Categories: Varadyam

പാരമ്പര്യ കൂടിയാട്ടത്തിന്റെ പകര്‍ന്നാട്ടക്കാരന്‍

Published by

ക്ഷേത്രകലകളില്‍ മായം കലരാത്തവയാണ് കൂത്ത്, കൂടിയാട്ടം, പാഠകം, എന്നിവ. ക്ഷേത്രാന്തരീക്ഷത്തിന്റെ അതേ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് ഈ കലകളുടെ ഉപാസകര്‍ ക്ഷേത്രപരിസരങ്ങളില്‍ തന്നെ വസിക്കുന്നു. ചാക്യാര്‍ മഠങ്ങളില്‍ താമസിച്ചുകൊണ്ട് കലോപാസന നടത്തുകയും, പിന്മുറക്കാര്‍ക്ക് ചിട്ടയോടെ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ചാക്യാര്‍ കുടുംബങ്ങള്‍ പലതുണ്ട്.

ശൈലീവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും, അവരുടെ കര്‍മകാണ്ഡങ്ങള്‍ വിശുദ്ധമാണ്. ക്ഷേത്രപരിസരത്തിന്റെ ചട്ടക്കൂടില്‍ നിന്നും മാറി കൂടിയാട്ടത്തിന്റെ ലോകം ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തേയ്‌ക്ക് വ്യാപരിപ്പിച്ചത് വിപ്ലവാത്മകമായ, സമുദായവിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. എന്നാല്‍, അതിന്റെ ഗുണഭോക്താക്കളായി അനേകം പിന്മുറ കലാകാരീ-കലാകാരന്മാര്‍ രംഗത്തെത്തുന്നു. ഈ ഒരു മാറ്റത്തിന്റെ വാഹകനായി ക്രിയാത്മകമായി പ്രവര്‍ത്തിച്ചവരുന്നു പൈങ്കുളം നാരായണ ചാക്യാര്‍. അദ്ദേഹം നടത്തിവരുന്ന പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം ദശകങ്ങളായി അനേകം കലാകാരീ-കലാകാരന്മാരെ വാര്‍ത്തെടുത്തുവരുന്ന സ്ഥാപനമാണ്….

ക്ഷേത്രമതില്‍ക്കെട്ടിന്നകത്ത് ഒതുങ്ങിനിന്നിരുന്ന കൂടിയാട്ടം, കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ പുറംലോകത്തേയ്‌ക്ക് കടന്നപ്പോള്‍ എങ്ങനെയാണ് സ്വീകാര്യമായത്? അതിന്റെ പേരില്‍ മുന്‍ഗാമികള്‍ അനുഭവിച്ച കഷ്ടതകള്‍?

1940 കളിലാണ് ആദ്യമായി ചാക്യാര്‍കൂത്ത് അഥവാ പ്രബന്ധകൂത്ത് ക്ഷേത്രത്തിനു പുറത്ത് അവതരിപ്പിച്ചത്. അന്നത്തെ കാലത്ത് അരങ്ങുകള്‍ കുറഞ്ഞുവന്ന ഒരു അവസരത്തിലാണ് ക്ഷേത്രത്തിനു പുറത്തേയ്‌ക്ക് കൂത്ത് അവതരണം ആവാം എന്നൊരു അവസ്ഥ വന്നത്. ജീവിക്കാന്‍ വേണ്ടി മാത്രമല്ല, ഈ കലയുടെ ആസ്വാദകലോകത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ശിഷ്യരെ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ കൂടി അതിനു പിന്നില്‍ ഉണ്ടായിരുന്നു. അതിന്റെ പേരില്‍ സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കാനുള്ള ശ്രമങ്ങളും, തീരുമാനങ്ങളും വരെ ഉണ്ടായി.

പക്ഷെ, പിന്നീട് സാമ്പത്തികമെച്ചം കണ്ടപ്പോള്‍ സമുദായത്തിലുള്ളവര്‍ തന്നെ ഈ തീരുമാനത്തെ അംഗീകരിച്ചു. പിന്നീട്, 1965 ല്‍ കേരള കലാമണ്ഡലത്തില്‍ കൂത്ത് അഭ്യസിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് വിദേശയാത്രകളും ഉണ്ടായി. ക്ഷേത്രത്തിനകത്തെ വരേണ്യവര്‍ഗ ആസ്വാദകരെ തൃപ്തിപ്പെടുത്തിയിരുന്ന ഇവ ക്ഷേത്രത്തിനു പുറത്തേക്ക് എത്തിയപ്പോള്‍, ശൈലി കൈവിടാതെ തന്നെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ രൂപപ്പെടുത്തി. സ്ഥലം, കാലം, കുലം എന്നിവ നോക്കി വേണം, ഇവയുടെ അവതരണം എന്നത് ഗുരുനാഥന്‍ പറഞ്ഞു തന്നിട്ടുണ്ട്. അത് ഇപ്പോഴും അതേപോലെ പിന്തുടരുന്നു.

കൂത്ത്, പാഠകം ഇതിലെല്ലാം പ്രാവീണ്യം നേടിയ അങ്ങ് ഏതു വിഭാഗം പ്രേക്ഷകരെയാണ് കാംക്ഷിക്കുന്നത്?

രണ്ടു വിഭാഗം ആസ്വാദകരെയും ആനന്ദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പണ്ടുള്ളവര്‍ പറയുന്നപോലെ വിളക്കില്‍ മൂന്നു തിരിയുണ്ടായാല്‍ മതി, കാണാന്‍ ആള് വേണം എന്നില്ല എന്ന ചിന്താഗതിയോട് യോജിപ്പില്ല. ആത്മസാക്ഷാത്ക്കാരം എന്നതിലുപരി പ്രേക്ഷകതൃപ്തി എന്നതിനു പ്രാധാന്യം ഞാന്‍ കല്‍പിക്കുന്നുണ്ട്. കൂടിയാട്ടത്തിനു വളരെ കുറച്ചു പ്രേക്ഷകരെ മാത്രമെ ശരിയായ തോതില്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കൂ. ആസ്വാദനം നടിക്കുന്നവര്‍ എല്ലായിടത്തും ഉണ്ടല്ലോ. അവതരണവേളയില്‍ കൂടിയാട്ടത്തിന്റെ ശരിയായ ആസ്വാദകര്‍ മൂന്നു പേര്‍ മാത്രമേ ഉള്ളുവെങ്കില്‍കൂടി അതെനിക്ക് തൃപ്തികരമാണ്. കഥാസൂചകങ്ങള്‍ കൊടുത്തുകൊണ്ട് ആസ്വാദനം അനായാസകരമാക്കാന്‍ ശ്രമിക്കാറുണ്ട്.

കേരളത്തിനകത്ത് മാത്രമല്ല, പണ്ടുകാലത്ത് തമിഴ്‌നാട്ടിലെ ചേരചോള രാജഭരണ കാലത്ത് തഞ്ചാവൂര്‍, തിരുവാരൂര്‍, വേദാരണ്യം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കൂത്ത് കൂടിയാട്ടങ്ങള്‍ സജീവമായി അവതരിപ്പിച്ചിരുന്നു എന്ന് ചരിത്രസൂചകങ്ങളുണ്ട്. അതിന്റെ സാംഗത്യം?

അതിനു തെളിവുകള്‍ ലഭ്യമല്ല. മിഴാവിന്റെ ഉപയോഗം തമിഴ്‌നാട്ടില്‍ ഉണ്ട്. പഞ്ചമുഖ മിഴാവ് അവിടെ ഇപ്പോഴും ഉപയോഗിച്ച് വരുന്നു. കൂടിയാട്ടത്തില്‍ അത് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അവിടെ ഒരു പ്രത്യേകതരം കൂത്ത് ഉണ്ട്. ‘കൂത്ത് പട്ടരൈ മണ്ട്രങ്ങള്‍’ എന്നാണ് അതിനെ പറയുന്നതുതന്നെ. അത് തെരുക്കൂത്താണ്. ഇവിടുത്തെ കൂത്തുമായി അതിനു യാതൊരു സാമ്യവുമില്ല. കേരളത്തില്‍ തന്നെയാണ് സംസ്‌കൃതഭാഷയുടെ അടിസ്ഥാനമുള്ള കൂടിയാട്ടം പിറവി കൊണ്ടത്.

പല്ലവ ചോളചേരരാജകാലഘട്ടങ്ങളില്‍ കൂടിയാട്ട കൂത്ത് രചനകള്‍ ഉണ്ടായതായി പറയപ്പെടുന്നു. ഉദാ: പല്ലവ രാജാവ് രാജസിംഹ രചിച്ച കൈലാസോദ്ധാരണം…

അത് ശരിയാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമാവുന്നതിനു മുമ്പ് കന്യാകുമാരിയൊക്കെ നമ്മുടെ ഭാഗമായിരുന്നല്ലോ. ഒരുപക്ഷെ, അക്കാലത്ത് മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടത് കൂടിയാട്ടത്തിനായി ഉപയുക്തമാക്കിയതാവാം. കഥകളിയിലേയ്‌ക്ക് കൂടിയാട്ടത്തിന്റെ പല ഘടകങ്ങളും സ്വാംശീകരിച്ചതുപോലെ ഇങ്ങനെ ചിലത് കൂടിയാട്ടത്തിലേക്കും വന്നെത്തിയേക്കാം.

കൂത്ത്, കൂടിയാട്ടം എന്നിവയില്‍ വന്നുചേര്‍ന്ന കാലികമായ മാറ്റങ്ങള്‍? അവയുടെ പൊതുവായ സ്വീകാര്യത?

കാലികമായ മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതൊരു പരിധിയ്‌ക്കകത്ത് തന്നെ വേണം. സമയത്തിന്റെ കാര്യത്തില്‍ വന്ന മാറ്റമാണ് ശ്രദ്ധേയം. മുമ്പ് മൂന്നോ നാലോ മണിക്കൂര്‍ കൂത്ത് പറയാറുണ്ടായിരുന്നു. ഇന്ന് ഒന്നര-രണ്ടു മണിക്കൂര്‍ ആയി ചുരുക്കേണ്ടി വന്നു. സംസ്‌കൃത പാണ്ഡിത്യം കുറവായ പ്രേക്ഷകര്‍ ആണല്ലോ ഏറെയും. അപ്പോള്‍ അവരെ മുന്നില്‍ കണ്ടുകൊണ്ട്, അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്‍ കഥ പറയല്‍ അനുവര്‍ത്തിച്ചുവരുന്നുണ്ട്. കൂടിയാട്ടത്തില്‍ കാലങ്ങളായി സ്വീകരിച്ചു വരുന്ന അതേ ചിട്ടപ്രകാരം തന്നെയാണ് അവതരണം. ആഹാര്യത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടെന്നല്ലാതെ മറ്റൊന്നും വരുത്താറില്ല. അതല്ലാതെ കാതലായ മാറ്റങ്ങള്‍ സ്വീകരിക്കാറില്ല. അനാവശ്യമായ മാറ്റങ്ങള്‍ അരുത് എന്നാണ് എന്റെ അഭിപ്രായം.

കൂത്ത് പറയുമ്പോള്‍ സദസ്യര്‍ക്ക് നേരെയുള്ള പരിഹാസം?

പരിഹാസം എന്നല്ല, ഫലിതം എന്നാണ് പറയേണ്ടത്. കൂത്ത് എന്നാല്‍ ക്ഷേത്രകലയാണല്ലോ. അപ്പോള്‍ ക്ഷേത്രകലയായ കൂത്തിലും ക്ഷേത്രങ്ങളുടെതായ പരിപാവനത കാണുമല്ലോ. പരിഹസിക്കപ്പെടുമ്പോള്‍ ആ ആളുടെ സകല പാപങ്ങളും തീര്‍ന്നു എന്നാണ് പറയപ്പെടുക. പിന്നെ, സ്ത്രീകളെ പരിഹസിക്കാറില്ല. കൂടാതെ, വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ഫലിതം പറയാറില്ല. അശ്ലീലം കലര്‍ത്തിയുള്ള ഫലിതം പതിവില്ല. ജന്മനാ ശാരീരിക വൈകല്യമുള്ളവരെ ലക്ഷ്യംവെച്ചുകൊണ്ട് ഫലിതം പറയില്ല. ഇങ്ങനെ പല കാര്യങ്ങളും മനസ്സില്‍ വെച്ചുകൊണ്ടാണ് കൂത്ത് അവതരിപ്പിക്കാറുള്ളത്.

കൂത്ത്-കൂടിയാട്ട കലകളിലെ സ്ത്രീ പ്രാതിനിധ്യം?

നമ്പ്യാര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് (നങ്ങ്യാരമ്മ) കൂത്ത് അവതരിപ്പിക്കാറുള്ളത്. ചാക്യാര്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ (ഇല്ലോടമ്മ) കൂത്ത്-കൂടിയാട്ടം അഭ്യസിക്കാനോ, അവതരിപ്പിക്കാനോ പാടില്ല. ഇതിലൊക്കെ മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, ചിട്ടപ്രകാരം അവര്‍ക്ക് അമ്പലത്തില്‍ കൂത്ത്-കൂടിയാട്ടം അവതരിപ്പിക്കാന്‍ പാടില്ല. കൂടിയാട്ടത്തില്‍ എല്ലാക്കാലത്തും സ്ത്രീകള്‍ക്ക് സജീവ പ്രാതിനിധ്യമുണ്ട്. സ്ത്രീപുരുഷന്മാര്‍ക്ക് തുല്യസ്ഥാനമാണുള്ളത്. സ്ത്രീകളെ അരങ്ങില്‍ വിദുഷികള്‍ ആയിട്ടാണ് ആദരിക്കുന്നത്. കൂടിയാട്ടത്തില്‍ ശൂര്‍പ്പണഖ വേഷം മാത്രമേ പുരുഷന്മാര്‍ ചെയ്യാറുള്ളൂ. മറ്റെല്ലാ സ്ത്രീ വേഷങ്ങളും സ്ത്രീകള്‍ തന്നെയാണ് ചെയ്യാറുള്ളത്.

യുവജനോത്സവവേദികളിലെ അനുഭവങ്ങള്‍?

കൂത്ത്-കൂടിയാട്ടം അഭ്യസിപ്പിക്കലില്‍ രണ്ടു രീതിയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന്, യുവജനോത്സവങ്ങള്‍ക്ക് വേണ്ടി, മറ്റൊന്ന്, മത്സരങ്ങള്‍ക്ക് വേണ്ടിയൊന്നും അല്ലാതെ. ഇത് രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനേ പാടില്ല. കഴിഞ്ഞ 40 വര്‍ഷമായി യുവജനോത്സവങ്ങള്‍ക്ക് ടീമുകളെ ഒരുക്കുന്നു. ക്യാപ്‌സൂള്‍ രൂപത്തില്‍ ഉള്ള യുവജനോത്സവ മത്സരങ്ങള്‍ക്ക്പഠിപ്പിക്കുമെങ്കിലും, പാരമ്പര്യവാദികള്‍ വിമര്‍ശിക്കുന്നതുപോലെ അതൊരു തെറ്റല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ ശിഷ്യരുടെ ഈ എല്ലാ ടീമുകളും പരസ്പരം മത്സരിക്കുമെങ്കിലും അവര്‍ തമ്മില്‍ സ്‌നേഹം, ഐക്യം ഊട്ടിയുറപ്പിച്ചു നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നെ സംബന്ധിച്ച് യുവജനോത്സവം മത്സരങ്ങളല്ല, അത് ഉത്സവം തന്നെയാണ്. എന്റെ ശിഷ്യരോട് ഈ ഉത്സവങ്ങള്‍ ആനന്ദപൂര്‍വ്വം ആഘോഷിക്കാനാണ് ഞാന്‍ പറയാറുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by