Categories: Entertainment

മൂന്ന്‌ രാജാക്കന്മാര്‍

Published by

ആംഗലേയ വാണി ഉപയോഗിച്ചില്ലെങ്കില്‍ അതെന്തോ പോരായ്മയായി നമ്മുടെ മിക്ക സംവിധായകരും കരുതുന്നതായി തോന്നുന്നു. ശുദ്ധമലയാളം തന്നെ ശീര്‍ഷകമായി ഉപയോഗിച്ചാല്‍ എന്തോ പഴക്കച്ചുവ അനുഭവപ്പെടുമെന്ന്‌ അവര്‍ കരുതുന്നുണ്ടാകണം. വി.കെ. പ്രകാശ്‌ സംവിധാനം ചെയ്ത്‌ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര്‌ ‘ത്രീ കിംഗ്സ്‌’ എന്നാണ്‌. ഇനി ‘മൂന്നു രാജാക്കന്മാര്‍’ എന്ന്‌ നാമകരണം ചെയ്താല്‍ തന്നെ ചിത്രത്തിന്‌ എന്തെങ്കിലും പോരായ്മ വന്നുഭവിക്കുമെന്ന്‌ കരുതാനാവില്ല.

നിര്‍മ്മാതാക്കള്‍ തന്നെ തങ്ങളുടെ കൂലി എഴുത്തുകാരെക്കൊണ്ടു തയ്യാറാക്കി മുന്‍കൂട്ടി ഇന്റര്‍നെറ്റില്‍ കടത്തിവിട്ട നിരൂപണത്തില്‍ ലേഖകന്‍ മുഖവുരയായി പറയുന്നുണ്ട്‌ ‘ഇത്‌ ഗൗരവമായ പ്രമേയങ്ങളുടെ കാലമല്ല’ എന്ന്‌. അതിന്‌ അടിസ്ഥാനമെന്താണാവോ?. അര്‍ത്ഥം എന്തായാലും ഊഹിച്ചെടുക്കാം. ഇത്‌ കോമഡി ചിത്രങ്ങളുടെ കാലമാണ്‌ എന്ന്്‌. ഇന്നെന്നല്ല എന്നും നല്ല കോമഡി ചിത്രങ്ങള്‍ വിജയിച്ചുപോന്ന ചരിത്രമാണ്‌ ഇവിടുള്ളത്‌. പക്ഷേ തികച്ചും കോമഡി എന്ന പ്രഖ്യാപനത്തോടെ റിലീസ്‌ ചെയ്തിട്ടുള്ള ത്രീകിംഗ്സില്‍ അര്‍ത്ഥവത്തായ ചിരിക്ക്‌ കളമൊരുക്കുന്ന രംഗങ്ങള്‍ നന്നേ കുറവാണ്‌. നടീനടന്മാരെക്കൊണ്ട്‌ ചില കോപ്പിരാട്ടികള്‍ മാത്രം കാണിച്ച്‌ കോമഡി എന്ന നിലയില്‍ വിളമ്പുകയാണ്‌ ഇവിടെ സംവിധായകന്‍.

അങ്ങങ്ങുദൂരെ ഏതോ വനാന്തരത്തിനുള്ളിലെ രഹസ്യഗുഹയില്‍ ലക്ഷ്മീദേവിയുടെ തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നിക്ഷേപിച്ച്‌ ഏതാനും ആളുകള്‍ മടങ്ങിപ്പോകുന്നതായുള്ള രംഗചിത്രീകരണത്തിലൂടെ ത്രീകിംഗ്സ്‌ ആരംഭിക്കുന്നു. ആ നിധി നിക്ഷേപത്തിന്റെ പശ്ചാത്തലം എന്തെന്ന്‌ കാണികള്‍ക്ക്‌ മനസ്സിലാകുന്നില്ല. കൃഷ്ണപുരം കൊട്ടാരത്തിലെ സഹോദരിമാരായ മൂന്ന്‌ തമ്പുരാട്ടിമാര്‍ക്ക്‌ ഒരേ ദിവസം മൂന്ന്‌ പുത്രന്മാര്‍ ജനിക്കുന്നതായുള്ള ചിത്രീകരണമാണ്‌ അടുത്തത്‌. അടുത്തടുത്ത സമയമായതുകൊണ്ടാകാം കുട്ടികള്‍ മൂന്നുപേരും ജനിക്കുന്നത്‌ പൂരുരുട്ടാതി നക്ഷത്രത്തില്‍. കുട്ടികളുടെ ജനനം നല്ല സമയത്തല്ലെന്ന്‌ തോന്നുന്നു. കൊട്ടാരം വക ആസ്തികള്‍ പണവ്യാപാരി ചെട്ടിയാര്‍ക്ക്‌ അടിയറവു പറഞ്ഞ കാലഘട്ടത്തിലൂടെയാണ്‌ കുട്ടികള്‍ വളര്‍ന്നു വരുന്നത്‌. ബാല്യകാലം പിന്നിടും മുമ്പ്‌ അവര്‍ സഹപാഠിയായ പെണ്‍കുട്ടിക്ക്‌ മാറിമാറി പൂവ്‌ സമ്മാനിക്കുവാന്‍ തുടങ്ങി. പിന്നീട്‌ അടിപിടിയും.

സഹോദരന്മാരെന്ന നിലയില്‍ സ്നേഹം പങ്കിട്ടു ജീവിക്കേണ്ട ശങ്കരനുണ്ണി, രാമനുണ്ണി, ഭാസ്കരനുണ്ണി എന്നീ മൂന്നുപേരും പരസ്പരമുള്ള പാരവയ്പിലാണ്‌ ജീവിത സായൂജ്യം കണ്ടെത്തുന്നത്‌. ഇവര്‍ മൂവരും കൂടി ഒന്നു യോജിച്ചു കിട്ടിയാല്‍ രാജകുടുംബം രക്ഷപ്പെടുമെന്ന ഉറപ്പ്‌ മാതാപിതാക്കള്‍ക്ക്‌ ഉണ്ട്‌. പക്ഷേ അതൊന്നു സാധിച്ചിട്ടുവേണ്ടേ കാര്യങ്ങള്‍ മുറപോലെ നീങ്ങുവാന്‍. മൂന്നുപേര്‍ക്കും ചെട്ടിയാരുടെ കയ്യില്‍ നിന്ന്‌ നഷ്ടപ്പെട്ടുപോയ സ്വത്തുക്കള്‍ വീണ്ടെടുക്കണമെന്ന ആഗ്രഹം കലശലായുണ്ട്‌. ഒറ്റയ്‌ക്കൊറ്റയ്‌ക്കുമാത്രം സാധിക്കണമെന്ന സ്വാര്‍ത്ഥ മോഹമാണ്‌ ഓരോരുത്തരെയും നയിക്കുന്നത്‌. യോജിപ്പിന്റെ മാന്ത്രികശക്തി എന്തെന്ന്‌ ഒരിക്കലും അവരുടെ തലയില്‍ കയറുകയില്ല.

പക്ഷേ മൂവര്‍ക്കും ഒരിക്കല്‍ യോജിക്കുവാനുളള അവസരം ലഭിച്ചു. ചെട്ടിയാരുടെ ഇരുമ്പുപെട്ടിയില്‍ ഇരിക്കുന്ന കൊട്ടാരം വക ആധാരങ്ങള്‍ മോഷ്ടിച്ചെടുക്കുവാനുള്ള മൂവരുടെയും പ്രത്യേകം പ്രത്യേകമുള്ള ശ്രമമാണ്‌ അവരെ ഒന്നിച്ച്‌ ജയിലില്‍ എത്തിച്ചത്‌. അവിടെ വച്ച്‌ അവര്‍ ആസന്ന മരണനായ ഒരു തടവുപുള്ളിയെ പരിചയപ്പെടുവാനിടയായി. ടിപ്പുവിന്റെ പടയോട്ടകാലത്ത്‌ കൃഷ്ണപുരം കൊട്ടാരത്തിലെ കണക്കറ്റ സ്വര്‍ണ്ണം വിഗ്രഹരൂപത്തിലാക്കി അത്‌ വനത്തിനുള്ളിലെ രഹസ്യഗുഹയില്‍ നിക്ഷേപിച്ചിട്ടുള്ള വിവരം പടുവൃദ്ധനായ തടവുപുള്ളി അവരെ അറിയിക്കുന്നു. മാത്രമല്ല ആ നിധി സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെക്കുറിച്ച്‌ വ്യക്തമാക്കുന്ന ഗ്രാഫും സഹോദരന്മാര്‍ക്ക്‌ നല്‍കി. അതു കരസ്ഥമാക്കാനുള്ള മല്‍പ്പിടിത്തത്തില്‍ ഗ്രാഫ്‌ മൂന്നായി കീറിപ്പോയി. ഓരോ കഷ്ണം ഓരോ സഹോദരന്മാരുടെ പക്കല്‍. ഇവിടെ പരസ്പരം യോജിച്ചില്ലെങ്കില്‍ കാര്യം മുന്നോട്ടുനീങ്ങുകയില്ലെന്ന ഘട്ടത്തില്‍ സഹോദരങ്ങള്‍ എത്തിച്ചേരുകയാണ്‌. അവര്‍ ആ വിധത്തില്‍ തന്നെ മുന്നോട്ടു നീങ്ങുകയാണ്‌. തടസ്സങ്ങളെ അതിജീവിച്ച്‌ അവര്‍ ആ നിധി കണ്ടെത്തുക തന്നെ ചെയ്തു. പിന്നീടുള്ള സംഭവങ്ങളാണ്‌ തനി നാടകീയം. ശരാശരി പ്രേക്ഷകന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നത്‌.

കഥ ഇവിടം വരെ എത്തുമ്പോള്‍ തന്നെ ശരാശരി പ്രേക്ഷകന്‌ മനസ്സിലാകും ഈ കഥാഗതിക്കനുസൃതമായി ഒരു നല്ല ചിത്രം പണ്ടെങ്ങോ കണ്ടു മറന്നതുപോലെ. അതെ അറുപതുകളുടെ അവസാനം പുറത്തിറങ്ങിയ ‘മക്കന്നാസ്‌ ഗോള്‍ഡ്‌’ എന്ന ലോകപ്രശസ്ത ആംഗലേയ ചിത്രത്തിന്റെ വികൃതാനുകരണമാണ്‌ ‘ത്രീ കിംഗ്സ്‌’. ടെക്നോളജി ഇന്നത്തെയത്ര പുരോഗമിക്കുംമുമ്പുതന്നെ വെറും മിനിയേച്ചര്‍ ഫോട്ടോഗ്രാഫിയിലൂടെ അത്ഭുതകരമായ രംഗങ്ങള്‍ സ്വാഭാവികമായി പകര്‍ത്തിയ മക്കന്നാസ്‌ ഗോള്‍ഡിന്റെ അനുകരണങ്ങള്‍ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ഇതിന്‌ മുമ്പ്‌ റിലീസ്‌ ചെയ്തിട്ടുണ്ട്‌. മക്കന്നാസ്‌ ഗോള്‍ഡിന്റെ മേന്മ അവയ്‌ക്കൊന്നും അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും അവയൊക്കെയും മനോഹരചിത്രങ്ങളായിരുന്നു. വനമേഖലയും വെള്ളച്ചാട്ടവും മറ്റും ചിത്രീകരിക്കുവാന്‍ ഏറെ ശ്രമം നടത്തിയിട്ടുള്ള നിലയില്‍ അല്‍പം മനോധര്‍മ്മം കൂടി ഉപയോഗിച്ചിരുന്നുവെങ്കില്‍ ത്രീ കിംഗ്സും കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രമായി മാറ്റുവാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിക്കുമായിരുന്നു. പക്ഷേ കോമഡിചിത്രമെന്ന അവകാശവാദം സാധൂകരിക്കാന്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ചിത്രത്തെ ആകെ വികൃതമാക്കി.

ഇന്ദ്രജിത്ത്‌, കുഞ്ചാക്കോബോബന്‍, ജയസൂര്യ, സന്ധ്യ, ആന്‍ അഗസ്റ്റിന്‍, സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാര്‍ എന്നിവരാണ്‌ അഭിനേതാക്കള്‍. വൈ.വി രാജേഷിന്റേതാണ്‌ രചന. അസഹ്യമായ പശ്ചാത്തല സംഗീതം, നിലവാരമില്ലാത്ത ഗാനങ്ങള്‍, ഒരു ന്യായീകരണവും കല്‍പിച്ചു നല്‍കുവാന്‍ സാധിക്കാത്ത അവിശ്വസനീയ രംഗങ്ങള്‍ എല്ലാം ചേരുമ്പോള്‍ ‘ത്രീ കിംഗ്സ്‌’ എന്ന ചിത്രം പൂര്‍ണ്ണമാകുന്നു. പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്തുകൊണ്ട്‌.

മോഹന്‍ദാസ്‌ കളരിക്കല്‍ –

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by