന്‍ കമാന്‍ഡില്‍ ഉണ്ടായിരുന്നു.
രാവിലെ 5.12ന് പാക് സൈനിക വക്താവാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണ വിവരം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. രാവിലെ 11.30ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പത്രസമ്മേളനത്തില്‍ മാത്രമാണ് ഇന്ത്യ വ്യോമാക്രമണത്തിന് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. അതിന് മുമ്പായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകകക്ഷി യോഗം കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മൂന്ന് മേഖലകളില്‍ വൈകുന്നേരത്തോടെ പാക് സൈന്യം കനത്ത വെടിവെപ്പാരംഭിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായാല്‍ നേരിടാന്‍ അതിര്‍ത്തിയിലുടനീളം വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു സൈനിക മേധാവികളുമായും ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: