Categories: Lifestyle

മഴക്കാല വസ്ത്രങ്ങള്‍

Published by

മഴക്കാലമായാല്‍ വീട്ടില്‍തന്നെ ചടഞ്ഞുകൂടിയിരിക്കാനാണ് പൊതുവെ എല്ലാവര്‍ക്കും താല്‍പര്യം. പക്ഷെ സ്‌കൂളിലും കോളേജിലും ഓഫീസിലുമൊന്നും പോകാതെ മടിപിടിച്ചിരിക്കാന്‍ ആവില്ലല്ലോ. മഴയത്ത് പുറത്തേക്ക് പോകേണ്ടി വന്നാല്‍ ഏറ്റവും സങ്കടം ധരിച്ചിരിക്കുന്ന വസ്ത്രത്തെ ഓര്‍ത്തായിരിക്കും. എത്ര വലിയ കുടയുണ്ടെങ്കിലും ശരി വസ്ത്രം നനയാതെ നോക്കുക കുറച്ചു പ്രയാസം തന്നെ. കോട്ടണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പുറത്തേക്കിറങ്ങുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. ഉണങ്ങാന്‍ ഏറെ നേരം എടുക്കും എന്നതുതന്നെ കാരണം. വേണം ഉണങ്ങുന്ന വസ്ത്രങ്ങള്‍ക്കാണ് മഴക്കാലത്ത് പ്രിയമേറെ.

സിന്തറ്റിക് വസ്ത്രങ്ങള്‍ക്കാണ് വര്‍ഷകാലത്ത് ആവശ്യക്കാരേറെ. ഈ മെറ്റീരിയലുകളില്‍ പൂക്കള്‍ പ്രിന്റ് ചെയ്ത ബോള്‍ഡ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ നിങ്ങളെയൊരു മഴക്കാല സുന്ദരി ആക്കുകതന്നെ ചെയ്യും. ഫ്രോക്കുകളും മഴക്കാലത്ത് ഉപയോഗിക്കാം. മഴ നനഞ്ഞ് പ്രശ്‌നമാകുമെന്ന ആശങ്ക വേണ്ട. ലൈറ്റ് ഡെനിം കൊണ്ടുള്ള കാപ്രിക്കുകളും മഴക്കാലത്തെ ഇഷ്ടവസ്ത്രമായി തിരഞ്ഞെടുക്കാം. ഷിഫോണ്‍ തുണിത്തരങ്ങള്‍, കുര്‍ത്ത, സില്‍ക്ക് ഗൗണ്‍, പോളിയെസ്റ്റര്‍ ചുരിദാറുകള്‍ ഇതൊക്കെ മഴക്കാലത്തും നിങ്ങളെ ട്രെന്‍ഡിയാക്കും.

മഴക്കാലമായാലും സാരിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. അങ്ങനെ വരുമ്പോള്‍ അധികം കനമുള്ളതോ ധാരാളം വര്‍ക്ക് ഉള്ളതോ ആയ സാരികള്‍ ഒഴിവാക്കണമെന്നുമാത്രം. ഷിഫോണും ജോര്‍ജറ്റും കൊണ്ടുള്ള സാരികള്‍ നനഞ്ഞാല്‍ ദേഹത്ത് ഒട്ടിപ്പിടിക്കും എന്ന കാര്യവും മറക്കരുത്. നിറമിളക്കുന്ന തരം സാരികളും ഒഴിവാക്കണം.

ഖാദി സാരിയോ അല്ലെങ്കില്‍ പോളിയെസ്റ്റര്‍ സാരികളോ ആണ് മഴക്കാലത്ത് അഭികാമ്യം. ചുരിദാര്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സല്‍വാര്‍ കമ്മീസുകളെക്കാള്‍ നീളം കുറഞ്ഞ കുര്‍ത്തികള്‍ തിരഞ്ഞെടുക്കുക. കട്ടികൂടിയതും നീളം കൂടിയതുമായ ഷാളുകളും മഴക്കാലത്ത് ബുദ്ധിമുട്ടുളവാക്കും. അതിനാല്‍ നീളം കുറഞ്ഞ സ്‌കാര്‍ഫുകള്‍ ഉപയോഗിക്കാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts