ഇന്നേക്ക് 208 വര്‍ഷം മുമ്പായിരുന്നു തിരുവിതാംകൂര്‍ ദിവാന്‍ വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുതമ്പിയുടെ കുണ്ടറ വിളംബരം. കുണ്ടറ ഇളംമ്പല്ലൂര്‍ ദേവീക്ഷേത്രസന്നിധിയില്‍ ഇന്നും ഇതിന്റെ തെളിവായി പ്രതിഷ്ഠകള്‍ ഉണ്ട്. ക്ഷേത്രം വക വിളംബരം സാധാരണ രാജാക്കന്മാര്‍ മാത്രമാണ് നടത്തുക. എന്നാല്‍ അന്നത്തെ രാജാവ് ബാലരാമവര്‍മ്മ (1798-1810) കുണ്ടറവിളംബരം നടത്തുവാനുള്ള അനുവാദം വേലുത്തമ്പിക്ക് നല്‍കി എന്നാണ് റസിഡന്റായിരുന്ന മെക്കാളെയുടെ മദിരാശിയിലേക്കുള്ള കത്തുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലീഷിലേക്ക് പരിഭാഷ്‌പെടുത്തപ്പെട്ട കത്ത് (വിളംബരത്തിന്റ) മദിരാശി ഗവര്‍ണര്‍ക്കും അദ്ദേഹമത് കല്‍ക്കത്തയിലെ ഗവര്‍ണര്‍ ജനറല്‍ക്കും അവിടെനിന്നത് ഇംഗ്ലണ്ടിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിനും അയയ്‌ക്കുകയായിരുന്നു പതിവ് നടപടിക്രമം. അതുകൊണ്ട് കുണ്ടറവിളംബരത്തിന്റെ പരിഭാഷകള്‍ എഗ്മൂറിലെ മദിരാശി രേഖാലയത്തിലും കല്‍ക്കത്തയിലെ ദേശീയ രേഖാലയത്തിലും (ഇന്നത് ജില്ലയിലെ നാഷണല്‍ പുരാരേഖാലയം, ജന്‍പഥ് റോഡ്) ഇംഗ്ലണ്ടിലെ ഇന്ത്യാ ഓഫീസ് പുരാരേഖാലയത്തിലും ലഭ്യമാണ്. ഈ വിളംബരത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിെക്കാണ്ട് ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് മിന്റോ 1810 ല്‍ മദിരാശി ഗവര്‍ണര്‍വഴി തിരുവിതാംകൂര്‍ റസിഡന്റിന് ഒരു കത്തയച്ചത്.
പുതിയ റസിഡന്റിനുള്ള കത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. ഒന്ന്: മേലില്‍ തിരുവിതാംകൂറിലും കൊച്ചിയിലും വിദേശികളായ കച്ചവടക്കാര്‍ വരുന്നതും പോകുന്നതും അവര്‍ ദിവാനേയോ രാജാവിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ കാണുന്നത് ജാഗ്രതയോടെ വീക്ഷിക്കണം. രണ്ട്: ഇത്തരം വിദേശ ശക്തികളുമായുള്ള ആയുധ കൈമാറ്റമോ വാങ്ങലോ വില്‍ക്കലോ ഉണ്ടായാല്‍ മദിരാശി ഗവര്‍ണര്‍ക്ക് സത്വരമായി റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന്: ഇംഗ്ലീഷ് ഭരണത്തിനോ റസിഡന്റിനോ എതിരായുള്ള ആലോചനകളും ഗൂഢാലോചനകളും കണ്ടെത്തുകയും അവ മദിരാശി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. നാല്: ആയുധ നിര്‍മ്മാണമോ സൈനിക പരിശീലനം നല്‍കലോ പോലുള്ള പ്രവൃത്തികള്‍ രണ്ടു നാട്ടുരാജ്യങ്ങളില്‍ എവിടെയെങ്കിലും നടക്കുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും അത്തരം പ്രവൃത്തികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികള്‍ റസിഡന്റ് കൈക്കൊള്ളുകയും വേണമെന്ന് പുതിയ റസിഡന്റിനുള്ള ജാഗ്രതാനിര്‍ദ്ദേശത്തില്‍ മിന്റോ പ്രഭു കല്‍പിക്കുന്നുണ്ട്.
മിന്റോ മദിരാശി ഗവര്‍ണര്‍ വഴി അയച്ച കത്തില്‍ മറ്റൊന്നുകൂടി വിശദമാക്കുന്നുണ്ട്, ”തിരുവിതാംകൂര്‍ ദിവാന്‍ വേലുത്തമ്പി നടത്തിയ പോരാട്ടം റസിഡന്റ് മെക്കാളെയോടുള്ള വ്യക്തിവൈരാഗ്യം മൂലമോ ഒന്നുമല്ല. ഇംഗ്ലീഷ് പ്രതിപുരുഷനെ ഇല്ലായ്മ ചെയ്യാനുള്ള 1808 കൊച്ചിയിലെ ശ്രമത്തെ നിസ്സാരമാക്കാനാവില്ല. പ്രതിപുരുഷനെയും ഇംഗ്ലീഷ് കമ്പനിയേയും തൂത്തെറിയുന്നതിന് തയ്യാറാക്കിയ വലിയൊരു ശ്രമമാണത്. നമ്മുടെ ശത്രുരാജ്യമായ ഫ്രാന്‍സും, ഇന്ത്യയിലെതന്നെ ഇതര നാട്ടുരാജ്യക്കാരുമായി ചേര്‍ന്ന് നടത്തിയ ശ്രമം ഇംഗ്ലീഷ് ഭരണം ഇന്ത്യയില്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരുഗൂഢാലോചനയുടെയും കൂട്ടായ്മയുടെയും ഫലമാണ്.” ഡബ്ല്യൂ.ഡബ്ല്യൂ. ഹണ്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യയുടെ മൂന്നാംവാല്യത്തില്‍ വേലുത്തമ്പി ഫ്രഞ്ച് അമേരിക്കന്‍ കച്ചവടക്കാര്‍ വഴി ആ രാജ്യങ്ങളുടെ സൈനിക സഹായം ഇംഗ്ലണ്ടിനെതിരെ പ്രയോഗിക്കാന്‍ ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. ഫ്രഞ്ച് അമേരിക്കന്‍ സൈന്യങ്ങള്‍ എത്തുമെന്ന പ്രതീതി അവരുടെ പ്രതിപുരുഷന്മാര്‍ വേലുത്തമ്പിക്ക് നല്‍കിയതും പോരാട്ടം ശക്തിപ്പെടുത്താന്‍ വേലുത്തമ്പിയേയും കൊച്ചി ദിവാനായിരുന്ന പാലിയത്തച്ചനേയും പ്രേരിപ്പിച്ചുവെന്ന് കാണാം. വൈക്കം പത്മനാഭപിള്ളയുടെ പിന്തുണയും ഇത്തരം കാര്യങ്ങളില്‍ പൂര്‍ണമായി ഉണ്ടായിരുന്നതായി മലയാളം രേഖകളും സൂചിപ്പിക്കുന്നു.
ആത്യന്തികമായി ഇംഗ്ലീഷ് വിരുദ്ധ, വിദേശവിരുദ്ധ പോരാട്ടത്തില്‍ വേലുത്തമ്പി പരാജയപ്പെട്ടെങ്കിലും പ്രജാവത്സലനും ദേശസ്‌നേഹിയുമായ വേലുത്തമ്പി കുറ്റങ്ങളെല്ലാം തന്റെ ചുമലില്‍ വച്ച് രാജ്യത്തെ രക്ഷിക്കാനായിരുന്നു ബാലരാമവര്‍മ്മയോട് അസാനമായി ആവശ്യപ്പെട്ടത്. ദിവാന്‍ തന്നോട് ആലോചിക്കാതെയാണെല്ലാം ചെയ്തതെന്നുപറഞ്ഞ് കത്തുനല്‍കിയാല്‍ ഒരു ബ്രിട്ടീഷ് തിരുവിതാംകൂര്‍ കൂട്ടിച്ചേര്‍ക്കല്‍ തടയാം പറ്റുമെന്നദ്ദേഹം കരുതി. അത് ശരിയായിരുന്നുതാനും. മണ്ണടിക്ഷേത്രത്തില്‍ ശത്രുക്കളാല്‍ വളയപ്പെട്ട് കയറുമ്പോളും താന്‍ ഇംഗ്ലീഷുകാരോട് അടിയറവ് പറയില്ലെന്നുള്ള വാശിമൂലമാണ്, ‘വെട്ടടാ വെട്ട് എന്നെ’ എന്ന് സമീപത്തുണ്ടായിരുന്ന അനുജനോടാവശ്യപ്പെട്ടത്. ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ അനുജന്‍ തയ്യാറാകാതെ വന്നപ്പോള്‍ തന്റെ കഠാരകൊണ്ടാകൃത്യം നിര്‍വ്വഹിച്ച് ആ രാജ്യാഭിമാനി ആത്മത്യാഗം ചെയ്തുവെന്ന് ഇംഗ്ലീഷ് രേഖകളില്‍ പോലും പറയുമ്പോള്‍ (പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടേഷന്‍സ്, തമിഴ്‌നാട് ആര്‍ക്കൈവ്‌സ് വാല്യങ്ങള്‍, തിരുവിതാംകൂര്‍ കലാപം) നാട്ടിലെ തന്നെ ചരിത്ര കുതുകികള്‍ കാര്യങ്ങള്‍ അറിയാതെ മനോഗതം പോലെ പ്രസംഗിക്കുന്നതും എഴുതുന്നതും ഏതൊരു കേരള ചരിത്രഗവേഷകനേയും നൊമ്പരപ്പെടുത്തും.
കാര്യക്കാരും (ഇന്നത്തെ തഹ്‌സില്‍ദാറും) മുളകുമടിശ്ശീലക്കാരനുമൊക്കെയായ വേലുത്തമ്പിയുമാണ് ഇംഗ്ലീഷ്‌കാരുമായി സൈനിക സഹായ ഉടമ്പടി 1800 ല്‍ ഒപ്പിട്ടതെന്ന കാര്യം ഇവിടെ മറച്ചുവയ്‌ക്കേണ്ടതില്ല. കോണ്‍വാലീസ് പ്രഭു രണ്ടുനിര്‍ദ്ദേശങ്ങളാണ് മദിരാശി-ബോംബെ ഗവര്‍ണര്‍മാര്‍ക്ക് 1793 ല്‍ നല്‍കിയത്. ഒന്നുകില്‍ നാട്ടുരാജ്യങ്ങളെ പൂര്‍ണ്ണമായി ബ്രിട്ടീഷ് ഇന്ത്യയില്‍ ലയിപ്പിക്കുക. അവരുടെ രാജ്യം കൂട്ടിച്ചേര്‍ക്കുന്നതും അവകാശികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുമാണ് ഒരു തന്ത്രം. മറ്റൊന്ന് സൈനികസഹായ വ്യവസ്ഥപോലെ നാട്ടുരാജ്യങ്ങളില്‍ നിന്ന് കപ്പം സ്വീകരിക്കുക, വെല്ലസ്ലി വന്നപ്പോഴാണിത് പ്രാവര്‍ത്തികമാക്കിയത് (1798-1805). എങ്കിലും അതിന്റെ പ്രാഥമികാലോചനകള്‍ കോണ്‍വാലീസിന്റെ കാലത്തേ തുടങ്ങിയിരുന്നു. 1795 ല്‍ ധര്‍മ്മരാജാവുമായി തിരുവിതാംകൂര്‍ ഒപ്പിട്ട സന്ധിയില്‍ ഇപ്രകാരം വര്‍ഷംതോറും രണ്ടുലക്ഷം നല്‍കണമെന്ന് തിരുവിതാംകൂറിനോട് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ തിരുവിതാംകൂറിന് സൈന്യസഹായം നല്‍കേണ്ട സാഹചര്യത്തില്‍ കപ്പം എട്ടുലക്ഷമാക്കി വര്‍ധിപ്പിച്ചാണ് പുതിയ സന്ധി 1805 ല്‍ ഉണ്ടാക്കിയത്. 1795 ലേത് തുല്യശക്തികള്‍ തമ്മിലുള്ള ഉടമ്പടിയായിരുന്നു. 1805 ല്‍ അത് ഒരു മേല്‍ക്കോയ്മ രാജ്യവുമായുള്ള ഒരു ആശ്രിതരാജ്യത്തിന്റെ സന്ധിയും. ഇന്ത്യയിലെ മുപ്പതോളം നാട്ടുരാജ്യങ്ങള്‍ ഒപ്പിട്ട സൈനിക സഹായവ്യവസ്ഥ ഒപ്പിടാത്തപക്ഷം 1805 ല്‍ തിരുവിതാംകൂറിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിനായി പട്ടാളവുമായാണ് ബ്രിട്ടീഷുകാര്‍ വന്ന് കരാര്‍ കൊടുത്തയച്ചത്. കരാര്‍ നിരാകരിച്ചാല്‍ അത് കൂട്ടിച്ചേര്‍ക്കലില്‍ അവസാനിക്കുമെന്നുള്ളതുകൊണ്ടാണ് വേലുത്തമ്പിയും ബാലരാമവര്‍ണ്മയും ഒപ്പിട്ടത്. ഈ സാഹചര്യം മനസ്സിലാക്കാതെയുള്ള ചരിത്രാപരാധങ്ങള്‍ ചരിത്രകാരന്മാര്‍ നടത്തരുതെന്ന അപേക്ഷയാണ് ഈ ലേഖകനുള്ളത്.
വേലുത്തമ്പിയുടെ ആത്മത്യാഗത്തിന് നാലുവര്‍ഷം മുന്‍പ് കേരളവര്‍മ്മ പഴശ്ശിരാജാവും, അതിന് മുമ്പ് 1721 ഏപ്രില്‍ 14 ന് ആറ്റിങ്ങല്‍ റാണിയുടെ മൗനാനുവാദത്തോടെ കുടമണ്‍പിള്ള 133 ഇംഗ്ലീഷുകാരെ വധിച്ചതും വിദേശവിരുദ്ധ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവന വ്യക്തമാക്കുന്നു.
ഡോ. ടി.പി.ശങ്കരന്‍കുട്ടി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക