കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശക്തമായ തെളിവുകളെ അന്വേഷണ സംഘം അവഗണിച്ചെന്ന് ആരോപണം. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു.
എന്നാല്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി. കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 17നു നടന്ന സംഘാടക സമിതി യോഗത്തില്‍ ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങള്‍ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നതായി പോലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തു നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോണ്‍ ആരുടേതെന്നു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകവിവരം അറിഞ്ഞു സ്ഥലത്തെത്തിയ ആരുടേയോ ഫോണ്‍ വീണു പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുന്‍പരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേര്‍ത്ത് ഒന്നാംപ്രതി പീതാംബരന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏഴാം പ്രതി ഗിജിന്റെ അച്ഛനും അഞ്ചാം പ്രതി അശ്വിന്റെ അമ്മയുടെ സഹോദരനുമായ പ്രദേശത്തെ ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാധരന്റെ പറമ്പിലെ പൊട്ടക്കിണറ്റിലാണു പ്രതികള്‍ വാളും ഇരുമ്പു ദണ്ഡുകളും ഉപേക്ഷിച്ചത്. സംഭവദിവസം രാത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണു ഗംഗാധരന് നാട്ടുകാരോടു പറഞ്ഞത്. എന്നാല്‍ കൊലപാതകം നടക്കാന്‍ പോകുന്ന സമയത്തിനു തൊട്ടുമുന്‍പ് അതുവഴി വന്ന തന്നെ ഗംഗാധരന് ഇടപെട്ടു യാത്ര വൈകിപ്പിച്ചതായി ശരത്ലാലിന്റെ പിതാവ് സത്യനാരായണന് ആരോപിച്ചിട്ടുണ്ട്.
ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചന വ്യക്തമാണെന്നാണ് സത്യനാരായണന് പറയുന്നത്. ഇതിനൊപ്പം ഉണ്ടായ അയ്യപ്പ ഭക്തജന സംഗമവുമായി അടിപിടിയും കൊലപാതകത്തിന് കാരണമായി ശരത്തിന്റെ അച്ഛന് ഉന്നയിക്കുന്നു. ശാസ്താ ഗംഗാധരനെ തൊടാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനാണ് നീക്കം.
അന്വേഷണം മറ്റ് തലങ്ങളിലേക്ക് നീളുന്നതോടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുള്‍പ്പെടെ ഉന്നതര്‍ കുടങ്ങുമെന്ന ഭയത്തിലാണ് നേതൃത്വമുള്ളത്. പ്രാദേശിക വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വരുത്തിത്തീര്‍ത്ത് കേസ് അവസാനിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് പോലീസും സിപിഎം നേതൃത്വവും ചേര്‍ന്ന് നടത്തുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: