Categories: Special Article

പെരുന്തച്ചന്റെ ഉളിയും കാണാം

Published by

പുടയൂര്‍ ജയനാരായണന്‍

ചില യാത്രകള്‍ അങ്ങിനെയാണു. അവ നമ്മളെ വല്ലാതെ സ്പര്‍ശിക്കും. ഇന്ന് അവിചാരിതമായി അത്തരമൊരു യാത്രാനുഭവത്തിന്റെ ദിനമാണു. എത്രയോ തവണ തൊട്ടടുത്ത് കൂടെ കടന്ന് പോയിട്ടും പലകാരണങ്ങളാല്‍ ചെല്ലുവാന്‍ സാധിച്ചിട്ടില്ലാത്ത രണ്ട് സങ്കേതങ്ങളിലേക്കാവുമ്പോള്‍ അതിന് ഊഷ്മളതയേറും.

ഷൊര്‍ണ്ണൂരില്‍ ഭാര്യാ ഗൃഹത്തിലെ നാല് ദിന വാസത്തിനു ശേഷമുള്ള മടക്കയാത്രയാണു സന്ദര്‍ഭം. ഷൊര്‍ണ്ണൂരില്‍ നിന്ന് കാലത്ത് നേരത്തെ തന്നെ ഇറങ്ങി ഉച്ചയൂണിനു മുന്നേ നാടുപിടിക്കുകയായിരുന്നു ഉദ്ദേശം. 

പക്ഷേ ഇന്നലെ രാത്രി ഒരു ഉള്‍വിളി, പട്ടാമ്പിയില്‍ നിന്ന് അധികം ദൂരെയല്ലാത്ത പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്രത്തിലും അവിടെ നിന്ന് അധികം അകലത്തിലല്ലാത്ത ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലും ഒന്ന് കയറിയാലോ എന്ന ആലോചന. എന്തായാലും ആ ചിന്ത പടര്‍ന്ന് കയറിയത് പെട്ടെന്നാണു. കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രം അന്വേഷിക്കുന്നതിനിടെ പലതവണ മോഹിച്ചതാണു പുരാതന കേരളത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികളെത്തന്നെ നിയന്ത്രിച്ച ഈ രണ്ട് ഗ്രാമ ക്ഷേത്രങ്ങള്‍ ഒന്ന് നേരില്‍ സന്ദര്‍ശിക്കണമെന്ന്. പലതവണ അതിനുദ്യമിച്ചുവെങ്കിലും, തൊട്ടരികില്‍ക്കൂടി കടന്ന് പോകുവാന്‍ ഇടവന്നിട്ടും എല്ലായ്‌പ്പോഴും സാഹചര്യങ്ങള്‍ ആ മോഹത്തെ ദൂരേക്ക് തള്ളി നീക്കിക്കൊണ്ടിരുന്നു. എന്നാല്‍ ഇന്നാണതിനവസരം ഒരുങ്ങിയത്. കേരള ചരിത്രത്തിലെ തന്നെ സുപ്രധന ഏടായി പരിഗണിക്കുന്ന പന്നിയൂര്‍ ശുകപുരം കുറുമത്സരക്കഥകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കുവാന്‍ സാഹചര്യം ഒത്ത് വന്നത്.

പന്നിയൂര്‍ – ശുകപുരം കുറുമത്സരം

പേര് സൂചിപ്പിക്കുമ്പോലെ തന്നെ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ മൂന്നാമത്തേതായി കല്‍പ്പിക്കുന്ന വരാഹമൂര്‍ത്തിയെ ആരാധിക്കുന്ന കേരളത്തിലെ ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന സങ്കേതമാണു പന്നിയൂര്‍. കേരളോല്‍പ്പത്തിക്ക് ശേഷം കേരളദേശത്ത് 32 നമ്പൂതിരി ഗ്രാമങ്ങള്‍ക്ക് വേദിയൊരുക്കിയ ശ്രീപരശുരാമന്‍ പഴയ കേരള ദേശത്തിന്റെ ഒത്ത നടുക്കായി കുടിയിരുത്തിയതത്രേ വരാഹമൂര്‍ത്തിയെ. പ്രസ്തുത ക്ഷേത്രത്തെ കേന്ദ്രീകരിച്ച് രൂപമെടുത്ത നമ്പൂതിരി ഗ്രാമമാണു പന്നിയൂര്‍ ഗ്രാമം. ആള്‍ബലം കൊണ്ടും സമ്പന്നത കൊണ്ടും ഏറ്റവും മുന്നിലുണ്ടായിരുന്ന ഗ്രാമങ്ങളിലൊന്നായിരുന്നു പന്നിയൂര്‍.

അതേ കാലത്ത് തന്നെ പന്നിയൂരില്‍ നിന്നധികം ദൂരത്തല്ലാതെ ഏതാണ്ട് അതേ നിലവാരത്തില്‍ വിളങ്ങി നിന്ന മറ്റൊരു ഗ്രാമമാണു ശുകപുരം. ഏതാണ്ടൊരേ നിലവാരത്തിലുള്ള രണ്ട് ശക്തി കേന്ദ്രങ്ങള്‍ ഒരേ സമയം അന്നത്തെ കേരള രാഷ്‌ട്രീയ സാഹചര്യങ്ങളെ നിയന്ത്രിച്ചിരുന്ന ആ ഘട്ടത്തില്‍ ഇരു വന്‍ ശക്തികളും തമ്മിലുടലെടലെടുത്ത ശീത മത്സരമാണു പന്നിയൂര്‍-ശുകപുരം കുറുമത്സരം എന്ന പൊതു പേരില്‍ അറിയപ്പെട്ടിരുന്നത്. പന്നിയൂര്‍ പക്ഷക്കാരും, ശുകപുരം പക്ഷക്കാരും പന്നിയൂര്‍ കൂറ്റ് എന്നും, ശുകപുരം കൂറ്റ് എന്നും അറിയപ്പെട്ടിരുന്ന ആ കാലത്ത് ഇരു ഗ്രാമത്തിലെ നമ്പൂതിരിമാരും തമ്മില്‍ ആദ്യത്തെ ഘട്ടത്തില്‍ ഉടലെടുത്ത ആരോഗ്യകരമായ മത്സരം അധികം വൈകാതെ തീര്‍ത്തും അനാരോഗ്യകരമാവുകയും പിന്നീട് അത് കേരള ചരിത്രത്തിന്റെ പില്‍ക്കാല ഗതിവിഗതികളുടെ ബാലന്‍സിങ്ങിനെപ്പോലും സ്വാധീനിച്ചുവെന്നതുമാണു അതിന്റെ അനന്തരഫലം.

കുറുമത്സരത്തിന്റെ തുടര്‍ച്ചയായുണ്ടായ ചില വഴിവിട്ട പ്രവര്‍ത്തികളെത്തുടര്‍ന്ന് പന്നിയൂര്‍ ഗ്രാമം തകര്‍ന്നടിഞ്ഞു. ഒരു ഗ്രാമമൊന്നാകെ ഭ്രഷ്ടരാക്കപ്പെട്ടു. ഭ്രഷ്ട് ഭയന്ന് പന്നിയൂരിലെ വലിയൊരു ശതമാനം കുടുംബങ്ങളും അവിടം വിട്ട് മറ്റ് ഗ്രാമങ്ങളിലേക്ക് ചേക്കേറി. കുറുമത്സരത്തിന്റെ വിജയത്തിന്നായി വഴിവിട്ട ചില പ്രവര്‍ത്തികള്‍ ചെയ്ത പന്നിയൂരുകാരെ ഗ്രാമദേവത പോലും കൈവിട്ടെന്നാണു പുരാവൃത്തം.

ദീര്‍ഘകാലം സമ്പത്തും അധികാരവും കയ്യാളിയവര്‍ പെട്ടെന്ന് പടുകുഴിയിലേക്കെടുത്തെറിയപ്പെട്ടു. എന്തായാലും പില്‍ക്കാലത്ത് ശുകപുരം അധികാര കേന്ദ്രത്തിലേക്ക് കൂടുതല്‍ അടുത്തു. സമ്പത്തും അധികാരവും രണ്ട് വന്‍ ശക്തികളില്‍ നിന്ന് ഏക അച്ചുതണ്ടിലേക്ക് മാറി. കേരള ചരിത്ര പഠിതാക്കള്‍ പന്നിയൂര്‍ വിപ്ലവത്തിനു മുമ്പും, പിമ്പുമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളെ സത്യസന്ധമായി വിശകലനം നടത്തിയാല്‍ പില്‍ക്കാല കേരള ചരിത്രത്തിനു ഈ സംഭവ വികാസങ്ങളും ഈ ഇടങ്ങളും നല്‍കിയ സംഭാവന ചെറുതായിരുന്നില്ലെന്ന് ബോധ്യപ്പെടും.

ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക്.

കുടുംബത്തോടൊപ്പമാണെങ്കിലും ചരിത്ര ബോധത്തോടെയുള്ള ഒരു യാത്രയായിരുന്നു ഇതെനിക്. പട്ടാമ്പിയില്‍ നിന്ന് നാട്ടു പാതകളും വയല്‍പ്പരപ്പുകളും പിന്നിട്ട് പന്നിയൂര്‍ ക്ഷേത്രത്തിലേക്കെത്തുമ്പോള്‍ ഉള്ളില്‍ ഒരു ചിത്രം കണക്കെ പന്നിയൂര്‍ വിപ്ലവത്തെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള പല കഥകളും ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു. ചെമ്പ് കിടാരം പഴുപ്പിച്ച് വരാഹമൂര്‍ത്തിയെ പൊള്ളിച്ചെന്ന കഥ, വരാഹമൂര്‍ത്തി ഉഗ്ര കോപത്തോടെ പ്രത്യക്ഷപ്പെട്ട് നിലത്ത് തേറ്റകൊണ്ട് ഒരു തുറ തോണ്ടിയെന്നും, ആ മണ്ണ് തെറിച്ച് വീണയിടമൊരു കുന്നായെന്നുമെല്ലാം ഏറെ പുരാവൃത്തങ്ങള്‍ കേട്ടിട്ടുണ്ട്. കഥയും കാര്യവും കെട്ടു പിണഞ്ഞ പുരാവൃത്തത്തില്‍ നിന്ന് കഥയഴിച്ച് കാര്യത്തെ എടുക്കുക ഏറെ ശ്രമകരം തന്നെയാണു. അത്തരം ചിന്തകളോടെയാണു ആ നഷ്ട പ്രതാപ ഭൂമികയിലേക്ക്, ആ മഹാ ക്ഷേത്രാംഗണത്തിലേക്ക് പ്രവേശിച്ചത്. അതി വിശാലമായ മതില്‍ക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കണ്ടത് തകര്‍ന്നടിഞ്ഞ ഒരു കൂത്തമ്പലത്തറ. നഷ്ടം എത്ര വലുതായിരുന്നുവെന്ന് ആ തറ മാത്രം വിളിച്ച് പറയുന്നുണ്ട്.

മഹാക്ഷേത്ര ലക്ഷണങ്ങളെല്ലാമുണ്ടായിട്ടും തിരക്കൊട്ടുമില്ലാത്ത ക്ഷേത്രം. നാലമ്പലത്തിനകം തന്നെ വരാഹമൂര്‍ത്തിയുടെ പ്രധാന ശ്രീകോവിലിനു പുറമെ മൂന്ന് ശ്രീകോവിലുകള്‍. വിശാലമായ സങ്കേതം. ഇരു നിലയില്‍ ഉള്ള മുഖ്യ ശ്രീകോവിലില്‍ ഭൂമീദേവീ സഹിതനായ വരാഹമൂര്‍ത്തിയുടെ പൂര്‍ണ്ണകായ രൂപം. പുരാതന പന്നിയൂര്‍ പ്രൗഢി നിറഞ്ഞ് നില്‍ക്കുന്നയിടം. വല്ലാത്തൊരു എനര്‍ജ്ജി. പരശുരാമ ഗ്രാമങ്ങളില്‍ വടക്കെയറ്റമുള്ള പെരുംചെല്ലൂരില്‍ നിന്നാണെന്നും, പെരുംതൃക്കോവിലപ്പന്റെ തന്ത്രി കുടുംബാംഗമാണെന്നും പറഞ്ഞപ്പോള്‍ മേല്‍ശാന്തി അവിടുത്തെ കൂടുതല്‍ കഥകള്‍ പറഞ്ഞ് തന്നു. സങ്കല്‍പ്പങ്ങളും, ഐതിഹ്യങ്ങളും, പെരുംതച്ചന്റെ ഉളിയുടെ കഥയും, ക്ഷേത്ര ചരിത്രവുമെല്ലാം മനസി നിറഞ്ഞ് വന്നു.

പന്നിയൂരില്‍ നിന്ന് അധികം ദൂരമില്ല ശുകപുരത്തേക്ക്. എടപ്പാള്‍ ടൗണിനോട് ചേര്‍ന്ന് പെട്ടെന്ന് ഒരു ഗ്രാമച്ഛായ കൈവരുന്ന ഒരു ഇടവഴി പിന്നിട്ടാല്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രമായി. ഇരു നിലയിലുള്ള അതി ഗംഭീര ശ്രീകോവില്‍ ഇടവഴി തിരിഞ്ഞ് വരുമ്പോള്‍ തന്നെ കാണുവാന്‍ സാധിക്കും. അസാധ്യമായൊരു ഘടനയുള്ള ശ്രീകോവില്‍ ഉണ്ടെങ്കിലും, മതില്‍ക്കക വിസ്താരമോ ചുറ്റമ്പലമോ ഒന്നും പന്നിയൂര്‍ ക്ഷേത്ര പ്രതാപത്തോളം വരില്ല. പക്ഷേ ശ്രീകോവില്‍, അത് അതി ഗംഭീരമാണു താനും. ശ്രീ ശുക മഹര്‍ഷി തപസ് ചെയ്ത് ദക്ഷിണാമൂര്‍ത്തിയില്‍ നിന്ന് ജ്ഞാനോദയം സിദ്ധിച്ച സ്ഥലമാണത്രേ ശുകപുരം. ശുകമഹര്‍ഷി തപസ് ചെയ്തയിടമാകയാലാണു ശുകപുരമെന്ന് പേരു വന്നതെന്നാണൈതിഹ്യം.

കിഴക്കോട്ട് ദര്‍ശനമായുള്ള ശിവക്ഷേത്രം ആണെങ്കിലും തെക്കേ നടയില്‍ ഉള്ള ദക്ഷിണാമൂര്‍ത്തിയാണു പ്രധാനമൂര്‍ത്തി. അത് കൊണ്ട് തന്നെ മറ്റ് ക്ഷേത്രങ്ങളിലൊന്നും കാണാത്ത വിധം ശ്രീകോവിലിന്റെ തെക്കേ നടയ്‌ക്ക് മുന്നില്‍ കാണുന്ന മുഖമണ്ഡപം ക്ഷേത്രത്തിനു പതിവ് ശൈലിയില്‍ നിന്ന് വിഭിന്നമായ ഒരു രൂപം സമ്മാനിക്കുന്നു. തിരക്കൊട്ടുമില്ലാത്ത ക്ഷേത്രം. വല്ലാത്തൊരു ശാന്തത. ലോകഗുരുവായ ദക്ഷിണാമൂര്‍ത്തി സാനിദ്ധ്യം അവിടമാകെ സ്ഫുരിക്കുന്നുവെന്നൊരു തോന്നല്‍. നിറഞ്ഞ മനസോടെ തൊഴുതു.

മടങ്ങുമ്പോള്‍ വല്ലാത്തൊരു ആത്മഹര്‍ഷം. ചരിത്രത്തിലേക്കൊരു സഞ്ചാരം നടത്താനായതിന്റെ സന്തോഷം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts