കേരളോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് പരശുരാമന്റെ മഴു പ്രയോഗത്തെ കേവലമൊരു മിത്തായി കണ്ട് അവഗണിക്കാം എങ്കിലും കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തില്‍ പരശുരാമന്‍ എന്നൊരു പേര് അത്ര എളുപ്പം നിഷേധിക്കാന്‍ സാധിക്കില്ല. വേദകാലത്തിന്റെ തുടര്‍ച്ചയായി ഗംഗാ സമതലം വഴിയാണു ബ്രാഹ്മണ കുടിയേറ്റം ഉത്തരേന്ത്യയിലെമ്പാടും വ്യാപിച്ചത് എങ്കില്‍ ഗുജറാത്തിലെ സൗരാഷ്‌ട്ര മേഖലയില്‍ നിന്നാണ് പടിഞ്ഞാറന്‍ തീരത്ത് കൂടെ ദക്ഷിണേന്ത്യയില്‍ വിശേഷിച്ച് കേരളമുള്‍പ്പടെ സഹ്യപര്‍വ്വതത്തിനു പടിഞ്ഞാറന്‍ തീരത്തേക്ക് വ്യാപിച്ചത് എന്ന് വേണം അനുമാനിക്കാന്‍. ഈ ഒരു അനുമാനത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഈ മേഖലകളില്‍ നിന്നെല്ലാം ലഭിക്കുന്നുണ്ട്.
പരശുരാമ കഥയ്‌ക്ക് കേരളത്തിലേതിനു സമാനമായ പല വകഭേദങ്ങളും ഗുജറാത്തിന്റെ പശ്ചിമ തീരം മുതല്‍ക്ക് ഇങ്ങ് തെക്കേയറ്റത്തോളം കാണാം. പയ്യന്നൂര്‍ തൊട്ട് തെക്കോട്ടുള്ള ബ്രാഹ്മണരുടെ കുടിയേറ്റം ആണ് ‘കേരളോല്‍പ്പത്തി’, ‘കേരള മാഹാത്മ്യം’ മുതലായ ഗ്രന്ഥങ്ങള്‍ പറയുന്നത് എങ്കില്‍ പയ്യന്നൂരിനു വടക്കുള്ള തുളു ഗ്രാമങ്ങളുടെ കുടിയേറ്റ പുരാവൃത്തം പറയുന്ന കൃതിയാണു ‘ഗ്രാമ പദ്ധതി’ എന്ന ഗ്രന്ഥം. ‘ലോകാദിത്യ പദ്ധതി’ എന്ന കൃതിയും തുളുനാട്ടിലെ പരശുരാമ ഐതിഹ്യം പറയുന്ന പുരാവൃത്തമാണു. തുളുനാടിനു വടക്ക് അതായത് ഇന്നത്തെ കുന്താപുരത്തിനു വടക്കുള്ള പ്രദേശത്തെ ഹവ്യക ദേശം എന്നാണ് പറയുക. ഇവിടെ പ്രചാരത്തിലുള്ള പരശുരാമ കേന്ദ്രീകൃത കുടിയേറ്റത്തിന്റെ പുരാവൃത്തം ‘ഹവ്യദേശ ചരിതം’ ആണ്. സ്‌കന്ദ പുരാണത്തില്‍ ഗോകര്‍ണ്ണം തൊട്ടുള്ള പരശുരാമ ക്ഷേത്രത്തെ ”ഖരാടം’, ‘മരാടം’, കൊങ്കണം’, ‘ഹവ്യഗം’, ‘തൗളവം’ കേരളം എന്നിങ്ങിനെ വിഭജിച്ചതായി പറയുന്നുണ്ട്.
ഇനി ഗോകര്‍ണ്ണത്തിനു വടക്കോട്ട് പോയാലും സ്ഥിതി മറിച്ചല്ല. ഏതാണ്ട് സൗരാഷ്‌ട്രം വരെയും, പരശുരാമനുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. ഇവിടങ്ങളിലെ ബ്രാഹ്മണരെല്ലാം തങ്ങള്‍ക്ക് ഭൂമി ദാനം ചെയ്തത് പരശുരാമന്‍ ആണെന്ന് വിശ്വസിക്കുന്നു. മഹാരാഷ്‌ട്രയിലെ ചില ബ്രാഹ്മണ വിഭാഗങ്ങള്‍ അവരുടെ പരദേവതയായി പരശുരാമനെ ഉപാസിച്ച് വരുന്നുണ്ട്. മാതൃഹത്യാ പാപം തീര്‍ക്കാനായി സരസ്വതീ നദീതീരത്ത് നിന്ന് പരശുരാമന്‍ തങ്ങളെ ആനയിച്ച് കൊണ്ട് വന്നതാണെന്നും, പരശുരാമന്‍ ദാനം അവര്‍ക്ക് ചെയ്ത ഭൂമിയാണു ആ പ്രദേശം എന്നുമാണ് അവര്‍ക്കിടയിലെ വിശ്വാസം *3. സൗരാഷ്‌ട്രം തൊട്ട് കേരളത്തിന്റെ തെക്കേയറ്റം വരെ പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ നിരവധിയാണു. കേരളത്തില്‍ പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ശിവാലയങ്ങള്‍ പ്രസിദ്ധമാണു. ഇതേ പ്രകാരം ഗുജറാത്തിലേയും, മഹാരാഷ്‌ട്രയിലേയും, കര്‍ണ്ണാടകയിലേയും പടിഞ്ഞാറന്‍ തീരങ്ങളില്‍ എല്ലാം ഇത് പോലെ പരശുരാമന്‍ പ്രതിഷ്ഠിച്ചത് എന്ന് വിശ്വാസമുള്ളതോ അല്ലെങ്കില്‍ പരശുരാമനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നതോ ആയ നിരവധി ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. അതെല്ലാം കൊണ്ട് തന്നെ അല്‍പ്പ സ്വല്‍പ്പം ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പരശുരാമ കേന്ദ്രീകൃതമായ ഒരു പൊതു വിശ്വാസപ്രമാണം ഈമേഖലയില്‍ ആകമാനം ഉണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണു.
പരശുരാമ ചരിതം അവിടെ നില്‍ക്കുമ്പോള്‍ തന്നെയും കേരളത്തിലെ നമ്പൂതിരി കുടിയേറ്റ ചരിതമായ കേരളോല്‍പ്പത്തി കഥകള്‍ക്കെതിരെ ശക്തമായ എതിര്‍ വാദങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണു. ചട്ടമ്പിസ്വാമിയെപ്പോലുള്ളവര്‍ വളരെ ശക്തമായി കേരളോല്‍പ്പത്തി കഥകളെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘പ്രാചീന മലയാളം’ എന്ന കൃതി കേരളത്തിലെ ബ്രാഹ്മണ മേല്‍ക്കോയ്മ്മയേയും, പരശുരാമ കഥയേയും വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതിയാണു. പരശുരാമന്റെ കേരളോദ്ധാരണവും ബ്രാഹ്മണ പ്രതിഷ്ഠയും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ഇതില്‍ സമര്‍ത്ഥിക്കുന്നു. അതിനൊപ്പം കേരളത്തിലേക്ക് വന്ന ആര്യന്മാരെന്ന് അവകാശപ്പെടുന്ന ബ്രാഹ്മണരുടെ കുലമഹിമയെ തന്നെ പലവിധത്തിലും അദ്ദേഹം ഇതില്‍ ചോദ്യം ചെയ്യുന്നുണ്ട്*4. കുട്ടിക്കാട്ട് പുരുഷോത്തം ചൊന്‍ അദ്ദേഹത്തിന്റെ ‘നായരുടെ ആദിമാതാവ് പുലയി; ചെറുമി: ഈഴവരുടേതും’ എന്ന പുസ്തകത്തിലും ബ്രാഹ്മണ കുടിയേറ്റ ചരിത്രത്തിലെ പരശുരാമ വാദത്തെ ചോദ്യം ചെയ്യുന്നുണ്ട്*5. ‘ശബരിമല ഐതിഹ്യം’ എന്ന ഗ്രന്ഥത്തില്‍ വി.എസ് തെക്കുംഭാഗം പരശുരാമ കഥയെ വൈദികമതം കെട്ടിച്ചമച്ച കഥകള്‍*6 ആയി വിലയിരുത്തുമ്പോള്‍ പ്രശസ്ത യുക്തി വാദി ജോസഫ് ഇടമറുക് പരശുരാമ സിദ്ധാന്തത്തെ പാടെ തള്ളിക്കളയുന്നു.
എന്നാല്‍ കേരളോല്‍പ്പത്തി പോലുള്ള കഥകളെ മുഖവിലയ്‌ക്ക് എടുക്കാനാകില്ലെങ്കിലും പരശുരാമ കേന്ദ്രീകൃതമായിരുന്ന വളരെ ശക്തമായ ഒരു സംഘടിത പ്രസ്ഥാനം ഇവിടെ വര്‍ത്തിച്ചിരുന്നു എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് വാദിച്ചവരും കുറവായിരുന്നില്ല. ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ അദ്ദേഹത്തിന്റെ ബൃഹത് കൃതിയായ കേരള സാഹിത്യ ചരിത്രത്തില്‍ ഈ പരശുരാമ സിദ്ധാന്തത്തെ പാടെ അങ്ങ് തള്ളിക്കളയുന്നില്ല *8. പരശുരാമന്‍ എന്നത് ഒരു വ്യക്തിയേയോ അല്ലെങ്കില്‍ ഭാര്‍ഗ്ഗവ ഗോത്രത്തെ ആകമാനമോ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദമാകാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു*9. ഏതാണ്ട് ഇതേ വാദഗതി ചരിത്രകാരനായ എ.ശ്രീധരമേനോനും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. കേരളത്തിലേക്ക് വന്ന ആദ്യ സംഘത്തിലെ സാഹസീകനായ നായകന്‍ ആയിരുന്നേക്കാം പരശുരാമന്‍ എന്ന് ‘കേരള ചരിത്ര ശില്‍പ്പികള്‍’ എന്ന കൃതിയില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു*10. സംഘകാല കൃതിയായ അകനാനൂറിലും പരശുരാമന്‍ പരാമര്‍ശവിധേയനാകുന്നുണ്ട്*11. എന്നാല്‍ പരശുരാമ കഥയിലെ അല്‍പ്പം വ്യത്യസ്ഥമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നത് തിരുവങ്ങാട് സി.കൃഷ്ണക്കുറുപ്പ് ആണ്. അദ്ദേഹം തന്റെ ഗവേഷണ ഗ്രന്ഥമായ ‘കേരള ചരിത്രം പരശുരാമനിലൂടെ ‘ എന്ന പുസ്തകത്തില്‍ രാജസ്ഥാനിലെ ഭാര്‍ഗ്ഗവ ഗോത്രജന്‍ ആയ ‘പാര്‍മ്മര്‍ പരശുരാമന്‍’ എന്ന ഒരു രാജാവ് കേരള ദേശം കീഴടക്കി ഇവിടെ ബ്രാഹ്മണരെ കുടിയിരുത്തി എന്ന് സിദ്ധാന്തിക്കുന്നുണ്ട്.
കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റവുമായി ബന്ധപ്പെട്ട് പരശുരാമ കഥയ്ക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നും ഇല്ല എന്നത് നേര് തന്നെ. പക്ഷെ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പ്രതിപാദിച്ചത് മാതിരി ഗുജറാത്തിലെ സൗരാഷ്ട്ര മേഖല തൊട്ട് തെക്കേയറ്റത്ത് കന്യാകുമാരിവരെ നീളുന്ന പടിഞ്ഞാറന്‍ തീരപ്രദേശത്ത് മുഴുവന്‍ ഏതാണ്ട് ഒരു പോലെ തന്നെ പാടി പതിഞ്ഞ് പോയ ഒരു ഐതിഹ്യത്തെ അത്രയെളുപ്പമൊന്നും തൂത്തെറിയുക സാധ്യമല്ല. പരശുരാമന്‍ എന്ന തീര്‍ത്തും നിഷേധിക്കാനാകാത്ത ഒരു കണ്ണി കൊണ്ട് ഈ മേഖലയൊട്ടാകെ അദൃശ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പൂര്‍വ്വ തീരത്തെ ബ്രാഹ്മണര്‍ക്ക് അജ്ഞാതമായ ഒരു ബാന്ധവം പടിഞ്ഞാറന്‍ തീരത്തെ ബ്രാഹ്മണര്‍ക്ക് പരശുരാമനുമായി ഉണ്ടാകുമ്പോള്‍ പാടി പതിഞ്ഞ ഐതിഹ്യത്തിലെ പതിരിനെ തള്ളിക്കളഞ്ഞ് നേരിയ ഒരു ശതമാനം വരുന്ന ചരിത്ര ബോധത്തെ ഉള്‍ക്കൊള്ളേണ്ടതായി തന്നെ വരുന്നു. അതിനര്‍ത്ഥം കേരളമെന്ന ഭൂവിഭാഗത്തിന്റെ സൃഷ്ടാവ് പരശുരാമനാണെന്നോ ഈ ദേശത്തെ ആദ്യ മനുഷ്യവര്‍ഗ്ഗം ഇവിടെയെത്തിയ നമ്പൂതിരിമാരായിരുന്നു എന്നോ അല്ല. പരശുരാമ കേന്ദ്രീകൃതമായ ഒരു വിചാരധാര ഇവിടെയാകമാനം നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രമെഴുതുമ്പോള്‍ പരശുരാമ മിത്തിനെ പാടെ തള്ളിക്കളയുക അസാധ്യം തന്നെയാണ്. ഒന്നുകില്‍ കേരളത്തിലെ വേദപാരമ്പര്യത്തിന്റെ ആരംഭത്തിനു പരശുരാമന്‍ എന്ന മുനിയുടേയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരോട് കൂടിയ മറ്റാരുടേയെങ്കിലുമോ, അതും അല്ലെങ്കില്‍ പരശുരാമന്റെ പിന്‍തലമുറക്കാരായ ഭാര്‍ഗ്ഗവ ഗോത്രജരുടേയോ പങ്ക് തള്ളിക്കളയുവാന്‍ സാധിക്കുന്ന ഒന്നല്ല.
(തുടരും)
അടുത്ത ഭാഗം ഇവിടെ വായിക്കാം
ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
മുന്നുര
കേരളോല്‍പ്പത്തി; മിത്തും യാഥാര്‍ത്ഥ്യവും
പ്രതികരിക്കാൻ ഇവിടെ എഴുതുക