Categories: Malappuram

പൊയ്കുതിരകള്‍ ഊരുചുറ്റാനിറങ്ങി; കളിയാട്ടം നാളെ

Published by

തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടം നാളെ നടക്കും.

കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയില്‍ തലപ്പാറ-മുതല്‍ മുട്ടിയറവരെയും കളിയാട്ടമുക്ക് വരെയും കാര്‍ഷിക ചന്തയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കളിയാട്ട ചന്തയില്‍ കിട്ടുമെന്നാണ് പഴമൊഴി. പാളത്തൊപ്പി മുതല്‍ തൊപ്പികുട, ഒറ്റല്‍, വല, കൈകോട്ട് കൈതോല- മുള ഉല്‍പ്പന്നങ്ങള്‍, കളിമണ്‍പാത്രങ്ങള്‍, പൂച്ചെടികള്‍, വിത്തുകള്‍, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങി സകലതും ചന്തയില്‍ ലഭ്യമാണ് ഇടവപ്പാതിയിലെ കളിയാട്ട മായതിനാല്‍ കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനുമാണ് ഏറെ തിരക്കനുഭവപ്പെടുന്നത് .

ഇടവപ്പാതിയിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ടം കാപ്പൊലിച്ചത്. തുടര്‍ന്ന് ഒരോ ദേശത്തെയും കുടുംബങ്ങളില്‍ ദേവിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് രാവേറെ ചെല്ലും വരെ കൊട്ടിപ്പാട്ട് പാടുകയാണ് പതിവ്.

മുളയും കുരുത്തോലയും തുണിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പൊയ്കുതിരകള്‍ ഊരുചുറ്റാനിറങ്ങി നാട്ടിടവഴികള്‍ പിന്നിട്ട് ഓരോ വീട്ടിലും കയറിയിറങ്ങി ദേവിയുടെ തോറ്റംപാടി അരിയെറിഞ്ഞാണ് ഊരുചുറ്റല്‍ സന്ധ്യ മയങ്ങിയാല്‍ പൊയ് കുതിര കെട്ടിയ കുടുംബത്തില്‍ കൊട്ടിപ്പാട്ടും കുതിര കല്യാണവും കഴിഞ്ഞാല്‍ വെള്ളിയാഴ്ച പുലരുമ്പോള്‍ കോഴിക്കളിയാട്ടമാണ്.

ഉച്ചയോടെ വിവിധ ദേശങ്ങളില്‍ നിന്നും കാരണവന്‍മാരുടെ നേതൃത്വത്തില്‍ പൊയ്കുതിര സംഘങ്ങള്‍ കളിയാട്ടക്കാവിലെത്തും. വാദ്യമേളങ്ങളോടെ കാവിലെത്തുന്ന പൊയ്കു തിരകള്‍ ദേവിയെ പ്രദക്ഷിണം വെച്ച് കുതിര പ്ലാക്കല്‍ സമര്‍പ്പിക്കും.

ക്രമസമാധാന പാലനത്തിനായി മുട്ടിയറ മുതല്‍ ക്ഷേത്രസന്നിധിവരെ തിരുരങ്ങാടി പോലീസ് സി സി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts