Categories: Palakkad

ഓണവിപണിയില്‍ താരമായി കുത്താമ്പുള്ളി വസ്ത്രങ്ങള്‍

Published by

പെരിങ്ങോട്ടുകുര്‍ശ്ശി:കേരളീയരുടെ ഉത്സവമായ ഓണക്കാലത്തിനു മിഴിവേകാനായി കുത്താമ്പുള്ളിയുടെ കൈത്തറി ഗ്രാമം സജീവമായി. തിരുവില്വാമലയിലെ കുത്താമ്പുള്ളി സമുദായക്കാരുടെ കൈത്തറി ഗ്രാമത്തിനു തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ പ്രതീതിയാണ് എന്നും.

വീതികുറഞ്ഞ ചെറിയ നാട്ടുവഴികളിലൂടെ വട്ടം കറങ്ങി നടക്കുമ്പോള്‍ എവിടെയും കേള്‍ക്കുന്നത് കൈത്തറിയുടെ താളങ്ങള്‍ മാത്രമാണ്.കുത്താമ്പുള്ളി കൈത്തറി ഗ്രാമങ്ങളില്‍ ഇഴവിരിയുന്ന വസ്ത്രങ്ങളുടെ പേരും പെരുമയും കടല്‍ കടന്നതോടെ വിദേശികള്‍ പോലും കുത്താമ്പുള്ളി കൈത്തറിയുടെ ഇഷ്ടതോഴരായിത്തീര്‍ന്നിരിക്കുകയാണ്.

സെറ്റ് മുണ്ട്, സെറ്റ് സാരി എന്നിങ്ങനെ കൈകൊണ്ടു മികവിലും ഭംഗിയിലും നെയ്യുന്ന വസ്ത്രങ്ങളാണ് പതിറ്റാണ്ടുകളായി മലയാളി മനസ്സില്‍ ഇടംപിടിച്ചിട്ടുള്ളത്. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി രാജാവ് കര്‍ണ്ണാടകയില്‍ നിന്നും വരുത്തിയ ദേവാംഗര്‍ എന്നറിയപ്പെടുന്ന നെയ്‌ത്തുകാരാണ് കുത്താമ്പുള്ളി കൈത്തറി ഗ്രാമത്തിലെ പൂര്‍വ്വികര്‍.

തമിഴുംകന്നടവും മലയാളവും ഇടകലര്‍ന്നു സംസാരിക്കുന്ന ഭാഷയണ് ദേവാംഗര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. തമിഴന്റെയുംമലയാളിയുടെയും സ്വാധീനമുള്ള അക്ഷരലിപിയില്ലാത്ത ഭാഷയായിരുന്നു അത്.

നിളാതീരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ഹൈന്ദവ സമുദായത്തില്‍ മൂലദേവതയായ ചാമുണ്ഡേശ്വരിയുടെ ക്ഷേത്രം പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണ്ടായി വിഭജിക്കുകയും പിന്നീട് കിഴക്ക്- പടിഞ്ഞാറ് ദേവസ്വങ്ങളായി സമുദായം വേര്‍പെടുകയും ചെയ്‌തെങ്കിലും പിന്നീട് സാഹോദര്യം ഊട്ടിയുറപ്പിച്ച് ഒന്നാവുകയുമായെന്നാണ് ചരിത്രം പറയുമ്പോഴും ഇപ്പോഴും രണ്ട് ക്ഷേത്രങ്ങളും ഇവിടെ നിലകൊള്ളുന്നുണ്ട്.

കുത്താമ്പുള്ളി വസ്ത്ര പെരുമക്ക് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഓണവും വിഷുവുമെന്നു വേണ്ട ആഘോഷങ്ങളേതായും കുത്താമ്പുള്ളിഗ്രാമത്തിന്റെ സാഹോദര്യത്തില്‍ ഇഴവിരിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ആവശ്യക്കാരേറെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by