വാഴപ്പഴങ്ങളിലെ വിഐപിയാണ് കദളിപ്പഴം. വിലയുടെ കാര്യത്തിലും കദളി കേമനാണ്. മറ്റ് വാഴകൃഷികളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം ശ്രദ്ധയോടെ നോക്കിയാല്‍ കദളിവാഴ കൃഷിയില്‍ നിന്നും മികച്ച ലാഭം ഉണ്ടാക്കാന്‍ സാധിക്കും.
ഒരു കദളിക്കുലയില്‍ നിന്നും ആയിരം രൂപവരെയാണ് വരുമാനം ലഭിക്കുന്നത്. മറ്റ് പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി കദളി പഴം വളരെ സ്വാദും ഗന്ധവും ഔഷധ ഗുണവുമുള്ളതുമാണ്. പലപ്പോഴും കദളിപ്പഴങ്ങള്‍ക്ക് വേണ്ട മാര്‍ക്കറ്റ് ലഭിക്കുന്നില്ലെന്നതാണ് കദളിവാഴ കൃഷി നേരിടുന്ന പ്രധാന പ്രതിസന്ധി. അതുകൊണ്ട് വാഴപ്പഴം ഉണക്കിയെടുക്കുന്ന രീതിയും അവലംബിക്കാം. ഇത്തരത്തില്‍ ഉണക്കിയെടുക്കുന്ന വാഴപ്പഴങ്ങളില്‍ ഏറ്റവും രുചികരമായിട്ടുള്ളത് കദളിപ്പഴമാണ്. രുചിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഏത്തവാഴപ്പഴമായിരിക്കും.
കൃഷിരീതികള്‍
സാധാരണ വാഴയിനങ്ങള്‍ കൃഷിചെയ്യുന്നത് പോലെ തന്നെ കദളി വാഴകൃഷിയും ചെയ്യാവുന്നതാണ്. ചപ്പ് ചവറുകളും, ചാണകപ്പൊടിയും മറ്റിതര ജൈവവളങ്ങളും ആവശ്യാനുസരണം ചേര്‍ത്ത് കൊടുക്കാം. രാസവളങ്ങള്‍ അത്യാവശ്യഘടകമല്ല. ആവശ്യമെന്ന് തോന്നുന്ന പക്ഷം ഒന്നോ രണ്ടോ തവണ നേരിയ തോതില്‍ മാത്രം ചേര്‍ക്കുക. രാസവളം കൂടുതലായാല്‍ നാക്കടപ്പ് പോലെയുള്ള മാരക രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ അടിമപ്പെടും.
വാഴപ്പഴം ഉണക്കുന്ന വിധം
നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി സ്റ്റീല്‍ ട്രേകള്‍ ലഭ്യമാണെങ്കില്‍ ട്രേകളില്‍ നിരത്തി വെയ്‌ലത്ത് വെച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെയ്‌ക്കണമെന്ന് മാത്രം. സ്റ്റീല്‍ ട്രേകള്‍ ലഭ്യമല്ലെങ്കില്‍ നല്ലതുപോലെ കഴുകി ഉണക്കിയെടുത്ത തുണിയോ തോര്‍ത്ത് മുണ്ടോ ഓടിന്റെ മുകളിലോ വാര്‍ക്കപ്പുറത്തോ വെയില്‍ കിട്ടുന്ന ഭാഗത്ത് വിരിച്ചു അവയില്‍ നിരത്തിയും ഉണക്കിയെടുക്കാം.
ഇതൊരു സംരംഭമാക്കണം എന്നുണ്ടെങ്കില്‍ നല്ല ഡ്രയര്‍ തന്നെ വേണ്ടിവരും. ഇതിന് അനുയോജ്യമായ ഡ്രയര്‍ തന്നെ വേണം. ഡ്രയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതുമല്ലെങ്കില്‍ ചില്ലുഭരണിയിലാക്കി തേനോ ശര്‍ക്കര പാനിയോ ഒഴിച്ച് സൂക്ഷിക്കാം. പലഹാരം നിര്‍മ്മാണത്തിന് ഇത്തരത്തില്‍ ഉണക്കി സൂക്ഷിക്കുന്ന കദളിപ്പഴം ഉപയോഗിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക