Categories: Kerala

ശബരിമല: കോടതിയല്ല തീരുമാനിക്കേണ്ടത്; വിഎച്ച്പി പ്രമേയം ഇങ്ങനെ

Published by

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമോ എന്നകാര്യത്തില്‍  കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളം. എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 29 ന് യോഗം അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം: 

ദേവഹിതം അറിയണം:

ഇന്ത്യന്‍ ഭരണഘടന എഴുതപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിലനിന്നിരുന്ന ഹൈന്ദവ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കരിക്കപ്പെടണമെന്നുണ്ടെങ്കില്‍ അതിന് ഹൈന്ദവ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അംഗീകാരം ലഭിക്കേണ്ടതുണ്ട്. വിശ്വാസത്തെയും വിശ്വസികളെയും വിശ്വാസത്തിലെടുക്കാതെയുള്ള ഏതൊരു തീരുമാനവും സമൂഹത്തില്‍ കൂടുതല്‍ മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കാനെ ഉതകൂ. ക്ഷേത്ര സംബന്ധമായ വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കേരളത്തില്‍ പൊതുവായി അംഗീകരപ്പെട്ടതും തന്ത്രവിധിപ്രകാരം നിഷ്‌കര്‍ഷിക്കപ്പെട്ടതുമായ ഒരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രം തന്ത്രിയും ക്ഷേത്ര ഭരണാധികാരികളും ആലോചിച്ച് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന ദേവപ്രശ്‌നം വഴി ദേവഹിതം അറിഞ്ഞു കൊണ്ട് പ്രശ്‌നപരിഹാരം കാണുക എന്നതാണ് ഈ സംവിധാനം. ഈ കഴിഞ്ഞ കാലങ്ങളിലെല്ലാം ഈ സംവിധാനമുപയോഗിച്ചാണ് ഓരോ ക്ഷേത്രങ്ങളും വിവിധങ്ങളായ പല തീരുമാനങ്ങളും എടുത്തു കൊണ്ടിരുന്നത്. അതു കൊണ്ടു തന്നെ ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനാസ്പദമായ വിഷയവും മേല്‍പ്പറഞ്ഞ സംവിധാനമുപയോഗിച്ച് വേണം തീര്‍പ്പാക്കാന്‍. കേരള ഹൈക്കോടതിയില്‍ ശബരിമല സംബന്ധിച്ച കേസ് നടന്നപ്പോള്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കോടതി പരിഗണിച്ചു എന്നതു തന്നെ ഇതിനുദാഹരണമായി നമ്മുടെ മുന്നിലുണ്ട്.

ഉദ്ദേശ്യം സംശയകരം

സുപ്രീം കോടതിയില്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ കോടതിക്കകത്തും പുറത്തും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും നടക്കുന്നതായി മാധ്യമങ്ങളില്‍ കൂടി മനസ്സിലാകുന്നു. ഇത് ആര്‍ക്കും ഭൂഷണമല്ല. ഹിന്ദുക്കള്‍ക്ക് ഈ കാര്യത്തില്‍ വളരെയധികം ആശങ്കയുണ്ട്. ഇത് പല പ്രസിദ്ധീകരണങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ധാരാളം ആളുകള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ഭൂരിപക്ഷ സമുദായത്തെ, അവര്‍ വിശ്വസിക്കുന്ന സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളെ തരംതാണ പരാമര്‍ശങ്ങളിലൂടെ അടച്ചാക്ഷേപിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം സംശയാസ്പദമാണ്. നാളിതുവരെ ഒരു കേസിലും മറ്റൊരു സമുദായവും ഇത്തരത്തിലുള്ള തരംതാണ പരാമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടില്ല. എന്തുകൊണ്ട് ഇത് ഹൈന്ദവ സമുദായത്തിനു മാത്രം സംഭവിക്കുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇത്തരം പരാമര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശബരിമലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളെപ്പോലും ധിക്കരിച്ചുകൊണ്ട് അവിടെ കയറും എന്ന് പലരും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് എന്നുള്ളതും ഇത് ഒരു സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള വസ്തുതയും ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തിവെക്കുന്ന അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഭരണഘടനാ സ്വാതന്ത്ര്യം:

വിശ്വാസവും നിയമവും രണ്ട് വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. വിശ്വാസം മനുഷ്യനും അവന്‍ വിശ്വസിക്കുന്ന, അവന്റെ സങ്കല്പത്തിലുള്ള ഈശ്വരനുമായുള്ള വ്യവഹാരത്തെ നിഷ്‌കര്‍ഷിക്കമ്പോള്‍, നിയമം മനുഷ്യനും സമൂഹവുമായുള്ള വ്യവഹാരത്തെയാണ് നിഷ്‌കര്‍ഷിക്കുന്നത്. ഓരോ മതവിഭാഗവും അവരുടെ ആരാധനാക്രമങ്ങള്‍ എങ്ങനെയാണ് നടത്തേണ്ടത് എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മറിച്ച് ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും ആ മതവിശ്വാസമനുസരിച്ച് ആരാധന നടത്താനുമുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശബരിമലയിലെ ആചാരങ്ങളും ഇത്തരത്തില്‍ വേണം കാണാന്‍.

മാറ്റം വരുത്തിയിട്ടുണ്ട്,പക്ഷേ:

ലിംഗസമത്വത്തേക്കുറിച്ചും സ്ത്രീകളുടെ അവകാശ സംരക്ഷണത്തേക്കുറിച്ചും ഹിന്ദുക്കളോട് പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. സ്ത്രീകള്‍ക്ക് ഇത്രത്തോളം ഉന്നതമായ മഹത്വം കല്പിക്കുന്ന മറ്റൊരു മതവുമുണ്ടെന്നു തോന്നുന്നില്ല. നാരീ പൂജ തുടങ്ങി സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള പൊങ്കാല തുടങ്ങിയ ആചാര പദ്ധതികളും ഇതിനുദാഹരണങ്ങളാണ്. താന്ത്രിക വിധി പ്രകാരം വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളായിരിക്കും നിഷ്‌കര്‍ഷിക്കപ്പെട്ടുള്ളത്. അതു കൊണ്ടു തന്നെ ഭക്തജനങ്ങള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ ലിംഗഭേദമില്ലാതെയും മറ്റുചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളായി നടന്നു വരുന്ന ഈ സമ്പ്രദായം ഭക്തജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ടാണ് ക്ഷേത്രാരാധന നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സമ്പ്രദായങ്ങള്‍ക്ക് പല സമയത്തും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, പക്ഷേ അത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് മുകളില്‍ പറഞ്ഞ സംവിധാനമുപയോഗിച്ചാണെന്നുള്ള വസ്തുതയാണ് മനസ്സിലാക്കാനുള്ളത്.

പുച്ഛിക്കുന്നത് വിവേകമില്ലാഞ്ഞ്: 

ആചാരങ്ങളുടെയെല്ലാം അടിസ്ഥാനം ശാസ്ത്രിയ തത്ത്വങ്ങള്‍ തന്നെയാണ്. അത് പരിപാലിക്കപ്പെടാനുള്ളതാണ്. ക്ഷേത്ര സംസ്‌കാരത്തിന്റെ നിലനില്പിനും ആരാധന കൊണ്ടുള്ള ഫലപ്രാപ്തിക്കും അത്യന്താപേക്ഷിതവുമാണ്. അതിന്റെ ശാസ്ത്രീയത മനസ്സിലാക്കാതെ പുച്ഛിക്കുന്നത് വിവേകമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീ പുരുഷ സമത്വത്തിനും സ്വാതന്ത്ര്യത്തിനും നിരക്കാത്തതെന്നു തോന്നിപ്പിക്കുന്ന വിവിധങ്ങളായ ആചാരങ്ങള്‍ ഹൈന്ദവ മതത്തില്‍ മാത്രമല്ല, എല്ലാ മതങ്ങളിലുമുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതൊന്നും കാണാതെ പോകുന്നത്? ഹിന്ദുക്കള്‍ ഇത്തരം കാര്യങ്ങളില്‍ സംയമനം പാലിക്കുന്നത് അവരുടെ കഴിവുകേടാണെന്നു ധരിക്കുന്നുണ്ടെങ്കില്‍ അതിനു മാറ്റം വരേണ്ടിയിരിക്കുന്നു. അവിശ്വാസികള്‍ അഭിപ്രായം പറയേണ്ട വിഷയമല്ല ഇത്. ക്ഷേത്രാരാധനയില്‍ വിശ്വാസമില്ലാത്തവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നുള്ളത് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലൊ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ച കക്ഷികളുടെയും സംഘടനയുടെയും ഉദ്ദേശവും ആത്മാര്‍ത്ഥതയും കാഴ്ചപ്പാടും സംശയത്തോടെ മാത്രമെ കാണാന്‍ കഴിയൂ.

സര്‍ക്കാര്‍ നിലപാട് തിരുത്തണം:

ഈ വിഷയത്തില്‍ ക്ഷേത്ര വിശ്വാസികളുടെയും ഹൈന്ദവ – സാമുദായിക സംഘടനകളുടെയും അഭിപ്രായമാരാഞ്ഞശേഷം കൃത്യമായ നിലപാടെടുത്ത് കോടതിയെ ധരിപ്പിക്കേണ്ട ബാദ്ധ്യതയും ഉത്തരവാദിത്തവും കേരള സര്‍ക്കാരിനാണ്. പക്ഷേ, ഇതിന് കടകവിരുദ്ധമായി ബന്ധപ്പെട്ട ആരുടെയും അഭിപ്രായം ആരായാതെ തീര്‍ത്തും വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ക്ഷേത്ര വിശ്വസികളുടെ വികാരം മനസിലാക്കി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് എത്രയും പെട്ടന്ന് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന വാദം തന്നെ അടിസ്ഥാനപരമായി തെറ്റാണ്. സ്ത്രീകളുടെ പ്രവേശനത്തിന് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ചില നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പല നിയന്ത്രണങ്ങളും നൂറ്റാണ്ടുകളായി നിലനില്ക്കുന്നുണ്ട്. ശബരിമലയുടെ കാര്യത്തിലാണെങ്കില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ സമ്പ്രദായങ്ങളാണ് വിധിക്കപ്പെട്ടുള്ളത്. മറ്റു ക്ഷേത്രങ്ങളില്‍ ദേവനും ദേവിയും ഒരേ ക്ഷേത്രത്തില്‍ കുടികൊള്ളുമ്പോള്‍ ശബരിമലയില്‍ മാളികപ്പുറത്തമ്മ അയ്യപ്പക്ഷേത്രത്തില്‍ നിന്നും വളരെ മാറി മറ്റൊരു ക്ഷേത്രത്തിലാണ് കുടികൊള്ളുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ഇത്തരത്തിലുള്ള സവിഷേതകളും പ്രത്യേകതകളും ഇതു സംബന്ധിച്ച മറ്റു വിഷയങ്ങളും പരിശോധിക്കുകയും ആധികാരികമായി ഇത്തരം വിഷയങ്ങള്‍ പഠിച്ചവരുടെ അഭിപ്രായങ്ങള്‍ തേടുകയുംചെയ്യേണ്ടതാണ്. 

ശബരിമലയുടെ പവിത്രതയും ആചാരങ്ങളും അനുഷ്ടാനങ്ങളും താന്ത്രിക വിധി പ്രകാരം നിലനിര്‍ത്തുന്നതിനും ഭക്തജനങ്ങള്‍ക്ക് ഇപ്പോഴുള്ള ആശങ്കകള്‍ അകറ്റുന്നതിനും അവിശ്വാസികളുടെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ നിന്നും ബാഹ്യ ഇടപെടലുകളില്‍ നിന്നും ഹൈന്ദവ സമൂഹത്തെയും ക്ഷേത്രങ്ങളെയും വിശ്വാസത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയും അയ്യപ്പഭക്തന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടുകൂടി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ഓരോ ക്ഷേത്ര വിശ്വാസിയും തയ്യാറാകണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആഹ്വാനം ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by