അധഃസ്ഥിതരുടേയും പിന്നാക്കക്കാരുടേയും നിരാലംബരുടേയും അത്താണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. മറ്റാരും പറയാത്ത തരത്തില്‍ ജാതിപറഞ്ഞ് അവരോടു കൂറ് പ്രഖ്യാപിക്കും. അതിന്റെ പേരില്‍ മറ്റു ജാതിക്കാരെ സവര്‍ണരെന്ന് പറഞ്ഞ് അധിക്ഷേപിക്കും. അത്തരക്കാരാണ് നാട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നു പറഞ്ഞു പ്രചരിപ്പിക്കും. കഴിയുന്നത്രയും ഈ രണ്ടുകൂട്ടരേയും തമ്മില്‍ അകറ്റിനിര്‍ത്താന്‍ നോക്കും. കാര്യം വരുമ്പോള്‍ ഇപ്പറയുന്ന അധഃസ്ഥിതരേയും നിരാലംബരേയും പുറംകാലിനുതട്ടി ദൂരെക്കളയുകയും ചെയ്യും. ആനുകൂല്യങ്ങളെല്ലാം കൂടെനില്‍ക്കുന്ന സമ്പന്നര്‍ക്ക്. സംസാരം മാത്രം പാവങ്ങള്‍ക്കും.
ഈ പരമ്പരാഗത കമ്മ്യൂണിസ്റ്റ് ശൈലിയുടെ അവസാന ഉദാഹരണമാണ് ഇന്നു തെളിഞ്ഞുവരുന്നത്. വയറു വിശന്നപ്പോള്‍ ഉണ്ണാനുള്ളതു എടുത്തതിന്റെ പേരില്‍ മധു എന്ന വനവാസി യുവാവിനെ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നിട്ട് നാളുകുറെയായി. രാജ്യത്തിന്റെ തന്നെ മനഃസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. പക്ഷേ, ഇടതുസര്‍ക്കാരിന്റെ മനഃസ്സാക്ഷിക്ക് ഒരു കുലുക്കവുമില്ല. ലോകമൊട്ടുക്കു പിരിവുനടത്തുകയും നാടൊട്ടുക്ക് ധൂര്‍ത്തടിക്കുകയും ചെയ്യുന്നവര്‍ക്കു മധുവിനെ വധിച്ചവര്‍ക്കെതിരെ കേസുനടത്താന്‍ പണമില്ലത്രെ. മധുവിനുവേണ്ടി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്‌ക്കാന്‍ ചെലവു കൂടുതലാണെന്നാണു കണ്ടെത്തല്‍. പ്രോസിക്യൂട്ടര്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചത്രെ. അതുകൊണ്ട് അതുവേണ്ടെന്നു വച്ചു. ആദിവാസിയല്ലെ, എന്തു വാദിക്കാന്‍? ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കെതിരെ വാദിക്കാന്‍ ഒരു വക്കീലിന് സിറ്റിങ്ങിനു 16 ലക്ഷം വച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണിതു പറയുന്നത്. ആ വക്കീല്‍ പിന്‍മാറിയതിനാല്‍ ഇനി വേറെ ആളെ തേടണമെന്നു മാത്രം.
സുപ്രീംകോടതി വിധിയുടെ പേരില്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഖജനാവില്‍നിന്നു ശതകോടികള്‍ ചെലവാക്കുമ്പോഴും പാഴ്‌ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ആശങ്കയില്ല. ശാന്തിയും സമാധാനവും പൂത്തുലഞ്ഞിരുന്ന സന്നിധാനത്തെ യുദ്ധക്കളമാക്കാന്‍ പൊതുഖജനാവില്‍നിന്നു ധൂര്‍ത്തടിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ഒരുവ്യക്തിയുടെ വാശിയുടെ പേരില്‍ മാത്രമാണ്. അനുഭവിക്കേണ്ടവര്‍ക്കു വേണ്ടാത്ത ആനുകൂല്യം അടിച്ചേല്‍പിക്കാന്‍ ഈ കൈവിട്ട കളി കളിക്കുമ്പോള്‍ നിരത്തുന്ന ന്യായങ്ങളില്‍ ഒന്ന് വനവാസി പ്രേമമാണ്. ശബരിമലയില്‍ വനവാസികള്‍ക്ക് അവകാശപ്പെട്ട ക്ഷേത്രം സവര്‍ണര്‍ പിടിച്ചെടുത്തതാണത്രെ. അതുകൊണ്ടു സവര്‍ണ മേധാവിത്വത്തിനെതിരെയാണ് ഈ സന്നാഹമെന്നാണ് ന്യായീകരണം. പക്ഷേ ആര്‍ക്കുവേണ്ടി?
മുഖ്യന്‍ പറയുന്ന മലവേടര്‍ സമുദായംകൂടി ഉള്‍പ്പെടുന്ന വിശ്വാസിസമൂഹത്തിന് എതിരെയാണ് ഫലത്തില്‍ സര്‍ക്കാരിന്റെ പോര്‍വിളി. അത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതേ നാവുകൊണ്ടാണ് മധുവിന്റെ വിശപ്പിന്റെ വിളിയും ജനക്കൂട്ടത്തിനു നടുവില്‍ നിന്ന് ആ പാവം ഉയര്‍ത്തിയ ദീനവിലാപവും കേള്‍ക്കാതെ, കേസ് നടത്താന്‍ പണമില്ലെന്നു മുഖ്യമന്ത്രി പറയുന്നത്. സ്വന്തം ദുരഭിമാനത്തിന്റെ പേരില്‍ ഒരു ഡിജിപിക്കെതിരെ കേസ് നടത്താനും അഭിഭാഷകനുള്ള പ്രതിഫലയിനത്തില്‍ ലക്ഷങ്ങള്‍ മുടക്കിയതും ഖജനാവില്‍ നിന്നാണ്. ഈ ഖജനാവ് എന്താ മുഖ്യമന്ത്രിയുടെ സ്വത്തോ? അതോ പാര്‍ട്ടിസ്വത്തോ? പൊതുജനത്തിന് അതില്‍ അവകാശമൊന്നുമില്ലേ? ഉണ്ടെങ്കില്‍ ആ പൊതുജനത്തില്‍ പെട്ടയാളാണു മധു. ആ പൊതുമുതലാണു ചോദിക്കുന്നത്, കുടുംബസ്വത്തല്ല.
വനവാസികളുടെ ക്ഷേമത്തിന് ഇവിടെ ഒരു വകുപ്പുണ്ട്. അതിനു പ്രത്യേകമായി ബജറ്റുകളില്‍ നീക്കിവയ്‌ക്കുന്നതു വന്‍തുകകളാണ്. കേന്ദ്രത്തില്‍ നിന്നുകിട്ടുന്ന വിഹിതം വേറെ. എന്നിട്ടും വനവാസികള്‍ ഇന്നും ജീവിക്കുന്ന സാഹചര്യം ദാരുണമായി തുടരുന്നതിനര്‍ഥം അര്‍ഹതപ്പെട്ടവരിലേയ്‌ക്കല്ല ആനുകൂല്യങ്ങള്‍ ചെല്ലുന്നത് എന്നു തന്നെയാണ്. ആ തുകയൊക്കെ എവിടെ ചെലവാക്കുന്നു? ആര്‍ക്കുകിട്ടുന്നു? വ്യക്തമായൊരു കണക്കു പ്രസിദ്ധീകരിക്കുമോ സര്‍ക്കാര്‍?
കേരളം സൊമാലിയയെ ഓര്‍മിപ്പിക്കുമെന്നു മുന്‍പു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ഹാലിളകിയവരുടെ കൂട്ടത്തില്‍ ഇന്നത്തെ ഭരണകക്ഷിക്കാരുമുണ്ടായിരുന്നു. ഒരുവയര്‍ ഭക്ഷണത്തിനായി ഇത്തരമൊരു ദാരുണമായ മരണം സ്വീകരിക്കേണ്ടിവന്ന മധുവിന്റെ വിധി വിരല്‍ ചൂണ്ടിയത് അതിലേയ്‌ക്കുതന്നെയാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി, ദിവസേന ഉരുവിടുന്ന സവര്‍ണാധിപത്യവും വിവേചന ചിന്തയും അയിത്തവും ഇന്ന് ഏറ്റവും കൂടുതല്‍ കുടികൊള്ളുന്നത് ഈ ഭരണ സംവിധാനത്തിലും ഭരണകക്ഷിയിലും മന്ത്രിമാരിലും തന്നെയാണ്. ഏതൊരു സര്‍ക്കാരിനും പ്രവര്‍ത്തനത്തില്‍ ഒരു മുന്‍ഗണനാക്രമം ഉണ്ടാകും. അതു ജനതാത്പര്യം കണക്കിലെടുത്തായിരിക്കുകയും ചെയ്യും. പക്ഷേ, ഈ സര്‍ക്കാരിനെ സംബന്ധിച്ച് എല്ലാം തലതിരിച്ചാണ്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പാര്‍ട്ടിയുടേയും താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. പിന്നെ പണവും സമയവും സാഹചര്യവും ഉണ്ടെങ്കില്‍ ജനതാത്പര്യവും പരിഗണിച്ചെന്നിരിക്കും. അട്ടപ്പാടിയിലെ മധുവായാലും മഹാരാജാസിലെ അഭിമന്യുവായാലും നെയ്യാറ്റിന്‍കരയിലെ സനല്‍ ആയാലും കോട്ടയത്തെ കെവിന്‍ ആയാലും അതൊക്കെ അതിന്റെ വഴിക്കേ നടക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക