Categories: Samskriti

ആവണക്ക്

Published by

ശാസ്ത്രീയനാമം: റിസിനസ് കമ്മ്യൂണിസ്റ്റ്

തമിഴ്: ആവണക്ക്

സംസ്‌കൃതം: ഏറണ്ഡം

എവിടെകാണാം: ഭാരതത്തിലുടനീളം ആവണക്ക് കാണാം. കുപ്പത്തൊട്ടിയില്‍, റോഡരികില്‍, തുറസ്സായ സ്ഥലത്ത് അങ്ങനെ എല്ലായിടത്തും ആവണക്ക് കാണാം. ആവണക്ക് രണ്ടുവിധമുണ്ട്, വെളുത്താവണക്ക,് ചുവന്നാവണക്ക്. വെളുത്താവണക്ക് എന്നാല്‍ ഇലയും തണ്ടും പച്ചയായിരിക്കും. ഒരു ചാര നിറത്തില്‍ ഒരു പൊടിപടലം കാണാം. ഇക്കാരണത്താലാകാം ഇതിനെ വെളുത്താവണക്ക് എന്നു പറയുന്നത്. വെളുത്താവണക്കിന് ചിറ്റാവണക്ക് എന്നുകൂടി പേരുണ്ട്.

എങ്ങിനെ പുനരുല്പ്പാദിപ്പിക്കാം: വിത്ത് നട്ട് പുനരുല്പ്പാദിപ്പിക്കാം.

ഔഷധത്തിനുപയോഗിക്കുന്ന ഭാഗങ്ങള്‍: വിത്തില്‍ നിന്നും ആട്ടിയെടുക്കുന്ന എണ്ണ(ആവണക്കെണ്ണ). ഇല,വേര്,ഇളംവിത്ത്.

ചില ഔഷധപ്രയോഗങ്ങള്‍:

1) വാതത്താലുണ്ടാകുന്ന സന്ധിവീക്കം ശരീരവേദന ഇവയ്‌ക്ക്:- ആവണക്കില (വെളുത്താവണക്കില) കരിനൊച്ചിയില, ഉമ്മത്തില, നീര്‍മാതളത്തില, പുളിയില (വാളന്‍പുളിയില), എരുക്കില, മുരിങ്ങയില, വാതക്കൊടി നല്ല പഴുത്ത തേങ്ങചുരണ്ടിയത് ഇവ ഓരോന്നും 50 ഗ്രാം വീതം ചെറുതായി അരിഞ്ഞ് കൂട്ടിയിളക്കി എള്ളെണ്ണ, ആവണക്കെണ്ണ, കടുക്കെണ്ണ, വേപ്പെണ്ണ ഇവ ഓരോന്നും 50 മില്ലി വീതം ഒഴിച്ച് നന്നായി വേവിച്ചെടുത്ത് 200ഗ്രാം തൂക്കമെങ്കിലും വരുന്ന ഒരു വെള്ളാരം കല്ല് അടുപ്പിലിട്ട് ചൂടാക്കി മേല്‍ മരുന്ന് മൂന്നായി ഭാഗിച്ച് ഓരോ ഭാഗത്തിലും ചൂടാക്കിയ വെള്ളാരം കല്ല് വെച്ച് പൊതിഞ്ഞ് കിഴിക്കെട്ടി ഒരു ഉരുളിയില്‍ മേല്‍പ്പറഞ്ഞ എണ്ണകള്‍ ഒഴിച്ച് കിഴി ചൂടാക്കി വേദനയുള്ളിടത്തും വീക്കമുള്ളിടത്തും തൈലംതേച്ചശേഷം ( നാരായണതൈലമോ ശതാവരി തൈലമോ കൊട്ടം ചുക്കാദി തൈലമോ) കിഴിവെയ്‌ക്കുക. ഒരു കിഴി ചൂടാറിയാല്‍ താമസം വിനാ അടുത്ത കിഴി വെയ്‌ക്കണം. എല്ലായ്‌പ്പോഴും രണ്ടുകിഴി അടുപ്പിലും ഒരു കിഴി രോഗിയുടെ ദേഹത്തുമായിരിക്കണം. മൂന്നുയാളം (60 മിനിട്ട്) കിഴിവെയ്‌ക്കണം. ഇതാണ് പ്രസിദ്ധമായ ഇലക്കിഴി.

2) ആവണക്കിന്റെ (വെളുത്താവണക്കിന്റെ) ഇളം കായ് പൊട്ടിച്ച് പരിപ്പെടുത്ത് 10 കുരു അരച്ച് ആട്ടിന്‍പാലില്‍ കലക്കി ചൂടാക്കി പായസമാക്കി ചുക്കുപ്പൊടി 5ഗ്രാം ചേര്‍ത്ത് (ശര്‍ക്കരയോ മറ്റു മധുരമോ ചേര്‍ക്കാതെ) ദിവസം രണ്ടുനേരം സേവിച്ചാല്‍ ഗൃധ്രസി(അരക്കെട്ടില്‍ തുടങ്ങി പൃഷ്ഠത്തിലൂടെ തുടയിലെ പിന്‍ഭാഗത്തുള്ള ഞരമ്പില്‍കൂടി കാല്‍ മുട്ടിന്റെ പിന്നിലൂടെ, കാല്‍വണ്ണയിലൂടെ, കാല്‍കുതി ഞരമ്പിലൂടെ ഉപ്പൂറ്റിവരെ എത്തുന്ന ഞരമ്പുകളില്‍ വരുന്ന നീര്‍ക്കെട്ടുമൂലം വേദനയും തളര്‍ച്ചയും ഉണ്ടാക്കി ചലനശേഷി നഷ്ടപ്പെടുത്തുകയോ ചലനത്തിന് കഷ്ടതയുണ്ടാക്കുകയോ ചെയ്യുന്ന വാതരോഗത്തിന് ഗൃധ്രസി എന്നു പറയുന്നു).

3) ശുദ്ധിചെയ്ത ആവണക്കെണ്ണ 5 മില്ലി കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി ഇവ രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും 7 ദിവസം സേവിച്ചാല്‍ കൂടി ഗ്രഹം(നടുവേദന) ശമിക്കും. വയറിളക്കമുണ്ടായാല്‍ അത്താഴശേഷം മാത്രം സേവിക്കുക.

4) മലബന്ധമുണ്ടായാല്‍ 50 മില്ലി ചൂടുപാലില്‍ 5മില്ലി ശുദ്ധി ചെയ്ത ആവണക്കെണ്ണ ചേര്‍ത്ത് രാത്രി കിടക്കാന്‍ സമയം സേവിച്ചാല്‍ വെളുപ്പിനെ വയറിളകും ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. ഏതുപ്രായത്തിലുള്ളവര്‍ക്കും ഏറ്റവും ആരോഗ്യകരമായ വിരേചനമാണിത്.

5) അരത്ത, വെളുത്താവണക്കിന്‍ വേര്, അമൃത,് തഴുതാമവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടി വേര്, കൊന്നത്തൊലി, ദേവതാരം ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ചുക്ക് പൊടി മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ തുട പുറം കണങ്കാല്‍ നടുവേദന പാര്‍ശ്വ വേദന ഇവ ശമിക്കും.

6) വെളുത്താവണക്കിന്‍ വേര്, കൂവളത്തിന്‍ വേര,് വന്‍വഴുതിനവേര,് കണ്ടകാരി ഇവ 5ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് ദിവസം രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ കുഴലവസ്തി നടുവ് ഭാഗങ്ങളിലെ വേദന ശമിക്കും(41 ദിവസം).

7) ലന്തക്കുരു, മുതിര, ദേവതാരം, അരത്ത, ഉഴുന്ന,് അകത്തിക്കുരു, എള്ള,് ആവണക്കിന്‍കുരു, കൊട്ടം വയമ്പ്, ശതക്കുപ്പ, യവം ഇവ സമം കാടിയില്‍ പുഴുങ്ങി കാടിയില്‍ അരച്ച് ചെറുചൂടോടെ വാതകോപത്താല്‍ വേദനയുള്ള ഭാഗത്തു തേച്ചാല്‍ വാതകോപം ശമിക്കും.

8) മഞ്ഞപ്പിത്തം ഭേദമായാലും ചിലരുടെ മൂത്രം മഞ്ഞനിറത്തില്‍ ആയിരിക്കും. കരളില്‍ നിന്ന് രോഗം മാറിയിട്ടില്ലാത്തതിനാലാണിങ്ങനെ വരുന്നത്. വെളുത്താവണക്കിന്റെ തളിരില 5ഗ്രാം അരച്ച് പച്ചപ്പാലില്‍ (30മില്ലി പശുവിന്റെ) 7ദിവസം സേവിച്ചാല്‍ മൂത്രം നന്നായി തെളിയുകയും രോഗം നിശ്ശേഷം മാറി നല്ല വിശപ്പുണ്ടാകുകയും ചെയ്യും. നാട്ടിന്‍ പുറങ്ങളില്‍ ചിലര്‍ മഞ്ഞപ്പിത്തത്തിന് ഇത് ഒറ്റമൂലിയായി കൊടുത്തു വരുന്നുണ്ട്. ആരംഭദശയില്‍ ഫലിക്കുമെങ്കിലും ഇതു പൂര്‍ണ്ണമായും ഒരു ശമനൗഷധമല്ല.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by