ഓംകാരധ്വനിയാല്‍ നാദപ്രപഞ്ചം തീര്‍ക്കുന്ന പഞ്ചവാദ്യം എന്ന കലയില്‍ വിസ്മയം തീര്‍ക്കുകയാണ് ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രശ്രീ ഉണ്ണികൃഷ്ണന്‍. തേവരെ തൊട്ടുണര്‍ത്തുന്ന കൊമ്പ്(പണ്ട് ശംഖ്), ഇടയ്‌ക്ക, തിമില, മദ്ദളം, ഇലത്താളം എന്നീ വാാദ്യങ്ങള്‍ സമന്വയിക്കുന്ന പഞ്ചവാദ്യ കലയ്‌ക്ക് ചാരുത നല്‍കുകയാണ് ഈ കലാകാരന്‍. കാലത്തിന്റെ മുന്നേറ്റത്തില്‍ പ്രതാപം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ക്ഷേത്ര കലയ്‌ക്ക് വേറിട്ടൊരു മാനം തീര്‍ക്കാനുള്ള ശ്രമം. സ്ഥിരോത്സാഹവും നിത്യസാധകവുമാണ് ഇദ്ദേഹത്തെ വാദ്യകലകളില്‍ നിപുണനാക്കിയത്. സ്വയം പരിശീലിച്ചും പരിശീലിപ്പിച്ചും ഏകദേശം 30 വര്‍ഷത്തോളമായി ക്ഷേത്രകലാവാദ്യങ്ങളില്‍ സജീവമാണ് ഉണ്ണിക്കൃഷ്ണന്‍. 1975 സെപ്റ്റംബര്‍ 19ന് ചന്ദ്രശേഖരമാരാറുടേയും ഓമനയമ്മയുടേയും മകനായി ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്ത് ജനിച്ച ഉണ്ണികൃഷ്ണന്‍ പഞ്ചവാദ്യത്തിന് പുറമേ പഞ്ചാരി മേളം, പാണി, സോപാന സംഗീതം, കളമെഴുത്ത് പാട്ട്, ചെണ്ട എന്നിവയും സ്വായത്തമാക്കിയിട്ടുണ്ട്. അഞ്ചാം വയസ്സില്‍ അച്ഛന്‍ ശ്രീ മരുത്തോര്‍വട്ടം ചന്ദ്രശേഖരമാരാരില്‍ നിന്നും ഇടയ്‌ക്കയില്‍ ആദ്യാക്ഷരം കുറിച്ച ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റം മരുത്തോര്‍വട്ടം ധന്വന്തരി മൂര്‍ത്തി സന്നിധിയിലായിരുന്നു. പാരമ്പര്യ ശൈലിയില്‍ വാദ്യങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങിയ അദ്ദേഹം 1993ല്‍ വൈക്കം ക്ഷേത്രകലാ പീഠത്തില്‍ നിന്നും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ത്രിവത്സര ഡിപ്ലോമയും കരസ്ഥമാക്കി. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളില്‍ ജോലി ചെയ്തു വരുന്നു. കേരളത്തിന് അകത്തും പുറത്തുമായി പരിപാടികള്‍ നടത്തുന്ന ഇദ്ദേഹം നിരവധി ശിഷ്യ സമ്പത്തിനും കൂടി ഉടമയാണ്. മേള കൊഴുപ്പില്‍ ആകൃഷ്ടരായി യുവാക്കളും കുട്ടികളുമായി ധാരാളം പേരാണ് പഞ്ചവാദ്യം അഭ്യസിക്കാന്‍ ഉണ്ണികൃഷ്ണനെ തേടിയെത്തുന്നത്. മരുത്തേര്‍വട്ടം, വളവനാട്, തണ്ണീര്‍മുക്കം, കൊച്ചനാകുളങ്ങര, ശ്രീകണ്ഠമംഗലം, ചേര്‍ത്തല നടുവോരം ഭാഗം കരയോഗം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം വാദ്യങ്ങള്‍ അഭ്യസിപ്പിച്ചു വരുന്നു. മുഖ്യ ശിഷ്യന്മാരിലൊരാളും അനന്തരവനുകൂടിയായ ശരത്ത് ചന്ദ്രനും ഉണ്ണികൃഷ്ണനെ സഹായിക്കാന്‍ കൂടാറുണ്ട്. സംഗീത ലോകത്ത് ടെക്നോളജിയുടെ കരുത്തില്‍ പുതുമകള്‍ കൊണ്ടു വരുന്നുണ്ട്. എന്നാല്‍ അതിനോട് കിടപിടിക്കുന്ന രീതിയില്‍ പഞ്ചവാദ്യത്തില്‍ എന്തെങ്കിലും വേറിട്ടു ചെയ്യാന്‍ കഴിയില്ല. ദേവന്റെ കലയായതു കൊണ്ട് തന്നെ അത്തരം വേറിട്ട രീതി എന്തെങ്കിലും അവലംബിക്കാന്‍ സാധിക്കില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. എങ്കില്‍ക്കൂടി ക്ഷേത്രകലാവാദ്യങ്ങളില്‍ തന്റേതായ പ്രതിഭ കൊണ്ട് ആസ്വാദകരെ താള-മേളങ്ങളുടെ പാരമ്യത്തിലെത്തിക്കുന്ന ഇദ്ദേഹത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2006ല്‍ ജന്മസ്ഥലത്ത് വച്ച് ശിഷ്യന്മാര്‍ ചേര്‍ന്ന് നല്‍കിയ സുവര്‍ണ മുദ്രാ പുരസ്ക്കാരം, 2008ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര ശ്രീ പുരസ്ക്കാരം, 2010ല്‍ ക്ഷേത്ര അനുഷ്ഠാന കലാവേധിയുടെ നാദശ്രീ പുരസ്ക്കാരം എന്നിവയാണ് ഇതില്‍ പ്രധാനം. കൂടാതെ ചെറുതും വലുതുമായ നിരവധി പുരസ്ക്കാരങ്ങള്‍ വേറെ. മക്കളില്‍ അശ്വിന്‍ ഉണ്ണി അച്ഛനില്‍ നിന്ന് പഞ്ചവാദ്യം അഭ്യസിക്കുന്നുണ്ട്. കൂടാതെ ഭാര്യ രജിതയും ഇളയ മകന്‍ അര്‍ജ്ജുന്‍ കൃഷ്ണയും അദ്ദേഹത്തിന് പിന്തുണയേകി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: