Categories: Environment

ജൈവ കീടനാശിനിയായി തുളസി

Published by

നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. ഒരു പിടി തുളസിയില അരച്ചെടുത്ത്‌ ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച്‌ ഒരു നുള്ള്‌ ഫുറഡാന്‍ തരി ചേര്‍ത്ത്‌ ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്‌ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

തുളസി ചതച്ച്‌ വെള്ളം തളിക്കുന്നതും ഉണക്കിയെടുത്ത്‌ പുകയ്‌ക്കുന്നതും നല്ലതാണ്‌. വീടിനും പരിസരപ്രദേശങ്ങളിലുമായി ഇവ നട്ടുവളര്‍ത്തുന്നത്‌ കൊതുക്‌, മിന്ത്‌ എന്നിവയുടെ ശല്യം കുറയ്‌ക്കുവാനും അന്തരീക്ഷവായു ശുദ്ധമാകുവാനും ഉപകരിക്കും.

സാമാന്യം നല്ലതോതില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ തുളസി സമൃദ്ധമായി വളരും. ആറാഴ്ച മൂപ്പെത്തിയ ആറ്‌ ഇലകളുള്ള തൈകളാണ്‌ പറിച്ചു നടുന്നതിന്‌ അനുയോജ്യം. ഇവയ്‌ക്ക്‌ വളമായി ഉണങ്ങിയ കാലിവളം, കമ്പോസ്റ്റ്‌ എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കാം. വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കുകയും വേണം.

ലാളിത്യത്തിന്റെയും ശുചിത്വത്തിന്റെ പര്യായം കൂടിയാണ്‌ തുളസി. കേരളത്തിലെ മിക്കവാറും വീട്ടുമുറ്റങ്ങളിലും ഇവ കാണാം. നിരവധി ഇനത്തില്‍ തുളസി കണ്ടുവരുന്നു. കൃഷ്ണതുളസി, രാമതുളസി, വൈകുണ്ഠ തുളസി, കര്‍പ്പൂര തുളസി, വെണ്‍തുളസി, കാട്ടുതുളസി തുടങ്ങിയ വിവിധ ഇനങ്ങളില്‍ ഇവ കണ്ടുവരുന്നു. ഓരോ തുളസിയുടേയും ഇനം അനുസരിച്ച്‌ ഔഷധഗുണങ്ങളില്‍ വ്യത്യാസം ഉണ്ടാവാം.

ചര്‍മ സംരക്ഷണരംഗത്തും പേരുകേട്ടതാണ്‌ തുളസി. തുളസിയിലനീരും പച്ചമഞ്ഞളും കൂടി നന്നായി അരച്ചു ശരീരത്തില്‍ പുരട്ടിയശേഷം കുളിക്കുന്നത്‌ സൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ ഉപകാരപ്രദമാണ്‌.

ഗൃഹാങ്കണത്തില്‍ തുളസിത്തറയില്‍ സാധാരണയായി കൃഷ്ണതുളസിയാണ്‌ നടാറുള്ളത്‌. ഇതിന്റെ ശാഖാഗ്രങ്ങളില്‍ പൂങ്കുലകള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക്‌ നീലനിറമായിരിക്കും. സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഒരുതരം കര്‍പ്പൂര സദൃശ്യമായ എണ്ണ അടങ്ങിയിട്ടുണ്ട്‌. തുളസിയുടെ ഗന്ധത്തിന്‌ കാരണം ഈ എണ്ണയാണ്‌. ഔഷധ റാണി കൂടിയായ തുളസിയുടെ വേര്‌, ഇല, പൂവ്‌ തുടങ്ങിയ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്‌. തുളസി ഇലയിട്ട്‌ തിളപ്പിച്ച വെള്ള ത്വക്ക്‌ രോഗങ്ങള്‍ക്ക്‌ ഫലപ്രദമാണ്‌. കൊച്ചുകുട്ടികളെ കുളിപ്പിക്കാനും ഇവ നല്ലതാണ്‌. തുളസി ഇല ഞെരടി ഇട്ട്‌ വെന്ത വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം, തുമ്മല്‍, മൂക്കടപ്പ്‌, കടുത്ത തലവേദന എന്നിവ മാറിക്കിട്ടാന്‍ ഉപകരിക്കും. മുറിവുകള്‍ മൂലമുള്ള ശരീരത്തിലെ പാടുകള്‍ നീക്കാനും ഇവയ്‌ക്ക്‌ ശക്തിയുണ്ട്‌.

ജോഷി മുഞ്ഞനാട്ട്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by