സഞ്ചാരസാഹിത്യത്തിനു മീതെ സഞ്ചാരംതന്നെ ജീവിതമാക്കിയവരെ നാം എന്തു പറയും. ജീവിതം സഞ്ചാരമാക്കിയവര്‍ അങ്ങനെ ബാക്കിവെച്ചുപോയതാണ് ആ സഞ്ചാരത്തിന് ഇടംകിട്ടാത്തവരായ നമ്മള്‍ യാത്രപോയപോലെ വായിച്ചുതീര്‍ക്കുന്നത്. മലയാളത്തിന് ഇത്തരം മോഹിപ്പിക്കുന്ന സഞ്ചാര ജീവിതത്തിന്റെ ആസ്തി ഉണ്ടാക്കിത്തന്നത് എസ്.കെ.പൊറ്റക്കാടാണ്.
ഇന്ന് എസ്.കെ പൊറ്റക്കാടിന്റെ ഓര്‍മദിനം. സഞ്ചാരം തന്നെ ജീവിതമായിരുന്നു എസ്.കെ.പൊറ്റക്കാട്ടിന്. സഞ്ചാരം ജീവിതമാക്കിയ എഴുത്തുകാരന്‍. അസൗകര്യങ്ങള്‍ മാത്രം മൂലധനമായിരുന്ന കാലത്താണ് ലോകത്തിന്റെ മുക്കിലും മൂലയിലും പൊറ്റക്കാട് എത്തിയത്. ഇന്നായിരുന്നെങ്കില്‍ എത്രതവണ ഭൂമിതന്നെ വലംചുറ്റുമായിരുന്നു എസ്.കെ. യാത്ര കേവലം വിനോദംമാത്രമായിരുന്നകാലത്ത് സഞ്ചാരം തന്നെ ജീവിതമാക്കിക്കൊണ്ട് കാഴ്ചകളില്‍ ലോകഭൂപടം തീര്‍ത്ത മലയാളത്തിലെ ആദ്യ എഴുത്തുകാരനാണ് എസ്.കെ. അദ്ദേഹത്തിന്റെ എല്ലാ എഴുത്തിലും അങ്ങനെയൊരു ഭൂപടമുണ്ട്.
ഇത്തരമൊരു പ്രദേശക്കാഴ്ചയോടുള്ള ദൃഢപ്രണയമായിരിക്കണം നോവലുകളുടേയും കഥകളുടേയും പേരുകളില്‍പ്പോലും പരിസരം കൂട്ടിച്ചര്‍ക്കാന്‍ എസ്.കെയെ പ്രേരിപ്പിച്ചത്. ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ എന്നിങ്ങനെ രണ്ടു പ്രധാന നോവലുകളില്‍ മാത്രമല്ല ഈ എഴുത്തുകാരന്റെ ഒട്ടനവധി കഥകളുടേയും മിക്കവാറും സഞ്ചാരകൃതികളുടേയും തലക്കെട്ടുകളെ വഹിക്കുന്നത് ഇത്തരമൊരു ദേശനാമമായിത്തീരുന്നത് ഇങ്ങനെയൊരടുപ്പത്തിന്റെ മോഹവിചാരങ്ങള്‍കൊണ്ടുകൂടിയാണ്.
ദേശങ്ങളിലൂടെയുള്ള യാത്രകളും അതുവഴി ജീവിതത്തിലൂടെയുള്ള സഞ്ചാരവും നടത്തി നേടിയ മൂലധനം സംഭരിച്ചുവെക്കാന്‍ സഞ്ചാരകൃതികളില്‍ മാത്രം തികയില്ലെന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാവണം നോവലിന്റേയും കഥയുടേയും സുരക്ഷിതതാവളങ്ങളും ഇതിനായി അദ്ദേഹം കരുതിവെച്ചത്. ഒരു സഞ്ചാരിയുടെ അന്വേഷണങ്ങള്‍ വേണ്ടുവോളം അദ്ദേഹത്തിന്റെ സാഹിത്യത്തിലുമുണ്ട്. പ്രത്യേകിച്ചു സ്ഥലകാലങ്ങള്‍.
ഈ പ്രപഞ്ചം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതാണെന്നുള്ള ഭാരതീയത ചിന്തയിലും എഴുത്തിലുംകൊണ്ടു നടന്ന സഞ്ചാരിയും നോവലിസ്റ്റും കഥാകൃത്തുമാണ് എസ്.കെ. പൊറ്റക്കാട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലും ഇടമുണ്ടെന്നു വിശ്വസിക്കുന്ന ഭാരതീയ ചിന്തയുടെ തുറന്നുവെച്ച പുസ്തകങ്ങളാണ് എസ്.കെയുടെ കൃതികള്‍. പല പുസ്തകങ്ങളുടേയും കഥകളുടേയും പേരു തന്നെ ചില മൃഗനാമങ്ങളോടുകൂടിയായതില്‍ അതിശയമില്ല.
ദേശത്തിന്റെ പ്രമേയത്തിനുമേല്‍ മേഞ്ഞുപോകുന്നൊരു കഥയുടെ പുള്ളിമാന്‍ എസ്.കെ.പൊറ്റക്കാടിന്റെ രചനാ പ്രപഞ്ചത്തിലുണ്ട്. അതു ചിലപ്പോള്‍ മൗനത്തിന്റെ നാടന്‍പ്രേമമായും കുരുമുളകുവള്ളിയുടെ കടുത്ത എരിവായുമൊക്കെ മാറിയെന്നും വരാം. നിലാവു പരത്തിയ രാത്രിപ്പുഴയുടെ സംഗീതമുള്ള ആദ്യകാല നോവലുകളില്‍ ഒന്നായ നാടന്‍ പ്രേമം മുതല്‍ അവസാന കൂതിയില്‍ വരെ എസ്.കെയ്‌ക്കു ഇഷ്ടപ്പെട്ട ലാന്റ് സ്‌കേപ്പ് വായനക്കാരനു കാണാം.
മലയാള സാഹിത്യത്തിലെ കഥയുടെ രാജശില്‍പ്പിയായി വാഴ്‌ത്തപ്പെട്ട എസ്.കെയുടെ എഴുത്തുലോകം ജീവിതത്തിന്റെ വിശാലമായ തുറവിപോലെ വിസ്തൃതമായ സ്ഥല-ഭൂഖണ്ഡങ്ങളുടെകൂടി ലാന്റ് സ്‌കേപ്പാണ്. അദ്ദേഹത്തിന്റെ കഥാ-നോവല്‍ ലോകത്ത് സ്ഥലരാശികള്‍ പരിസരാന്തരീക്ഷത്തെക്കാളധികം കഥാപാത്രങ്ങളെപ്പോലെ തന്നെ സാന്നിധ്യമായി വന്നുചേരുന്നുണ്ട്.
എസ്.കെ പൊറ്റക്കാടിന്റെ പ്രധാന രചനകളുടെ തലക്കെട്ടുകള്‍തന്നെ സ്ഥലനാമങ്ങളുടേതാണ്. ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, ആഫ്രിക്ക, യൂറോപ്പ്,റഷ്യ, ലണ്ടന്‍ നോട്ട് ബുക്ക്, ബാലിദ്വീപ്, നേപ്പാള്‍ യാത്ര എന്നിങ്ങനെ സ്ഥലപ്പേരുകളുള്ള പുസ്തകങ്ങള്‍ എസ്.കെയുടെ അല്ലാതെ മലയാളത്തില്‍ അധികമില്ല. ജീവിക്കുന്ന മനുഷ്യരെപ്പോലെ അവരുടെ പരിസരങ്ങള്‍ക്കും അവയുടെ പുരാവൃത്തത്തിനും സമാസമം പ്രാധാന്യമുണ്ട്. ഈ എഴുത്തുകാരനില്‍ സര്‍ഗവിതാനമുള്ള ഒഴിയാബാധപോലെയാണ് ഇത്തരം കാര്യങ്ങള്‍ കടന്നുവന്നത്. കഥ, കവിത, നോവല്‍, നാടകം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ നീണ്ട രചനാസപര്യയ്‌ക്കിടയില്‍ എണ്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി.
ഇന്നു യാത്രയെഴുത്ത് ഒരുപ്രത്യേക സാഹിത്യ വിഭാഗമായിട്ടുണ്ടെങ്കിലുംഅതിന്റെ ആദ്യകാലം എസ്.കെയില്‍ നിന്നാണ് തുടങ്ങുന്നതെന്ന് ആവര്‍ത്തിച്ചു പറയേണ്ടിവരുന്നു. ഒരുനോവല്‍പോലെയോ കഥപോലെയോ വായിച്ചുപോകാവുന്നത്ര ശില്‍പ്പഘടനയും അനുഭവരീതിയുമുള്ളവയാണ് ഈ യാത്രയെഴുത്തുകള്‍. യാത്രയെക്കാള്‍ ഓരോ ദേശത്തും അദ്ദേഹം കണ്ടെത്തിയത് തന്റെതായൊരു പുതുമയാണ്.
ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, നാടന്‍പ്രേമം, കുരുമുളക്, പ്രേമശിക്ഷ, മൂടുപടം എന്നീ നോവലുകളില്‍, കോഴിക്കോട് മിഠായിത്തെരുവിന്റെ കഥ പറയുന്ന ഒരു തെരുവിന്റെ കഥയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആത്മകഥാപരമായ നോവല്‍ ഒരു ദേശത്തിന്റ കഥയ്‌ക്ക് എസ്.കെയ്‌ക്കു ജ്ഞാനപീഠവും ലഭിച്ചു.
കാല്‍പ്പനികതയുടെ ഭാവപ്പകര്‍ച്ച ഉള്ളവയാണ് എസ്.കെയുടെ രചനകള്‍. പ്രത്യേകിച്ച് കഥകള്‍ക്ക് ഈ ഗരിമകൂടുതലാണ്. കഥകളുടെ പേരിനുപോലുമുണ്ട് ഈ ഗുണം. ചന്ദ്രകാന്തം, രാജമല്ലി, മേഘമാല, പുള്ളിമാന്‍, ഇന്ദ്രനീലം, ഹിമവാഹിനി, ഏഴിലംപാല തുടങ്ങിയ നാമങ്ങളില്‍ ഈ കാല്‍പ്പനിക ധ്വനിയുണ്ട്.
1913ല്‍ കോഴിക്കോട് ജനിച്ച എസ്.കെ. പൊറ്റക്കാട് 1982 ല്‍ ആഗസ്റ്റ് 6ന് 69-ാം വയസില്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക