നാല്‍പ്പതു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഒരു ചെറുദ്വീപാണ് ഇന്തോനേഷ്യയിലെ ബാലി. അതിന്റെ ഇരട്ടി സഞ്ചാരികള്‍ പ്രതിവര്‍ഷം ഈ നാടുകാണാനെത്തുന്നു. പാശ്ചാത്യ രാജ്യങ്ങളിലെയും, ആസ്ട്രേലിയ, ജപ്പാന് തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലെയും സന്ദര്‍ശകരാണ് എത്തുന്നവരില്‍ കൂടുതലും. ഒരുകാലത്ത് കാര്‍ഷിക വിഭവങ്ങളെക്കൊണ്ട് കഷ്ടിച്ചു കഴിഞ്ഞുകൂടിയിരുന്ന ബാലിക്കാര്‍ ഇന്ന് വിദേശികളുടെ വരവും കാത്തുകഴിയുന്നു. മധുവിധു ആഘോഷിക്കാനും റിസോര്‍ട്ടുകളില്‍ വച്ച് വിവാഹം പൊടിപൊടിക്കാനുമായി ധനാഢ്യരായ ഇന്ത്യക്കാര്‍ ഇവിടെ എത്തുന്നുണ്ട്. പാക്കേജ് സഞ്ചാരം വര്‍ധിച്ചതോടെ അടുത്തകാലത്തായി ഭാരതീയ സഞ്ചാരീ സംഘങ്ങള്‍ക്ക് ബാലി, സിംഗപ്പൂര്‍, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളെപ്പോലെ ആകര്‍ഷക കേന്ദ്രമായി മാറിയ വസ്തുത നിഷേധിക്കുന്നില്ല.
ഒരു പ്രത്യേക കാലഘട്ടത്തിലെ ഭാരതത്തിന്റെ ഈടുവയ്പ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഈ ദ്വീപിനെ ഇവരില്‍ എത്ര പേര് മനസ്സിലാക്കി? ബാലിക്കാര്‍, സമ്പന്നരല്ലാത്തതുകൊണ്ടാകണം വളരെ ചെറിയ സംഘങ്ങളായി മാത്രമാണ് അവര്‍ ഭാരതത്തില്‍ വരുന്നത്. ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്നവരാണ് ഭൂരിപക്ഷവും. തിരികെ പോകുമ്പോള്‍ തങ്ങളുടെ ആവശ്യത്തിനും, ബന്ധുമിത്രാദികളുടെ കര്‍മ്മങ്ങള്‍ക്കുമായി കുപ്പികളില്‍ ഗംഗാതീര്‍ത്ഥം നിറച്ച് കൊണ്ടുപോകാന്‍ ബാലിക്കാര്‍ മറക്കാറില്ല. ഭാരതീയ സഞ്ചാരികളില്‍നിന്ന് ഒരു കുപ്പി ഗംഗാതീര്‍ത്ഥം കിട്ടിയാല്‍, സ്വര്‍ഗ്ഗരാജ്യം ലഭിച്ചപോലെ ബാലിക്കാര്‍ സന്തോഷിക്കും. നമ്മളോ? അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ‘ഡ്യൂട്ടി ഫ്രീ സ്കോച്ചാലയ’ ങ്ങളില്‍ നിന്ന് ‘വിദേശ തീര്‍ത്ഥം’ സഞ്ചിയില്‍ നിറച്ച് നാട്ടിലേക്ക് കടത്തുന്നു.
ബാലിയെ നാം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഈ ദ്വീപിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളെല്ലാം തന്നെ പാശ്ചാത്യരുടേതാണ്. നിരന്തരമായ നിരീക്ഷണത്തിലൂടെ അവര്‍ വിളയിപ്പിച്ചെടുത്ത നിഗമനങ്ങളോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അത്തരം പഠനങ്ങളുടെ പിറകിലെ കഠിനാദ്ധ്വാനത്തെ അവഗണിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ അപരാധമായിരിക്കും. ബാലിയെ ഭാരതീയ കാഴ്ചപ്പാടില്‍ പുനര്‍നിര്‍മിക്കാനുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങള്‍ എന്തുകൊണ്ട് നടന്നില്ല? അതിന് ചരിത്ര, പുരാവസ്തു, ഫോക്ലോര്, കലാരംഗങ്ങളിലെ പ്രതിഭകളുടെയും പണ്ഡിതന്മാരുടെയും സഹായം ആവശ്യമാണ്. ബാലി, സംസ്കൃതം, മലയ്, ഡച്ച് തുടങ്ങിയ ഭാഷകളില്‍ ആഴമേറിയ അറിവുള്ളവരും തുണയ്ക്കണം.
നമ്മുടെ സര്‍വകലാശാലകള്‍ക്കും ചരിത്ര പണ്ഡിതന്മാര്ക്കും വര്‍ഗ്ഗസമര വഴികളിലെ വ്യാജ വായനയും വാള്‍പ്പയറ്റും കഴിഞ്ഞിട്ട് ഒഴിവുകിട്ടാത്തതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ മാത്രമേ ഇന്ത്യ എന്നും ഭാരതമാവുകയുള്ളൂ. വിപ്ലവത്തില്‍ കുരുത്ത കമ്പോഡിയ രാജ്യത്തിന്റെ ദേശീയ പതാകയിലേക്ക് ഒന്നു നോക്കുക; അംഗോര്‍വാട്ട് ക്ഷേത്രമാണ് അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ ഇന്തോനേഷ്യയും തായ്ലന്റും, വിയറ്റ്നാമും, ലാവോസും മറ്റും ക്രിസ്തു ആദിശതകങ്ങളില്‍ ഭാരതീയര്‍ക്ക് അന്യദേശങ്ങളായിരുന്നില്ല. സീതാന്വേഷണത്തിനായി യവദ്വീപിലേക്ക് (ജാവ) വാനരന്മാര് പുറപ്പെട്ട് പോയതിന്റെ കാരണവും മറ്റൊന്നല്ല.
ദക്ഷിണ പൂര്‍വേഷ്യന്‍ ദ്വീപുകളിലെന്നപോലെ ബാലിയിലും, ക്രിസ്തു ആദിശതകങ്ങളില്‍ തന്നെ ഭാരതീയ വിശ്വാസപ്രമാണങ്ങള്‍ വേരുറപ്പിച്ചുകൊണ്ടിരുന്നുവെന്ന് ചരിത്രകാരന്മാര് കരുതുന്നു. ഭൈരവ, പാശുപത, ഗാണപത്യ, സൊര(സൂര്യ) ബോധ (ബുദ്ധ) തുടങ്ങിയ ആചാര പദ്ധതികളിലൂടെ താന്ത്രിക, ശൈവ, ബൗദ്ധ സമ്പ്രദായങ്ങളില്‍ ബാലിയില്‍ പ്രവേശിച്ചതായിട്ടാണ് കരുതപ്പെടുന്നത്. അഗ്നിദേവനോടൊപ്പം ബരുണനും (വരുണ) ബായു(വായു) ദേവസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. എങ്കിലും ത്രിമൂര്‍ത്തി സങ്കല്പത്തിനു തന്നെയായിരുന്നു പ്രാമാണികത. ബുദ്ധനെ, ശിവനില്‍നിന്ന് വേര്‍തിരിച്ച് കാണാന്‍ ബാലിക്കാര്‍ തയ്യാറായില്ല. വേദം എന്ന പദമല്ലാതെ വേദോപനിഷത്തുക്കളെക്കുറിച്ചുള്ള തെളിവുകള്‍ ബാലിപ്പഴമയിലില്ലെന്നുതന്നെ പറയാം. പൂജകള്‍ക്കോ മറ്റോ വേണ്ടി ചിട്ടപ്പെടുത്തിയ ഗായത്രി മന്ത്രം മാത്രം അവരുടെ ഓര്‍മ്മച്ചെപ്പില്‍ ഇപ്പോള്‍ ബാക്കിയുണ്ട്.
എന്നാല്‍ ഒമ്പതാം നൂറ്റാണ്ടുമുതല്‍ സമീപ ദ്വീപായ ജാവയിലെ ഹിന്ദു വിശ്വാസം ബാലിയെ സ്വാധീനിച്ചു തുടങ്ങിയതോടെ സംഗതി പാടേ മാറി. മഹാഭാരത, രാമായണ കഥകളുടെ ചുവടുപിടിച്ച് അനുഷ്ഠാനത്തിന്റെ കാഴ്ചവേലയായി ബാലി മതം പരിണമിക്കുന്നതാണ് പിന്നെ നാം കാണുന്നത്. ജാവ, ഇസ്ലാമികവല്ക്കരിക്കപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന മജപഹിത് ഹിന്ദു രാജവംശം നല്ലൊരു വിഭാഗം പ്രജകളോടൊപ്പം ബാലിയിലേക്ക് പലായനം ചെയ്തു. ബാലി വിസ്മയം എന്ന പേരില്‍ ഇന്ന് ലോകം കൊണ്ടാടുന്നതെല്ലാം മേല്‍പ്പറഞ്ഞ ജാവയിലെ ഹിന്ദു ഉത്സവ മതത്തിന്റെ സംഭാവനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പാതിവഴിയില്‍ വച്ച് ഭാരതത്തിന്റെ തനത് ഹിന്ദുദര്ശനങ്ങളിലേക്ക് മടങ്ങിവരാന്‍ ബാലിയിലെ ഹിന്ദുക്കള്‍ നിര്‍ബന്ധിതരായത് ഒരു പരന്ന ചരിത്രമായതിനാല്‍ ഇവിടെ വിസ്തരിക്കുന്നില്ല.
കേരളത്തിന്റെ പരിച്ഛേദമായി ബാലിയെ വിലയിരുത്തുന്ന പൊറ്റെക്കാടിന്റെ യാത്രാവിവരണമാണല്ലോ ബാലിദ്വീപ്. ഭാരതീയരുടെ രക്തം ബാലിക്കാരിലുണ്ടെങ്കിലും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ചൈനയില്‍നിന്ന് ഉത്ഭവിച്ച ആസ്ട്രോനേഷ്യന്‍ വര്‍ഗ്ഗത്തിന്റെ ശരീരപ്രകൃതമാണ് മിക്ക ബാലിക്കാര്ക്കുമുള്ളത്. മൊത്തത്തില്‍ ഈ ദ്വീപിനെ പന്നിയൂര്‍ ഗ്രാമമെന്ന് വിളിക്കാം. പ്രസ്തുത മൃഗത്തിന്റെ മാംസമില്ലാതെ ബാലിക്കാര്‍ക്ക് കഴിഞ്ഞുകൂടാന്‍ പറ്റാത്തത് മേല്‍പ്പറഞ്ഞ ചൈനയുടെ പാരമ്പര്യത്തെ വിളിച്ചോതുന്നുണ്ട്.
എന്നാല്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞാല്‍ എന്താണ് സ്ഥിതി? അവിടെ സമ്പൂര്‍ണമായും ഭാരതീയ സമ്പ്രദായങ്ങള്‍ക്കാണ് ആധിപത്യം. ദക്ഷിണ ഭാരതത്തില്‍നിന്നും, വംഗ, കലിഗ ദേശങ്ങളില്‍നിന്നും കടല്‍ കടന്നെത്തിയ ശൈവ, താന്ത്രിക സമ്പ്രദായങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ ബാലി അനുഷ്ഠാനങ്ങളുടെ രഹസ്യം പിടികിട്ടുകയുള്ളൂ. അവയില്‍ പലതും അത്ഭുതകരമാംവിധം കേരളീയ സമ്പ്രദായങ്ങളോട് ഇഴചേര്‍ന്നു നില്ക്കുന്നു. പഴയകാലത്ത് ബാലിയിലെ മതം തീര്‍ത്ഥം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഹിതന് പൂജിച്ചുനല്‍കുന്ന തീര്‍ത്ഥം, ഗംഗാ തീര്‍ത്ഥമായി പരിണമിക്കുന്നു എന്ന് ബാലിയിലെ ഹിന്ദുക്കള്‍ വിശ്വസിച്ചുപോന്നു. ഇപ്രകാരമുള്ള തീര്‍ത്ഥം സൂക്ഷിച്ചുവയ്ക്കാത്ത ഒരൊറ്റ ഹിന്ദുഭവനവും ബാലിയിലുണ്ടാവില്ല. അടുത്തകാലത്തായി ഗംഗോത്രിയിലെ തീര്‍ത്ഥവും ബാലി ഗൃഹങ്ങളില്‍ ഇടംപിടിച്ച് തുടങ്ങിയിട്ടുണ്ട്. ബാലിയിലെ ഹിന്ദുക്കള്‍ക്ക് കൃഷിയും ജലസേചനവും വിദ്യാഭ്യാസവും നിത്യപൂജയുടെ ഭാഗമാണെന്ന വസ്തുത പലര്‍ക്കുമറിയില്ല. കാലവര്‍ഷ സമൃദ്ധിക്കായി ഇളന്നീരാട്ടം നടത്തുന്ന, ശുദ്ധിക്രിയകള്‍ക്കായി പുണ്യാഹം വീട്ടിലേക്ക് ഭക്തിപൂര്‍വം കൊണ്ടുപോകുന്ന, കലശമെഴുന്നള്ളിക്കുന്ന മലയാളികളുടെ കൂടപ്പിറപ്പുകളാണ് ഈ ദ്വീപിലും വസിക്കുന്നത്.
സന്തുലനമാണ് ഈ നാട്ടുകാരുടെ ജീവിതദര്‍ശനം. അമിതമായ സന്തോഷത്തിനും സന്താപത്തിനും ഇടയിലുള്ള ഒരു സ്ഥായിയില്‍ അവര്‍ ജീവിതത്തെ പ്രതിഷ്ഠിച്ചതുപോലെയാണ് നമുക്ക് തോന്നുക. ഇതിന്റെ ക്രമം തെറ്റുമ്പോഴാണ് ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുന്നത്. ബാഹ്യശക്തിയല്ല അനുഷ്ഠാന വ്യതിയാനമാണ് ദുരിതങ്ങളെ ക്ഷണിച്ചുവരുത്തുന്നത് എന്നാണ് അവരുടെ വിശ്വാസം. നശിപ്പിക്കുക, കൊല്ലുക തുടങ്ങിയ പ്രയോഗങ്ങളെക്കാള്‍ അകറ്റുക, ക്രമീകരിക്കുക, ഒഴിവാക്കുക തുടങ്ങിയ പദങ്ങളോടാണ് ദ്വൈപായനന്മാര്ക്ക് താല്‍പ്പര്യം.
കൃഷി തിന്നു മുടിക്കുന്ന കീടങ്ങളെ കൊല്ലുന്നതിനേക്കാള്‍ അവയെ അകറ്റുകയോ, ഓടിക്കുകയോ പട്ടിണികിടക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ് ഈ നാട്ടുകാര്‍ അനുവര്‍ത്തിച്ചിരുന്നത്. വിളവ് മുഴുവന്‍ മുടിപ്പിച്ച എലികളെ ഗത്യന്തരമില്ലാതെ നിര്‍മാര്‍ജ്ജനം ചെയ്ത അവസരത്തിലും, അവയില്‍ ഒരു പെണ്ണിനെയും ആണിനെയും കൊല്ലാതെ ആചാരവസ്ത്രം ധരിപ്പിച്ച് പൂജാവിധികളോടെ വംശവര്‍ധനയുടെ വയലുകളിലേക്ക് യാത്രയയച്ച പാരമ്പര്യം ബാലിയിലുണ്ടായിരുന്നു. അഭിഷേക ദ്രവ്യങ്ങള്‍ തിന്ന് തടിച്ചുകൊഴുത്ത നായ്ക്കളെക്കൊണ്ട് നിറഞ്ഞ ദ്വീപാണ് ബാലി. ഇവയെ കൊന്നൊടുക്കാനും പന്നികളെ ഉന്മൂലനം ചെയ്യാനും ജക്കാര്‍ത്തയിലെ മുസ്ലിം ഭരണാധികാരികള്‍ ഉത്തരവിറക്കിയപ്പോള്‍ എതിര്‍പ്പിന്റെ ശബ്ദവുമായി ബാലിക്കാര്‍ സടകുടഞ്ഞെഴുന്നേറ്റു. ഈശ്വര സൃഷ്ടിയുടെ ക്രമം തെറ്റിക്കാനോ അവയെ ഇല്ലാതാക്കാനോ ഉള്ള അവകാശം മനുഷ്യനില്ല എന്നതുതന്നെ കാരണം. ചാഴിയെ കളയുന്ന, പൊട്ടിയെ കളയുന്ന, ഉറുമ്പിനെ വിലക്കുന്ന രീതിശാസ്ത്രം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.
ഇതേ സമീപനമാണ് ദുര്മൂര്ത്തികളോടും ബാലിക്കാര്‍ അനുവര്‍ത്തിച്ചത്. ദേവഗണങ്ങള്‍ക്ക് ഭഗവദ്ഗീതയില്‍ (9-26) പറയുന്ന ഇലയും പൂവും ഫലവും തീര്‍ത്ഥവും നിവേദിക്കുമ്പോള്‍, ‘ഭൂതകാല’ ന്മാരെ പഴകിയതും ജീര്‍ണിച്ചതുമായ മാംസം, മദ്യം, മൃഗങ്ങളുടെ രക്തം തുടങ്ങിയവ നല്കി തൃപ്തിപ്പെടുത്തും. മഹാക്ഷേത്രങ്ങളിലെ ഉയര്‍ന്ന പീഠങ്ങളില്‍ വിശുദ്ധമായ അര്‍ച്ചനാദ്രവ്യങ്ങള്‍ നിരത്തി ദേവഗണങ്ങള്‍ക്ക് നിവേദിക്കുമ്പോള്‍ ദുര്‍ദ്ദേവതകള്‍ക്ക് താഴെ നിലത്ത് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണവും പാനീയവും അര്‍പ്പിക്കുന്നു. ഉച്ചമായതിനും നീചമായതിനും വിശപ്പുണ്ട്. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം വേണം നല്കാന്. മദ്യംകൊണ്ട് നേടിയെടുക്കാവുന്ന കാര്യം പൊന്നുകൊണ്ട് സാധിക്കില്ലെന്ന് കൈക്കൂലികൊടുത്തു പരിചയമുള്ള ഏതൊരാളും സമ്മതിക്കും. നമ്മുടെ നാട്ടിലെ പൊട്ടിയും ശീവോതിയും സഹോദരിമാരാണല്ലോ. ശ്രീഭഗവതിയെ വീട്ടിലേക്ക് ആനയിക്കുകയും ചേട്ടാ ഭഗവതിയെ മുക്കൂട്ട പെരുവഴിയില്‍ കളയുകയും ചെയ്യുമ്പോള്‍, ബാലിയിലെ ആളുകള്‍ കാണിക്കാറുള്ള മുകളില്‍ സൂചിപ്പിച്ച ദയാവായ്പ് നമ്മുടെ പഴമക്കാരും പ്രകടിപ്പിച്ചിരുന്നു. കര്‍ക്കടക സംക്രാന്തി നാളില്‍ വിശക്കാതിരിക്കാന്‍ ചേട്ടയ്ക്ക് ചിരട്ടയില്‍ ഭക്ഷ്യവസ്തുക്കള്‍ കരുതിവച്ചിരുന്നുവല്ലോ നമ്മുടെ പൂര്‍വികര്‍.
ദേവനു നല്കിയ ശേഷമേ ബാലിയിലെ ഹിന്ദുക്കള്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ശരിക്കും പറഞ്ഞാല്‍ ദിവസവും ‘പ്രസാദമൂട്ട്’ കഴിക്കുന്നവരാണ് ബാലിക്കാര്‍. ദേവതകളേയും ദുര്‍ദേവതകളേയും ഊട്ടുന്നതുപോലെ തങ്ങളുടെ പിതൃക്കള്‍ക്കും അവര്‍ ഭക്ഷണം നല്‍കും. കോഴിമുട്ട മുതല്‍ സിഗരറ്റ് വരെ ഇപ്രകാരമുള്ള ഭക്ഷണത്തട്ടുകളില് കാണാറുണ്ട്. ത്രിലോകങ്ങളിലുമുള്ള സര്‍വ്വഭൂതങ്ങളുടെയും ദാഹവും വിശപ്പും മാറ്റിയശേഷം സ്വന്തം വിശപ്പടക്കാന്‍ ശ്രമിക്കുന്ന ഒരു ജനതയുടെ വിശാലമനസ്സിനു മുമ്പില്‍ നമസ്കരിക്കുക.
ദെങ്പാസര് വിമാനത്താവളത്തിലും ബാലിയിലെ പാതയോരങ്ങളിലും പാടശേഖരങ്ങളിലും കടല്‍ത്തീരങ്ങളിലും കടകളിലും മോട്ടോര്‍വാഹനങ്ങളിലും മൊട്ടക്കുന്നുകളിലും-എവിടെ ചെന്നാലും കുരുത്തോലത്തട്ടില് സമര്‍പ്പിച്ച അര്‍ച്ചനാ വസ്തുക്കള്‍ (ചനങ് സരി) നാം കാണും. ആഘോഷങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രാധാന്യമനുസരിച്ച് നിവേദ്യവും കെട്ടുകാഴ്ചയും മേരു പര്‍വ്വതം പോലെ വളരും. എങ്കിലും നാം സാധാരണ കാണുന്ന കുരുത്തോലകൊണ്ട് മെടഞ്ഞ അര്ച്ചനത്തട്ടില് ബ്രഹ്മാവിനെ അനുസ്മരിപ്പിക്കുന്നു. ചുവന്ന നിറത്തിലുള്ള അടയ്ക്ക, വിഷ്ണുവിന്റെ പ്രതീകമായി കരിംപച്ച നിറത്തിലുള്ള വെറ്റില, ശിവവര്ണമായ ചുണ്ണാമ്പ് എന്നിവയോ, അല്ലെങ്കില്‍ അവയോട് നിറസാമ്യമുള്ള പൂക്കളോ ആണ് കാണപ്പെടുക. അര്ച്ചനാവസ്തുക്കള് നിര്‍ദ്ദേശിക്കാന്‍ ബാലിയിലെ സ്ത്രീകള്‍ ഒരു ദിവസം എട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നു എന്നാണ് ഏകദേശ കണക്ക്. ചെറുതും വലുതുമായ അഞ്ചുലക്ഷത്തോളം ഹിന്ദുക്ഷേത്രങ്ങള്‍ (ഗൃഹക്ഷേത്രങ്ങളടക്കം) ബാലിയിലുണ്ട് എന്ന വസ്തുതകൂടി ഇവിടെ ഓര്‍ക്കണം.
വിദേശസഞ്ചാരികള്‍ നല്കുന്ന പണം ക്ഷേത്രങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്. പ്രവേശന ഫീസ് കൊടുത്താലേ മഹാക്ഷേത്രങ്ങളിലേക്ക് കടക്കാന്‍ കഴിയൂ. ക്ഷേത്രാങ്കണത്തിലെ നൃത്തവും കലാപരിപാടിയും കാണാന്‍ വേറെയും കാശു കൊടുക്കണം. എന്നാല്‍ ക്ഷേത്രാന്തര്‍ഭാഗത്തെ ആരാധനയില്‍ വിദേശികളെ പങ്കെടുപ്പിക്കുന്ന പതിവ് ബാലിക്കാര്ക്കില്ല എന്നുവേണം പറയാന്‍. മഹാക്ഷേത്രങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്ന ഒരു പ്രതീതിയാണ് അവിടെ എത്തുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. കുളിച്ച് ആചാര വസ്ത്രം ധരിച്ച് അര്ച്ചനാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പോകുന്നവരെ മാത്രമേ ബാലി ഹിന്ദുക്കള്‍ ആരാധകരുടെ പട്ടികയില്പ്പെടുത്തുകയുള്ളൂ.
ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ധരിക്കുന്ന ചെരുപ്പ് പോലും അതിനുവേണ്ടി മാത്രമുള്ളതായിരിക്കും. ശരീരത്തില്‍ മുറിവുള്ളവര്‍ക്കും രജസ്വലകള്ക്കും അമ്പലത്തില്‍ പ്രവേശനമില്ല എന്ന പരസ്യപ്പലക ആരാധനാലയങ്ങളില്‍ മുന്നറിയിപ്പെന്നോണം വച്ചിട്ടുണ്ട്. ഇത് ബാലിക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ക്ഷേത്രസംസ്കാരം അറിയാത്ത വിദേശികള്ക്കുള്ളതാണ്. ഒരു തരത്തിലുള്ള ശരീരസ്രവവും ക്ഷേത്രാങ്കണത്തില്‍ വീഴരുത്് എന്നാണ് ബാലി നിയമം. തന്മൂലം മുലയൂട്ടുന്ന സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോയിരുന്നില്ല. കുട്ടികള്‍ മൂത്രമൊഴിച്ചാല്‍ നടയടച്ച് ശുദ്ധികലശം നടത്തുന്ന ഏര്‍പ്പാട് നമുക്കും പരിചയമുള്ളതാണല്ലോ.
അതിവിശുദ്ധവും പവിത്രവുമായ തീര്‍ത്ഥത്തിനു മാത്രമാണ് ക്ഷേത്രത്തില്‍ പ്രഥമ പരിഗണന. തീര്‍ത്ഥവും നിവേദ്യവും സ്വീകരിക്കാനായി ഭൂമിയിലേക്കിറങ്ങിവരുന്ന ദേവന്മാര് (ജീശെശേ്ല ഋിലൃഴ്യ) രക്തമടക്കമുള്ള മാലിന്യങ്ങള്‍ കണ്ടാല്‍ ആ നിമിഷം സ്ഥലംവിടും. ദുര്‍ദ്ദേവതകള്‍ (ചലഴമശേ്ല ഋിലൃഴ്യ) ക്ഷേത്രപരിസരത്തെങ്ങാനും കടന്നുവരാതിരിക്കാന്‍ ദൂരയെവിടെയെങ്കിലും വച്ചായിരിക്കും അവര്‍ക്ക് ഭക്ഷണം കൊടുക്കുക. ഒരു തുള്ളി രക്തം പവിത്രസ്ഥാനത്തു പതിച്ചാല്‍ പോലീസ് അകമ്പടിയൊന്നുമില്ലാതെ ഭൂത, കാലന്മാരും ആക്ടിവിസ്റ്റ് ഡ്രാക്കുളമാരും ഇരച്ചുകയറും. അതോടെ ബാലിയുടെ സന്തുലം എന്നെന്നേക്കുമായി നഷ്ടപ്പെടും. താന്ത്രികവിധിപ്രകാരമുള്ള പൂജ നടത്തുന്ന കേരളത്തിലെ ക്ഷേത്രങ്ങളും ബാലിയിലെ ആരാധനാലയങ്ങളും പ്രാക്തനമായ ഒരേ ആചാരത്തെയാണ് മുറുകെപ്പിടിക്കുന്നത്. ശബരിമലയില്‍ ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് ശഠിക്കുന്ന ഭക്തന്മാര്ക്കും, ബാലിയിലെ ഹിന്ദുക്കള്‍ക്കും തമ്മില്‍ അത്ഭുതകരമാംവിധം സാമ്യമുണ്ട്.
ശത്രുവിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ലാഭകരം ചീഞ്ഞ മുട്ടയും തക്കാളിയും ചെരിപ്പും വേറെ ചിലതും എറിയുന്നതാണ്. അതുകൊണ്ടാണ് ഈ ആയോധനവിദ്യ രാഷ്ട്രീയത്തില്‍ തഴച്ചുവളരുന്നത്. ശബരിമലയിലെ ‘സ്ത്രീപ്രവേശനം’ ചുരുങ്ങി ചുരുങ്ങി ഒരു ആര്ത്തവവിചാരമായി മാറിയില്ലേ? വൃത്താന്ത പത്രപ്രവര്‍ത്തനം എന്നത് കേവലം നാറ്റം ബോംബ് നിര്‍മാണമായി പരിണമിച്ചില്ലേ? വ്രതശുദ്ധികൊണ്ടും മനനംകൊണ്ടും ഗാനംകൊണ്ടും ഉപാസിക്കേണ്ട ഒരു ധ്യാനമൂര്‍ത്തിയെ വെട്ടിയും ചുട്ടും, കറന്നും കവര്‍ന്നും കലിയടങ്ങാതെ വന്നപ്പോഴാണ് ലിംഗസമത്വം എന്ന വ്യാജേന ആവനാഴിയിലെ ആര്ത്തവാസ്ത്രം പുറത്തെടുത്തത്. ആവനാഴിയില്‍ ഇനിയുമെന്തൊക്കെയാണ് ബാക്കിയുള്ളത് എന്ന് ആര്‍ക്കറിയാം?
മതത്തെ അക്ഷരമീമാംസയിലൂടെ അറിയുന്നതാണ് ഓര്‍ത്തോഡോക്സി (ഛൃവേീറീഃ്യ). പുസ്തകം ഇവിടെ വിഗ്രഹത്തിന്റെ സ്ഥാനം ഏറ്റെടുക്കും. ആട്ടവും പാട്ടും കൂത്തും ആചാരവും അലങ്കാരവുമായി ഈശ്വര സാക്ഷാത്കാരത്തിനൊരുങ്ങുമ്പോള് അത് ഓര്‍ത്തോഡോക്സി ആയിമാറും. ഒടുവില്‍ പറഞ്ഞ കലയുടെ വഴി അത്ര മോശമാണോ? ലോകത്തുടനീളം വിശുദ്ധ ദേവപുസ്തകവുമായി സഞ്ചരിച്ചവര്‍ക്ക് മുമ്പില്‍ വിലങ്ങുതടിയായി നിന്നത് അതാതിടങ്ങളിലെ ശക്തമായ ആചാരാനുഷ്ഠാനങ്ങളായിരുന്നു; വിശ്വാസപ്രമാണങ്ങളായിരുന്നു. പുസ്തകം സത്യം, ആചാരം അസംബന്ധം എന്ന പോര്‍വിളി മുഴക്കിക്കൊണ്ട് മോക്ഷമാര്‍ഗ്ഗത്തിന്റെ പടയണി പ്രതിയോഗികളെ വകവരുത്തി; വാമൊഴി സംസ്കാരത്തിന്റെ വന്‍കരകളെ വിഴുങ്ങി. ആ യുദ്ധം ഇപ്പോഴും തുടരുന്നു. കത്തോലിക്കരെ പ്രൊട്ടസ്റ്റന്റുകളും സുന്നികളെ വഹാബികളും സനാതനികളെ ആര്യസമാജക്കാരും അക്ഷരം ഋതം, ആചാരം അനൃതം എന്നു പറഞ്ഞാണല്ലോ എതിരിടുന്നത്.
ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളുടെയും അവസാന വാക്ക് നിയമപുസ്തകത്തിലുണ്ടെന്ന് ശഠിക്കുന്നത് ശരിയല്ല. അരമന വെടിഞ്ഞ് തപോവനത്തിന്റെ ഏകാന്തതയിലേക്ക് പടവുകള്‍ കയറുന്ന ഒരു ജനിതകം ഭാരതത്തിന്റെ ശരീരത്തിലുണ്ട്. ധ്വനിസാന്ദ്രമായ കവിതപോലെ, ഗഹനമായ ദര്‍ശനം പോലെ രൂപഭാവ പരിണാമം സംഭവിച്ച അനേകം ആചാരസ്തംഭങ്ങളുള്ള ദേശമാണ് നമ്മുടേത്. അവയൊന്നുംതന്നെ ഇത്രയും കാലം ലിംഗനീതിക്ക് ഭീഷണിയായിരുന്നില്ല. തുടര്‍ച്ചയായ ഇസ്ലാമിക ആക്രമണംമൂലം ഉത്തരേന്ത്യയില്‍ ക്ഷേത്രാരാധന ഭജനയും ആരതിയുമായി ചുരുങ്ങിയിട്ടുണ്ട്. കല്യാണമണ്ഡപം പോലെയുള്ള അവരുടെ ക്ഷേത്രങ്ങള്‍ ഗതകാല പ്രൗഢിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി തല താഴ്ത്തി നില്ക്കുന്നു. കൃഷ്ണനേക്കാള്‍ ബിര്‍ളയ്ക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങളും ഇവിടെ കാണാം. ഇപ്രകാരമുള്ള ഒരു സാംസ്കാരിക പരിധിക്കകത്ത് നില്ക്കുന്നവര്, ദാക്ഷിണാത്യ ആരാധനാക്രമങ്ങളെക്കുറിച്ച് നന്നായി പഠിക്കണം. അനുഷ്ഠാന ബ്രഹ്മചാരി എന്നുച്ചരിക്കാനാവാതെ നാസ്തിക ബ്രഹ്മചാരി എന്ന് ഒരു വിദ്വാന് പറഞ്ഞുവത്രേ. ഭാഗ്യം! പരമോന്നത നീതിപീഠത്തില്‍ ഒരു ‘ഹിന്ദു’ മല്‍ഹോത്ര ഇപ്പോഴുണ്ട്. നീതിപീഠത്തിന് മതമില്ല എന്ന അറിവുവച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: