Categories: Special Article

കര്‍ണാടകയുടെ സുവര്‍ണ്ണകാലം

Published by

കര്‍ണാടകയില്‍ ‘ഖാനിക്കാറ്റ്‌’ എന്നാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്‌. കര്‍ണാടകയില്‍ ഇതിലും വലിയ കൊടുങ്കാറ്റ്‌ മൂന്നു വര്‍ഷം മുമ്പ്‌ ആഞ്ഞു വീശുകയുണ്ടായി. അപ്പോഴാണ്‌ കോണ്‍ഗ്രസും ജനതാദളും കടപുഴകി വീണത്‌. കര്‍ണാടക ഈ രണ്ടു കൂട്ടരുടെയും തറവാട്ടു സ്വത്തു പോലെ കൈകാര്യം ചെയ്തതാണ്‌. അത്‌ കൈവിട്ടു പോയതിലുള്ള വേവലാതി വിവരിക്കാന്‍ വാക്കുകളില്ല. ഐശ്വര്യപൂര്‍ണമായ മണ്ണാണ്‌ കര്‍ണാടകത്തിന്റെത്‌. കറുനാട്‌ (ഉന്നതഭൂമി) എന്നതാണ്‌ പരിണാമം പ്രാപിച്ച്‌ കര്‍ണാടകയായത്‌. പട്ടിന്റെയും പൊന്നിന്റെയും വിളഭൂമി. സ്വര്‍ണഖനിയുള്ള ഏക സംസ്ഥാനമാണിത്‌. പട്ടിന്റെ 85 ശതമാനവും കര്‍ണാടകയില്‍ നിന്നാണ്‌.

മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ ഈര്‍പ്പമാണ്‌ കര്‍ണാടകത്തെ സമൃദ്ധമാക്കുന്നത്‌. റവന്യൂ വരുമാനത്തിന്റെ 76 ശതമാനവും കൃഷിയില്‍ നിന്നാണ്‌. 75 ശതമാനവും ഗ്രാമീണര്‍. അവരര്‍ഹിക്കുന്ന വികസനം പതിറ്റാണ്ടുകള്‍ ഭരിച്ച കോണ്‍ഗ്രസിനോ ജനതാദളിനോ നല്‍കാനായിട്ടില്ല. അതിനുള്ള പ്രതികാരമെന്നോണമാണ്‌ മൂന്നു വര്‍ഷം മുമ്പ്‌ കൊടുങ്കാറ്റാഞ്ഞു വീശിയത്‌. തുടര്‍ന്നാണ്‌ 2008 മെയ്‌ 30ന്‌ ബിജെപിയെ അധികാരത്തിലെത്തിച്ചത്‌.

കര്‍ണാടകയിലെ ഏറ്റവും പുതിയ രാഷ്‌ട്രീയ സംഭവങ്ങളെ കുറിച്ചും അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളെ പറ്റിയും സജീവമായി ചര്‍ച്ച നടക്കുന്നുണ്ട്‌. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണം എങ്ങനെയായിരുന്നു ? ജനങ്ങള്‍ അതിനെ എങ്ങനെ വിലയിരുത്തുന്നു ? എന്തൊക്കെ മാറ്റങ്ങളാണ്‌ കര്‍ണാടകയുടെ സാമൂഹ്യജീവിതത്തില്‍ ഉണ്ടായത്‌ ? എന്നൊന്നും വിശകലനം ചെയ്യാന്‍ ആരും തയ്യാറായിട്ടില്ല.

വികസനമാണ്‌ നമ്മുടെ മന്ത്രം കര്‍ണാടക കഴിഞ്ഞ മൂന്നു വര്‍ഷമായി ഭരിക്കുന്ന ബിജെപിയുടെ ആവര്‍ത്തിച്ചുള്ള മുദ്രാവാക്യമിതാണ്‌. അഞ്ചു വര്‍ഷം കൊണ്ട്‌ വികസനഭൂപടത്തില്‍ കര്‍ണാടകത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനു തുടക്കമിട്ടു എന്നു മാത്രമല്ല ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആഗോള നിക്ഷേപക സംഗമം നടത്തിയതിലൂടെ അഞ്ചു ലക്ഷം കോടിരൂപയുടെ ധാരണാ പത്രം ഉണ്ടാക്കാനായി. ഏഴു ലക്ഷം യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. മുപ്പതു ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. ചിലതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാനാമേഖലകളില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങള്‍ ഇതിനു ലഭിച്ചു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ കാര്‍ഷിക മേഖലയ്‌ക്കു മാത്രമായി ഒരു ആഗോള നിക്ഷേപക സംഗമത്തിന്റെ ഒരുക്കത്തിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍.

കര്‍ണാടകത്തിന്റെ മൊത്തം വികസനമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. മത, ജാതി, പ്രാദേശിക പരിഗണനകളില്ലാതെ സമഗ്രവും സന്തുലിതവുമായ വികസനം ഉറപ്പാക്കുകയും എല്ലാവര്‍ക്കും നീതിയും ന്യായവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുമാണ്‌ ഓരോ ചുവടും മുന്നോട്ടു വച്ചത്‌. ആരോടും ഇല്ല പ്രീണനം എന്ന തത്ത്വം മുറുകെ പിടിച്ചപ്പോള്‍ അതിന്‌ പരക്കെ അംഗീകാരം ലഭിച്ചു. കര്‍ണാടകയില്‍ എല്ലാ രംഗത്തും ഗുണപരമായ മാറ്റം അനുഭവപ്പെട്ടു. ക്രമസമാധാന നില തൃപ്തികരമായി. ഭീതി കൂടാതെ നടക്കാനും വീടുകളില്‍ കിടന്നുറങ്ങാനും സാഹചര്യമുണ്ടായി. കൊള്ളയും കൊലപാതകങ്ങളും ഇല്ലെന്നു തന്നെ പറയാം. അവശത അനുഭവിക്കുന്നവര്‍ക്കെല്ലാം സഹായഹസ്തവുമായി ബിജെപി സര്‍ക്കാരെത്തി. 1.84 കോടി ജനങ്ങള്‍ക്ക്‌ നേരിട്ട്‌ സഹായം ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണം കര്‍ണാടക ചരിത്രത്തില്‍ പുതിയ അധ്യായങ്ങളാണ്‌ സൃഷ്ടിച്ചത്‌. ദേശീയ തലത്തില്‍ അതിന്‌ അര്‍ഹിക്കുന്ന അംഗീകാരവും ലഭിച്ചു. രാജ്യത്തിനാകെ മാതൃകയായ “വിഷന്‍ 2020” എന്ന വികസനപദ്ധതി ആവിഷ്കരിച്ചു. കൃഷിക്കു മാത്രമായി ഒരു ബജറ്റ്‌ അവതരിപ്പിച്ച ഏക സംസ്ഥാനമെന്ന ഖ്യാതി നേടി. കര്‍ഷകര്‍ക്ക്‌ ഹ്രസ്വകാല-ദീര്‍ഘകാല വായ്പകള്‍ സഹകരണ ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാന്‍ സാഹചര്യമുണ്ടാക്കി. ഒരു ശതമാനം മാത്രമാണ്‌ കാര്‍ഷിക വായ്പകള്‍ക്ക്‌ പലിശ നല്‍കേണ്ടത്‌. കൈത്തറി തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വായ്പയ്‌ക്കുള്ള പലിശ മൂന്നു ശതമാനം മാത്രമാണ്‌.

ഗ്രാമവികസനവും കാര്‍ഷിക വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം തന്നെ നടത്തി. ജൈവകൃഷി പദ്ധതി രൂപീകരിച്ച്‌ രാസവള പ്രയോഗം ലഘൂകരിച്ചതും പ്രശംസ പിടിച്ചു പറ്റി. അത്യാധുനിക കൃഷി സമ്പ്രദായം സ്വായത്തമാക്കാന്‍ വിവിധ കാര്‍ഷിക മേഖലയില്‍ വ്യാപൃതരായവരുടെ പ്രതിനിധികളെ ചൈനയിലേക്കും ഇസ്രയേലിലേക്കും അയച്ചു. ഇത്‌ ഏറെ പ്രയോജനമാണുണ്ടാക്കിയത്‌. വരണ്ടഭൂമി കൃഷിയോഗ്യമാക്കാന്‍ “ഭൂ ചേതനാ” പദ്ധതി ഈ മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന “ജനസ്പന്ദന” പദ്ധതിയും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്‌. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കാനും പരിശീലനം നല്‍കാനുമുള്ള “കൗശല്യ” പദ്ധതിയും മാതൃകാപരമാണ്‌. ഗ്രാമമുണര്‍ന്നാല്‍ രാജ്യമുയര്‍ന്നു എന്ന വിശാലസങ്കല്‍പം സാക്ഷാത്കരിക്കാന്‍ ഏര്‍പ്പെടുത്തിയ പദ്ധതിയും ലക്ഷ്യം കണ്ടു. ഗ്രാമപഞ്ചായത്തുകളെ സമുദ്ധരിച്ചതിനും പ്രതിബദ്ധത സൃഷ്ടിച്ചതിനും ദേശീയ പുരസ്കാരം നേടാന്‍ കഴിഞ്ഞു. വികസന-ജനക്ഷേമ ആരോഗ്യ രംഗങ്ങളിലെ സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിന്‌ ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. മൂന്നു ഡസനോളം പുരസ്കാരങ്ങളാണ്‌ ഈ ഗണത്തില്‍ മൂന്നു വര്‍ഷത്തിനകം കര്‍ണാടകം നേടിയത്‌. കഴിഞ്ഞ ആഗസ്ത്‌ 1നു ശേഷം 17 ലക്ഷം കര്‍ഷകര്‍ക്കാണ്‌ ജലസേചനത്തിനുള്ള 10 എച്ച്പി പമ്പുകള്‍ക്ക്‌ സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയത്‌.

കഴിഞ്ഞ ആറു മാസത്തിനകം സൃഷ്ടിച്ച നേട്ടങ്ങള്‍ തന്നെ ബിജെപി സര്‍ക്കാരിന്റെ കാര്യക്ഷമതയ്‌ക്കുള്ള സാക്ഷ്യപത്രമാണ്‌. നാലു ലക്ഷം കര്‍ഷകര്‍ക്കും കൈത്തറി- മത്സ്യത്തൊഴിലാളികള്‍ക്കും 1035 കോടി രൂപ മൂന്നു ശതമാനം പലിശക്ക്‌ നല്‍കി. ‘ഭാഗ്യലക്ഷ്മി’ എന്ന പദ്ധതിയിലൂടെ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം വീതം ലഭിക്കുന്ന സാഹചര്യമുണ്ടാക്കി. ‘സന്ധ്യാസുരക്ഷാ’ പദ്ധതി പ്രകാരം 2 ലക്ഷം വൃദ്ധന്മാര്‍ക്ക്‌ പെന്‍ഷന്‍ ലഭ്യമാക്കി. വിദ്യാര്‍ഥികള്‍ക്കായി 2 ലക്ഷം സൈക്കിളുകള്‍ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്‌ 6 ശതമാനം പലിശയ്‌ക്ക്‌ വായ്പ. ‘ആരോഗ്യ കവച’ എന്ന പേരില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കി. അടിസ്ഥാന സൗകര്യ വികസനത്തിന്‌ ദ്രുതഗതിയിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ബാംഗ്ലൂര്‍-മൈസൂര്‍ 115 കിലോമീറ്റര്‍ എട്ടുവരി രാജവീഥിയാക്കി. 152 ചേരികളില്‍ 802 കോടി മൂടക്കിയാണ്‌ വീടുകള്‍ പരിഷ്കരിച്ചത്‌.

എല്ലാ രംഗത്തും നയവും കാഴ്ചപ്പാടും കര്‍മശേഷിയും സുതാര്യതയും പ്രകടിപ്പിച്ചു കൊണ്ട്‌ മുന്നോട്ടു പോവുകയായിരുന്നു ബിജെപി സര്‍ക്കാര്‍. പ്രതിയോഗികള്‍ നിരന്തരം ചെയ്തു പോരുന്ന ഇടങ്കോലുകള്‍ക്കിടയിലാണ്‌ ഈ നേട്ടങ്ങളെല്ലാം സൃഷ്ടിക്കാനായത്‌. ഭരണത്തലവനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗവര്‍ണര്‍ പോലും പ്രതിയോഗികളുടെ ചട്ടുകമായി. കള്ളപ്രചരണങ്ങളും ആരോപണ ശരങ്ങളും കൂസാതെ ഭരണരഥം മുന്നോട്ടു നീങ്ങി. ജനങ്ങള്‍ സര്‍ക്കാരില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക്‌ തൂത്തുവാരാന്‍ കഴിഞ്ഞതു തന്നെ അതിന്റെ തെളിവാണ്‌. ഗൗഡാദളിനും കോണ്‍ഗ്രസിനും കെട്ടിവച്ച കാശു പോലും പല സ്ഥലത്തും കിട്ടിയില്ല. ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അഭിമാനകരമായ മുന്നേറ്റമുണ്ടാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും മുമ്പെങ്ങുമില്ലാത്ത സ്വാധീനം ഉറപ്പിച്ചു. ഇതില്‍ മുഖ്യമന്ത്രി ബി.എസ്‌.യെദ്യൂരപ്പയുടെ സംഭാവനയും വിസ്മരിക്കാനാകില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ്‌ നയങ്ങള്‍ക്ക്‌ രൂപം നല്‍കി ദിശാബോധം പകര്‍ന്നത്‌. രാഷ്‌ട്രീയത്തില്‍ വ്യക്തിത്വത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌.

രാഷ്‌ട്രീയം യദ്യൂരപ്പയ്‌ക്ക്‌ കളിക്കാനിട്ട പന്തല്ല. അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി നിരന്തരം നടത്തിക്കൊണ്ടിരുന്നത്‌ കഠിന പ്രയത്നങ്ങള്‍ തന്നെയായിരുന്നു. മനസ്സും ശരീരവും ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കുമെന്ന്‌ കൗമാരപ്രായത്തില്‍ തന്നെ പ്രതിജ്ഞയെടുത്ത വ്യക്തിയാണ്‌ അദ്ദേഹം. ബിരുദം നേടിയ ശേഷം പ്രതിജ്ഞ സഫലമാക്കാനുള്ള പ്രയത്നത്തില്‍ മുഴുകി. കൃഷിക്കും കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കുമായി അദ്ദേഹം നിരന്തരം പോരാടിക്കൊണ്ടിരുന്നു. ശിക്കാരിപുര നഗരസഭയില്‍ അംഗമായും അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട യദ്യൂരപ്പ അഞ്ചു തവണ നിയമസഭയിലെത്തി. ഒരു തവണ ഉപരിസഭയിലും അംഗമായി. ഏറെക്കാലം കര്‍ണാടകയുടെ പ്രതിപക്ഷ ശബ്ദം യദ്യൂരപ്പയുടെതായിരുന്നു. അദ്ദേഹം നടത്തിയ പദയാത്രകളും സൈക്കിള്‍ യാത്രകളും ലോംഗ്‌ മാര്‍ച്ചുകളുമെല്ലാം കര്‍ഷകര്‍ക്കു വേണ്ടിയായിരുന്നു. “സേവ്‌ രാമരാജ്യ”, “സേവ്‌ കാവേരി”, “സങ്കല്‍പ്‌ രഥയാത്ര”, “ബാംഗ്ലൂര്‍ ചലോ” തുടങ്ങിയ പേരുകളിലെല്ലാം അദ്ദേഹം നടത്തിയ യാത്രകള്‍ ജനമനസ്സുകളില്‍ മായ്‌ക്കാനാകാത്ത ചിത്രം സ്ഥാപിച്ചു. കാര്യക്ഷമതയുണ്ടായാല്‍ പോര കരുതലും ഭരണാധികാരികള്‍ക്കനിവാര്യമാണ്‌. അതിലാണ്‌ യെദ്യൂരപ്പയ്‌ക്ക്‌ പിഴച്ചത്‌. പ്രതിയോഗികള്‍ വാരിക്കുഴി തീര്‍ക്കുമെന്ന്‌ മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു. ബെല്ലാരിയിലാണ്‌ അപായം സൃഷ്ടിച്ച ഖാനികള്‍. രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും സാമ്രാജ്യം ബെല്ലാരിയിലെ ഹാമ്പ്റ്റിയാണ്‌. പകയുടെയും പോരിന്റെയും പൗരാണിക സ്മരണകള്‍ അയവിറക്കുന്ന ബെല്ലാരിയിലെ കാറ്റിലും അതിന്റെ സ്വാധീനം കാണാതിരിക്കില്ല. കാറ്റും വെളിച്ചവും ഒഴിച്ചുകൂടാനാകാത്തതാണ്‌. കാറ്റുള്ളപ്പോഴാണ്‌ തൂറ്റേണ്ടത്‌. പതിരു കളഞ്ഞ്‌ നെല്ലു വേര്‍തിരിക്കാനത്‌ ഉപകരിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts