മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം നന്നായി പഠിച്ച വ്യക്തികളില്‍ ഒരാളാണ് താങ്കള്‍. കേരളത്തില്‍ മാര്‍ക്‌സിയന്‍ നിരൂപണമെന്നോ നവമാര്‍ക്‌സിയന്‍ നിരൂപണമെന്നോ പറയാവുന്ന തരത്തില്‍ ഒരു ചിന്താധാരയോ നിരൂപണ രീതിയോ വികസിച്ചിട്ടുണ്ടോ?
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം ഞാന്‍ നന്നായി പഠിച്ചു എന്ന് പറയാനാവില്ല. നന്നായി പഠിക്കാത്തതില്‍ വിഷമവും ഇല്ല. ചില വിഷയങ്ങള്‍ അങ്ങനെയാണ്. പഠിച്ച് പഠിച്ച് കുറെ മുന്നേറുമ്പോഴാണ് വിഷയം തന്നെ നിരര്‍ത്ഥകമാണെന്ന് അനുഭവപ്പെടുക. കേരളത്തില്‍ മാര്‍ക്‌സിയന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു നിരൂപണപദ്ധതി വികസിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് വികസിച്ചിരുന്നെങ്കില്‍ പോലും അതുകൊണ്ട് പ്രയോജനം ഉണ്ടാകുമായിരുന്നില്ല. കാരണം മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം എന്നതില്‍ മാര്‍ക്‌സിസം മാത്രമേ കാണൂ, സൗന്ദര്യശാസ്ത്രം ഉണ്ടാവില്ല.
സമൂഹത്തിന്റെ മുഖത്തുനോക്കി ഉച്ചത്തില്‍ ചിലത് വിളിച്ചു കൂവിയതുകൊണ്ട് സാമൂഹ്യമാറ്റം ഉണ്ടാകുമോ?
ഒരിക്കലുമില്ല. ഇപ്പോള്‍ പറഞ്ഞതുപോലെ സ്വന്തം ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാനും തിരുത്താനും തയ്യാറാവുക എന്നതാണ് പ്രധാനം. ലോകത്തില്‍ ഇന്ന് മികച്ചുനില്‍ക്കുന്നതും പണ്ട് അങ്ങനെ അല്ലാതിരുന്നതുമായ പല സമൂഹങ്ങളും ഇങ്ങനെയാണ് സ്വയം മാറിയത്. സമൂഹത്തെ, എന്നുപറഞ്ഞാല്‍ അന്യരെ, കുറ്റം പറഞ്ഞാല്‍ എല്ലാവരെയും ശത്രുക്കളാക്കാം എന്നു മാത്രം.
പ്രതിബദ്ധതാ സാഹിത്യം, തൊഴിലാളിവര്‍ഗ സാഹിത്യം, പുരോഗമന സാഹിത്യം എന്നിങ്ങനെ വിഭജിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
കുറച്ച് മുന്‍പ് ഇത്തരം വാക്കുകള്‍ പ്രയോഗത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും ഇത്തരം പദങ്ങള്‍ ഉപയോഗിക്കാറില്ല. അതില്‍ ഇവയ്‌ക്ക് അര്‍ത്ഥവുമില്ല.
കാഫ്കയുടെയും അയനെസ്‌കോയുടെയും ദര്‍ശനം അവരുടെ ജീവരക്തമാണെന്നും അതിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ അനുകരിക്കുന്നത് സമൂഹത്തെ മൊത്തം നിരുത്തരവാദിത്വത്തിലേക്ക് നയിക്കലാണെന്നും ഏറെക്കാലം കേരളത്തില്‍ ആധുനികതയെ എതിര്‍ത്ത എഴുത്തുകാരും വായനക്കാരും പറഞ്ഞിരുന്നു. ഇതില്‍ കുറച്ചൊക്കെ കാര്യമില്ലേ?
അല്‍ബേര്‍ കാമു പ്ലേഗിലും അന്യനിലും ഹാപ്പിഡെത്തിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നവരാണെന്ന് എനിക്ക് തോന്നുന്നില്ല. പേരുകൊണ്ട് സൂചിപ്പിക്കുന്നതുപോലെ സന്തോഷകരമായ മരണമാണ് ഹാപ്പി ഡെത്തിലെ അവസാനം. പ്ലേഗിനെതിരെ, പ്ലേഗ് ഏതിന്റെ പ്രതീകമായാലും ഇനി വെറും പ്ലേഗുരോഗം മാത്രമായിരുന്നാലും കുറെ മനുഷ്യര്‍ നടത്തിയ യുദ്ധത്തിന്റെയും അതിജീവനത്തിന്റെയും വിജയത്തിന്റെയും കഥയാണ് പ്ലേഗ്. മനുഷ്യന്റെ ദുരിതവും സഹനവും ചിത്രീകരിക്കുന്നു എന്നതുകൊണ്ട് അതിലെ കഥാപാത്രങ്ങള്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു എന്നു പറയാനാവില്ല. കാഫ്കയുടെയും അയൊനെസ്‌കോയുടെയും കൃതികള്‍ ജീവിതത്തിന്റെ നിരര്‍ഥകതയ്‌ക്ക് അടിവരയിടുന്നു എങ്കിലും വായനക്കാരെ നിരര്‍ഥകതയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നില്ല. അത്തരം കൃതികള്‍ വായിക്കുക എന്നുപറഞ്ഞാല്‍ അതിലെ കഥാപാത്രങ്ങളെപ്പോലെ ജീവിക്കുക എന്ന് അര്‍ത്ഥമില്ല. കമ്യൂണിസ്റ്റ് ലക്ഷ്യബോധത്തില്‍നിന്ന്, അതായത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍നിന്ന് യുവാക്കളെ ഇത്തരം കൃതികള്‍ അകറ്റിക്കളയുമെന്ന് ഭയന്നാണ് അന്ന് ആളുകള്‍ ഇത്തരം പാശ്ചാത്യകൃതികളെ എതിര്‍ത്തത്. അവരില്‍ പലരും ഈ കൃതികള്‍ വായിക്കാതെയാണ് വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതും.
പുതിയ ഒരു കളിപ്പാട്ടം കൈയില്‍ കിട്ടിയ കുട്ടിയുടെ ലാഘവത്തോടെ ആധുനികത കൈകാര്യം ചെയ്ത എഴുത്തുകാര്‍ എഴുപതുകളിലും എണ്‍പതുകളിലും കേരളത്തില്‍ ഉണ്ടായിട്ടില്ലേ?
ആധുനികതയുടെ രംഗപ്രവേശം എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. 1968-ലെ പടിഞ്ഞാറന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ ഇവിടെയും എത്തിയിരുന്നു. പഴയതെല്ലാം നശിച്ച് പുതിയതെന്തോ വരാന്‍ പോകുന്നു എന്ന ഭാവമായിരുന്നു എങ്ങും. മലയാളത്തിലെ ആധുനികതയെ ഒട്ടും അംഗീകരിക്കാത്ത ഡോ. കെ. ഭാസ്‌കരന്‍ നായര്‍ പോലും പഴയ മൂല്യങ്ങളുടെ നാശത്തെയും പുതിയ മൂല്യങ്ങളുടെ സൃഷ്ടിയേയും പ്രവചിച്ചു. വിജയന്‍, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ എഴുത്തുകാര്‍ ഡെഡ് സീരിയസ് ആയിട്ടാണ് തങ്ങളുടെ രചനകളുമായി രംഗത്തുവന്നത്. ലാഘവം ഒരിടത്തുമില്ലായിരുന്നു. ആധുനികര്‍ക്കെതിരെ കോട്ടമതിലുകള്‍ ഉയര്‍ത്തി യുദ്ധസന്നാഹം കൂട്ടിയ പഴയ തലമുറയുടെ പാരവശ്യവും ജാഗ്രതയും പുതിയ തലമുറ ആധുനികത കൈകാര്യം ചെയ്തത് ലാഘവത്തോടെ ആയിരുന്നില്ല എന്ന് തെളിയിക്കുന്നു. പുതിയ തലമുറയുടെ ആധുനികത കുട്ടിക്കളിയായിരുന്നുവെങ്കില്‍ പഴയ തലമുറ ഇത്ര ശക്തമായി അവരെ ആക്രമിക്കുമായിരുന്നില്ല.
നോവലിസ്റ്റ് എം. മുകുന്ദന്റെ ആദ്യ നോവല്‍ ആകാശത്തിനു ചുവട്ടില്‍ തൊട്ട് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വരെയുള്ള എല്ലാ നോവലുകളിലും ആ കാലഘട്ടത്തിലെഴുതിയ പ്രഭാതം മുതല്‍ പ്രഭാതം വരെ, രാധ രാധ മാത്രം തുടങ്ങിയ കഥകളിലും അസ്തിത്വദുഃഖം സ്ഥിരം തീമായിരുന്നു. ഇന്ന്, ദല്‍ഹിയും ആവിലായിലെ സൂര്യോദയവും കൂട്ടംതെറ്റി മേയുന്നവരും ഈ ലോകം അതിലൊരു മനുഷ്യനും വായിക്കുന്ന ഒരാള്‍ പുസ്തകം പുച്ഛത്തോടെ വലിച്ചെറിഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയുമോ?
കഴിയും! കാലം മാറുമ്പോള്‍ പഴയ സത്യപ്രസ്ഥാനങ്ങള്‍ മറയുകയും പുതിയവ ആവിര്‍ഭവിക്കുകയും ചെയ്യുന്നു. പുതിയ ഒരു പ്രസ്ഥാനം പ്രത്യക്ഷമാവുന്നതോടെ രംഗം വിടുന്ന പഴയ പ്രസ്ഥാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു. പിന്‍തലമുറകള്‍ പഴയ കൃതികള്‍ വായിക്കുന്നത് അവയുടെ ചരിത്രപരമായ സാംഗത്യം ഓര്‍ത്തിട്ടാണ്. പ്രത്യക്ഷപ്പെട്ടപ്പോള്‍ എത്ര മോശം പ്രസ്ഥാനമായിരുന്നാലും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്‍തലമുറ പഴയ പ്രസ്ഥാനത്തെ ബഹുമാനത്തോടെ സമീപിക്കുന്നു. രാമചരിതത്തെ കണ്ണശ്ശന്റെ തലമുറ പുച്ഛത്തോടെ വലിച്ചെറിയില്ല. കൃഷ്ണഗാഥയെ എഴുത്തച്ഛന്‍ പുച്ഛത്തോടെ വലിച്ചെറിയില്ല. റിയലിസ്റ്റ് കൃതികളെ ആധുനികര്‍ പുച്ഛത്തോടെ വലിച്ചെറിഞ്ഞിട്ടുണ്ടോ? ചങ്ങമ്പുഴയുടെ കവിതകളെ എന്‍. വി. കൃഷ്ണവാരിയര്‍ വലിച്ചെറിയുമോ? എം. മുകുന്ദന്‍ എഴുതിത്തുടങ്ങുന്നത് മനോരമ ആഴ്ചപ്പതിപ്പില്‍ റിയലിസ്റ്റ് കഥകള്‍ എഴുതിക്കൊണ്ടാണ്. ആധുനികതയ്‌ക്കുശേഷം അദ്ദേഹം റിയലിസത്തിലേക്കു തിരിച്ചുപോവുകയും ചെയ്തു. പഴയ കൃതികളെ ഞാന്‍ എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഇക്കാര്യത്തില്‍ എല്ലാവരും എന്നെപ്പോലെയായിരിക്കും എന്നാണ് എന്റെ സങ്കല്‍പം.
അക്കാലത്ത് മുകുന്ദന്‍ എഴുതിയ ദുര്‍ഗ്രഹമായ ആധുനികകഥകളെ അസ്തിത്വവാദത്തിന്റെയോ അസ്തിത്വദുഃഖത്തിന്റെയോ സഹായമില്ലാതെ എങ്ങനെ വായിക്കാന്‍ കഴിയുമെന്ന് ഒരു പഠനത്തില്‍ ഞാന്‍ കാണിച്ചിട്ടുണ്ട്.
ആനന്ദും സേതുവും എം. മുകുന്ദനും കാക്കനാടനും ഒ.വി. വിജയനും ഉയര്‍ത്തിക്കാണിക്കാന്‍ അവരുടെ മാസ്റ്റര്‍പീസായി മാറിയ ഒരു കൃതി മാത്രമേയുള്ളൂ എന്ന അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
തീര്‍ച്ചയായും യോജിക്കും. എന്നാലും ആദ്യകാലത്ത് എഴുതിയ ഒരു കൃതിയാണ് മികച്ചത് എന്നുപറയുന്നത് ഒരുവിധത്തില്‍ ക്രൂരതയാണ്. പിന്നീട് എഴുതിയ അസംഖ്യം കൃതികള്‍ ഒന്നും നന്നായില്ല എന്നുപറയുന്നതിന് സമം. ആദ്യകൃതിയൊഴിച്ചാല്‍ നിങ്ങളുടെ ദീര്‍ഘകാലസാഹിത്യജീവിതം മുഴുവന്‍ അമ്പേ പരാജയം എന്നുപറയുന്നതുപോലെ.
ആധുനിക സാഹിത്യം പിറവിയെടുത്തപ്പോള്‍ ആധുനികനിരൂപണവും മലയാളത്തില്‍ രൂപംകൊണ്ടു. കെ.പി.അപ്പനും വി. രാജകൃഷ്ണനും നരേന്ദ്രപ്രസാദും ആഷാ മേനോനും ആധുനികകൃതികള്‍ക്കാണ് ഏറെയും പഠനങ്ങള്‍ എഴുതിയത്. ഇവരുടെ കൃതികളുടെ പേരുകള്‍ തന്നെ യൂറോപ്യന്‍ കൃതികളുടെ കോപ്പിയടിയാണെന്നും, ഭാഷ വളരെ കൃത്രിമമാണെന്നും പറയുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ? രോഗത്തിന്റെ പൂക്കള്‍, മൗനം തേടുന്ന വാക്ക്, കലഹവും വിശ്വാസവും, കലിയുഗാരണ്യകങ്ങള്‍, തിരസ്‌കാരം തുടങ്ങിയ ടൈറ്റില്‍സ് വിമര്‍ശിക്കപ്പെട്ടിരുന്നു.
നരേന്ദ്രപ്രസാദ് എന്റെ അധ്യാപകനും ഞാന്‍ ആദരിക്കുന്ന വ്യക്തിയുമാണ്. എന്നാല്‍ നിരൂപകന്‍ എന്ന നിലയില്‍ അപ്പനെയും രാജകൃഷ്ണനെയും പോലെ പരിഗണിക്കേണ്ട ഒരാളാണ് അദ്ദേഹം എന്നു ഞാന്‍ വിചാരിക്കുന്നില്ല. അപ്പനും മറ്റും അന്ന് കൂടുതലായും ആധുനികകൃതികള്‍ക്ക് നിരൂപണമെഴുതിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
ആധുനികനിരൂപകര്‍ അറിയപ്പെടുന്ന എഴുത്തുകാരായ സി. രാധാകൃഷ്ണനെയും കോവിലനെയും പി. വത്സലയെയും തീരെ ശ്രദ്ധിച്ചില്ല എന്ന ആരോപണത്തില്‍ കഴമ്പുണ്ടോ?
ആധുനികതയ്‌ക്ക് സമകാലികരെങ്കിലും ഈ എഴുത്തുകാരുടെ കൃതികള്‍ ആധുനികതയുടെ പ്രമേയലോകത്തില്‍ ഉള്‍പ്പെടുന്നവയല്ല. അതാവും ആധുനിക നിരൂപകര്‍ ഇവരെ ശ്രദ്ധിക്കാതിരിക്കാന്‍ കാരണം. ഇവരില്‍ കോവിലന്‍ ആധുനികതയുടെ പ്രാധാന്യത്തെപ്പറ്റി ശരിക്കും ബോധവാനും ആധുനികശൈലിയില്‍ എഴുതിയതുകൊണ്ട് ഇനി കാര്യമില്ല എന്നു മനസ്സിലാക്കിയ എഴുത്തുകാരനും ആയിരുന്നു. ആധുനികതയ്‌ക്ക് അപ്പുറം കടക്കാനാണ് കോവിലന്‍ പിന്നീട് ശ്രമിച്ചത്. അതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. അത്തരമൊരു എഴുത്തുകാരന്റെ കൃതികളെ സമീപിക്കാന്‍ ആധുനികനിരൂപണത്തിന് കഴിയുമായിരുന്നില്ല. പി. വത്സലയെപ്പറ്റി കെ.പി. അപ്പന്‍ ഒരു വാക്കുപോലും എഴുതിയിട്ടില്ല എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. അതില്‍ അപ്പനെ കുറ്റപ്പെടുത്താനാവില്ല. വത്സലയുടെ ലോകം അപ്പന്റെ ലോകമായിരുന്നില്ല. അതാണ് കാരണം.
താങ്കള്‍ അടുത്തകാലത്ത് എംടിയുടെ പോപ്പുലാരിറ്റി കഥാകൃത്ത് എന്ന നിലയില്‍ ടി. പത്മനാഭന് മുകളിലാണെന്നും പക്ഷേ കഥാകൃത്ത് എന്ന നിലയില്‍ ടി. പത്മനാഭന്‍ ഏറെ മുകളിലാണെന്നും പറയുകയുണ്ടായി. ഇത് തന്നെയല്ലേ ഒ.എന്‍. വി. കുറുപ്പിന്റെ കാര്യത്തിലും ശരി. ഒ.എന്‍.വി. കവിതകളെ വിമര്‍ശിച്ച സച്ചിദാനന്ദന്‍ തന്നെയാണ് അദ്ദേഹത്തെ ജ്ഞാനപീഠത്തിന് ശുപാര്‍ശ ചെയ്തത്. പി. ഭാസ്‌കരന്‍ മലയാളസിനിമയുടെ ജാതകം തിരുത്തിയ സംവിധായകനാണ്. കവി എന്ന നിലയിലും സമശീര്‍ഷന്‍. പക്ഷേ അദ്ദേഹത്തിന് ഒരു തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചത് മാറ്റി നിര്‍ത്തിയാല്‍ മറ്റ് അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ല. ഇത്തരം വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?
ജ്ഞാനപീഠം പോലുള്ള അവാര്‍ഡുകള്‍ക്ക് പരിഗണിക്കണമെങ്കില്‍ കാവ്യഗുണം മാത്രം പോരാ. പ്രസിദ്ധി വേണം, പഠന നിരൂപണങ്ങള്‍ ആ കവിയെപ്പറ്റി പുറത്തുവരണം. ഒഎന്‍വിയുടെ കാര്യത്തില്‍ ഇവയ്‌ക്കൊന്നും പഞ്ഞമില്ലായിരുന്നു. മാത്രമല്ല വേറെ ആളുകള്‍ നിര്‍ദ്ദേശിച്ചും തെരഞ്ഞെടുത്തുമാണ് ഒഎന്‍വി അവസാന പരിഗണനയ്‌ക്ക് എത്തിയിട്ടുണ്ടാവുക. ആ ഘട്ടത്തില്‍ സച്ചിദാനന്ദന്റെ സ്ഥാനത്തിരിക്കുന്ന ഏതു വിധികര്‍ത്താവും കവി മലയാളിയാണ് എന്ന കാര്യമേ നോക്കൂ. താന്‍ കമ്മിറ്റിയിലിരുന്നിട്ടും അവാര്‍ഡ് ഒഎന്‍വിക്ക് കിട്ടാതെ പോയാല്‍ അതിന്റെ പഴി വേറെയും കേള്‍ക്കേണ്ടിവരും. പിന്നെ അര്‍ഹിക്കുന്നവര്‍ക്ക് അവാര്‍ഡ് കിട്ടാത്ത പ്രശ്‌നത്തെപ്പറ്റി ഞാന്‍ എന്തു പറയാന്‍!
എംടിയുടെ രണ്ടാമൂഴം ഡീമിസ്റ്റിഫൈ ചെയ്തഒരു നോവലാണ്. പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലും ഇതേ ഗണത്തില്‍ പെടുന്നതാണ്. പക്ഷേ എംടി നേടിയെടുത്ത പ്രശസ്തിയുടെ പൂമാലകള്‍ക്ക് കയ്യും കണക്കുമില്ല. പി.കെ. ബാലകൃഷ്ണന്റെ കൃതി കൂടുതല്‍ ചര്‍ച്ച ചെയ്യാതെ പോയി. ഇതിനു പിറകില്‍ ജാതീയത ഒരു ഘടകമാണോ?
മഹാഭാരതത്തിലെ മുഖ്യകഥാപാത്രങ്ങള്‍ ദേവന്മാരില്‍നിന്നു ജനിച്ചവരാണ് എന്ന് ഇതിഹാസം. സത്യം ഇതല്ല, അവര്‍ മനുഷ്യരില്‍നിന്ന് ജനിച്ചതാണ് എന്നുപറയുന്നതാണ് ഡീമിസ്റ്റിഫിക്കേഷന്‍ എങ്കില്‍ രണ്ടാമൂഴം ഡീമിസ്റ്റിഫൈ ചെയ്യുന്ന നോവലാണ്. അതില്‍ കവിഞ്ഞ ഡീമിസ്റ്റിഫിക്കേഷന്‍ ഒന്നും രണ്ടാമൂഴത്തില്‍ ഇല്ല. പി.കെ. ബാലകൃഷ്ണന്റെ നോവല്‍ ഒരു കാലത്ത് നന്നായി വായിക്കപ്പെട്ടിരുന്നു. അതു വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നുപറഞ്ഞാല്‍, മലയാളത്തില്‍ അങ്ങനെ അധികം കൃതികളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല എന്നതാണ് സത്യം. അതു ചര്‍ച്ച ചെയ്യപ്പെടാതെ പോയതില്‍ ജാതീയതയ്‌ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം എനിക്കറിയില്ല. മലയാളത്തിലെ എഴുത്തുകാര്‍ക്ക് സ്വീകാര്യത കിട്ടണമെങ്കില്‍ അവര്‍ ഏതു ജാതിയില്‍പ്പെടുന്നുവോ ആ ജാതി സമുദായത്തിന്റെ പിന്തുണ ആദ്യം നേടണം എന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. ഏതെങ്കിലും ജാതിയില്‍ ജനിച്ചാല്‍ പോരാ, ആ ജാതി അവനെ ഏറ്റെടുക്കണം. എങ്കിലേ മൊത്തം സമൂഹത്തിന്റെ അംഗീകാരം കിട്ടുകയുള്ളൂ എന്നുണ്ടത്രേ.
മലയാള സീനിയര്‍ നിരൂപകരില്‍ ഒരാളായ എം.കെ. സാനു അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇന്നത്തെ നിരൂപകരില്‍ വി. രാജകൃഷ്ണനും വി.സി. ശ്രീജനും എം. തോമസ് മാത്യുവും എടുത്തുപറയേണ്ട പേരുകളാണെന്നാണ്. താങ്കളുടെ അഭിപ്രായത്തില്‍ ഇന്നത്തെ നിരൂപകരില്‍ പ്രതീക്ഷയുള്ളവര്‍ ആരൊക്കെയാണ്?
ആരുമില്ല. പുതിയ, എന്നുപറഞ്ഞാല്‍ ഏറ്റവും പുതിയ നിരൂപകരും ബുക്‌റിവ്യൂ എഴുതുന്നവരും ചെയ്യുന്നത് വളരെ വിചിത്രമായ കാര്യമാണ്. ആദ്യം അവര്‍ ഒരു പുസ്തകം വായിക്കും. അതിനുശേഷം ചില ചിന്തകള്‍ അവരുടെ മനസ്സില്‍ വരും. ഈ ചിന്തകള്‍ക്ക് നോവലിലേ കഥയുമായോ പാത്രങ്ങളുമായോ പശ്ചാത്തലവുമായോ കാലവുമായോ ഒരു ബന്ധവും കാണില്ല. ഇത്തരം ചിന്തകള്‍ രേഖപ്പെടുത്തി അവര്‍ അതിനെ നിരൂപണം എന്നുവിളിക്കുന്നു. നിരൂപണ ലേഖനത്തിന് സ്വന്തമായി ഏതെങ്കിലും ഘടനയോ അവതരണരീതിയോ സയുക്തികവിന്യാസമോ കാണുകയുമില്ല. സാഹിത്യകൃതിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ഉള്‍ക്കാഴ്ചയും അതില്‍നിന്ന് കിട്ടുകയില്ല. ഏകദേശം അഞ്ചാറുകൊല്ലം മുന്‍പ് അന്നത്തെ ഒരു നിരൂപകനെ ഭാവി വാഗ്ദാനമായി ചൂണ്ടിക്കാട്ടിയതിനുശേഷം ഉണ്ടായ വിചിത്രമായ അനുഭവത്തിനുശേഷം നിരൂപണ രംഗത്തെ ഭാവി വാഗ്ദാനങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്ന ഉപചാരം ഞാന്‍ നിര്‍ത്തിയിരിക്കുകയാണ്. ഒരാള്‍ മികച്ച നിരൂപകനാണെന്ന് ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ കുഴപ്പമുണ്ട്. ഭാവിയില്‍ അതേ ആള്‍ എന്നെ ആക്രമിക്കാന്‍ വരും, എനിക്ക് മറുപടി പറയാനോ തിരിച്ചടിക്കാനോ കഴിയാതെ പോകും. ഭാവിയിലെ മികച്ച നിരൂപകനെ ചൂണ്ടിക്കാട്ടുകയെന്ന വിഡ്ഢിത്തം ഇനി ഞാന്‍ ചെയ്യില്ല.
ഇന്ന് കേരളത്തിലെ എഴുത്തുകാര്‍ വലിയ ഒരു വിഭാഗം ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറിയിരിക്കുന്നു. എം.എന്‍. വിജയന്‍ കണ്ണൂരില്‍ സിപിഎം ചെയ്ത എല്ലാ തിന്മകളെയും ന്യായീകരിച്ചിരുന്നു. ഒടുവില്‍ വിജയന്‍ മാസ്റ്റര്‍ പുറത്തായി. എം. സുകുമാരന്‍ കമിറ്റ്‌മെന്റിനെ കലയാക്കി മാറ്റിയ അപൂര്‍വം എഴുത്തുകാരനായിരുന്നു. അദ്ദേഹവും ഒടുവില്‍ ഒറ്റപ്പെട്ടു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
ശരിയാണ്. പാര്‍ട്ടികളില്‍നിന്നു കിട്ടാനിടയുള്ള ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. എം.എന്‍. വിജയന്‍ അന്തരിച്ചു. ഇനിയും അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയല്ല. വിജയന്‍ പാര്‍ട്ടിയോട് അടുക്കുന്നു എന്ന് കേട്ടപ്പോഴേ ഈ ബന്ധം അധികകാലം പോവുകയില്ല എന്ന് എനിക്ക് അറിയാമായിരുന്നു. വിജയന്‍ പുറത്തായതിന്റെ കാരണം വേറൊരിടത്ത് ഞാന്‍ വ്യക്തമാക്കിയതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല. വിജയനെ പുറത്താക്കിയതല്ല. അദ്ദേഹം സ്വയം പുറത്തുപോയതാണ്. സുകുമാരന്‍ ഒറ്റപ്പെട്ടതും സ്വന്തം തീരുമാനപ്രകാരമാണ്. മറ്റാരെങ്കിലും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതല്ല.
ഫാസിസം ഇന്ത്യാ മഹാരാജ്യത്തെ വിഴുങ്ങിയെന്ന് മുറവിളി കൂട്ടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ റഷ്യയിലെ സ്റ്റാലിന്‍ ഭരണകാലത്തെ ഭീകരാവസ്ഥയും സോള്‍ഷെനിറ്റ്‌സന്റെ സൈബീരിയന്‍ അനുഭവവും കാണാതെ പോകുന്നു. ഇന്നും പുട്ടിനെ വിമര്‍ശിച്ച ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വീടിനു മുന്‍പില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സച്ചിദാനന്ദന്‍ തന്നെ എഴുതുന്നു. പ്രതികരണം?
സ്വന്തം വീക്ഷണമാണ് സത്യത്തില്‍വച്ച് സത്യം എന്ന ഉറച്ച വിശ്വാസംകൊണ്ടാണ് ആളുകള്‍ അക്രമികളാകുന്നത്. അനുനയത്തിലൂടെയും യുക്തിയിലൂടെയും പ്രതിയോഗികളെ വശത്താക്കാന്‍ കഴിയാതായാല്‍ അക്രമം അഴിച്ചുവിടുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനമായാലും മതവാദമായാലും മൗലികവാദമായാലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. എന്റെ സ്‌കൂളില്‍, കോളജില്‍, ഗ്രാമത്തില്‍, ജില്ലയില്‍ എന്റെ കക്ഷി മതി, മറ്റൊരുത്തനും പ്രവര്‍ത്തിക്കേണ്ട എന്ന ശാഠ്യമാണ് എല്ലാറ്റിനും കാരണം. യൂറോപ്പില്‍ ഒരു കാലത്ത് ഉണ്ടായിരുന്നതോ അതിനോട് അടുത്തുനില്‍ക്കുന്നതോ ആയ ഫാസിസമൊന്നും ഇന്ത്യയില്‍ ഇല്ല. ജനങ്ങളെ ഭയപ്പെടുത്താന്‍ കരുതിക്കൂട്ടി ഉണ്ടാക്കുന്ന പുകമറ മാത്രമാണത്. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതില്‍ തെറ്റില്ല എന്ന ജനാധിപത്യവിരുദ്ധമായ കമ്യൂണിസ്റ്റ് നിലപാട് ഏതുവിധത്തിലുള്ള ബലപ്രയോഗത്തെയും സാധൂകരിക്കാന്‍ പോന്നതാണ്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ എല്ലാ കൊലപാതകങ്ങളെയും ഒരേപോലെ അപലപിക്കണം. അല്ലാതെ അവരുടെ മരണം കോമഡി എന്ന് ആഹ്ലാദിക്കുകയും ഞങ്ങളുടെ മരണം ട്രാജഡി എന്ന് വിലപിക്കുകയും ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക