Categories: Samskriti

കാഞ്ഞിരം

Published by

ശാസ്ത്രീയ നാമം : Strychnos nux-vomica

സംസ്‌കൃതം : കാരസ്‌കരം

തമിഴ്:എട്ടി

എവിടെകാണാം : കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ കാണാം. 

പുനരുത്പാദനം :വിത്തില്‍ നിന്ന്

ഔഷധ പ്രയോഗം : പ്രകൃതിദത്ത ഡെറ്റോളാണ് കാഞ്ഞിരം. മുറിവുണ്ടായാല്‍ കാഞ്ഞിരത്തിന്റെ ഇലയും തൊലിയും ഇട്ട് വെള്ളം വെന്ത്, ആ വെള്ളത്തില്‍ മുറിവ് കഴുകിയാല്‍ ശുദ്ധമാകുകയും കരിയുകയും ചെയ്യും. വാതരക്തം, സിരാഗ്രന്ഥി( വെരിക്കോസിസ്) തുടങ്ങിയ രോഗങ്ങളാല്‍ കാലിലുണ്ടാകുന്ന വ്രണങ്ങളും നിറം മാറ്റവും മാറുന്നതിനായി തൈലം തേയ്‌ക്കുന്നതിന് മുമ്പായി കാഞ്ഞിരത്തിന്റെ ഇല, തൊലി, ഉപ്പ് എന്നിവയിട്ട് വെള്ളം തിളപ്പിക്കുക. സഹിക്കാവുന്ന ചൂടില്‍ 20 മിനിറ്റ് വെള്ളത്തില്‍ കാല്‍ മുക്കി വയ്‌ക്കുക. വ്രണത്തിലും മാംസത്തിലുമുള്ള ദുഷ്ട് ആ വെള്ളത്തില്‍ അലിഞ്ഞുചേരും. 

കാഞ്ഞിരത്തൊലിയിട്ട് വെന്ത കഷായത്തില്‍ കാഞ്ഞിരക്കുരു ആട്ടിന്‍പാലില്‍ അരച്ച് കലക്കി കല്‍ക്കം ചേര്‍ത്ത് എള്ളെണ്ണ കാച്ചി തേച്ചാല്‍ ടെന്നീസ് എല്‍ബോ ശമിക്കും. തൈലം കാച്ചാന്‍: ഒരു കിലോ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം വെന്ത് രണ്ടര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി അരിച്ചെടുത്ത് മുക്കാല്‍ ലിറ്റര്‍ എള്ളെണ്ണ ചേര്‍ക്കുക. ഇതിലേക്ക് 80 ഗ്രാം കാഞ്ഞിരക്കുരു ആട്ടിന്‍പാലില്‍ അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി അരിച്ച് തേയ്‌ക്കുക. 

വെളുത്ത് കീഴാര്‍നെല്ലി 10 കിലോ ഇടിച്ചുപിഴിഞ്ഞ് എട്ട് ലിറ്റര്‍ നീരെടുക്കുക. അതില്‍ രണ്ട് ലിറ്റര്‍ കാരെള്ളിന്റെ എണ്ണ ചേര്‍ത്ത് 240 ഗ്രാം കാഞ്ഞിരക്കുരു അരച്ച് കല്‍ക്കം ചേര്‍ത്ത് അരക്ക് മധ്യേപാകത്തില്‍ തൈലം കാച്ചി രണ്ട് തുളളിവീതം മൂക്കില്‍ ഒഴിച്ച് നസ്യം ചെയ്യുക. ഒരു കാശ് വട്ടം( മൂന്ന് മില്ലി) മൂര്‍ദ്ധാവില്‍ വയ്‌ക്കുകയും ചെയ്താല്‍ എല്ലാ വിധ തലവേദനയും മാറും. ഏഴ് ദിവസം ചെയ്യുക. 

മഹാവിഷമുക്തി തൈലം, കാരസ്‌കര ഘൃതം എന്നിവയില്‍ കാഞ്ഞിരത്തൊലിയും  കാഞ്ഞിരക്കുരുവും കാഞ്ഞിരപ്പഴവും ഉപയോഗിക്കുന്നു. കാഞ്ഞിരക്കുരു ഒരു വിഷമാണ്. അതിനാല്‍ പശുവിന്‍ പാലില്‍ പുഴുങ്ങി കുരുവിന്റെ പുറമെയുള്ള തൊലി ചുരണ്ടിക്കളഞ്ഞ് അകത്തെ മുകുളവും നീക്കി വേണം അകത്ത് കഴിക്കാനുള്ള മരുന്ന് തയ്യാറാക്കാന്‍. കാഞ്ഞിരക്കുരു കഴിച്ചാല്‍ പ്രതിവിധിയായി പശുവില്‍ പാലും പശുവിന്‍ നെയ്യും സേവിക്കുക. കാഞ്ഞിരത്തില്‍ ഉണ്ടാകുന്ന ഇത്തിള്‍കണ്ണി ഉണക്കി പൊടിച്ച് രണ്ട് ഗ്രാം വീതം ഗോമൂത്രത്തില്‍ സേവിക്കുന്നത്  സര്‍പ്പവിഷ ശമനത്തിന് ഉത്തമം. കാഞ്ഞിരക്കുരു ആട്ടിന്‍ പാലില്‍ അരച്ച് കാല്‍മുട്ടില്‍ തേച്ചാല്‍ മുട്ടുവേദനയും നീരും മാറും. കാഞ്ഞിരക്കുരു അലോപ്പതി, ഹോമിയോപ്പതി മരുന്നുകളിലും ധാരാളം ഉപയോഗിക്കുന്നു. പശുവിന്‍ പാലില്‍ ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ഉണക്കിപ്പൊടിച്ച് 25 മില്ലി ഗ്രാം വീതം ദിവസം മൂന്ന് നേരം പശുവിന്‍പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ മൂന്ന് മാസം കൊണ്ട് സന്ധിവാതം, ആമവാതം ഇവ ശമിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by