ഓസ്ട്രേലിയയിലെ ആദിവാസികളുടെ മുഖത്തെ മെയ്ക്കപ്പിനെക്കുറിച്ച് പഠിക്കാനിറങ്ങിയ ഇംഗ്ലണ്ടുകാരിയായ ബാര്‍ബറ എന്ന പത്തൊമ്പതുകാരി അവസാനം എത്തിപ്പെട്ടത് കേരള കലാമണ്ഡലത്തിന്റെ മണ്ണില്‍. 1972-ല്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വഴിതെറ്റി ട്രെയിനിറങ്ങുമ്പോള്‍ ബാര്‍ബറയ്ക്കറിയില്ലായിരുന്നു താനിറങ്ങിയത് കലകളുടെ കേളീനിലയമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന ചെറുതുരുത്തിയിലാണെന്ന്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുന്നോടിയായി ലോകരാജ്യങ്ങള്‍ ചുറ്റിക്കാണാനിറങ്ങിയ ബാര്‍ബറ ഇംഗ്ലണ്ടില്‍ നിന്ന് കപ്പലില്‍ ആദ്യം ഫ്രാന്‍സിലും തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ജര്‍മ്മനി, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് വഴി ഇന്ത്യയിലും എത്തി. ഇവിടുത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലെത്തിയ ഇവര്‍ ബാഗ്ലൂരിലേക്കുള്ള യാത്രക്കിടയില്‍ ഒരു നിയോഗം പോലെ ഷൊര്‍ണ്ണൂരാണെന്നു വിചാരിച്ച് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
അവിടെ നിന്ന് കലാമണ്ഡലത്തെ കുറിച്ച് കേട്ടറിഞ്ഞ ഇവര്‍ അവിടം സന്ദര്‍ശിക്കുകയും, എഴുത്തുകാരിയും കലാമണ്ഡലം ജീവനക്കാരിയുമായ ഒളപ്പമണ്ണമനയിലെ സുമംഗലയെ പരിചയപ്പെടുകയുമായിരുന്നു. തന്റെ ഇംഗിതം വെളിപ്പെടുത്തിയ അവരോട്, ഇവിടെ അതിനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്ന് പറഞ്ഞെങ്കിലും ഓസ്ട്രേലിയയില്‍ പോകാനായിരുന്നു താല്പര്യം. പിന്നീട് വള്ളത്തോളിന്റെ മകളുടെ ഭര്‍ത്താവും, കലാമണ്ഡലം സെക്രട്ടറിയുമായിരുന്ന വി.ടി. ഇന്ദുചൂഡന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ കഥകളിക്കു ചുട്ടി കുത്തുന്ന കല അഭ്യസിക്കാന്‍ തീരുമാനിച്ചതത്രേ.
സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ബാര്‍ബറ രണ്ടു വര്‍ഷത്തിനു ശേഷം മടങ്ങിയെത്തി കലാമണ്ഡലം ഗോവിന്ദവാര്യരുടെ ശിഷ്യയായി പഠനം ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ ഗുരുവിന്റെ പ്രിയശിഷ്യയായി മാറി. ഒഴിവു ദിവസങ്ങളില്‍ പോലും പുറത്ത് പോകാതെ കാണുന്നവരെയൊക്കെ വിളിച്ചു കിടത്തി ചുട്ടികുത്തി പരിശീലനം നടത്തുമായിരുന്നത്രേ. ഇതുമൂലം തന്നെ കണ്ടാല്‍ ആരും അടുത്തു വരാതെ ഒഴിഞ്ഞുമാറി നടക്കുമായിരുന്നെന്ന് ചിരിച്ചുകൊണ്ട് അവര്‍ പറയുമ്പോള്‍ പഴയ പത്തൊമ്പതുകാരിയുടെ മുഖത്തുണ്ടാവുന്ന അതേ കുസൃതി അവരുടെ കണ്ണുകളില്‍ കാണാനുണ്ടായിരുന്നു.
കലാമണ്ഡലത്തില്‍ രണ്ടു വര്‍ഷത്തെ കോഴ്സിനു ചേര്‍ന്ന ബാര്‍ബറ നാലാം മാസത്തില്‍ തന്നെ അരങ്ങേറ്റവും നടത്തി. പഠനത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ഇവര്‍ ഇന്ത്യയില്‍ വരുമ്പോഴൊക്കെ തന്റെ ഗുരുനാഥനെ സന്ദര്‍ശിച്ചതിനു ശേഷമേ മടങ്ങാറുണ്ടായിരുന്നുള്ളു. അത്രമാത്രം ആത്മബന്ധമായിരുന്നു ഇവര്‍ തമ്മില്‍. ഒരിക്കല്‍ ഗുരുനാഥന്റെ പിറന്നാള്‍ സദ്യക്ക് എത്താന്‍ കഴിയാതിരുന്ന വിഷമം കണ്ട് ഇവര്‍ വരുന്ന ദിവസം അതേ സദ്യവട്ടങ്ങളൊരുക്കിയാണ് ഗുരു ശിഷ്യയോടുള്ള ഇഷ്ടം പങ്കുവെച്ചത്.
പിന്നീടൊരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഗുരുനാഥന് അസുഖം കൂടുതലാണെന്നറിഞ്ഞ് കാണാനെത്തിയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനും, അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ അടുത്തിരുന്ന് വെള്ളം കൊടുക്കാനുമുള്ള നിയോഗവും ഈ പ്രിയശിഷ്യയ്ക്കുണ്ടായി. അദ്ദേഹത്തിന്റെ മരണശേഷം എവിടെ പരിപാടിക്കു പോയാലും ഗുരുവിന്റെ ഫോട്ടോ അടുത്തു വെച്ചേ ഇവര്‍ ചുട്ടി കുത്തുകയുള്ളൂ.
വെള്ളിനേഴി നാണു നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സദനം ബാലകൃഷ്ണന് എന്നിവരെപ്പോലുള്ള പ്രശസ്തരായ പല ആളുകള്‍ക്കും ചുട്ടി കുത്തിയിട്ടുള്ള ബാര്‍ബറ, കഥകളിയെ വിദേശ രാജ്യങ്ങളില്‍ പ്രശസ്തിയിലെത്തിക്കാന്‍ പ്രയത്നിച്ചു. കഥകളിക്കായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സഞ്ചരിച്ചിട്ടുള്ള ഇവരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം മേജര്‍സെറ്റ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1988-ല്‍ കോട്ടയം മണിമല സ്വദേശി കലാമണ്ഡലം വിജയകുമാറിനെ വിവാഹം കഴിച്ചതോടെ ബാര്‍ബറ, ബാര്‍ബറ വിജയകുമാറായി. ഭര്‍ത്താവ് വിജയകുമാറിന് ചെറുതുരുത്തിയില്‍ നടനകലോദയം എന്ന കഥകളി ട്രൂപ്പുണ്ട്. ഒരു മകനുള്ളത് ഭാര്യയുമൊത്ത് ഇംഗ്ലണ്ടിലാണ് താമസം. എല്ലാവര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെത്തുന്ന ഇവര്‍ക്ക് ഇവിടേക്ക് വരുമ്പോള്‍ സ്വന്തം വീട്ടിലേക്കു വരുന്ന സന്തോഷമാണ്. യൂറോപ്പ് കഴിഞ്ഞാല്‍ പിന്നെ ഇത്രയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ പറ്റുന്ന രാജ്യം ഇന്ത്യയാണെന്നും ഇവര്‍ പറയുന്നു.
ഹൃദയസംബന്ധമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ് ബാര്‍ബറ. ഡോക്ടര്‍മാര്‍ യാത്ര വിലക്കിയിട്ടും കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലെത്തുകയും, കിള്ളിമംഗലത്തുളള പളുങ്ക് ശിവക്ഷേത്രത്തില്‍ കഥകളിക്കായി ചുട്ടി കുത്തുകയും ചെയ്തു. ജീവിതത്തില്‍ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും കഥകളിക്കായി മാറ്റി വെച്ച ഈ കലാകാരിയെ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ബഹുമതികള്‍ ഒന്നും തേടിയെത്തിയിട്ടില്ലെങ്കിലും തന്റെ മരണം വരെയും ചുട്ടി കുത്തണം എന്ന ആശ മാത്രമേ ഇപ്പോള്‍ അവരുടെ മനസ്സിലുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: