പരിസ്ഥിതി നാശം പറഞ്ഞു പഴകിയ വിഷയമായി തോന്നാം. പക്ഷേ അതു ജീവജാലങ്ങളെ ബാധിക്കുന്നതിനാല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം. തുടര്‍ പറച്ചിലില്‍ ഗൗരവം വര്‍ധിക്കുകയേ ഉള്ളുവെന്നതിനാല്‍ പ്രത്യേകിച്ചും. കരയും കടലും മലയുമെല്ലാം ഇന്ന് മാലിന്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അതിന്റെ ഫലം അനുഭവിക്കുന്നേതാ മനുഷ്യരും.
എന്തും വെറുതെ വലിച്ചെറിയുക എന്ന ദുശീലം സ്വഭാവമായിത്തീര്‍ന്നതോടെയാണ് മാലിന്യ വിന്യാസം അധികമായത്. വലിച്ചെറിയുന്നിടം നമ്മുടെയല്ല എന്നതില്‍ നിന്നാണ് ഈ അപകടകരമായ സ്വാതന്ത്ര്യം ഉണ്ടായതു തന്നെ. എറിയുന്ന ഇടം നമ്മുടേതാണെങ്കില്‍ അതു ചെയ്യില്ല. അന്യന്റേതാകുമ്പോള്‍ എറിയാമല്ലോ എന്ന ഭാവം. പക്ഷേ പൊതുവിടവും നമ്മുടേതാണെന്ന തോന്നലുണ്ടെങ്കില്‍ ഈ വലിച്ചെറിയല്‍ നടക്കുമോ. ഇന്നു കടലും കരയും ആകാശവുമൊക്കെ മാലിന്യപ്പെരുപ്പില്‍ ശ്വാസംമുട്ടുമ്പോള്‍ ജീവന്റെ നിലനില്‍പ്പും പ്രശ്‌നമാവുകയാണ്.
ഹിമാലയത്തിന്റെ മുകള്‍പ്പരപ്പുപോലും മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞിട്ടു വര്‍ഷങ്ങളായി. അതിനുമേല്‍ വീണ്ടും ഇത്തരം കൂമ്പാരം കൂടുകയാണ്. തീര്‍ഥാടനത്തിനും കാഴ്ച കാണാനും കീഴടക്കാനും പോകുന്നവര്‍ ഒരുപോലെ ഹിമാലയത്തിന്റെ വഴിത്താരകളില്‍ മാലിന്യം ഉപേക്ഷിക്കുകയാണ്. അതില്‍ കൂടുതലാകട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങളും. കടലിലും കരയിലും ഇത് കുന്നോളമായി. കടലിന്റെ അടിത്തട്ടില്‍പ്പോലും നമ്മുടെ പ്ലാസ്റ്റിക് കുപ്പികളുടേയും മറ്റും സമ്പന്നത കാണാം. അതു മാത്രമല്ല വന്‍ അപകടകാരികളായ രാസ പദാര്‍ഥങ്ങളും കീടനാശിനികളുമൊക്കെ പരന്നു കഴിഞ്ഞു. കടലാഴത്തിലുള്ള ആളുകളിലും മറ്റും ഇതു പടരുമ്പോള്‍ അവയെ ഭക്ഷണമാക്കുന്ന മത്സ്യങ്ങളെ തിന്നുന്ന മനുഷ്യരിലേക്കും ഇതു പടരാന്‍ കാരണമാകും. അപൂര്‍വ പവിഴ പുറ്റുകള്‍ കൂടി ഇത്തരം മാലിന്യങ്ങള്‍കൊണ്ട് നശിക്കാന്‍ ഇടവരുന്നു. അതോടൊപ്പം പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ചില അലങ്കാര മത്സ്യങ്ങളും വഴിമാറിപ്പോകുകയോ നശിക്കുകയോ ചെയ്യുന്നു. കരയിലെ മാലിന്യങ്ങള്‍കൊണ്ടുള്ള ദോഷഫലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണല്ലോ.
ഏറ്റവും വിനാശകാരിയാണ് പ്ലാസ്റ്റിക്കെന്ന് ബോധവല്‍ക്കരണം തുടങ്ങിയിട്ടു നാളുകളായി. എന്നാലും അവയുടെ ഉപയോഗത്തിനു വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പത്തു ലക്ഷം വര്‍ഷം വരെ യാതൊരു കേടുപാടുമില്ലാതെ പ്ലാസ്റ്റിക്കുകള്‍ അങ്ങനെ തന്നെ കിടക്കുമെന്നതാണ് വാസ്തവം.
മാലിന്യമുക്തം എന്നത് വെറുതെയൊരു മുദ്രാവാക്യം മാത്രമായി മാറുന്നോ എന്നും ചോദിച്ചുപോകുന്നു. ആദ്യം മുക്തമാകേണ്ടത് നമ്മുടെ മനസില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: