കണ്ണൂര്‍: കേരള സ്റ്റേറ്റ് അഗ്രോ കോ. ഓപ്പറേറ്റീവ് ലിമിറ്റഡ് (അഗ്രീന്‍കോ) എന്ന സഹകരണ സ്ഥാപനം മറയാക്കി എം.കെ. രാഘവന് എംപിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. യുഡിഎഫ് ഭരണ കാലത്ത് നടന്ന അഴിമതി സഹകരണ വിജിലന്‍സ് അന്വേഷണത്തിലാണ് തെളിഞ്ഞത്. രാഘവനടക്കമുള്ള കമ്പനി ഡയറക്ടര്‍മാരുടെ പേരിലാണ് കേസെടുത്തത്.
അഗ്രീന്‍കോയുടെ മറവില്‍ പൊതുസ്ഥാപനങ്ങളില്‍നിന്ന് 77 കോടി രൂപയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം തട്ടിയെടുത്തതെന്നാണ് സഹകരണ വിജിലന്‍സ് കണ്ടെത്തിയത്. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കണ്ണൂര്‍ ആസ്ഥാനമായി ആരംഭിച്ച അഗ്രീന്‍കോ എന്ന സ്ഥാപനത്തിന് കീഴില്‍ 2004 ഡിസംബറില്‍ അഗ്രീന്‍കോ റബ്ബര്‍ ടെക്നോളജീസ് ലിമിറ്റഡ് ആരംഭിക്കുകയും ഈ കമ്പനിയുടെ മറവില്‍ അഴിമതി നടത്തുകയുമായിരുന്നു. മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ച് അഗ്രീന്‍ കേര് ലാറ്റക്സ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്കും രൂപം നല്കി.
എല്ലാം സഹകരണസ്ഥാപനങ്ങളാണെന്ന് വരുത്തി, ഭരണത്തണലില്‍ സഹകരണ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാനറാ ബാങ്കിന്റെ ആലുവ ബ്രാഞ്ചില്‍നിന്ന് എട്ട് കോടി രൂപ വായ്പയെടുത്തായിരുന്നു തുടക്കം. തുടര്‍ന്ന് മറ്റു ബാങ്കുകളില്‍നിന്നും കോടികള്‍ സമാഹരിച്ചു. പണം തട്ടിയെടുക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയശേഷം കണ്ണൂര്‍ നഗരത്തിന് സമീപം പള്ളിക്കുന്നിലുണ്ടായിരുന്ന അഗ്രീന്‍കോ ഹെഡ് ഓഫീസടക്കം ഒഴിവാക്കി. വായ്പയെടുത്ത തുക ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കിയില്ല. ഓഹരിയായും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച് കണക്കുപോലുമില്ല.
സര്‍ക്കാരില്‍നിന്ന് ഓഹരിയായി 4.50 കോടി രൂപ തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 35.45 കോടി എംപി സ്വാധീനം ഉപയോഗിച്ച് ഈ സ്ഥാപനത്തിലെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ എന്‍സിഡിസിയില്‍നിന്ന് 13.13 കോടിയും നേടിയെടുത്തു, കാനറാ ബാങ്കിന്റെ ആലുവ ശാഖയില്‍നിന്ന് എടുത്ത എട്ടു കോടിയടക്കം കാനറാ ബാങ്കിനുള്ള 2002 മുതല്‍ 2013വരെയുള്ള കാലയളവിലെ സാമ്പത്തിക ബാധ്യത 22.11 കോടിയാണ്, ഇതിനുപുറമേ സംഘങ്ങളില്‍നിന്ന് ഡെപ്പോസിറ്റായി 1.64 കോടി രൂപ വേറയും സമാഹരിച്ചതായി കണ്ടെത്തിയതായി അറിയുന്നു.
അഗ്രീന്‍കോയുടെ പേരില്‍ കൈതച്ചക്ക സംസ്കരണ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം പോലും നടക്കും മുമ്പ് പടിയൂര്‍ പഞ്ചായത്തിലെ പെരുമണ്ണില്‍ സംഘത്തിന്റെ പേരിലുള്ള അഞ്ചേക്കര്‍ സ്ഥലവും ഫാക്ടറിയും അഗ്രീന്‍ ഹാഷ്കോ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പൈനാപ്പിള്‍ പ്രോസസിങ് ഫാക്ടറി നിര്‍മിക്കുന്നതിനായി 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കി. ഈ കമ്പനി പിന്‍വാങ്ങിയതോടെ ഭൂമി ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ കൈവശമാണ്.
സഹകരണനിയമം പാലിക്കാതെയും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കാതെയുമാണ് എം.കെ. രാഘവന് ചെയര്‍മാനായ സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായുമാണ് സഹകരണ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: